പുതുവത്സരത്തിനെ വരവേറ്റ് പ്രശസ്ത കവി റഫീക്ക് അഹമ്മദ് മാതൃഭൂമിക്കുവേണ്ടി എഴുതിയത്

നന്തവും അനുസ്യൂതവുമായ ഒഴുക്കാണ് കാലം. ഒഴുകിനീങ്ങുന്ന ഓളങ്ങളെ നമ്മള്‍ നിമിഷങ്ങളെന്നോ ദിവസങ്ങളെന്നോ വിളിക്കുന്നു. പുതുവര്‍ഷം വന്നെത്തുമ്പോള്‍ നാം പതിവുപോലെ പ്രതീക്ഷാപൂര്‍വം അതിനെ വരവേല്‍ക്കുന്നു. മനുഷ്യചരിത്രത്തില്‍ കഠിനകാലങ്ങള്‍ ഇതിനു മുന്‍പും പലതും ഉണ്ടായിട്ടുണ്ടെന്ന് ഓര്‍ക്കുന്നു. 

പ്രതീക്ഷയും അതിജീവനവുമാണ് മനുഷ്യവര്‍ഗത്തെ നയിക്കുന്നത് എന്നും അറിയുന്നു. ഇനിയും ഈ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ പുലരിവെയിലിന്റെ ചുംബനങ്ങള്‍പോലെ ശലഭങ്ങള്‍ പാറിനടക്കും. പൂവിതള്‍ത്തുമ്പില്‍ മഞ്ഞുനീര്‍ക്കണം തുളുമ്പിനില്‍ക്കും. നിലാവ് ഇരുട്ടില്‍ നിശയുടെ കവിതയെഴുതും. നമ്മള്‍ ജീവിക്കും. നമ്മള്‍ കടന്നുപോയാലും അനവധി തലമുറകള്‍ ഇതിലേവരും. 

ഈ മഞ്ഞുതുള്ളിയില്‍ ഇനിയും വിശ്വസൗന്ദര്യം പ്രതിഫലിക്കും. വിശ്വസൗന്ദര്യം എങ്ങും ജീവന്റെ നൃത്തം തുടരും. എത്ര വളച്ചാലും നിവര്‍ത്തിവെച്ചാലും സൂര്യവെളിച്ചത്തിലേക്ക് പിന്നെയും പിന്നെയും തിരിഞ്ഞുപോകുന്ന ശിഖരങ്ങള്‍പോലെ നമുക്കും പ്രതീക്ഷകളിലേക്ക്, സ്വപ്നങ്ങളിലേക്ക് തലനീട്ടാം.

Content Highlights: Rafeeq Ahammed new year message