പുരസ്‌കാരങ്ങള്‍, പ്രത്യേകിച്ചും സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് അക്ഷരങ്ങളോളം തന്നെ പഴക്കമുണ്ടാകും. അംഗീകരിക്കപ്പെടുക എന്നതാണ് കാര്യം. അത് അര്‍ഹിക്കുന്ന രീതിയില്‍ത്തന്നെയാവുമ്പോള്‍ ലോകം മുഴുവന്‍ പുരസ്‌കാരനിറവിനെ വാഴ്ത്തിക്കൊണ്ടേയിരിക്കും. ഉദ്വേഗത്തിന്റെ ദിനങ്ങളും നിമിഷങ്ങളും സമ്മാനിക്കുന്ന നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം തന്നെ ഉദാഹരണം. കൈയകലം പാലിച്ചുകൊണ്ട് കടന്നുപോയ 2020 പക്ഷേ പുരസ്‌കാരനിര്‍ണയത്തില്‍ തെല്ലും വീഴ്ച വരുത്തിയിട്ടില്ല. പോയവര്‍ഷത്തെ പ്രമുഖ പുരസ്‌കാരങ്ങളെയും ജേതാക്കളെയും അറിയാം.
സാഹിത്യ നൊബേല്‍- ലൂയിസ് ഗ്ളിക്
നൊബേല്‍ -സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ഇത്തവണ ആശ്ളേഷിച്ചത് കവിതയെയാണ്. അമേരിക്കന്‍ സാഹിത്യത്തിലെ വലിയ പേരുകളിലൊന്നായ ലൂയിസ് ഗ്ളിക് വിശ്വവിഖ്യാതിയിലേക്ക് ഉയര്‍ന്ന വര്‍ഷം കൂടിയാണ് 2020. തന്റെ സ്വതസിദ്ധമായ ഭാവഗീതങ്ങളിലൂടെ അമേരിക്കന്‍ ജനതയുടെ പ്രിയകവിയായി അറിയപ്പെടുന്ന ഗ്ളിക് നല്ലൊരു ലേഖികയും അധ്യാപികയും കൂടിയാണ്. കവിതകളെ ആത്മകഥകള്‍ എന്നു നിര്‍വചിച്ചുകൊണ്ട് അമേരിക്കന്‍സാഹിത്യത്തിലെ വേറിട്ട പ്രതിഭയായി നിലയുറപ്പിച്ച ഗ്ളിക് നൊബേല്‍ സാധ്യതാ പട്ടികയിലുണ്ടായിരുന്ന മിലാന്‍ കുന്ദേര, മാര്‍ഗരറ്റ് അറ്റ്വുഡ്, ഹറുകി മുറാകാമി ആനെ കാര്‍സന്‍ തുടങ്ങിയ വിഖ്യാത എഴുത്തുകാരെ പിന്തള്ളിയാണ് സമ്മാനാര്‍ഹയായത്.
ബുക്കര്‍- 'ഷഗ്ഗീ ബെയ്ന്‍', ഡഗ്ളാസ് സ്റ്റുവര്‍ട്ട്
ഫാഷന്‍ ഡിസൈനറായി അമേരിക്കയിലെത്തി പിന്നീട് എഴുത്തുകാരനായി വളര്‍ന്ന സ്‌കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ളസ് സ്റ്റ്യുവര്‍ട്ടിന്റെ ആദ്യനോവലാണ് ഷഗ്ഗീ ബെയ്ന്‍. നൊബേല്‍ സമ്മാനത്തിനു ശേഷമുള്ള ശ്രേഷ്ഠമായ സമ്മാനമെന്നറിയപ്പെടുന്ന മാന്‍ ബുക്കര്‍ പ്രൈസ് നേടിയ ഈ നോവല്‍ 1980-ലെ ഗ്ളാസ്നോ നഗരത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്ന യുവാവിന്റെ കഥയാണ് പ്രമേയമാക്കിയിരിക്കുന്നത്.
ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ്- മാരീ ലൂകാസ് റെജിനെവല്‍ഡ്
ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകള്‍ക്കുള്ള അന്താരാഷ്ട്ര അവാര്‍ഡാണ് ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ്. ഡച്ച് എഴുത്തുകാരിയായ മാരീ ലൂകാസ് റെജിനെവല്‍ഡ് എഴുതി മിഷേല്‍ ഹച്ചിസണ്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനെ ചെയ്ത ദ ഡിസ്‌കംഫര്‍ട്ട് ഓഫ് ഈവ്നിങ് എന്ന നോവലിനാണ് ഈ വര്‍ഷത്തെ ബുക്കര്‍ ഇന്റര്‍നാണഷണല്‍ പുരസ്‌കാരം ലഭിച്ചത്.
പുലിറ്റ്സര്‍-ദ നിക്കല്‍ ബോയ്സ്, കോള്‍സണ്‍ വൈറ്റ്ഹെഡ്
സാഹിത്യം, പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള അംഗീകാരമാണ് പുലിസ്റ്റര്‍ പ്രൈസിലൂടെ നല്‍കി വരുന്നത്. വിഖ്യാത അമേരിക്കന്‍ എഴുത്തുകാരനായ കോള്‍സണ്‍ വൈറ്റ്ഹെഡ് എഴുതിയ ദ നിക്കല്‍ ബോയ്സ് എന്ന നോവലിനാണ് 2020-ലെ പുലിറ്റ്സര്‍ സമ്മാനം. 1960-കളില്‍ തലാഹസ്സേയില്‍ പ്രവര്‍ത്തിച്ചിരുന്ന നിക്കല്‍ അക്കാദമിയുടെ പശ്ചാത്തലത്തില്‍ എല്‍വുഡ് കര്‍ടിസ് എന്ന കറുത്തവംശജനായ ആണ്‍കുട്ടിയുടെ കഥയാണ് ഈ നോവല്‍ പ്രമേയമാക്കിയിരിക്കുന്നത്. ദുര്‍ഗുണപരിഹാരപാഠശാലകളിലെ അതിനിദ്യവും ക്രൂരവുമായ പ്രവൃത്തികളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും നീണ്ട വിവരണം തന്നെയാണ് ഈ നോവലിന്റെ പ്രത്യേകത.
ജ്ഞാനപീഠം
മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം സമ്മാനിച്ച വര്‍ഷമാണ് 2020. എന്റെയല്ലെയെന്റയല്ലീകൊമ്പനാനകള്‍ എന്റെയല്ലീമഹാക്ഷേത്രവും മക്കളേയെന്നോര്‍മ്മിപ്പിച്ചുകൊണ്ട് ഭൗതികസുഖങ്ങളുടെ നൈമിഷികതയെ തൊട്ടുകാണിച്ചു തന്ന കവി. ഇനിയൊരു കാവ്യേതിഹാസം മലയാളത്തിനുണ്ടാകുമോ എന്ന ചോദ്യമവശേഷിപ്പിച്ചുകൊണ്ട് അക്കിത്തം വിടപറഞ്ഞ വര്‍ഷം കൂടിയാണ് 2020.
എഴുത്തച്ഛന്‍ പുരസ്‌കാരം- സക്കറിയ
കഥാഖ്യാനത്തിന്റെ വേറിട്ടവഴികള്‍ വെട്ടിത്തെളിച്ച കഥാകാരന്‍ സക്കറിയയെ മലയാളസാഹിത്യത്തിലെ ഉന്നത പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി ആദരിച്ചത് 2020-ലാണ്. ഒരിടത്ത്, ആര്‍ക്കറിയാം, പ്രെയ്സ് ദ ലോഡ്, ഭാസ്‌കരപട്ടേലും എന്റെ ജീവിതവും തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവ്, അധ്യാപകന്‍, സാമൂഹ്യനിരീക്ഷകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് സക്കറിയ.
പത്മപ്രഭാപുരസ്‌കാരം- ശ്രീകുമാരന്‍ തമ്പി
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പിയ്ക്കാണ് 2020-ലെ പത്മപ്രഭാപുരസ്‌കാരം. ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ പത്മപ്രഭാഗൗഡരുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് സാഹിത്യസാംസ്‌കാരിക മേഖലകളില്‍ കഴിവ് തെളിയിക്കുന്നവര്‍ക്കാണ് നല്‍കുന്നത്.
മാതൃഭൂമി പുരസ്‌കാരം- സച്ചിദാനന്ദന്‍
ഇന്ത്യന്‍കവിയും നിരൂപകനും സാംസ്‌കാരികപ്രവര്‍ത്തകനുമായ സച്ചിദാനന്ദനാണ് 2020-ലെ മാതൃഭൂമി പുരസ്‌കാരം സമ്മാനിച്ചിരിക്കുന്നത്. മലയാള സാഹിത്യത്തില്‍ പ്രതിഭതെളിയിച്ചവര്‍ക്കുള്ള ആദരവാണ് മാതൃഭൂമി പുരസ്‌കാരത്തിലൂടെ നല്കുന്നത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.
വയലാര്‍ അവാര്‍ഡ്- ഏഴാച്ചേരി രാമചന്ദ്രന്
കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മയുടെ സ്മരണാര്‍ഥം നല്കുന്ന പുരസ്‌കാരം ഏഴാച്ചേരി രാമചന്ദ്രന്റെ ഒരു വെര്‍ജീനിയന്‍ വെയില്‍കാലം എന്ന കൃതിയ്ക്കാണ് ലഭിച്ചിരിക്കുന്നത്. എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും അടങ്ങുന്ന സമിതി നിര്‍ദ്ദേശിക്കുന്ന കൃതികളില്‍ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാര്‍ അവാര്‍ഡ് നിശ്ചയിക്കുന്നത്.
ഒ.വി വിജയന്‍ സാഹിത്യപുരസ്‌കാരം-സുഭാഷ്ചന്ദ്രന്‍, ടി.പത്മനാഭന്‍
ഈ വര്‍ഷത്തെ ഒ. വി വിജയന്‍ സാഹിത്യപുരസ്‌കാരത്തിന് ടി. പത്മനാഭനും സുഭാഷ്ചന്ദ്രനും അര്‍ഹരായി. ടി. പത്മനാഭന്റെ എന്റെ മൂന്നാമത്തെ നോവല്‍ എന്ന കഥാസമാഹാരവും സുഭാഷ്ചന്ദ്രന്റെ സമുദ്രശിലയുമാണ് പുരസ്‌കാരത്തിനര്‍ഹമനായത്.
വൈലോപ്പിള്ളി പുരസ്‌കാരം- ആത്മാരാമന്‍
വൈലോപ്പിള്ളി സ്മാരകസമിതി ഏര്‍പ്പെടുത്തിയ വൈലോപ്പിള്ളി പുരസ്‌കാരം സാഹിത്യവിമര്‍ശനത്തിന് നല്‍കിയ സംഭാവനയെ ആദരിച്ച് ആത്മാരാമനാണ് നല്കിയിരിക്കുന്നത്. യുവകവികള്‍ക്കായി ഏര്‍പ്പെടുത്തിയ വൈലോപ്പിള്ളി പുരസ്‌കാരത്തിന് യുവകവി എം. ജീവേഷ് അര്‍ഹനായി.
ഒ.എന്‍.വി പുരസ്‌കാരം- എം. ലീലാവതി
2020-ലെ ഒ.എന്‍.വി സാഹിത്യപുരസ്‌കാരം മലയാളസാഹിത്യനിരൂപണമേഖലയിലെ സംഭാവനകള്‍ക്കുള്ള ആദരമായിരുന്നു. മലയാളസാഹിത്യനിരൂപണത്തിന്റെ അമ്മയായി അറിയപ്പെടുന്ന ഡോ. എം. ലീലാവതിയ്ക്കാണ് പുരസ്‌കാരം നല്‍കിയിരിക്കുന്നത്.
പത്മരാജന്‍ പുരസ്‌കാരം- സുഭാഷ് ചന്ദ്രന്‍
ചലച്ചിത്ര സംവിധായകന്‍ പത്മരാജന്റെ ഓര്‍മ്മയ്ക്കായി പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന് ലഭിച്ചു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സുഭാഷ് ചന്ദ്രന്റെ സമുദ്രശില എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.
സഞ്ജയന്‍ അവാര്‍ഡ്- എന്‍.കെ ദേശം
തപസ്യകലാസാഹിത്യവേദിയുടെ പന്ത്രണ്ടാമത് സഞ്ജയന്‍ പുരസ്‌കാരം കവിയും നിരൂപകനുമായ എന്‍.കെ ദേശ (എന്‍. കുട്ടികൃഷ്ണപിള്ള)ത്തിന്.
Content highlights: Literary Awards 2020 Nobel, Booker prize, Jnanpith, Mathrubhumi Award