സാഹിത്യ, സാംസ്‌കാരിക ലോകത്ത് പകരം വെക്കാനില്ലാത്ത നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു 2020. മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി, എം.പി വീരേന്ദ്രകുമാര്‍, സുഗതകുമാരി, യു.എ ഖാദര്‍ തുടങ്ങി നിരവധി മഹാ പ്രതിഭകളെയാണ് 2020 ല്‍ സാഹിത്യ സാംസ്‌കാരിക ലോകത്തിന് നഷ്ടമായത്. അവരുടെ ഓര്‍മകളിലേക്ക്...
കെ. പ്രഭാകരന്‍ (70)- മാര്‍ച്ച് 23
ഇന്ത്യന്‍ റാഡിക്കല്‍ ചിത്രകലാപ്രവര്‍ത്തകന്‍. റാഡിക്കല്‍ ഗ്രൂപ്പിലെ പ്രധാനിയായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പ് 2014 ല്‍ ലഭിച്ചു. ജനീവയില്‍ ഏഴ് പ്രഗല്ഭ ഇന്ത്യന്‍ ചിത്രകാരന്മാരോടൊപ്പം നടത്തിയ 'ആലേഖ്യ ദര്‍ശന്‍' ചിത്രപ്രദര്‍ശനം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു.
സതീഷ് ഗുജ്‌റാള്‍ (94)- മാര്‍ച്ച് 26
ചിത്രകാരന്‍, ശില്പി, എഴുത്തുകാരന്‍. മുന്‍പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്റെ സഹോദരന്‍. ഇന്ത്യന്‍വിഭജനകാലത്തും അടിയന്തരാവസ്ഥക്കാലത്തും ഉത്തരാധുനിക ചിത്രകലാശൈലികൊണ്ട് ശ്രദ്ധേയനായി. 1952 മുതല്‍ 74 വരെയുള്ള കാലത്ത് ന്യൂയോര്‍ക്ക്, മോണ്‍ട്രിയോള്‍, ബെര്‍ലിന്‍, ടോക്യോ തുടങ്ങിയ നഗരങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തി. 1999-ല്‍ പത്മവിഭൂഷണ്‍.
എം.പി. വീരേന്ദ്രകുമാര്‍ (84)- മെയ് 28
പ്രമുഖ സോഷ്യലിസ്റ്റ് നേതാവ്, എഴുത്തുകാരന്‍, പാര്‍ലമെന്റേറിയന്‍. മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറും-1979-2020. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തു. 1987-ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്ന ആദ്യത്തെ ഉത്തരവ്. കേന്ദ്ര മന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. 2004'09 കാലത്ത് പാര്‍ലമെന്റ് അംഗമായും പ്രവര്‍ത്തിച്ചു.
കൃതികള്‍: ഹൈമവതഭൂവില്‍, ആമസോണും കുറെ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും, വിചിന്തനങ്ങള്‍ സ്മരണകള്‍, ആത്മാവിലേക്ക് ഒരു തീര്‍ഥയാത്ര, ഡാന്യൂബ് സാക്ഷി, സ്മൃതിചിത്രങ്ങള്‍ ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോള്‍, പ്രതിഭയുടെ വേരുകള്‍ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, രോഷത്തിന്റെ വിത്തുകള്‍, രാമന്റെ ദുഃഖം, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, വിവേകാനന്ദന്‍: സന്യാസിയും മനുഷ്യനും...
പുരസ്‌കാരങ്ങള്‍: ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, അമൃതകീര്‍ത്തി പുരസ്‌കാരം, സ്വദേശാഭിമാനി പുരസ്‌കാരം, മൂര്‍ത്തീദേവി പുരസ്‌കാരം.
കെ. ദാമോദരന്‍ (84)- ജൂണ്‍ 15
ചിത്രകാരന്‍. അബ്‌സ്ട്രാക്ട് പെയിന്റിങ്ങ്. രാജ്യത്തിന് അകത്തും പുറത്തുമായി ഒട്ടേറെ ചിത്രപ്രദര്‍ശനങ്ങള്‍. മദ്രാസ് ലളിതകലാ അക്കാദമി അവാര്‍ഡ്, ഡല്‍ഹി സാഹിത്യകലാ പരിഷത്ത് അവാര്‍ഡ്, 1988ല്‍ കേന്ദ്ര ലളിതകലാ അക്കാദമി അവാര്‍ഡ്. 2006-ല്‍ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് നല്‍കി ആദരിച്ചു.
പുതുശ്ശേരി രാമചന്ദ്രന്‍ (92)- മാര്‍ച്ച് 14
കവി, ഭാഷാ ഗവേഷകന്‍, ചരിത്രകാരന്‍, അധ്യാപകന്‍. സ്വാതന്ത്ര്യ സമരകാലം മുതല്‍ രചനകളിലൂടെ കേരളത്തിന്റെ വിപ്ലവകാലങ്ങള്‍ക്ക് ദിശാബോധം നല്‍കിയ കവി.
1957ല്‍ കൊല്ലം എസ്.എന്‍.കോളേജില്‍ അധ്യാപക ജിവിതം തുടങ്ങിയ അദ്ദേഹം കേരള സര്‍വകലാശാലയിലെ മലയാള വിഭാഗം പ്രൊഫസറായാണ് വിരമിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു- ആത്മകഥ: തിളച്ച മണ്ണില്‍ കാല്‍നടയായ്
സുധാകര്‍ മംഗളോദയം (72)- ജൂലൈ 17
1980കള്‍ മുതല്‍ മലയാളത്തിലെ വിവിധ വാരികകളിലെഴുതിയ നോവലുകളിലൂടെ മലയാളികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിമാറിയ എഴുത്തുകാരനാണ് സുധാകര്‍ മംഗളോദയം. നാടകരചയിതാവ്, നടന്‍,തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തന്‍. നിരവധി നോവലുകള്‍ സിനിമകളും സീരിയലുകളുമായിട്ടുണ്ട്.
അമലാ ശങ്കര്‍ (101)- ജൂലൈ 24
വിഖ്യാത നര്‍ത്തകി, നൃത്തസംവിധായിക. കഥകളി, ഭരതനാട്യം മണിപ്പുരി ഉള്‍പ്പെടെ വിവിധ നൃത്തരൂപങ്ങളില്‍ നൈപുണ്യം. പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ബംഗ ബിഭൂഷണ്‍ പുരസ്‌കാരം, സംഗീതനാടക അക്കാദമിയുടെ ടാഗോര്‍രത്‌ന ബഹുമതി എന്നിവ നേടി.
ചുനക്കര രാമന്‍കുട്ടി (84) ആഗസ്റ്റ് 12
കവി, ഗാനരചയിതാവ്. 200ലധികം ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 2015-ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠ പുരസ്‌കാരം. എന്റെ ഭാരതം, ബാപ്പുജി കരയുന്നു, മഹാഗണി, അഗ്‌നിസന്ധ്യ (2004), സ്‌നേഹാടനക്കിളികള്‍ എന്നിവയാണ് കവിതാസമാഹാരങ്ങള്‍
പുനലൂര്‍ രാജന്‍ (81)- ഓഗസ്റ്റ് 15
പ്രമുഖ ഫോട്ടോഗ്രാഫര്‍. സാഹിത്യ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ ചിത്രങ്ങളെടുത്ത് ശ്രദ്ധേയനായി. പുസ്തകങ്ങള്‍-'ബഷീര്‍ ചായയും ഓര്‍മയും', 'എം.ടിയുടെ കാലം.'
മാതൃഭൂമി പത്രത്തില്‍ 'ഇന്നലെ', ആഴ്ചപ്പതിപ്പില്‍ 'അനര്‍ഘനിമിഷങ്ങള്‍' എന്നീ പംക്തികള്‍ കൈകാര്യം ചെയ്തു. രണ്ടാംലോകയുദ്ധം കുഴച്ചുമറിച്ചിട്ട പ്രദേശങ്ങളില്‍ സഞ്ചരിച്ച് തയ്യാറാക്കിയ 'മഹായുദ്ധത്തിന്റെ മുറിപ്പാടുകള്‍' എന്ന ചിത്രത്തിന് സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ് ലഭിച്ചു.
പണ്ഡിറ്റ് ജസ്രാജ് (90) ഓഗസ്റ്റ് 17
ഹിന്ദുസ്ഥാനി സംഗീതത്തിലെ അതുല്യ പ്രതിഭ. ജസ്രാജ് ആവിഷ്‌കരിച്ച ജുഗല്‍ബന്തി ശൈലി 'ജസ്രംഗി.'അപൂര്‍വ ശബ്ദ സൗകുമാര്യത്തിന് ഉടമയായിരുന്ന അദ്ദേഹം ബാബ ശ്യാം മനോഹര്‍ ഗോസ്വാമി മഹാരാജാവിന്റെ ശിക്ഷണത്തില്‍ ഹവേലി സംഗീതത്തില്‍ ഗവേഷണം നടത്തി. ജുഗല്‍ബന്ദി സംഗീതത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1975-ല്‍ പദ്മശ്രീ, 1987-ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ്, 1990-ല്‍ പദ്മഭൂഷണ്‍, 2000-ല്‍ പദ്മവിഭൂഷണ്‍...
ഡോ. കപില വാത്സ്യായന്‍ (92)- സെപ്തംബര്‍ 16
ഭാരതീയ നൃത്തകലാ പണ്ഡിത, സാംസ്‌കാരിക ചരിത്രകാരി. മുന്‍ രാജ്യസഭാംഗം. ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സിന്റെ (ഐ.ജി.എന്‍.സി.എ) സ്ഥാപക ഡയറക്ടര്‍. പുസ്തകങ്ങള്‍: ദി ആര്‍ട്‌സ് ഓഫ് കേരള ക്ഷേത്രം (1989), ദ സ്‌ക്വയര്‍ ആന്‍ഡ് ദ സര്‍ക്കിള്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്‌സ്, ഭരത: ദ നാട്യശാസ്ത്ര, മാത്രലക്ഷണം
ഹാരോള്‍ഡ് ഇവാന്‍സ് (92)- സെപ്തംബര്‍ 23
പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍. സണ്‍ഡേ ടൈംസ്, ടൈംസ് മുന്‍ പത്രാധിപര്‍. റോയിട്ടേഴ്‌സ് എഡിറ്റര്‍. ഗര്‍ഭണികള്‍ക്ക് നല്‍കിയിരുന്ന താലിഡോമൈഡ് എന്ന മരുന്ന് നവജാതശിശുക്കളില്‍ അംഗവൈകല്യമുണ്ടാക്കുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലോകയുദ്ധാനന്തര കാലത്തെ ഏറ്റവും മികച്ച പത്രാധിപരിലൊരാളായി അറിയപ്പെടുന്നു.
മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി (94)- ഒക്ടോബര്‍ 15
* ജ്ഞാനപീഠ ജേതാവ്.
* 1926 മാര്‍ച്ച് 18ന് പാലക്കാട് കുമരനല്ലൂരില്‍ ജനിച്ചു.
* 1952-ല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം.
* 2017-ല്‍ പദ്മശ്രീ ലഭിച്ചു.
വളകിലുക്കം, മധുവിധു, മനസാക്ഷിയുടെ പൂക്കള്‍, മനോരഥം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, അരങ്ങേറ്റം, സഞ്ചാരികള്‍, കടമ്പിന്‍ പൂക്കള്‍, നിമിഷക്ഷേത്രം, ആദിമഹാകാലം, പണ്ടത്തെ മേല്‍ശാന്തി, ഇടിഞ്ഞുപൊളിഞ്ഞ ലോകം എന്നിവ പ്രധാന കൃതികള്‍.
പ്രധാന പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് , കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് , ഓടക്കുഴല്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം , എഴുത്തച്ഛന്‍ അവാര്‍ഡ് , മാതൃഭൂമി സാഹിത്യ പുരസ്‌കാരം, മൂര്‍ത്തീദേവി പുരസ്‌കാരം, ജ്ഞാനപീഠം.
യു.എ. ഖാദര്‍(85)- ഡിസംബര്‍ 12
കഥ, നോവല്‍, ബാലസാഹിത്യം, യാത്രാവിവരണം, ഓര്‍മ എന്നീ വിഭാഗങ്ങളിലായി എഴുപതോളം പുസ്തകങ്ങള്‍ .പ്രധാന കൃതികള്‍: തൃക്കോട്ടൂര്‍ പെരുമ, കഥപോലെ ജീവിതം, വിശുദ്ധപൂച്ച, ഒരുപിടി വറ്റ്, ചങ്ങല, കലശം, പൂമരത്തളിരുകള്‍, ഖുറൈഷിക്കൂട്ടം, അടിയാധാരം, പ്രകാശനാളങ്ങള്‍... കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, മാതൃഭൂമി പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങള്‍ നേടി.
ജോണ്‍ ലെ കാരെ (89)- ഡിസംബര്‍ 12
ബ്രിട്ടീഷ് നോവലിസ്റ്റ്. ശീതയുദ്ധകാലത്തെ ചാരവൃത്തിയെ അവതരിപ്പിച്ച പ്രശസ്ത നോവലുകളുടെ രചയിതാവ്. മാസ്റ്റര്‍ പീസ്-'ദ സ്‌പൈ ഹൂ കേം ഇന്‍ ഫ്രം ദ കോള്‍ഡ്'. ദി ഓണറബിള്‍ സ്‌കൂള്‍ബോയ്, സ്‌മൈലീസ് പീപ്പിള്‍, എന്നിവയും പ്രധാന കൃതികളാണ്.
'ജന്റ് റണ്ണിങ് ഇന്‍ ദ ഫീല്‍ഡ്' -അവസാന നോവല്‍.
സുഗതകുമാരി (86)- ഡിസംബര്‍ 23
മലയാളത്തിന്റെ പ്രിയ കവിയും സാമൂഹിക പ്രവര്‍ത്തകയും പരിസ്ഥിതി സംരക്ഷകയും. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസികയുടെ പത്രാധിപര്‍, പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, കേരള ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.കേരള വനിതാ കമ്മിഷന്റെ ആദ്യ ചെയര്‍പേഴ്‌സണ്‍.
രചനകള്‍:അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, രാത്രിമഴ, രാധയെവിടെ, ദേവദാസി, കൃഷ്ണകവിതകള്‍, മണലെഴുത്ത്, തുലാവര്‍ഷപ്പച്ച, കുടത്തിലെ കടല്‍, പൂവഴി മരുവഴി, സഹ്യഹൃദയം...
പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം,വയലാര്‍ അവാഡ്. എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍, മാതൃഭൂമി സാഹിത്യ പുരസ്‌കാരം, പത്മശ്രീ.
Content Highlights: Celebrity Deaths in Literature