ജോനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗള്‍! ഒരു ക്ലാസിക്കിലും പെടാത്ത എന്നാല്‍ എല്ലാ ക്ലാസിക്കിലും പെടേണ്ടതായിട്ടുള്ള ഒരു പുസ്തകം! റിച്ചാഡ് ബാക്ക് എഴുതിയ ഈ കൊച്ചു പുസ്തകത്തെ തന്നെ ഇന്ന് ഓര്‍മിക്കാന്‍ കാരണമൊന്നുമില്ല, അസാധ്യമായ വായനാനുഭവം എന്നതിലുപരി. പറക്കലാണ് സ്വര്‍ഗം എന്ന സന്ദേശമാണ് ഈ പുസ്തകം നമുക്ക് തരുന്നത്. അതിഗംഭീരനായ ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്ന എഴുത്തുകാരന്‍ തന്റെ ഫോട്ടോഗ്രാഫിക് മികവും പുസ്തകത്തില്‍ പ്രയോഗിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള വായനക്കാരെ മാത്രമല്ല, ദൃശ്യാസ്വാദകരെക്കൂടി പുസ്തകത്തിലേക്കു നയിച്ച കൃതി കൂടിയാണത്. നിങ്ങള്‍ ഉയര്‍ന്നു പറക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പരമോന്നതിയിലെത്തുന്നുവെന്നും അവിടെയാണ് അനശ്വരമായ സ്വര്‍ഗം കുടികൊള്ളുന്നത് എന്നും എഴുത്തുകാരന്‍ നമ്മോട് ആഹ്വാനം ചെയ്യുന്നതുപോലെയാണ് ജോനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗളിലെ ഓരോ അധ്യായവും ഓരോ പേജും തന്നെ ഒരുക്കിയിരിക്കുന്നത്. കഷ്ടി നൂറോളം പേജുകള്‍ മാത്രമുള്ള ആ പുസ്തകം എന്തുകൊണ്ട് ഇത്രമേല്‍ പ്രിയപ്പെട്ടതായിരിക്കുന്നു എന്നതിന് മറ്റൊരു കാരണം കൂടി ഉണ്ട്. കൃതി ആദ്യാവസാനം മുതല്‍ പറന്നു പറന്നുകൊണ്ടേയിരിക്കുന്നു. പറക്കലാണ് പ്രമേയം. ഒരു ഫിക്ഷന് വേണ്ട ചേരുവകള്‍ ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും ഘടനാപരമായ ഉത്തരം. 

വളരെ മുമ്പ് എനിക്ക് ഏതാണ്ട് ഇരുപതിനടുത്ത് പ്രായമുള്ള കാലത്ത് 'അണ്‍സങ് ഗ്ലോറി' എന്നൊരു കഥ എഴുതി. ഒരു വൈമാനികന്റെ കഥ. വളരെ സാഹസികമായി വിമാനം പറത്തുന്ന പൈലറ്റ് ഒരു വിമാനാപകടത്തില്‍ മരിക്കുന്നു. തന്നെ ഏല്‍പിച്ച ദൗത്യം പൂര്‍ത്തീകരിക്കാനാവാതെ, ആരാലും പ്രകീര്‍ത്തിക്കപ്പെടാതെ, തിരിച്ചറിയലിന്റെ യാതൊന്നും അവശേഷിപ്പിക്കാതെ പൊലിഞ്ഞുപോയ എന്റെ വൈമാനിക നായകനെ പക്ഷേ ഞാന്‍ അച്ചടി തൊടുവിച്ചില്ല. യൗവനകാലത്ത് സാഹിത്യകൗതുകത്തിന്റെ ഭാഗമായി എഴുതി; ഒരു ആത്മരതി. അത്ര മാത്രം. ഇടക്കിടെ എടുത്തുനോക്കും അങ്ങനെതന്നെ മടക്കി വെക്കും.

jonathan livingston seagull'ജോനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗള്‍' ഞാന്‍ വായിക്കുന്നത് 'അണ്‍സങ്ഗ്ലോറി' എഴുതിക്കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. പക്ഷേ വൈകാരികമായി അതിവേഗം തന്നെ ആ പുസ്തകവുമായി എനിക്ക് അടുപ്പം പുലര്‍ത്താന്‍ സാധിച്ചു. ലോകപുസ്തകദിനത്തില്‍ ഈ രണ്ട് കഥകളും വീണ്ടും പരസ്പരം പരിചയം പുതുക്കുന്നതുപോലെ!

Content highlights : world bookday 2021 writer asha menon shared reading of jonathan livingston seagull