ഴിഞ്ഞ വര്‍ഷം കോവിഡ് മൂലം വന്ന സമ്പൂര്‍ണ്ണ ലോക്ഡൗണാണ് വര്‍ഷങ്ങളായി 'സമയമില്ല' എന്ന ഒഴിവ് കഴിവ് പറഞ്ഞ് മാറ്റി വച്ചിരുന്ന  പുസ്തകങ്ങളെ എന്നിലേക്ക് തിരിച്ചെത്തിച്ചത്. ഒരു ചെറിയ സംശയം വന്നു : പിന്നെ ' ഇനി ഉണ്ടായില്ലെങ്കിലോ എന്ന് . മനുഷ്യരെ നേരിട്ട് കാണാനുള്ള പഴുത് അടഞ്ഞപ്പോള്‍ മുമ്പ് വാങ്ങി വച്ച പുസ്തകങ്ങള്‍ പെറുക്കി എടുത്ത് നിരത്തി വച്ചു. ഏതാനും പേജുകള്‍ മാത്രം വായിച്ച് മാറ്റി വച്ച രണ്ട് ആത്മകഥകള്‍ അതാ ഇരിക്കുന്നു. നിത്യചൈതന്യ യതിയുടെ യതി ചരിതവും, അഗത ക്രിസ്റ്റിയുടെ An autobiography യും . ഏറെ നേരവും ഒറ്റക്കിരിക്കേണ്ടി വന്ന വീട്ടില്‍ ഈ രണ്ട് പുസ്തകങ്ങളായി കൂട്ടുകാര്‍. അഗത ക്രിസ്റ്റി രണ്ട് ലോക മഹായുദ്ധങ്ങള്‍ അതിജീവിച്ചത് വായിക്കവേ ലോക്ഡൗണ്‍ മൂലം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പുറത്ത് പറയാന്‍ നാണം തോന്നുന്ന അവസ്ഥയിലായി ഞാന്‍. യതിചരിതമാകട്ടെ  എങ്ങനെയാണ് ഇന്ദ്രിയങ്ങളെ പുറം ലോകത്ത് നിന്നും മടക്കി അവനവനിലേക്ക് തിരിക്കേണ്ടത് എന്ന ആലോചനയിലേക്ക് നയിച്ചു. 

അതോടെ പുറം യാത്രകള്‍ എന്നിലേക്കുള്ള അകം യാത്രകളായി. ഇതിനിടയില്‍ പൊടുന്നനെ എത്തിയ അച്ഛന്റെ മരണം അതിജീവിക്കാന്‍ ഗുരുചരിതം തുണയായി . വിഷമങ്ങള്‍ വരുമ്പോള്‍ അതിലെ ഒരു സംഭവം ഓര്‍മ്മയില്‍ വരുകയും വിഷമം അലിഞ്ഞ് ഇല്ലാതാവുകയും ചെയ്തു. ഒരു പുസ്തകത്തിന് ഇത്രയും ശക്തിയോ എന്ന് അത്ഭുതപ്പെടവേ അതാ വരുന്നു അടുത്തത്. അരുണ്‍ ഷൂരി എഴുതിയ Preparing for death. ബുദ്ധന്‍, ശ്രീരാമപരമഹംസന്‍ ,രമണ മഹര്‍ഷി , ഗാന്ധിജി, വിനോഭഭാവെ എന്നിവര്‍ അവരുടെ മരണത്തിന് തൊട്ടു മുമ്പിലുള്ള ദിവസങ്ങളെങ്ങനെയായിരുന്നു കഴിച്ചു കൂട്ടിയത് എന്ന് വായിച്ച് മരണം എന്ന യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ തിരിച്ചറിഞ്ഞ് അച്ഛന്റെ മരണ മേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും പുറത്ത് കടന്നു.

sreebala k menon


 കോവിഡ് വരും വരെയുള്ള എന്റെ വായനാനുഭവങ്ങള്‍ പുസ്തക ആസ്വാദനങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ ഉതകുന്ന രീതിയില്‍ എന്റെ വായന മാറിയത് കഴിഞ്ഞ കൊല്ലമായിരുന്നു. അതുവരെ ശ്രദ്ധിക്കാതെ പോയ ഒരു പാട് പേരെ തേടി ലോക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പുസ്തകശാലയില്‍ എത്തി. പി എന്‍ ദാസ് മാഷ് , അഷിത, ബോബി ജോസ് കട്ടിക്കാട്ടില്‍ , റൂമിയുടേയും ഷംസിന്റേയും കഥ പറയുന്ന എലിഫ് ഷെഫാക് , ഇടയ്‌ക്കൊക്കെ പഴയ ഓര്‍മ്മക്കായി പൗലോ കൊയ്‌ലോവും. കോവിഡ് എന്റെ വായനയെ മാറ്റി മറിക്കുന്നു.

Content highlights : world book day special sreebala k menon reading experience