'Feminist dystopian fiction owes just as much to this woman - Who wrote as a man'

ജീവനും ജീവിതവും ഓരോ ആൾക്കും വിചിത്രമായ സംഭാവനകൾ നല്കിയിട്ടേ തിരിച്ചുപോകൂ. എഴുത്തിൽ പുരുഷനും ജീവിതത്തിൽ സ്ത്രീയുമായി ജീവിച്ച് അവസാനം സ്വയം വെടിവെച്ച് മരണത്തോട് കൈചേർത്തുപിടിച്ച് ജീവന്റെ ഉറവിടത്തിലേക്ക് തിരിച്ചുപോയ ആലീസ് ബി. ഷെൽഡൻ എന്ന ജെയിംസ് ടിപ്രീയുടെ ജീവിതം ലിംഗയുദ്ധത്തിന്റെ ചുഴലിയിൽപ്പെട്ട് പ്രഹേളികാതുല്യവും അഗാധവുമായ ആഴങ്ങളിൽ യുദ്ധസമാനമായതായിരുന്നു.

ഒരു ജീവശാസ്ത്രജ്ഞൻ ഭൂമിയെ അത്രകണ്ട് പ്രണയിക്കുന്നു. അതിന്റെ ഹരിതാഭയെ, പ്രകൃതിദത്തമായ മനോഹാരിതയെയെല്ലാം. അഗാധമായ ആ പ്രണയത്തിന്നൊടുവിൽ അദ്ദേഹം ഭൂമി മുഴുവൻ ഒരു വിമാനത്തിൽ സഞ്ചരിക്കാൻ തീരുമാനിക്കുന്നു. ബോധപൂർവമായ ഒരു സഞ്ചാരം. ഭൂമിയെ, ജീവസ്സുറ്റ ഈ ഗോളത്തെ പൂർണ്ണമായും നശിപ്പിക്കാൻ മനുഷ്യരുടെ വിവേചനരഹിതമായ ആർത്തിയാണ് കാരണമെന്ന തിരിച്ചറിവിൽ, മനുഷ്യവംശത്തെ മുഴുവൻ തുടച്ചെടുത്ത് ഇല്ലാതാക്കാൻ ലക്ഷ്യമിട്ടായിരുന്നു യാത്ര. അതിനായി അദ്ദേഹം തന്റെ ലാബിൽ വളരെ രഹസ്യവും ആസൂത്രിതവുമായി നിർമ്മിച്ച മാരകമായ വൈറസ്കൂടി കരുതുന്നു. മനുഷ്യനപ്പുറം ഭൂമിയിലെ ഒരു ജീവിവർഗ്ഗവും ഭൂമിയെ ഇത്ര കണ്ട് വേദനിപ്പിച്ചിട്ടില്ലെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടായിരുന്നു മനുഷ്യർക്ക് മാത്രം മരണഹേതുവായിത്തീരുന്ന വൈറസിനെ നിർമ്മിച്ചെടുത്തത്.
ജെയിംസ് ടിപ്രീ ജൂനിയർ രചിച്ച ''ദ ലാസ്റ്റ് ഫ്ളൈറ്റ് ഓഫ് ഡോ. എയീൻ എന്ന ഷോർട്ട് സ്റ്റോറി, ഫിക്ഷൻ എഴുത്തുരീതിയിലുള്ള സ്ത്രീരചനയിൽ മുൻപിൽ നിൽക്കുന്നുണ്ട്. 1969-ൽ പ്രസിദ്ധീകൃതമായ കൃതിയുടെ പുതുപതിപ്പ് 1974-ലാണ് പുറത്തിറങ്ങിയത്.

അപൂർവതകൾ നിറഞ്ഞ ജീവിതമായിരുന്നു ആലീസ് ബ്രാഡ്ലിയുടേത്. ചിലപ്പോൾ പുരുഷ അപരനാമത്തിൽ ജീവിതാവസാനം വരെ എഴുതിയ എഴുത്തുകാരികളിൽ ഒരാളായിരുന്നു ആലീസ് ബ്രാഡ്ലി. സാഹസികമായ ജോലികളും അപൂർവ വിഷയങ്ങൾ തെരഞ്ഞെടുത്തുള്ള പഠനവും അച്ഛനുമമ്മയോടുമൊപ്പമുള്ള ലോകസഞ്ചാരവും വളരെ ധീരമായ ഒരു ജീവിതം നയിക്കാൻ ആലീസിനെ പ്രേരിപ്പിച്ചിട്ടുണ്ടാവും.
അപരനാമത്തിന്റെ പ്രത്യേകത അതുകൊണ്ടും അവസാനിക്കുന്നില്ല. ജെയിംസ് എന്ന പേരിനോടൊപ്പം ''ടിപ്രീ' എന്ന പേർ സ്വീകരിച്ചതിന് പിന്നിലെ രസകരമായ കാര്യത്തിന്നുള്ള ആലീസിന്റെ വിശദീകരണം ഇതാണ്. ഒരു ദിവസം സുപ്പർമാർക്കറ്റിലെ സന്ദർശന ത്തിൽ ''ടിപ്രീ' ബ്രാന്റിൽ ഒരു ജാം കാണുവാനിടയായി. അതിൽ നിന്നാണ് ''ടിപ്രീ' എന്ന പേർ കൂട്ടിച്ചേർത്തത്. അത് രസകരമായി തോന്നി. മാത്രമല്ല, പെട്ടെന്ന് ആകർഷിക്കുന്ന തരത്തിലുള്ള ഒരു പേർ പ്രസാധകർക്കും ആവശ്യമായിരുന്നു. അമ്മ മേരി ഹേസ്റ്റിംഗ്സ് ബ്രാഡ്ലി എഴുത്തുകാരിയും പര്യവേഷകയുമായിരുന്നു. അവരുടെ പുസ്തകങ്ങളിൽ ചിലതിലെ ചിത്രീകരണം ആലീസായിരുന്നു ചെയ്തിരുന്നത്. ഷിക്കാഗോ സൺ ടൈംസിൽ ആർട്ട് ക്രിട്ടിക്ക് ആയി ജോലി നോക്കാൻ അന്നത്തെ ചിത്രീകരണ പങ്കാളിത്തം ആലീസിനെ സഹായിച്ചു. 1967 മുതൽ മരണംവരെ ജെയിംസ് ടിപ്രീ ജൂനിയർ എന്ന തൂലികാനാമത്തിൽ തന്നെ എഴുതിയിരുന്ന ആലീസ് ഷെൽഡൻ ഒരു സ്ത്രീയാണെന്ന് അവരുടെ മരണം വരെ പരസ്യമായി അറിയപ്പെട്ടിട്ടില്ലായിരുന്നു.

''ദ ഡബ്ൾ ലൈഫ് ഓഫ് ആലീസ് ബി ഷെൽഡൻ' ജൂലി ഫിലിപ്പ് രചിച്ച ആലീസ് ഷെൽഡന്റെ ജീവചരിത്രമാണ്. ഈ കൃതിയുടെ ആമുഖത്തിൽ അവർ പറയുന്നു ''എന്റെ അറിവിൽ ടിപ്രീയെ ഒരാൾ പോലും ഒരിക്കലെങ്കിലും കാണുകയോ ഫോണിൽ അവരോട് സംസാരിക്കുകയോ ചെയ്തിട്ടില്ല. അവർ എവിടെയാണ് ജീവിക്കുന്നത് എന്നോ അവർ എങ്ങനെയിരിക്കുന്നുവെന്നോ ആർക്കും അറിയില്ലായിരുന്നു.'' എന്നാൽ ആലീസ് പൊതുവിടങ്ങളിൽ ഒരു സ്ത്രീയായി അപരജീവിതം നയിക്കുന്നുണ്ടായിരുന്നു.

ആരാണ് ജെയിംസ് ടിപ്രീ ജൂനിയർ എന്നറിയാൻ ആകാംക്ഷയോടെ കാത്തിരുന്നു, വായനക്കാരും അവരുടെ എഴുത്തിനെ പിൻതുടർന്നവരും.1970- കളിൽ സയൻസ് ഫിക്ഷൻ രംഗത്ത് കത്തിനിൽക്കുന്ന ഒരാളായിരുന്നു ടിപ്രീ. വായ്ത്തലമൂർച്ചയുള്ള ഫിക്ഷന്റെതായ എഴുത്തിന്റെ ഒരു പരമ്പര തന്നെ അവർ സൃഷ്ടിച്ചു. അതോടൊപ്പം സയൻസ് ഫിക്ഷൻ എന്ന സാഹിത്യരൂപത്തെത്തന്നെ അവർ പുനർ നിർമ്മിക്കുകയുണ്ടായി. ഫിക്ഷൻ, പ്രത്യേകിച്ച് സയൻസ് ഫിക്ഷനുകൾ ഗാംഭീര്യത്തോടെ എഴുതുന്നവരിൽ സ്ത്രീകൾ കൂടുതലുണ്ടായിരുന്നില്ല എന്നതും സ്ത്രീകളെഴുതു ന്നവ കൂടുതൽ ശ്രദ്ധയിലേക്ക് വരുന്നില്ല എന്നതും അവരെ ആൺതൂലികാനാമത്തിൽ ഒളിച്ചിരുന്നുകൊണ്ട് സമർത്ഥമായി സ്ത്രീഭാവങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് എഴുതാനും അതിൽ വിജയം വരിക്കാനും സഹായിച്ചു.

സയൻസ് ഫിക്ഷൻ എഴുത്തു രംഗത്തേക്കുള്ള വരവിന് അവരുടെ പഠനവും തുടർന്നേർപ്പെട്ട വ്യത്യസ്തതരം ജോലികളും കാരണമായിരിക്കാം.1915 -ൽ ചിക്കാഗോവിലെ ഇല്ലിനോയ്‌ഡിൽ ജനിച്ച് 71-ാമത്തെ വയസ്സിൽ വെർജീനിയയിൽ വച്ച് മരണപ്പെടുന്നതുവരെയുള്ള അവരുടെ ജീവിതം പ്രതിഭയുടെ ഒളിചിന്നുന്നതും അതേസമയം സംഘർഷഭരിതവും സ്വത്വബോധത്തോടുള്ള നിരന്തരകലഹവും നിറഞ്ഞ തായിരുന്നു.
ആലീസ് ബ്രാഡ്ലിക്ക് ആറ് വയസ്സായപ്പോൾ അവളും അവളുടെ രക്ഷിതാക്കളും ബൽജിയൻ കോംഗോയിലേക്ക് അവരുടെ കുടുംബസുഹൃത്തിനൊപ്പം യാത്രപോയി. പര്യവേഷകയും എഴുത്തുകാരിയുമായ അമ്മ മേരി ഹേസ്റ്റിംഗ്സ് ബ്രാഡ്ലി യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ''അമേരിക്കൻ പരിസ്ഥിതിവാദിയായ കാൾ അകേലയുടെ അടുത്തേക്കായിരുന്നു യാത്ര. ആലീസ് 1924-25ലും 1931 ലും ഇത് കൂടാതെ മറ്റ് രണ്ട് യാത്രകളും ആഫ്രിക്കയിലേക്കായി നടത്തിയിട്ടുണ്ട്. ലോകം മുഴുവനുമുള്ള സഞ്ചാരത്തിന്റെ ഭാഗമായിരുന്നു അത്.
പ്രിസ്റ്റണിലെ വിദ്യാർത്ഥി ജീവിതകാലഘട്ടത്തിലായിരുന്നു വില്യം ഡേവിയുമായി ജീവിതമാരംഭിച്ചത്. 1941-ൽ പരസ്പരം ജീവിതത്തിൽ നിന്നും മാറിപ്പോകുന്നതുവരെ അതു തുടർന്നു. പിന്നീട് അവർ ഷിക്കാഗോവിലേക്ക് മടങ്ങി. ആ കാലഘട്ടത്തിലാണ് ''ഷിക്കാഗോ സൺ ടൈംസിൽ'' ആർട്ട് ക്രിട്ടിക്കായി നിയമിതയായത്. എന്നാൽ അടുത്തവർഷം തന്നെ അവർ ''വിമൻസ് ആർമി ഓക്സീലിയറി കോർപ്സിൽ' ചേർന്നു. പെന്റഗണിൽ ആകാശ നിരീക്ഷണ ഫോട്ടോഗ്രാഫുകളുടെ വ്യാഖ്യാതാവ് എന്ന നിലയിൽ സേവനമനുഷ്ഠിച്ചത് ഭൂമിയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടിൽ ഏറെ മാറ്റങ്ങൾ വരുത്തി.

1945-ൽ രണ്ടാം ലോകമഹായുദ്ധം യൂറോപ്പിൽ അവസാനിച്ചപ്പോൾ ആലീസ് വ്യത്യസ്തമായ മറ്റൊരു യൂണിറ്റിലേക്ക് മാറ്റപ്പെട്ടു. ആ സമയത്താണ് കമാൻഡിംഗ് ഓഫീസർ ഹണ്ടിങ്ങ്സെൻ ഡി ഷെൽഡനെ വിവാഹം ചെയ്യുന്നത്. ആർമി വിട്ടതിനുശേഷം അവർ ടോംസ് നദിക്കരയിൽ ചിക്കൻ ഫാം തുടങ്ങി. അതിലും ഉറച്ചുനിൽക്കാതെ വാഷിംഗ്ടൺ ഡിസിയിൽ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയിൽ കറന്റ് ഇന്റലിജൻസിൽ ഡയറക്ട റായി ചുമതലയേറ്റു. ഈ ജോലി ഏറ്റെടുത്ത, ട്രെയിനിങ്ങിനായി വിട്ടുനിന്ന സമയമാണ് ദാമ്പത്യത്തിന്റെ അനിശ്ചിതത്വകാലം. ഒരു വർഷം ഭർത്താവിൽനിന്നും വേർപിരിഞ്ഞ ആ കാലഘട്ടത്തിലായിരുന്നു മനുഷ്യദർശനത്തിന്റെ സൗന്ദര്യാത്മക ബന്ധെത്തെക്കുറിച്ച് അവരിൽ താലപര്യം ജനിക്കുന്നത്. അതിൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽനിന്നും ബിരുദം നേടിയശേഷമാണ് എക്സ്പിരിമെന്റൽ സൈക്കോളജിയിൽ ബിരുദ മെടുക്കുന്നത്. 1967-ൽ ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ പ്രബന്ധം സമർപ്പിക്കുന്ന സമയമാകുമ്പോഴേക്കും അവർ ധാരാളം സയൻസ് ഫിക്ഷൻ കഥകൾ എഴുതിയിരുന്നു. ''ജെയിംസ് ടിപ്രീ ജൂനിയർ'' എന്ന അപരനാമത്തിൽ അവയെല്ലാം പ്രസിദ്ധീകരിച്ചു വന്നു.
ആദ്യ പ്രധാനകഥ എന്ന നിലയിൽ മാത്രമല്ല ടിപ്രീയുടെ 'ദ ലാസ്റ്റ് ഫ്ളൈറ്റ് ഓഫ് ഡോക്ടർ എയിൻ' പ്രസിദ്ധമാവുന്നത് അതിൽ ഗുപ്തമായിരിക്കുന്ന ്സ്ത്രീ പ്രകൃതിയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ്. ''മദർ എർത്ത്'' രീതിയിൽ സങ്കൽപിക്കപ്പെട്ട നീലഗോളത്തോടുള്ള സൃഷ്ടിയുടെ അഗോചരമായ അടയാളപ്പെടുത്തലുകൾ. ഭൂമിയെ പൂർണ്ണമായ നാശത്തിൽനിന്ന് രക്ഷപ്പെടുത്തിയെടുക്കുക എന്നത് മാത്രമായിരുന്നു ഡോക്ടറുടെ ലക്ഷ്യം. അതിനായി മനുഷ്യവംശത്തെ മുഴുവൻ തുടച്ചുമാറ്റുക. അതിനായി കൃത്രിമമായി സൃഷ്ടിച്ചെടുത്ത മാരകമായ ഇൻഫ്ളൂവൻസ് വൈറസ് ആയിരുന്നു അദ്ദേഹം സൃഷ്ടിച്ചെടുത്തത്. അതിന്റെ വ്യാപനത്തിലൂടെ ലോകം മുഴുവൻ പകർച്ചവ്യാധി പിടിപെടുകയും ആളുകൾ മുഴുവനായും ചത്തൊടുങ്ങുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, ഡോക്ടർ സ്വന്തം ശരീരം തന്നെ വൈറസ് പരീക്ഷിക്കാനായി തെരഞ്ഞെടുക്കുന്നു.1969-ൽ നെബുല പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട കൃതികൂടിയാണിത്.

ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും പ്രത്യേകിച്ച് കലയും സാഹിത്യവുമായി ബന്ധപ്പെട്ട സർഗ്ലാത്മകമേഖലകളിൽ സ്വന്തമായ ഇടം കണ്ടെത്തി അതിൽ നിലനിൽക്കാൻ ഏറെ കഷ്യപ്പെടുന്നവരാണ് സ്ത്രീകൾ. ഇതിനുള്ള പ്രധാന കാരണങ്ങൾ തിരഞ്ഞുപോയാൽ മിക്കവാറും മേഖലകളിൽ നിലനില്ക്കുന്ന പുരുഷാധിപത്യമാണെന്ന് കാണാം. ഈ മനോഭാവത്തെ ബോധപൂർവം എതിർക്കാൻ പുരുഷന്മാരുടെ പേരുകൾ തൂലികാനാമമായി സ്വീകരിച്ച് എഴുതിത്തെളിഞ്ഞ ലോകപ്രശസ്ത വനിതാ എഴുത്തുകാരുണ്ട്. ജോർജ എലിയട്ട് എന്ന തൂലികാനാമം എഴുത്തിനായി സ്വീകരിച്ച മേരി ആൻ ഇവാൻസ്, ''റ്റു കിൽ എ മോക്കിങ്ങ് ബേർഡ്'' എന്ന കൃതിയുടെ രചയിതാവായ ''നെല്ലെ ഹാർപർ ലീ'', ''ഹാർപർ ലീ'' എന്ന പുരുഷനാമത്തിലായിരുന്നു അവർ എഴുതിയിരുന്നത്. ''എ.എം ബർണാഡ്'' എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ലൂയിസ മേ ആൽക്കോട്ട്, അമേരിക്കൻ എഴുത്തുകാരിയായ ഷാർലറ്റ് ബ്രോൻഡി, ''കറർ ബെൽ'' എന്ന തൂലികാനാമമായിരുന്നു സ്വീകരിച്ചിരുന്നത്. ജെയിൻ ഐർ്' നോവലിന്റെ രചയിതാവായ ഷാർലറ്റ് ബ്രോൻഡി യുടെ സഹോദരിമാരായ എമിലിയും ആനിയും പുരുഷന്മാരുടെ പേരുകൾ തൂലികാനാമമായി സ്വീകരിച്ചിട്ടുള്ളവരാണ്. ഹാരിപോർട്ടർ കഥകളുടെ രചയിതാവായ ജെ.കെ. റൗളിംഗിന്റെ യഥാർത്ഥ പേർ ജോവാൻ റൗളിംഗ് എന്നാണ്. അവരും ഈ കൂട്ടത്തിൽപ്പെടുന്ന പ്രധാനവ്യക്തിയാണ്. ആലീസ് ബ്രാഡ്ലി ഷെൽഡന്റെ പേരും ഉൾപ്പെടുന്നത് ഇതേ ഗണത്തിലാണ്. ''ദ ഗേൾ ഹു വാസ് പ്ലഗ്ഡ് ഇൻ'', 'ദ ലാസ്റ്റ് ഫ്ളൈറ്റ് ഓഫ് ഡോക്ടർ എയ്ൻ', ദ വുമൺ മെൻ ഡോണ്ട് സീ' തുടങ്ങിയ പ്രശസ്തമായ കൃതികളുടെ ഉടമസ്ഥാവകാശം ''ജെയിംസ് ടിപ്രീ ജൂനിയറിൽ അധി്ഷ്ഠിതമായിരുന്നു..

ആലീസ് ഷെൽഡൻ ''ജെയിംസ് ടിപ്രീ'യിലൂടെ തന്റെ വ്യക്തിത്വത്തിന്റെ പുരുഷോചിതമായ മറുവശം, അതിന്റെ അഗാധമായ വ്യക്തിത്വപ്രശ്നങ്ങൾ...ഇതെല്ലാം പ്രകാശിപ്പിച്ചുകൊണ്ട് ഒരേ വ്യക്തിയിൽ നിന്നുകൊണ്ടുതന്നെ പുരുഷനായും സ്ത്രീയായും ദ്വന്ദമമായ വ്യക്തിത്വത്തോടെ ജീവിക്കുകയായിരുന്നു. അതുകൊണ്ട്തന്നെയാണ് ''ജെയിംസ് ടിപ്രീ ജൂനിയർ: ദ ഡബിൾ ലൈഫ് ഓഫ് ആലീസ് ബി ഷെൽഡൻ' എന്ന് ജീവചരിത്രത്തിന് ജൂലി ഫിലിപ്സ് പേരു നല്കിയത്.

ആലീസ് ഷെൽഡണുമായി വളരെ അടുത്ത് ഇടപഴകിയവർക്ക് പോലും അവരുടെ ശരിയായ വ്യക്തിത്വം എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. സ്ത്രീ വൈകാരികഭാവങ്ങളുമായി ആലീസിന് എന്നും പോരാടേണ്ടിവന്നു. അത് അവരുടെ ജീവിതം ഒരു പ്രഹേളികയാക്കി മാറ്റി. സയൻസ് ഫിക്ഷൻ എഴുത്തുകാരി, കലാനിരൂപക, കോഴിഫാം ഉടമസ്ഥ, രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്റലിജൻസ് ഓഫീസർ, സി.ഐ.എ. ഏജന്റ് , എക്സ്പിരിമെന്റൽ സൈക്കോളജിസ്റ്റ്, അതിനിടയിൽ ഗവേഷക ബിരുദമായി ഡോക്ടറേറ്റ് നേടിയത്, ഇതിനിടയിൽ സ്വത്വപ്രശ്നങ്ങളുമായി നിരന്തരം ഏറ്റുമുട്ടലിൽ കലാശിച്ച വിഷാദരോഗം. ജീവിതവുമായുള്ള ഈ പോരാട്ടത്തിന്നൊടുവിൽ സുഹൃത്തുക്കളേയും ആരാധകരേയും ഞെട്ടിച്ചുകൊണ്ട് ആലീസ് ഷെൽഡൻ അവരുടെ രണ്ടാം ഭർത്താവിനെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം തോക്കിനിരയായി. ആലീസ് ഷെൽഡനെക്കുറിച്ച് ഏകദേശം പത്തുവർഷത്തോളം പഠനം നടത്തിയതിന് ശേഷമാണ് ജൂലി, ആലീസ് ഷെൽഡന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത്.

ഉഭയസമ്മതപ്രകാരമായിരുന്നു ഭർത്താവ് ''ടിങ്ങ്' എന്ന വിളിപ്പേരുള്ള ഹണ്ടിങ്ങ്സെൻ ഡി ഷെൽഡന്റെയും ആലീസിന്റെയും മരണം. ഭർത്താവിന്റെ കാഴ്ചശക്തി പൂർണമായും നശിച്ചുപോയതും ആലീസിന്റെ വിഷാദരോഗവും ഹൃദയസംബന്ധിയായ അസുഖവും അവരുടെ മരണങ്ങൾക്ക് കാരണമായി കരുതുന്നു. വെർജീനിയയിലെ താമസസ്ഥലത്ത് അവർ രണ്ടുപേരും കൈകൾ കോർത്തുപിടിച്ചനിലയിലാണ് മരിച്ചുകിടന്നിരുന്നത്. ''ടിങ്ങി'നെ വെടിവെച്ചയുടനെത്തന്നെ അവർ അറ്റോർണിയെ വിളിച്ച് മരിക്കാൻ തീരുമാനിച്ച വിവരം അറിയിക്കുകയുണ്ടായി.

എഴുപത്തിയൊന്നാം വയസ്സിലുള്ള ആത്മഹത്യയെത്തുടർന്ന് ചുളിവുകൾ വന്ന വൃദ്ധയായ സ്ത്രീയുടെ ചിത്രം കണ്ട് ഇതാണ് ജയിംസ് ടിപ്ട്രീ ജൂനിയർ'' എന്ന് അതിശയപ്പെട്ടുനിന്നുപോയ എഴുത്തുലോകത്തിന് അപരിചിതവും അഗാധവുമായ മനുഷ്യമനസ്സിന്റെ ഏകാന്തമായ വൈചിത്ര്യങ്ങളെ കാണിച്ചുതരികയാണ് ആലീസ് ബി ഷെൽഡന്റെ ലിംഗപോരാട്ടങ്ങളോടുള്ള ദ്വന്ദജീവിതം.

Content Highlights : World Book Day Dr PK Bhagyalakshmi Writes about the creative conflict life of james tiptree jr Alias Alice B Sheldon