രു വെള്ളിയാഴ്ച അച്ഛൻ വന്നപ്പോൾ രണ്ട് തടിച്ച പുസ്തകങ്ങൾ കൈയിൽത്തന്നു. ശാരദ ബുക്ക് ഡിപ്പോ തോന്നയ്ക്കൽ പ്രസിദ്ധീകരിച്ച കുമാരനാശാന്റെ പദ്യകൃതികൾ ഭാഗം ഒന്നും രണ്ടുമായിരുന്നു ആ പുസ്തകങ്ങൾ. ഞാനന്ന് ഏഴാം ക്ലാസിൽ പഠിയ്ക്കുകയാണ്. പാഠപുസ്തകത്തിൽ കുമാരനാശാന്റെ 'നളിനി'യിലെ ഒരു ഭാഗം ഉണ്ട്. സിസിലി ടീച്ചറാണ് പഠിപ്പിയ്ക്കുന്നത്. അച്ഛനും അച്ഛന്റെ സ്കൂളിൽ അത് പഠിപ്പിയ്ക്കുന്നുണ്ടത്രെ. 'നളിനി'യിലെ ഭാഗം ഈ തടിച്ച പുസ്തകത്തിൽ തിരഞ്ഞു. പാഠഭാഗത്തിന് അപ്പുറവും ഇപ്പുറവുമുള്ള ശ്ലോകങ്ങൾ വായിച്ചു. ക്ലാസിൽ എനിയ്ക്കുമാത്രം കിട്ടിയ ഭാഗ്യം. അത് നോട്ട് പുസ്തകത്തിൽ എഴുതിക്കൊണ്ടുപോയി ചങ്ങാതിമാരെ കാണിച്ച് അഭിമാനിക്കുകയും ഉണ്ടായി. പക്ഷേ കുമാരനാശാന്റെ കൃതികൾ കൊണ്ടുവന്നു തന്നതിന്റെ പിന്നിൽ അച്ഛന്റെ ഉദ്ദേശം പിന്നീടാണ് മനസ്സിലായത്. അതിലെ ബാലരാമായണം വായിയ്ക്കണം. വായിച്ചാൽ മാത്രം പോരാ ദിവസം രണ്ട് അല്ലെങ്കിൽ മൂന്ന് അനുഷ്ഠിച്ച് ശ്ലോകങ്ങൾ മനഃപാഠമാക്കണം. വെള്ളിയാഴ്ച രാത്രി അതു മുഴുവൻ അച്ഛനെ ചൊല്ലി കേൾപ്പിയ്ക്കുകയും വേണം.

''ശ്രീരാമചന്ദ്രചരിതം
ശോഭനം ബാലരൊക്കവേ
ശ്രദ്ധിച്ചുകേൾപ്പിൻ സരസം
ചൊൽവൻ ലളിതഭാഷയിൽ
പണ്ടു കോസലരാജ്യത്തിൽ
പേരെഴുന്നോരയോധ്യയിൽ
മന്നവന്മാർ വാണിരുന്നു
മനുവിൻ തറവാട്ടുകാർ''

ബാലരാമായണത്തിന്റെ തുടക്കം നാല്പതുകൊല്ലം മുമ്പ് പഠിച്ചത് ഇതെഴുതുമ്പോഴും രണ്ടാമതൊന്ന് ആലോചിയ്ക്കാതെ ഓർമയിൽ എത്തുന്നതിന് അച്ഛന്റെ കാവ്യശിക്ഷയ്ക്ക് നന്ദി പറയുന്നു. അധ്യാത്മരാമായണം കിളിപ്പാട്ട് വായിക്കുന്ന അമ്മാമന്റെ മക്കളെ തറവാട്ടിൽ ചെന്നാൽ കാണാമായിരുന്നു. തൊട്ടടുത്ത് ശ്രീരാമക്ഷേത്രമാണ്. അധ്യാത്മരാമായണം സ്‌ഫുടമായി വായിയ്ക്കാറായിട്ടില്ലെന്നും അതിനുപകരമാണ് കുമാരനാശാന്റെ ബാലരാമായണം വായിപ്പിച്ച് 'രാമായണപര്യടന'ത്തിന് പശ്ചാത്തലം ഒരുക്കുന്നതെന്നും അച്ഛൻ അമ്മയോട് പറയുന്നതുകേട്ടു. ഇടയ്ക്ക് ഒരു 'സിംഹപ്രസവം' എന്ന കവിത വായിച്ചു. ഒന്നും മനസ്സിലായില്ല. 'ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ' മനസ്സിലായി. ഹൈസ്കൂളിൽ 'ചണ്ഡാലഭിക്ഷുകി'യിലെ ഒരു ഭാഗം പഠിയ്ക്കാനുണ്ടായിരുന്നു. പദ്യകൃതികളിൽ നിന്ന് മുഴുവൻ വായിച്ചു. പ്രീഡിഗ്രിയ്ക്കു ചേർന്നപ്പോഴും ചണ്ഡാലഭിക്ഷുകി തന്നെ. അപ്പോഴേയ്ക്കും നളിനിയും ലീലയും മുഴുവനായും വായിച്ചു കഴിഞ്ഞിരുന്നു. ദുരവസ്ഥ ഇഷ്ടപ്പെട്ടില്ല. പ്രരോദനത്തിലെ സംസ്കൃതപദ ബാഹുല്യത്തിനിടയ്ക്കും അതിന്റെ കാവ്യബലം ആകർഷിച്ചു. ചിന്താവിഷ്ടയായ സീതയാണ് എം.എ.യ്ക്കു പഠിച്ചത്. സീതയെഴുതാനുള്ള സാധകരചനയായിരുന്നു ബാലരാമായണമെന്ന് അന്നേ തോന്നി.

ഭാഷാരാമായണം ചമ്പുവിലെ സീതയേയും ആശാന്റെ സീതയേയും വെറുതെ താരതമ്യം ചെയ്തു. ലവണാസുരവധം കഥകളിയിൽ കോട്ടയ്ക്കൽ ശിവരാമന്റെ സീതയായിരുന്നു എന്റെ മനസ്സിലെ സീതാവിഗ്രഹം. കാഞ്ചനസീത തന്നെയായിരുന്നു ശിവരാമന്റേത്. കോട്ടയ്ക്കൽ ശിവരാമനുമായി ചിന്താവിഷ്ടയായ സീതയെക്കുറിച്ച് ധാരാളം സംസാരിച്ചിട്ടുണ്ട്. പാരലൽ കോളേജിൽ ബി.എ.യ്ക്ക് ലീല മുഴുവനും പഠിപ്പിച്ചു. 'അവനിമകൾ വൃഥയേറ്റു പാടുന്നു' എന്ന് 'കായിക്കരയിലെ കടലിൽ' ഡി. വിനയചന്ദ്രൻ സീതയെ ആവാഹിക്കുന്നു. സീതയുടെ കഥകളി, നൃത്ത അരങ്ങുകൾ മനഃപൂർവ്വം കണ്ടില്ല. 'കരുണ' കമനീവിമുഖനായ ഉപഗുപ്തനെ; മാതംഗി ഒഴിച്ചുകൊടുക്കുന്ന വെള്ളത്തുള്ളികൾ സുകൃതഹാരമാകുന്ന ആനന്ദനെയും പകർന്നാട്ടമായി കാണാം.

സ്നേഹസങ്കല്പത്തിൽ ഉണ്ണായിവാരിയരുടെ തുടർച്ചയാണ് കുമാരനാശാൻ എന്ന് തോന്നിയിട്ടുണ്ട്. സ്നേഹസദൃശം ചെയ്ത സ്മരണവും എന്ന് ദമയന്തി പറയുന്നതു തന്നെയാണ് ആശാന്റെ നായികമാരും സ്നേഹിതരോട് പറയുന്നത്.

ഒരു പന്ത്രണ്ടുകാരന്റെ അലക്ഷ്യവും അർത്ഥശൂന്യവും വികലവുമായ കുമാരനാശാന്റെ വായന പതുക്കെ പല കാലങ്ങളിൽ പലതായി മാറുകയായിരുന്നു. പഠിയ്ക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കുമാരനാശാൻ വേറെ. വായിയ്ക്കാനെടുക്കുന്ന കുമാരനാശാൻ വേറെ എന്നാണ് അനുഭവം. ഇപ്പോഴും ആലോചിയ്ക്കുന്നു. എന്തുകൊണ്ട് ഏഴിൽ പഠിക്കുന്ന മകന് അച്ഛൻ സമ്പൂർണ കുമാരനാശാനെ പരിചയപ്പെടുത്തി?
എന്തുകൊണ്ട് വള്ളത്തോൾ കൃതികൾ തന്നില്ല? ഞാനത് പിന്നീട് പണം കൊടുത്ത് വാങ്ങുകയാണുണ്ടായത്. അച്ഛന്റെ സഹപ്രവർത്തകനായിരുന്ന കവി പുലാക്കാട്ട് രവീന്ദ്രൻ മാസ്റ്റർക്കും വള്ളത്തോൾ ചായ്വ് ഉണ്ടായിട്ടുകൂടി അച്ഛൻ ആശാനെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാവാം? അച്ഛനോട് ഇതുവരെ ചോദിച്ചിട്ടില്ല. ആ ഉത്തരം അറിയേണ്ട. എനിയ്ക്കായി, ആദ്യം കിട്ടിയ ആ പുസ്തകങ്ങൾ ഇപ്പോഴും അലമാരയിലുണ്ട്. ഇന്ന് അച്ഛൻ തന്നെ അതെടുത്തുവെച്ചു. ആ പുസ്തകം അച്ഛൻ എനിയ്ക്കായി തന്നതാണ്. എനിയ്ക്കു കൈവന്ന ആദ്യത്തെ പുസ്തകം. അതുകൊണ്ടു തന്നെ കുമാരനാശാൻ കൃതികൾ പുതിയ കെട്ടിലും മട്ടിലും വന്നത് ഞാൻ വാങ്ങിയില്ല. ഞാൻ വായിച്ചുതുടങ്ങിയ, തുടർന്നു പഠിച്ച പുസ്തകം ഈ സമാഹാരങ്ങളാണ്. അതിനോടൊരു ഗൃഹാതുരതയുണ്ട്. പുസ്തകദിനത്തിൽ ഓർമിക്കാൻ 'കുമാരനാശാന്റെ പദ്യകൃതികൾ' എന്നതിന്റെ സാംഗത്യത്തിന്റെ കഥ ഇതാകുന്നു.

ഉമ്മറത്തെ മുറിയിൽ മരക്കസേരയിലിരുന്ന് മേശമേൽവെച്ച് ബാലരാമായണം വായിക്കുന്ന ആ കുട്ടിയിലേയ്ക്ക് ഞാൻ സ്വയം പകർന്നാടാറുണ്ട്. ഈ പുസ്തകം വായിയ്ക്കാനെടുക്കുമ്പോഴെല്ലാം എൻ. കുമാരനാശാൻ 'യെൻ' കുമാരനാശാനാകുന്ന സന്ദർഭം കൂടിയാവുന്നു അത്.

Content Highlights : World Book Day Dr NP Vijayakrishnan Writes about Kumaranasan Works