പ്രില്‍ 23 ലോകപുസ്തകദിനമായും പകര്‍പ്പവകാശദിനമായും ആചരിക്കുന്നു. 1995-ല്‍ പാരീസില്‍ ചേര്‍ന്ന യുനസ്‌കോ പൊതുസഭയുടെ തീരുമാനപ്രകാരമാണ് ഇതാചരിച്ചുതുടങ്ങിയത്. ഷേക്സ്പിയറുടെ ജന്മദിനവും ചരമദിനവുമാണ് ഏപ്രില്‍ 23. എഴുത്തുകാരെയും പുസ്തകങ്ങളെയും ആദരിക്കുക, യഥാവിധി പരിചയപ്പെടുത്തുക, വായനയുടെ ആഹ്ലാദം പൊതുസമൂഹത്തില്‍ പങ്കുവെക്കുക, വിശിഷ്യാ യുവതലമുറയില്‍ വായനയുടെ സന്ദേശം എത്തിക്കുക എന്നിവയാണ് മുഖ്യലക്ഷ്യം.

ഡല്‍ഹി മുതല്‍ തിബിലിസിവരെ

2000 മുതല്‍ ലോകപുസ്തക തലസ്ഥാനമായി വ്യത്യസ്ത നഗരങ്ങളെ തിരഞ്ഞെടുത്തുതുടങ്ങി. 2021-ന്റെ തലസ്ഥാനം ജോര്‍ജിയയിലെ തിബിലിസിയാണ്. ഈ തലസ്ഥാനങ്ങളില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ഉണ്ടാകും. ഈ വര്‍ഷത്തെ മുദ്രാവാക്യം 'ശരി, അപ്പോള്‍ നിങ്ങളുടെ അടുത്ത പുസ്തകം...?' എന്നതാണ്. 2022-ലെ പുസ്തകതലസ്ഥാനമായി മെക്സിക്കോയുടെ ഗ്വാദലജാറ ഇതിനകം തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. 2003-ല്‍ ഡല്‍ഹിയായിരുന്നു ലോകപുസ്തക തലസ്ഥാനം.

പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍

പകര്‍പ്പവകാശം പുസ്തകപ്രസിദ്ധീകരണ മേഖലയില്‍ ഇന്നും വലിയ പ്രശ്‌നമാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട് എന്നാണ് അനൗദ്യോഗിക വിവരം. എന്നാല്‍, നാല്‍പ്പതിനായിരത്തില്‍ താഴെ പുസ്തകങ്ങള്‍ മാത്രമാണ് ഐ.എസ്.ബി.എന്‍. (International Standard Book Number) ഉപയോഗിക്കുന്നത്. പ്രധാന പുസ്തക പ്രസിദ്ധീകരണശാലകള്‍ ഒഴികെ പലരും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് വസ്തുത.

സ്വാതന്ത്ര്യസമരവും ദേശീയ പുസ്തകശാലയും

യു.എന്‍. 1995-ല്‍ ലോകപുസ്തകദിനം ആരംഭിച്ചെങ്കില്‍ കേരളം 1960 ഒക്ടോബര്‍ 15-നു പുസ്തകമാസം ആരംഭിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ആരംഭിച്ച ദേശീയ പുസ്തകശാലയാണ് (എന്‍.ബി.എസ്.) ഇതിനു നേതൃത്വം നല്‍കിയത്. സഹോദരസ്ഥാപനങ്ങളായ ഇന്ത്യാ പ്രസും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സ്വാതന്ത്ര്യസമരത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട പ്രസ്ഥാനങ്ങളാണ്.

സ്വാതന്ത്ര്യസമരത്തിനു ഗുണപരമായ മാറ്റം സൃഷ്ടിക്കാന്‍ ഹിന്ദിയിലെയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും ദേശീയപ്രാധാന്യമുള്ള പുസ്തകങ്ങള്‍ മലയാളത്തിലേക്കും തിരിച്ച് മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും അച്ചടിച്ചെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇന്ത്യാ പ്രസ് ആരംഭിച്ചത്. സാഹിത്യകാരന്മാരെയും മറ്റെഴുത്തുകാരെയും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കുക എന്ന ദൗത്യമായിരുന്നു സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്. അക്കാലത്ത് സ്വാതന്ത്ര്യസമരപ്രസ്ഥാനം മഹാരാഷ്ട്രയിലും ഗുജറാത്തിലും നടത്തി വിജയിച്ച സഹകരണപ്രസ്ഥാനമായി സംഘത്തെ മാറ്റാന്‍ മുന്‍കൈയെടുത്തത് കാരൂര്‍ നീലകണ്ഠപിള്ളയും വൈലോപ്പിള്ളിയുമാണ്.

വൈലോപ്പിള്ളി അക്കാലത്ത് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിച്ച പുരോഗമനസാഹിത്യസംഘത്തിന്റെ അമരക്കാരനായിരുന്നു. വി.വി. വര്‍ക്കിയും പി.ടി. ചാക്കോയും ഡി.സി. കിഴക്കേമുറിയുമാണ് ദേശീയപുസ്തകശാലയുടെ ആരംഭത്തിനു നേതൃത്വം കൊടുത്തത്. തകഴിയുടെ പത്തു കഥകളാണ് സംഘത്തിലൂടെ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് എന്നതും ചരിത്രം. ഇതിന്റെ ഭാഗമായിനടന്ന ദേശീയ ഹിന്ദി പഠനക്യാമ്പില്‍ പങ്കെടുക്കാന്‍പോയ അയ്യപ്പന്‍ നായര്‍ അഭയദേവായും (പില്‍ക്കാലത്ത് പ്രശസ്തനായ കവിയും ഗാനരചയിതാവും), നാരായണന്‍നായര്‍, പണ്ഡിറ്റ് നാരായണദേവായുംപി. കേശവപിള്ള കേശവദേവായതും ഇന്ത്യാ പ്രസ് ആരംഭിച്ചതും ദേശീയ പുസ്തകശാലയുടെയും സ്വാതന്ത്ര്യസമരത്തിന്റെയും ഭാഗംതന്നെ.

ഗ്രന്ഥശാലാപ്രസ്ഥാനം

ലോകത്തിനുതന്നെ മാതൃകയായ ഗ്രന്ഥശാലാപ്രസ്ഥാനത്തിനു ജന്മംനല്‍കുന്നത് 1945-ലാണ്. അമ്പലപ്പുഴ പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ ചേര്‍ന്ന ചെറുതും വലുതുമായ 47 വായനശാലകളെ ചേര്‍ത്തുപിടിച്ചത് മഹാനായ പി.എന്‍. പണിക്കരാണ്. സര്‍ സി.പി. രാമസ്വാമിഅയ്യര്‍ അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക മാത്രമല്ല 1946 മുതല്‍ 250 രൂപ പ്രതിവര്‍ഷ ഗ്രാന്റ് അനുവദിക്കുകയും ചെയ്തു. 1829-ല്‍ സ്വാതിതിരുനാള്‍ ആരംഭിച്ച ട്രിവാന്‍ഡ്രം പബ്ലിക് ലൈബ്രറിയാണ് ആദ്യ ഗ്രന്ഥശാല. കേരളത്തിന്റെ ഉന്നതമായ വിദ്യാഭ്യാസനിലവാരത്തിനും ഉയര്‍ന്ന സാക്ഷരതയ്ക്കും പ്രധാന കാരണം നമ്മുടെ ഗ്രാമീണവായനശാലകളാണ് എന്നകാര്യത്തില്‍ രണ്ടുപക്ഷമില്ല.

world book day 2021
2021ലെ ലോക പുസ്തക തലസ്ഥാനമായ ജോര്‍ജിയയിലെ തിബിലിസി നഗരത്തിലെ തെരുവ്

മഹാമാരിക്കിടയില്‍ പുസ്തകങ്ങള്‍

കോവിഡ് എന്ന മഹാമാരി ലോകത്താകമാനം സാമ്പത്തികമേഖലയെ മാത്രമല്ല സാമൂഹിക സാംസ്‌കാരിക മേഖലയെയാകമാനം പിടിച്ചുലച്ചിട്ടുണ്ട്. പ്രധാന പ്രസാധകര്‍പോലും മുന്നോട്ടുപോകാനാകാതെ വിഷമിച്ചു. എന്നാല്‍, വായന പൊതുവേയും ബാലസാഹിത്യങ്ങള്‍ പ്രത്യേകിച്ചും പുഷ്ടിപ്പെട്ട കാലമാണിത് എന്നു പറയാതെവയ്യ. നാഷണല്‍ ബുക്ക് ട്രസ്റ്റ് മുന്‍വര്‍ഷത്തെക്കാള്‍ 15 ശതമാനം വര്‍ധന പുസ്തകപ്രസിദ്ധീകരണത്തിലും 50 ശതമാനം വര്‍ധന പുസ്തകവില്‍പ്പനയിലും ഇക്കാലത്ത് നേടിയിരുന്നു. കുട്ടികളുടെ പുസ്തകങ്ങള്‍ക്കുണ്ടായ വര്‍ധിച്ച ആവശ്യമായിരുന്നു ഇതിനു കാരണം. പ്രതിസന്ധികള്‍ക്കിടയിലും ആശയുടെ തുരുത്തുകള്‍ വായനലോകത്ത് തെളിഞ്ഞുവരുന്നുണ്ട്.

അതെ, അപ്പോള്‍ നിങ്ങളുടെ അടുത്ത പുസ്തകം ഏതെന്നു പറയൂ.

Content highlights : world book day and copyright day 2021 theme and history