പൂക്കള്‍ കൊണ്ടല്ല ഈ മരം പുഷ്പമരമായത്. പൂക്കളെക്കാള്‍ മനോഹരമായി അതിന് ചുവട്ടില്‍ വിരിയുന്ന മറ്റൊന്നുണ്ട്, വായന. അമ്പലപ്പറമ്പിന് സമീപത്തുള്ള വഴിയോരത്തെ മരച്ചുവട്ടിലിരുന്ന് ഒരാള്‍ നിരന്തരം വായിച്ചപ്പോള്‍ നാട്ടുകാര്‍ ആ മരത്തിനൊരു പേരിട്ടു, പുഷ്പ മരം. അങ്ങനെ മാമ്പറ്റ കൊളങ്ങരതൊടികയില്‍ പുഷ്പന്‍ സ്ഥിരമായി ചുവട്ടിലിരുന്ന് വായിക്കുന്ന മരം പുഷ്പമരമായി.

ഭൂജല വകുപ്പില്‍നിന്ന് മാസ്റ്റര്‍ ഡ്രില്ലറായി വിരമിച്ച പുഷ്പന്റെ കൂടെ ചെറുപ്പംമുതലേ കൂടിയതൊന്നുമല്ല വായന. പത്താം ക്ലാസുവരെ ടീച്ചര്‍മാര്‍ ലൈബ്രറിയില്‍ നിന്നെടുത്തുകൊടുക്കുന്ന ചില പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെന്നേ ഉള്ളൂ. എന്നാല്‍, അതുകഴിഞ്ഞ് അക്കാലത്തെ മിക്ക ചെറുപ്പക്കാരും ആവേശത്തോടെ വായിച്ചിരുന്ന ഡിറ്റക്ടീവ് നോവലുകള്‍ വായിക്കാന്‍ തുടങ്ങി. പിന്നെ എസ്.കെ. പൊറ്റക്കാട്ട്, തകഴി, കാക്കനാടന്‍, മുകുന്ദന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖരുടെ കൃതികളില്‍ ചിലതെല്ലാം വായിച്ചു.

പതുക്കെ വായന ജീവിതത്തിലെ ഗൗരവമേറിയ വിഷയമായി മാറി. അത് ജീവിതത്തിന്റെ ഭാഗമായി. അങ്ങനെ വായന തലയ്ക്കു പിടിച്ച കാലത്താണ് വീടിനരികിലെ അമ്പലത്തിനടുത്ത മരച്ചുവട്ടില്‍ ചെന്നിരുന്ന് വായിക്കാന്‍ തുടങ്ങിയത്. നിറയെ മരങ്ങളും പക്ഷികളും നിറഞ്ഞ അന്തരീക്ഷത്തില്‍ കൂടുതല്‍ സ്വസ്ഥമായിരുന്നു വായിക്കാനാണ് അവിടെ പോയത്. ''നിത്യജീവിതത്തില്‍ കാണാത്ത അനുഭവങ്ങളും പരിചയമില്ലാത്ത തലങ്ങളും ഓരോ പുസ്തകവും കാണിച്ചുതരും. അതിലെ സംഘര്‍ഷവും വേദനയും അനുഭവിക്കാറുണ്ട്. അത് തരുന്ന ആനന്ദമാണ് വായനയെ ഇത്ര പ്രിയപ്പെട്ടതാക്കുന്നത്'' -പുഷ്പന്‍ പറയുന്നു. ജോലിയിലിരിക്കുന്‌പോഴും ഒഴിവുകിട്ടുമ്പോഴൊക്കെ വായിക്കും. കൂടെ പച്ചക്കറിക്കൃഷിയും മീന്‍ വളര്‍ത്തലുമുണ്ട്.

എന്നാലിപ്പോള്‍ മരത്തിന് ചുവട്ടിലേക്കധികം പോവാറില്ല. റോഡൊക്കെ നന്നായി തിരക്കേറിയതോടെ 'എന്താ വായിക്കുന്നത്' തുടങ്ങി പല ചോദ്യങ്ങളുമായി ആളുകളെത്തും. വായന നടക്കില്ല.

വീട്ടിലുള്ള പുസ്തകങ്ങള്‍ കൂടാതെ സുഹൃത്തുക്കളുമായി കൈമാറിയും ലൈബ്രറിയില്‍ നിന്നെടുത്തുമാണ് വായന. സുഹൃത്തായ ഗ്രോ വാസു പുസ്തകങ്ങള്‍ നല്‍കാറുണ്ട്. ആനുകാലികങ്ങളില്‍ ശ്രദ്ധിക്കാതെ പോകുന്ന ലേഖനങ്ങളൊക്കെ ഭാര്യ ബേബിയാണ് എടുത്തുകൊടുക്കാറ്്. മക്കളായ ശിവാനിയും വോള്‍ഗയും എല്ലാത്തിനും ഒപ്പമുണ്ട്.

Content highlights : the tree named in pushpan and his reading habit in very curious