ന്റെ പുസ്തക ഷെല്‍ഫുകളില്‍ എനിക്ക് പ്രിയപ്പെട്ട ചില അപൂര്‍വ പുസ്തകങ്ങളുണ്ട്. ചിലത് പുതിയത്. അധികവും വളരെയേറെ പഴക്കം ചെന്നത്. അതില്‍ ചില പുസ്തകം കയ്യിലെടുക്കുമ്പോള്‍ യാത്രയുടെ ഓര്‍മ്മ; വലിയ എഴുത്തുകാരുമായി ബന്ധപ്പെട്ട ചില അനുഭവങ്ങളുടെ ഓര്‍മ്മ. ചില പുസ്തകങ്ങളെങ്കിലും എന്നെ സംബന്ധിച്ചേടത്തോളം ഓര്‍മ്മയുടെ വാതില്‍ തുറക്കുന്നു. കഴിഞ്ഞകാലത്തിന്റെ  ഓര്‍മ്മകളിലേക്ക് എന്നെ കൈ പിടിച്ചു കൊണ്ടു പോകുന്നു.
      
അത്തരം ഒരു പുസ്തകമാണ് ഷെല്‍ഫില്‍ നിന്ന് ഇപ്പോള്‍ ഞാന്‍ കയ്യിലെടുത്ത ജയന്ത മഹാപത്രയുടെ ഒരു കവിതാ സമാഹാരം -ലൈഫ് സൈന്‍സ് ( Life signs). ഈ പുസ്തകം എന്നെ വര്‍ഷങ്ങള്‍ക്ക് പിന്നിലേക്കുള്ള ഓര്‍മ്മയിലേക്ക് കൊണ്ടു പോകുന്നു. ഇംഗ്ലീഷിലെഴുതുന്ന, ഇംഗ്ലീഷ് കവിതയ്ക്ക് ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ച പ്രശസ്തനായ കവി ജയന്ത മഹാപത്രയുമായി 
മഴ പെയ്യുന്ന ഒരു വൈകുന്നേരം കോഴിക്കോട് ബീച്ചിലെ എന്‍.ഗോപാലകൃഷ്ണന്റെ മൈസീനാ അപാര്‍ട്‌മെന്റില്‍ 1997 ലെ ജൂലായ് 2ന് സംസാരവും കവിതയുമായി കഴിച്ചുകൂട്ടിയ ഒരു സായാഹ്നം ഓര്‍മ്മയില്‍.

ഒഡിഷയില്‍ കട്ടക്കില്‍ ജനിച്ച ജയന്തമഹാപത്രയും ഇന്ത്യന്‍ റെയില്‍വെ സര്‍വീസില്‍ ഉന്നത ഉദ്യാഗസ്ഥനായിരുന്ന എന്‍.ഗോപാലകൃഷനെന്ന ഗോപിയേട്ടനും ഏറെ അടുത്ത സുഹൃത്തുക്കളായിരുന്നു. ജയന്തമഹാപത്ര കോഴിക്കോട്ടെത്തിയ ദിവസം ഗോപിയേട്ടന്‍ വിളിച്ചു. കവി പി.എം. നാരാണനടക്കമുള്ള കുറച്ച് സുഹൃത്തുക്കളുമായുള്ള കൂടിച്ചേരല്‍. ആ വലിയ കവിയെ കാണുമ്പോള്‍ ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ അദ്ദേഹത്തിന്റെ ലൈഫ് സൈന്‍സ് (Life signs) എന്ന കവിതാ സമാഹാരം എന്റെ കയ്യിലുണ്ടായിരുന്നു.
      
PKപുസ്തകം കണ്ടപ്പോള്‍ അദ്ദേഹത്തിന് സന്തോഷം. എന്നെക്കുറിച്ചും എന്റെ ചെറുതില്‍ ചെറുതായ കഥകളെക്കുറിച്ചും ഗോപിയേട്ടന്‍ അദ്ദേഹത്തോട് പറഞ്ഞു. ചില കഥകള്‍ വിവര്‍ത്തനം ചെയ്ത് അദ്ദഹത്തെ കേള്‍പ്പിച്ചു. അദ്ദേഹം പറഞ്ഞു: 'ഇത് കഥകളല്ല; കവിതകളാണ്'. എന്റെ കയ്യിലുള്ള ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ലൈഫ് സൈന്‍സിന്റെ ആദ്യ പേജില്‍ അദ്ദേഹം എഴുതി: 'For friend -poet Parakkadavu in the pleasure of our meeting in Kozhikode, after all these years'. അന്നത്തെ തീയതിയും അദ്ദേഹം കുറിച്ചു. ജൂലായ് 2, 1997. ഈ ചെറിയ ഇംഗ്ലീഷ് കവിതാ സമാഹാര പുസ്തകം ജയന്ത മഹാപത്ര എന്ന ഇപ്പോള്‍ 93 വയസ്സായ വലിയ കവിയേയും മഴ പെയ്യുന്ന ഒരു സന്ധ്യയേയും മരിച്ചു പോയ ഗോപിയേട്ടനെയും സൃതിയില്‍ കൊണ്ടു വന്നു. പുസ്തകം ഓര്‍മ്മ കൂടിയാണ്.

പി.കെ പാറക്കടവിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: PK Parakkadavu memory Jayanta Mahapatra World Book Day