പുസ്തകങ്ങളെയും എഴുത്തുകാരെയും ആദരിക്കുകയും വായന പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഏപ്രില്‍ 23-ന് ലോകമെമ്പാടും പുസ്തകദിനമായി ആചരിക്കുന്നു. 1995-ല്‍ പാരീസില്‍ ചേര്‍ന്ന യുനെസ്‌കോയുടെ പൊതുസമ്മേളനത്തിലാണ് ഏപ്രില്‍ 23 ലോകപുസ്തകദിനമായി തിരഞ്ഞെടുക്കപ്പെട്ടത്. 

യഥാര്‍ഥത്തില്‍ ഏപ്രില്‍ 23 എന്ന തീയതിയെ പുസ്തകങ്ങളുമായി ആദ്യം ബന്ധിപ്പിച്ചത് 1923-ല്‍ സ്പെയിനിലെ പുസ്തകവ്യാപാരികളാണ്. ഡോണ്‍ ക്വിക്‌സോട്ട് എന്ന ക്ലാസിക്കിന്റെ രചയിതാവായ സെര്‍വാന്റിസ് മരിച്ച ദിവസമാണത്. അദ്ദേഹത്തെ ആദരിക്കുകയെന്നതായിരുന്നു അവരുടെ ഉദ്ദേശ്യം.

വില്യം ഷേക്‌സ്പിയറുടെ ചരമദിനവും അന്നാണ്. ചരിത്രകാരനായിരുന്ന ഇന്‍കാ ഗാര്‍സിലാസോ ഡി ലാ വേഗയും അന്നാണ് മരിച്ചത്. മൗറിസ് ഡ്രുവോണ്‍, ഹാല്‍ദോര്‍ കെ. ലോക്‌സ്‌നെസ്, വ്‌ലാഡിമിര്‍ നബാക്കോവ്, ജോസപ് പ്ലാ, മാനുവല്‍ മെജിയാ വലെയോ എന്നിവരുടെ ജന്മദിനവും അന്നാണ്. ലോകസാഹിത്യത്തെയാണ് ഈ ദിനം സൂചിപ്പിക്കുന്നത്. 

പുസ്തക തലസ്ഥാനം

ഓരോ വര്‍ഷത്തേക്കുമായി ഒരു നഗരത്തെ ലോകപുസ്തകതലസ്ഥാനമായി തിരഞ്ഞെടുക്കാറുണ്ട്. ഗ്രീസിന്റെ തലസ്ഥാനമായ ആതന്‍സാണ് 2018ലെ ലോകപുസ്തകതലസ്ഥാനം. ഈ പദവി ലഭിക്കുന്ന പതിനെട്ടാമത്തെ നഗരമാണ് ആതന്‍സ്.

മാഡ്രിഡ് (2001), അലക്സാന്‍ഡ്രിയ (2002), ന്യൂഡല്‍ഹി (2003), ആന്റ്വെര്‍പ് (2004), മോണ്ട്രിയല്‍ (2005), ടൂറിന്‍ (2006), ബൊഗോട്ട (2007), ആംസ്റ്റര്‍ഡാം (2008), ബയ്‌റുത്ത് (2009), ലുബ്ല്യാന (2010), ബ്യൂണസ് ഐറിസ് (2011), യെരെവാന്‍ (2012), ബാങ്കോക്ക് (2013), പോര്‍ട്ട് ഹാര്‍ക്കോട്ട് (2014), ഇഞ്ചിയോണ്‍ (2015), റോക്ലോ (2016), കൊനാക്രി (2018) എന്നിവയാണ് മുന്‍വര്‍ഷങ്ങളിലെ ലോകപുസ്തകതലസ്ഥാനങ്ങള്‍.

പ്രസാധകര്‍, പുസ്തകവ്യാപാരികള്‍, ഗ്രന്ഥശാലകള്‍ എന്നിവയാണ് പുസ്തകവ്യവസായത്തിലെ മൂന്നു മുഖ്യമേഖലകള്‍. ഇവയെ പ്രതിനിധാനം ചെയ്യുന്ന അന്താരാഷ്ട്രസംഘടനകളും യുനെസ്‌കോയുംകൂടി ഓരോ വര്‍ഷത്തെയും ലോകപുസ്തകതലസ്ഥാനം തിരഞ്ഞെടുക്കുന്നു.

 Content Highlights : World Book Day is a celebration of authors, illustrators, books and reading