വിശ്വസാഹിത്യകാരന്‍ വില്ല്യം ഷേക്സ്പിയര്‍ സാഹിത്യലോകത്തോട് വിടപറഞ്ഞിട്ട് നാല് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ലോകമെങ്ങും നിറഞ്ഞു നില്‍ക്കുകയാണ് അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും സൃഷ്ടികളും. വാക്കുകള്‍കൊണ്ട് ട്രപ്പീസ് കളിച്ചവനെങ്കിലും കാലാതിവര്‍ത്തിയായ പ്രയോഗങ്ങളുടെ തമ്പുരാന്‍. ഷേക്സ്പിയറിനെ ഹൃദയത്തോടു ചേര്‍ക്കാന്‍ ഓരോ വായനക്കാരനും ഓരോ കാരണമുണ്ട്.

നമ്മളില്‍ ഏറെ പേരും ഷേക്‌സ്പിയറിനെ അഭിമുഖീകരിച്ചത് പുസ്തകത്താളുകളിലായിരിക്കും. വരികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന അര്‍ത്ഥതലങ്ങള്‍ കണ്ടെത്തി ലേഖനങ്ങളും ചോദ്യങ്ങളും തയ്യാറാക്കാനും ഗവേഷണങ്ങള്‍ പൂര്‍ത്തിയാക്കാനും മാത്രമായി. എന്നാല്‍ ഒരു ജനതയുടെ ജീവിതം തന്നെ മാറ്റിമറിച്ച ഈ കലാകാരന് വെറുതെ ഒരു വാര്‍ഷികാഘോഷം നല്‍കി മറക്കാന്‍ ഒരു സമൂഹത്തിനും കഴിയില്ല. അത്രമേല്‍ സ്വാധീനിച്ചിരുന്നു ഒരോരുത്തരുടെയും ജീവിതത്തെ ഈ എഴുത്തിന്റെ ചക്രവര്‍ത്തി. 

ആഫ്രിക്കയുടെ മുഖമായ നെല്‍സണ്‍ മണ്ഡേല പോലും പറഞ്ഞത് തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് ഷേക്സ്പീരിയന്‍ രചനകളായിരുന്നുവെന്നാണ്. വെറും എഴുത്തിനപ്പുറം, സിനിമായായും നാടകമായും കലയുടെ അതിരുകളില്ലാത്ത ലോകത്ത് ഷേക്‌സ്പിയര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ബ്രിട്ടീഷ് ലൈബ്രറിയില്‍ 2012-ല്‍ നടത്തിയ ഒരു അപൂര്‍വ പുസ്തക പ്രദര്‍ശനം ലോകമാധ്യമങ്ങളുടെയും സാഹിത്യലോകത്തിന്റെയും ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. നെല്‍സണ്‍ മണ്ഡേല ഇരുപത് വര്‍ഷക്കാലം റോബിന്‍ ഐലന്റിലെ ജയിലറയില്‍ കിടക്കുമ്പോള്‍ തന്നോട് ചേര്‍ത്ത് വെച്ച ഒരു പുസ്തകത്തിന്റെ പ്രദര്‍ശനം ഉള്‍പ്പെടുത്തിയതായിരുന്നു ആ പ്രദര്‍ശനം. ജയിലില്‍ കഴിയുന്ന സമയത്ത് മണ്ഡേല ഈ പുസ്തകം സഹതടവുകാരെ ഉറക്കെ വായിച്ച് കേള്‍പ്പിച്ചിരുന്നു. 

ഇരുട്ടറകളില്‍ തന്നെ പലപ്പോഴും ജീവിക്കാന്‍ പ്രേരിപ്പിച്ചത് ഈ പുസ്തകത്തിലെ കഥാപാത്രങ്ങളായിരുന്നുവെന്നാണ് മണ്ഡേല ഈ പുസ്തകത്തെ പറ്റി പറയുന്നത്. ഇത് മണ്ഡേലയുടെ മാത്രം കഥയല്ല. ജൂലിയസ് സീസര്‍, ഹാംലറ്റ്, റോമിയോ ആന്റ് ജൂലിയറ്റ്, മാക്ബത്ത്, കിങ്ങ് ലിയര്‍, ഒഥല്ലോ, ഷൈലോക്ക്, പോര്‍ഷ്യ എന്നിവയെല്ലാം വര്‍ഷം നാനൂറ് കഴിഞ്ഞിട്ടും ഇന്നും ജീവസുറ്റു നില്‍ക്കുന്നത് ഷേക്സ്പീരിയന്‍ എഴുത്തിന്റെ മാത്രം പ്രത്യേകത. മറ്റൊരെഴുത്തുകാരനും നല്‍കാനാവാത്ത ഒരു ഉള്‍ക്കാഴ്ച ഷേക്സ്പിയര്‍ വായനക്കാര്‍ക്ക് നല്‍കിയിരുന്നു. ലോകമെമ്പാടുമുള്ള സാഹിത്യപ്രേമികളുടെ സാങ്കല്‍പ്പിക ലോകത്തെയാണ് ഷേക്സ്പിയര്‍ കീഴടക്കിയത്. 

ഭാഷയ്ക്ക് എന്താണോ ആവശ്യം അതിനുവേണ്ടി നിലകൊള്ളുകയായിരുന്നു ഷേക്സ്പിയര്‍. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഷേക്‌സ്പിയര്‍ പത്ത് വഴികളിലൂടെ ലോകത്ത മാറ്റി മറിച്ചുവെന്നാണ് കനേഡിയന്‍ എഴുത്തുകാരനായ സ്റ്റീഫന്‍ മാര്‍ഷെ അഭിപ്രായപ്പെട്ടത്. അത് ഏതൊക്കെയാണെന്ന് നോക്കിയാല്‍ ഷേക്‌സ്പിയര്‍ ഇന്ന് എവിടെ നില്‍ക്കുന്നുവെന്ന് കണ്ടെത്താനാവും. ഏറ്റവും പ്രധാനപ്പെട്ടത് അദ്ദേഹം ഇംഗ്ലീഷ് ഭാഷയ്ക്ക് സമ്മാനിച്ച വാക്കുകള്‍ തന്നെയായിയിരുന്നു. ഷേക്‌സ്പിയര്‍ ഏതാണ്ട് 20,000 പുതിയ വാക്കുകള്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് സമ്മനിച്ചിട്ടുണ്ടെന്നാണ് സ്റ്റീഫന്‍ മാര്‍ഷെ പറയുന്നത്. ഇതില്‍ പത്ത് ശതമാനത്തോളം വാക്കുകള്‍ ഇന്ന് പലരുടെയും സംസാര ഭാഷയില്‍ ഇടംപിടിച്ചു. ഇതിനു പുറമെ ഷേക്‌സ്പിയര്‍ കഥാപാത്രങ്ങളുടെ പല പേരുകളും ഇന്ന് അമേരിക്കയിലെ പല കുട്ടികളുടെയും പേരിലൂടെയും ഇടംപിടിച്ചു. 

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഷേക്‌സ്പിരിയന്‍ സിനിമികള്‍ അമേരിക്കന്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്നു. ഏതെങ്കിലും ഒരു തിരക്കഥാകൃത്തോ സംവിധായകനോ ഷേക്‌സ്പിരിയന്‍ രചനകളെ സിനിമയാക്കാനായി സമീപിക്കുമ്പോള്‍ അയാള്‍ മറ്റൊരു തലത്തിലേക്കാണ് എത്തിപ്പെടുന്നത്. അത്രമേല്‍ ഓരോ സിനിമാസ്‌നേഹിയും ഷേക്സ്പീരിയന്‍ കഥാപാത്രങ്ങളെ ഏറ്റെടുത്തിരുന്നു. റോമിയോ ആന്റ് ജൂലിയറ്റ്, ത്രോണ്‍ ഓഫ് ബ്ലഡ്, ഹെന്റി വി, ഹാംലറ്റ്, വെസ്റ്റ്സൈഡ് സ്റ്റോറി, കൊറിയോലനസ്, തിങ്ങ്സ് ഐ ഹേറ്റ് എബൗട്ട് യൂ, മച്ച് എഡൗ എബൗട്ടി നത്തിങ്ങ്, ലൗ ലേബേര്‍സ് ലോസ്റ്റ് എന്നിവ ഇവയില്‍ ചിലത് മാത്രം.