സുഗതകുമാരി ടീച്ചര്‍ക്കു പിന്നാലെ വിഷ്ണു നാരായണന്‍ നമ്പൂതിരിയും അനന്തപുരിയില്‍നിന്നു യാത്രയായി. അവസാനകാലത്ത് സുഗതകുമാരിയുടെ പ്രധാന ആകുലത വിഷ്ണുവിനെക്കുറിച്ചായിരുന്നു. വിഷ്ണുവിനെ ഒരിക്കല്‍ക്കൂടി കാണണമെന്ന് അവര്‍ക്ക് അത്യധികം ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, മറ്റു രോഗങ്ങളോടൊപ്പം പെട്ടെന്നു കടന്നുവന്ന െകാറോണ അവരുടെ ജീവന്‍ അപഹരിച്ചു. മറവിരോഗത്തിലായതിനാല്‍ സുഗതകുമാരിയുടെ മരണം, വിഷ്ണു അറിഞ്ഞില്ല. തൈക്കാട് ക്ഷേത്രത്തിനു സമീപത്തുള്ള 'ശ്രീവല്ലി'യില്‍നിന്ന് ശാന്തികവാടത്തിലേക്ക് അന്ത്യയാത്ര നടത്തി, അവിടത്തെ വൈദ്യുതി അഗ്‌നികുണ്ഡം വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ഭൗതികശരീരം ഏറ്റുവാങ്ങിയപ്പോള്‍ അനന്തപുരിക്കു നഷ്ടമായത് സമാനതകളില്ലാത്ത വിശുദ്ധവ്യക്തിത്വത്തിന്റെ ആള്‍രൂപത്തെയായിരുന്നു. എത്രയോ കവികളുടെയും കലാകാരന്മാരുടെയും ഭരണാധിപരുടെയും സാമൂഹിക-സാംസ്‌കാരിക നായകന്മാരുടെയും ഭൗതികശരീരം ഏറ്റുവാങ്ങിയതാണ് തൈക്കാട് ശ്മശാനം. എന്നാല്‍, അവരില്‍നിന്നെല്ലാം വ്യത്യസ്തനായ സൗമ്യസാന്നിധ്യമായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരി. അട്ടഹാസങ്ങളുടെയും ആര്‍പ്പുവിളികളുടെയുമിടയില്‍ ആരാലും ശ്രദ്ധിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ നേര്‍ത്ത ശബ്ദം. തണുപ്പുനിറഞ്ഞ പുലര്‍കാല പനിനീര്‍പ്പൂപോലെയോ കണ്ണിനു കുളിര്‍മ നല്‍കുന്ന കര്‍പ്പൂരധാരപോലെയോ തൂവെള്ള ശംഖില്‍ ഭക്തജനങ്ങള്‍ക്കിടയില്‍ വിതറുന്ന തീര്‍ഥംപോലെയോ ആയിരുന്നു ജനങ്ങള്‍ക്ക്്് അദ്ദേഹം.

തൂവെള്ള തലമുടിയും ഖദര്‍ മുണ്ടും ഷര്‍ട്ടും കുടയും സദാ പുഞ്ചിരിയുമായി നഗരത്തിലൂടെ സഞ്ചരിക്കുന്ന അദ്ദേഹം ആളുകള്‍ക്കു പ്രത്യേക കാഴ്ചയായിരുന്നു. സൗമ്യമായ ആ മുഖഭാവവും പ്രസന്നതയും ആരോടും ആദരവോടെയുള്ള സംസാരവും നഗരവാസികളുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സൈക്കിള്‍യാത്ര പ്രസിദ്ധമാണ്. മഹാപണ്ഡിതനും മഹാരാജാസ് കോളേജിലെ(ഇപ്പോഴത്തെ യൂണിവേഴ്സിറ്റി കോളേജ്) ആദ്യത്തെ ഇന്ത്യക്കാരനായ പ്രിന്‍സിപ്പല്‍ എ.ആര്‍.രാജരാജവര്‍മ പണ്ട്്് സൈക്കിളില്‍ സഞ്ചരിച്ചിരുന്നതായി കേട്ടിട്ടുണ്ട്്്. അക്കാലത്ത്്് സൈക്കിളായിരുന്നു ആധുനിക വാഹനം. എന്നാല്‍, സ്ഥാപനത്തിലെ ഏറ്റവും താഴെയുള്ള ജീവനക്കാരന്‍ വരെ മോട്ടോര്‍വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ഇംഗ്ലീഷ് അധ്യാപകനായ വിഷ്ണു മുണ്ടും ഷര്‍ട്ടും ധരിച്ച് സൈക്കിളില്‍ സഞ്ചരിച്ചത്.

ഷേക്‌സ്്പിയറും ഷായും കീറ്റ്്്സും ഷെല്ലിയും ബൈറനും തോമസ് ഗ്രേയും ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് സാഹിത്യത്തെപ്പറ്റി അഗാധപാണ്ഡ്യത്യമുള്ള അധ്യാപകനെന്ന നിലയില്‍ പ്രവര്‍ത്തിച്ച വിഷ്ണു, ഇന്ത്യന്‍ സാഹിത്യത്തെയും പുരാണേതിഹാസങ്ങളെയും ഒപ്പം സ്‌നേഹിച്ചു. ഇന്ത്യന്‍ സംസ്‌കാരവും പരിസ്ഥിതിയും പ്രകൃതിരമണീയതയും എല്ലാം അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരുന്നു. പരിസ്ഥിതിമലിനീകരണത്തിനെതിരേയുള്ള പോരാട്ടങ്ങളില്‍ ആദ്യം മുതല്‍ അദ്ദേഹമുണ്ടായിരുന്നു. സൈലന്റ് വാലി സംരക്ഷണത്തിനുവേണ്ടി നിലകൊണ്ട സുഗതകുമാരിക്കെതിരേ പലയിടത്തും എതിരാളികള്‍ പോസ്റ്ററുകള്‍ പതിച്ചപ്പോള്‍, സ്വന്തം സൈക്കിളില്‍ സഞ്ചരിച്ച് അവ കീറിക്കളഞ്ഞ വിഷ്ണുവിനെ നഗരം മറന്നിട്ടില്ല.

ഗാന്ധിജിയെയും സ്വാമി വിവേകാനന്ദനെയും കാറല്‍ മാര്‍ക്‌സിനെയും ബഹുമാനിച്ചിരുന്ന കവിയായിരുന്നു വിഷ്ണു. എന്‍.വി.കൃഷ്ണവാര്യരും വൈലോപ്പള്ളിയും കെ.പി.കേശവമേനോനും പി.ടി.ഭാസ്‌കരപ്പണിക്കരുമെല്ലാം അദ്ദേഹത്തിന്റെ ആരാധ്യപുരുഷന്മാരായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ്, അനന്തപുരിയില്‍ നടന്ന വിവാഹസ്ഥലത്തു വച്ചിരുന്ന കെ.പി.കേശവമേനോന്റെ ചിത്രം കണ്ട് അതിന്റെ മുമ്പില്‍ കണ്ണടച്ചു കൈകൂപ്പി നിന്ന രംഗം പലരും മറന്നുപോയിട്ടില്ല. സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ പ്രചണ്ഡമായ വാദകോലാഹലങ്ങള്‍ നടക്കുമ്പോള്‍, വിഷ്ണു ആര്‍ക്കും പക്ഷംപിടിക്കാതെ തനിക്കുള്ള അഭിപ്രായം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു പതിവ്. ഇംഗ്ലീഷിലും സംസ്‌കൃതത്തിലും മലയാളത്തിലും ഇത്ര വലിയ പണ്ഡിതനായിട്ടും തന്റെ അഭിപ്രായങ്ങള്‍ ആരിലും അടിച്ചേല്‍പ്പിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കോളേജില്‍നിന്ന് റിട്ടയര്‍ ചെയ്ത ശേഷം അദ്ദേഹം ഒരു ക്ഷേത്രത്തില്‍ പൂജാരിയായിട്ടു പോയത്, ഇന്ത്യയൊട്ടാകെ വാര്‍ത്തയായി. കുടുംബത്തിന്റെ നേര്‍ച്ച അദ്ദേഹം നടപ്പാക്കുകയായിരുന്നു. ആ ക്ഷേത്രത്തിലെത്തിയ, താന്‍ മൂത്ത സഹോദരിയായി കരുതുന്ന സുഗതകുമാരിയെ സാഷ്ടാംഗം നമസ്‌കരിച്ചത് ചിലര്‍ വിവാദമാക്കിയപ്പോള്‍ അദ്ദേഹം കുലുങ്ങിയില്ലെന്നു മാത്രമല്ല, തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.

പ്രാകൃതവും മൂത്തുമുരടിച്ചതുമായ ആചാരങ്ങള്‍ക്കു മാറ്റംവേണമെന്ന് വിഷ്ണു എപ്പോഴും ആഗ്രഹിച്ചിരുന്നു.

പൂജാരിയായിരിക്കുമ്പോള്‍ വിദേശപര്യടനം നടത്തിയത് വളരെ വിവാദമായ സംഭവമായിരുന്നു. എന്നാല്‍, ചിക്കാഗോ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കടല്‍കടന്നു പോയതിന്റെ പേരില്‍ യാഥാത്ഥിതികര്‍ വിമര്‍ശിച്ച, സ്വാമി വിവേകാനന്ദന്റെ പ്രസംഗങ്ങള്‍കൊണ്ടാണ് അദ്ദേഹം അതിനെ നേരിട്ടത്. മലയിന്‍കീഴ് ശ്രീകൃഷ്ണക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലെന്നറിഞ്ഞ് അവിടെ പ്രസംഗിക്കാനെത്തിയ സുഗതകുമാരി ക്ഷേത്രദര്‍ശനം നടത്താതെ പ്രതിഷേധിച്ചു. പ്രാസംഗികനായി എത്തിയ വിഷ്ണു, സുഗതകുമാരിയുടെ അഭിപ്രായത്തോടു യോജിച്ചു പ്രസംഗിക്കുകയും ശ്രീകോവിലില്‍ സ്ത്രീകളെ കയറ്റാതിരിക്കുന്നത് ശരിയല്ലെന്നും ഇതിന് ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന് ദേവസ്വം പ്രസിഡന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇങ്ങനെ എത്രയെത്ര കാര്യങ്ങള്‍ വിഷ്ണുവിനെപ്പറ്റി നഗരത്തിനു പറയാനുണ്ട്. അനന്തപുരിയെയും ഇവിടത്തെ പ്രകൃതിയെയും ജനങ്ങളെയും സ്‌നേഹിച്ച ഒരാള്‍കൂടി നഗരത്തോടു യാത്രപറഞ്ഞിരിക്കുന്നു.

Content Highlights: Vishnunarayanan Namboothiri, Sugathakumri