വാമനനായിപ്പിറന്ന് വിക്രമനായി വളര്‍ന്ന് മൂവ്വുലകും രണ്ട് ചുവടുകൊണ്ട് കീഴടക്കിയ വിഷ്ണുവിന്റെ കഥ പുരാണപ്രസിദ്ധം. ഇവിടെ ഈ കൊച്ചുകേരളത്തില്‍ ജനിച്ചുവളര്‍ന്ന മറ്റൊരു വിഷ്ണു ഇതാ ഈരടികള്‍കൊണ്ട് മൂവ്വുലകും വ്യാപിച്ചുനില്‍ക്കുന്നു. 'ഓരോ കൈ പ്രാചിയുടെയും പ്രതീചിയുടെയും തോളില്‍വെച്ചുകൊണ്ട് ലോകപൗരനായി.' (ഡോ. എം. ലീലാവതി. സൂര്യന്റെ ഭൂരാഗം എന്ന ലേഖനം. പേജ് 1081).

രാഷ്ട്രാന്തരീയമായ പദവികളും പ്രശസ്തിയും കൈവരിച്ച മുന്‍ഗാമികളും പിന്‍ഗാമികളും ഉണ്ടെങ്കിലും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ നില്‍പ് വേറിട്ട ഒന്നാകുന്നത്, പാശ്ചാത്യ-പൗരസ്ത്യ ചിന്താധാരകളിലുള്ള സല്ലയനംകൊണ്ടത്രേ. വൈദികദര്‍ശനത്തിന്റെ ഗാംഭീര്യവും വൈദികസാഹിത്യത്തിന്റെ ലാവണ്യവും അറിഞ്ഞ് അനുഭവിച്ച്, അത് നല്‍കിയ ഉറച്ച അടിത്തറയില്‍ നിന്നുകൊണ്ടാണ് ഈ കവി ഉദിച്ചുയര്‍ന്നത്. അങ്ങനെ ഈ ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 'ഭൂമിയെന്നാലെനിക്കെന്റെ കുലപൈതൃകമല്ലയോ' എന്ന് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞു.

സര്‍വലോകസമാരാധ്യം
സര്‍വഭൂതഹിതേശ്വരം
സര്‍വവിജ്ഞാനനിസ്യന്ദം
സര്‍വം ശ്രീവല്ലംഭജേ (പേജ് 917) 

എന്ന് തിരുവല്ലത്തേവരെ പ്രണമിക്കുന്ന അതേ ഭക്തിഭാവത്തോടെ,

അഥീനാംബേ നമസ്തുഭ്യം
അധീനാ തേ മതിര്‍മ്മമ
യാ സുധാസ്യന്ദ സര്‍വാംഗാ
പുരാ തേനേ തിറേഷ്യസ്സേ (പേജ് 658)

എന്ന് ആഥന്‍സിലെ നഗരദേവതയെ സ്തുതിക്കാനും കവിക്ക് കഴിയുന്നത് അദ്ദേഹത്തിന്റെ ലോകപൗരത്വം കൊണ്ടുതന്നെ.

കാള്‍ മാര്‍ക്സിനെ അര്‍ഥവേദത്തിന്‍ പ്രജാപതിയായും ഋഷിസത്തമനായും കണ്ട് ആ കാല്‍ക്കല്‍ സാഷ്ടാംഗനമസ്‌കാരം ചെയ്യാന്‍ വിഷ്ണുവിന് യാതൊരു ശങ്കയുമില്ല (668). അമേരിക്കന്‍ പ്രസിഡന്റിന്റെ മണ്‍കനകക്കൊതിയെ നിരാകരിച്ച്,

'നമ്മുടേതല്ലാത്ത
കുന്നിനെ ചോലയെ
നമ്മുടേതല്ലാത്ത
കാറ്റിനെ പൂക്കളെ
നമ്മുടേതല്ലാത്ത
മാടിനെ പക്ഷിയെ
നമ്മള്‍ പരസ്?പരം
വില്‍ക്കുവതെങ്ങനെ?'

എന്ന് നിഷ്‌കളങ്കമായി ചോദിച്ച ഗോത്രമുഖ്യനെ വേദവ്യാസന്റെ സമസ്‌കന്ധനായിക്കണ്ട് വാഴ്ത്താനും കവിക്ക് സങ്കോചം തെല്ലുമില്ല. അപ്പോഴും 'ഇന്ത്യയെന്ന വികാരം' ഈ കവിതയുടെ ഓരോ ശ്വാസത്തിലുമുണ്ട്. അതുകൊണ്ടാണല്ലോ, മാര്‍ക്സിന്റെ കുടീരത്തില്‍നിന്ന് അദ്ദേഹം ഇങ്ങനെ ചിന്തിക്കുന്നത്.

എല്ലാം കുരുക്കഴിച്ചിട്ടു
കാണിച്ചുനീ
ഉള്ളോരെ,
ഇല്ലാത്തവരെയും;
കാണാഞ്ഞ-
തെന്ത് വേണ്ടാത്തവ-രെന്ന വര്‍ഗത്തിനെ?

വികസനത്തിന്റെ പേരില്‍, വ്യാസന്റെ കാലടി ചുംബിച്ച ലക്ഷ്മീവനവും കാളിദാസന്റെ പ്രിയപ്പെട്ട ദേവപ്രയാഗയും മറ്റും ഉള്‍പ്പെട്ട ഹിമാലയപ്രാന്തങ്ങള്‍ക്കുവന്ന ദുര്‍ഗതിയെപ്പറ്റി, പേര്‍ത്തും പേര്‍ത്തും വ്യാകുലപ്പെടുന്ന ഇന്ത്യക്കാരനെയും ഈ കവിയില്‍ കാണാം. അദ്ദേഹത്തെപ്പോലുള്ള കവികളുടെയും പ്രകൃതിസ്നേഹികളുടെയും മുന്നറിയിപ്പുകള്‍ പുതിയ രാജ്യതന്ത്രജ്ഞന്മാര്‍ അവഗണിച്ചതിന്റെ പ്രത്യാഘാതം നാമിപ്പോള്‍ കാണുന്നുണ്ടല്ലോ.

ഒരു കവിത

ഒരു ജനനം; ഒരു മരണം
വിഷ്ണുനാരായണന്‍ നമ്പൂതിരി

മൂന്ന് വര്‍ഷങ്ങള്‍ കടന്നുപോയ്; സന്ധ്യയില്‍
മൂകമായ് വാനിടം കുമ്പിട്ടു കേഴവേ,
ഈ മുറിക്കുള്ളിലാ;ണമ്മതന്‍ ജീവിത-
രാവില്‍നിന്നാ നിത്യവാസരം പൂകവേ,
നിന്നൂ മമാത്മാവിലൂറിയ കണ്ണുനീര്‍-
ത്തുള്ളികള്‍ ചുണ്ടത്തിറുക്കിയടച്ചു ഞാന്‍.
കന്നികള്‍ പൂത്തൂ,കരിഞ്ഞുപോയ് മേടങ്ങള്‍,
തണ്ണീര്‍ക്കുടങ്ങള്‍കമിഴ്ത്തി വര്‍ഷാംഗന...
ഇന്നിതാ വീണ്ടുമിവിടെ ഞാ,നശ്രുക്കള്‍
ചുണ്ടിലെപ്പൂവിന്‍ മധുവാക്കിനില്ക്കയാം.
ഇന്നീ വിരുന്നുകാരിക്കു വാത്സല്യമാം
നെയ്യും നെറുന്തേനു*മീയച്ഛനേകവേ
കുഞ്ഞേ, തിളക്കമുണ്ടന്തരീക്ഷത്തില്‍; ഞാന്‍
വെല്ലുകയല്ലോ മൃതിയുടെ ദൂതനെ!

* ജാതകര്‍മത്തിലെ ചടങ്ങ്. എന്റെ അമ്മ ദേഹത്യാഗം ചെയ്ത അതേ മുറിയിലാണ് രണ്ടരക്കൊല്ലത്തിനുശേഷം, അമ്മയുടെ പേരോടുകൂടി എന്റെ മൂത്ത മകള്‍ അദിതി (ഉഷ) പിറന്നത്.

പുനഃപ്രസിദ്ധീകരണം

Content Highlights: Vishnu Narayanan Namboothiri poetry