മാളവത്തില്‍ മഴ പെയ്തു തിമിര്‍ക്കുന്നു, വിദിശയില്‍
ഞാറു മുങ്ങി നിവരുന്നു, തണുത്ത കാറ്റാല്‍
ദേവഗിരിയിലെ കാട്ടുഞാവല്‍ മൂത്തു മതിര്‍ക്കുന്നു,
പോള പൊട്ടിയിളംകൈത വാസനിക്കുന്നു.
ചൊകചൊകേ പലാശങ്ങള്‍ വെളുവെളേ പാലകളും
മലര്‍ ചൊരിയുന്ന വയല്‍വരമ്പിലൂടേ
ഇടിമിന്നല്‍ക്കൊടിപടഹങ്ങളോടെ, മദമാണ്ട
കരിങ്കാറിന്‍പുറമേറിയെഴുന്നള്ളുന്നു
അവതാരം! ഇവന്‍ മണ്ണിലുഴുതു പുളച്ചു വേര്‍പ്പിന്‍
ചുടുഗന്ധമുതിര്‍ക്കുന്ന പുരുഷനല്ലി?
നൂറു വസന്തവും നൂറു ശരത്തും ഗ്രീഷ്മവുമംഗ-
രാഗമേന്തി കാത്തുനിന്ന കണവനല്ലി?

മാളവത്തില്‍ മഴ ചീറിയലയ്ക്കുന്നു, കൊച്ചുസിന്ധു
നൂറു ചാലായ് നുര കുത്തിപ്പാഞ്ഞണയുന്നു.
പൂന്തുകിലഴിഞ്ഞു കാഞ്ചിയുലഞ്ഞു നിര്‍വിന്ധ്യ രതി-
താന്തയായ് വിഭ്രമംപൂണ്ടു പുലമ്പിടുന്നു.
തുള്ളിമറിയുന്ന മീന്‍ചാട്ടങ്ങളാല്‍ ഗംഭീര കള്ള-
ക്കണ്ണയച്ചു നിമന്ത്രിപ്പതിവനെയല്ലി?
ഗന്ധവതീപരാഗവും ശിപ്രയുടെയക്ഷമമാം
ചഞ്ചലോച്ഛ്വാസവും ചൂഴ്‌കേ കാമചാരിയായ്
മകരരത്ഥ്യയില്‍ പീലിക്കെട്ടുഴിഞ്ഞാടുന്ന തയ്യല്‍-
ക്കിവന്‍ നഖപദസൗഖ്യമരുളി നില്‍പ്പൂ.
നൂറു ഹേമന്തങ്ങള്‍, നൂറു ശിശിരങ്ങള്‍, കുടം നിറ-
ച്ചാവഹിച്ചതിവന്റെ ഉദ്ദാമതാരുണ്യം!

മാളവത്തില്‍ മഴയിരമ്പുന്നു: ചെന്തോലൂര്‍ന്നപോലെ
ഞായര്‍ മറയവേ കാട്ടുമരങ്ങളൂടെ 
പതിനെട്ടു കൈ വിടര്‍ത്തി, ഊഴി വാനം വിറച്ചുപോം
ചടുലവിളംബിതമാംചുവടുകളാല്‍
പിതൃവനങ്ങളില്‍ മഹാകാളനുണര്‍ന്നുറയുന്ന
തിരുനടനമായ്; മൂന്നു കടലില്‍നിന്നും
എത്തിടുന്നു കാര്‍നിരകള്‍ ഉടുക്കുപാട്ടുമായ് പിന്നില്‍
സപ്തതീര്‍ത്ഥങ്ങളില്‍നിന്നു കലശവുമായ്!
കണ്ണിമയ്ക്കാതെയീ വിശ്വതാണ്ഡവത്തെ ഹരസിദ്ധി
കണ്ടിരിപ്പൂ തൊട്ടടുത്തായ് ഭവാനി ഗൗരി.
അവതാരം! നൂറു പൗര്‍ണ്ണമികള്‍ ഇളന്നീരുമായി
വ്രതം നോറ്റു കാത്തിരുന്നതിവനെയല്ലോ!

മാളവത്തില്‍ മഴ ചാറിയടങ്ങുന്നു, വെണ്‍പിറാക്കള്‍ 
രാവില്‍ മട്ടുപ്പാവുകളില്‍ ചേക്കയേറുന്നു.
പഥികര്‍ കെട്ടിറക്കുന്നു മരച്ചോട്ടില്‍, കുടില്‍കളില്‍
കഥകള്‍ തംബുരു പാട്ടും മുറിപ്പൂ മൗനം.
ശകന്മാരെത്തുരത്തുന്ന തമ്പുരാന്റെ പരാക്രമം,
അകം നീറ്റും ഉദയന പ്രേമവൈവശ്യം,
എട്ടു ദിക്കും മുഴക്കുന്ന രഘുവിന്റെ ജൈത്രഘോഷം,
കട്ടുവന്നു ചൗക്കകളില്‍ തീന്‍കുടി മേളം!
നേരിയ തെന്നലിന്‍തുകില്‍ മൂടി എല്ലാം നെടുരാവി-
ലാഴവേ ഒരോടലെണ്ണവിളക്കുമാത്രം
ചിനുങ്ങുന്നു മരം പെയ്യും പുഴയോരക്കാട്ടിനുള്ളില്‍,
ഉറക്കൊഴിക്കുന്നു ഭര്‍ത്തൃഹരി ഗുഹയില്‍!

മാളവത്തില്‍ മഴ വരുംവരുമെന്നു കൊതിയാര്‍ന്നു
കാലമെത്ര പോയി! നാമിന്നുണര്‍ന്നുനോക്കേ
ക്രൂരമെരിപകല്‍, ദയാഹീനമാം നരച്ച വാനം,
വേരു ചത്തു കഷണ്ടിയായ്ക്കഴിഞ്ഞ മണ്ണും!
കട്ടു തിന്നും ചൗക്കകളില്‍ വെടിവട്ടം: തമ്പുരാക്കള്‍
ശത്രുവിനെത്തുരത്തുവാന്‍ പോകയാണത്രേ!
മറുനാട്ടിലവരുടെ പടകേളി പൊന്തിയത്രേ!
മഴ തൂകും വാണമൊന്നു വരുന്നുവത്രേ!
ഇളയുടെ കരള്‍ പുകഞ്ഞുയര്‍ന്നതല്ല, ഭൂപാല-
നഗരിയില്‍ പ്രഗതിതന്‍ യജ്ഞമാണത്രേ!
ഇടമുറിയാതെ നൂറു ശാദ്വലങ്ങള്‍ നനച്ചെത്തി
ഇവിടെയോ വറ്റിത്താണു പുരുഷപുണ്യം?

മാളവത്തില്‍ പെയ്തലിയാനൊരു പടയണിയായി
മാരിമുകില്‍കളേ പോരൂ! വിളിപ്പൂ ഞങ്ങള്‍.
നാടു വാഴാന്‍ വാളെടുത്ത വെളിച്ചപ്പാടുകളല്ല
നാലു പുത്തന്നറ വില്‍ക്കും വിദഗ്ധരല്ല.
പൊടിയണിക്കൂന്തല്‍ മീതേ ഒഴിഞ്ഞ മണ്‍കുടം പേറും 
ഒരു കന്യ; തുരുമ്പിക്കുമൊരു കലപ്പ;
തളിര്‍നാമ്പു നുള്ളിടുമ്പോള്‍ വിറക്കൊള്ളും കരം; അന്തി-
ക്കറിയാതെ കൂമ്പുമുള്ളില്‍ കിനിയുംമൗനം.
ഇതാ ചിന്തകളാല്‍ ധൂമം, വെളിവിനാല്‍ തീപ്പൊരികള്‍,
അലിവിനാല്‍ കുളിര്‍വെള്ളം, പ്രാണനാല്‍ കാറ്റും:
ഉയിര്‍ക്കൊള്‍ക, കൊഴുത്തുയര്‍ന്നാഴിതൊട്ടളകയോളം
പരക്ക, മണ്ണിലേക്കഭിസരിക്ക വീണ്ടും!

-1988


 

vaishnavam
പുസ്തകം വാങ്ങാം

കുറിപ്പുകള്‍:
മാളവം - കാളിദാസന്റെ ജന്മദേശം.
വിദിശ, ദേവഗിരി, ഭൂപാലം (ഭോപ്പാല്‍) - സമീപപ്രദേശങ്ങള്‍.
ഉജ്ജയിനി - ശകന്മാരെ മുടിച്ച വിക്രമാദിത്യന്റെ രാജധാനി.
മഹാകാലവനം - പണ്ട് പിതൃവനം ആയിരുന്നു; പിന്നീട് അഷ്ടാദശഭുജനായ ശ്മശാനരുദ്രന്റെ ക്ഷേത്രം 
സ്ഥാപിതമായി. മഹാകാലേശ്വരന്‍ കാളിദാസന്റെ പരദേവത. തൊട്ടടുത്ത് ഹരസിദ്ധിഭവാനീമന്ദിരം. 
മകരരഥ്യ - ഗണികകളുടെ തെരുവ്.
നിര്‍വിന്ധ്യ, ഛോട്ടാ സിന്ധു, ഗംഭീര, ശിപ്ര, ഗന്ധവതി (ഇത് ഇപ്പോള്‍ ഇല്ല)
- മേഘസന്ദേശപ്രസിദ്ധകളായ നദികള്‍.
സപ്തതീര്‍ഥം - ഗംഗ, യമുന,ഗോദാവരി, സരസ്വതി, നര്‍മ്മദ, സിന്ധു, കാവേരി.
ഉദയനന്‍ - ജനപ്രിയനായ നാടകകഥാനായകന്‍.
ഭര്‍ത്തൃഹരി - ശിപ്രാതീരത്ത് ഇന്നും തന്റെ തപോവാടം കാണാം.
ധൂമം, തീയ്, ജലം, കാറ്റ് - നാലും ചേര്‍ന്നതാണല്ലോ മേഘം.

Content Highlights: vishnu narayanan namboothiri poem