മ്മ അദിതി അന്തര്‍ജനത്തിന്റെ ആഗ്രഹമായിരുന്നു ഏക മകന്‍ വിഷ്ണു തിരുവല്ല ശ്രീവല്ലഭന്റെ മേല്‍ശാന്തി ആകണമെന്നത്. ശ്രീവല്ലഭ ക്ഷേത്രത്തിലെ ഊരാണ്‍മാവകാശമുള്ള കുടുംബത്തിലെ അന്തര്‍ജനം അങ്ങനെ മോഹിച്ചത് സ്വാഭാവികം. തിരുവല്ല കാരയ്ക്കല്‍ ശീരവള്ളി ഇല്ലത്ത് പിച്ചവെച്ചു വളര്‍ന്ന് പിന്നീട് പലയിടങ്ങളിലായി പഠിച്ച് തിരുവനന്തപുരത്തേക്ക് താമസംമാറി കവിയും കോളേജ് പ്രൊഫസറുമെല്ലാമായി വളര്‍ന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ഉള്ളില്‍ അമ്മയുടെ ഈ ആഗ്രഹം ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. 1994-ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് വിരമിച്ചു കഴിഞ്ഞപ്പോള്‍ അമ്മയുടെ ആഗ്രഹനിവൃത്തി വരുത്തുന്നതിനുള്ള മാര്‍ഗങ്ങളെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

ശ്രീവല്ലഭ ക്ഷേത്രത്തിലെ ഊരാണ്മാവകാശമുള്ള കുടുംബങ്ങളില്‍നിന്ന് ഇടക്കാലത്ത് മേല്‍ശാന്തിയാകാന്‍ അവകാശികളില്ലാതെ വന്നപ്പോള്‍ സാധാരണ ശാന്തിക്കാരില്‍നിന്ന് ആളെ നിയോഗിച്ചുവരുന്ന സമയമായിരുന്നു അത്. വിഷ്ണുനാരായണന്‍ നമ്പൂതിരി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അധികൃതര്‍ക്ക് തന്റെ കുടുംബത്തിന്റെ ഊരാണ്മാവകാശം പുനഃസ്ഥാപിച്ച് തരണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി. ബോര്‍ഡ് അനുകൂലനിലപാട് സ്വീകരിച്ചു. അങ്ങനെ മൂന്നുവര്‍ഷത്തേക്ക് അദ്ദേഹത്തെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി നിയമിച്ചു.

അന്നു തന്നെ അവരോധിക്കുകയും ചെയ്തു. മേല്‍ശാന്തിയായിരിക്കെ മനസ്സറിയാതെ രണ്ടുതവണ വിവാദത്തില്‍ കുടുങ്ങിയത് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവി മനസ്സിനെ വല്ലാതെ നോവിച്ചിരുന്നു. മേല്‍ശാന്തിയുടെ പദവി വഹിക്കുമ്പോളും മുന്നില്‍ എത്തുന്നവര്‍ക്കുമുന്നില്‍ താന്‍ ഒരു സാധാരണക്കാരന്‍ എന്ന ഭാവമായിരുന്നു അദ്ദേഹത്തിന്.

ഒരു ദിവസം കവയിത്രി സുഗതകുമാരി ക്ഷേത്രത്തിലെത്തിയപ്പോള്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി അവരെ നമസ്‌കരിച്ചു. മേല്‍ശാന്തി ഒരു ഭക്തയെ നമസ്‌കരിക്കാന്‍ പാടുണ്ടോ എന്നതായിരുന്നു ആദ്യ വിവാദത്തിനാധാരം. വിഷ്ണുനാരായണന്‍ നമ്പൂതിരി എന്ന വ്യക്തിക്ക് ആരെയും നമസ്‌കരിക്കാം. ക്ഷേത്രത്തിലെ മേല്‍ശാന്തി, അങ്ങനെ ചെയ്യാന്‍ പാടില്ല. അത് പദവിക്ക് നിരക്കുന്നതല്ലെന്നായിരുന്നു വാദം. അടുത്തവിവാദം ഒരു വിദേശയാത്രയെ ചൊല്ലിയായിരുന്നു. അത് കേരളമാകെ വലിയ ചര്‍ച്ചയ്ക്ക് കാരണമായി. ഭാരതീയ ആത്മീയതയെപ്പറ്റി പ്രഭാഷണം നടത്താന്‍ ഇംഗ്‌ളണ്ടിലേക്ക് നടത്തിയ യാത്രയായിരുന്നു വിഷയം. കടല്‍ കടക്കുന്നത് ആചാര വിരുദ്ധമെന്ന നിലയ്ക്കാണ് വിവാദം കത്തിപ്പടര്‍ന്നത്.

1997 ജൂലായില്‍ ആയിരുന്നു ഇത്. ആ മാസം 10-ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയ വിഷ്ണുനാരായണന്‍ നമ്പൂതിരി തിരികെ മേല്‍ശാന്തിയാകാനെത്തിയപ്പോള്‍ തന്ത്രി തടഞ്ഞു. കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടായിരുന്നു തന്ത്രി. പുനരവരോധം നടത്താതെ തുടര്‍ന്ന് മേല്‍ശാന്തിയാകാനാവില്ലെന്നായിരുന്നു തന്ത്രിയുടെ നിലപാട്. ഇതോടെ വിവാദം കത്തി. രണ്ടുപക്ഷത്തും കേമന്മാര്‍ നിരന്നു. ചര്‍ച്ച മുറുകുന്നതിനിടെ ജൂലായ് 24-ന് വിഷ്ണുനാരായണന്‍ നമ്പൂതിരി പുനരവരോധത്തിന് സമ്മതിച്ച് വിവാദം അവസാനിപ്പിച്ചു.

അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന വി.ജി.കെ. മേനോന്റെയും ഭാരതീയവിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരന്റെയും ഇടപെടലാണ് പ്രശ്നം അങ്ങനെ അവസാനിപ്പിക്കാന്‍ സഹായിച്ചതെന്ന് തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.

ഈ സംഭവം അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. ശ്രീവല്ലഭനെ പൂജിക്കാനെത്തിയതാണ് താനെന്നും ഭഗവാന്റെ നിയമങ്ങള്‍ അംഗീകരിക്കുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം പുനരവരോധത്തിന് തയ്യാറായത്. -തന്ത്രി ഓര്‍മിച്ചു.

യഥാര്‍ഥത്തില്‍ കടല്‍ കടന്നുവെന്നതായിരുന്നില്ല പ്രശ്നം. ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാവിധിയനുസരിച്ച് അവിടത്തെ മേല്‍ശാന്തിപദം കുടശാന്തിയെന്നതാണ്. ഇങ്ങനെയുള്ള പുരോഹിതന്‍ അദ്ദേഹത്തിന്റെ പൂജാകാലയളവില്‍ ക്ഷേത്രം വിട്ട് ദീര്‍ഘകാലയളവില്‍ പുറത്തേക്ക് പോകരുതെന്നാണ് നിയമം. അങ്ങനെ പോയാല്‍ തിരികെ വരുമ്പോള്‍ വീണ്ടും അവരോധിക്കണം. വിഷ്ണുനാരായണന്‍ നമ്പൂതിരി വിദേശത്ത് പോകുന്നുവെന്നറിയിച്ചപ്പോള്‍ത്തന്നെ മടങ്ങി വരുമ്പോള്‍ പുനരവരോധം വേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. ആചാരങ്ങള്‍ അങ്ങനെയായിരിക്കെ തനിക്ക് അന്ന് ഈ നിലപാടേ എടുക്കാനാകുമായിരുന്നുള്ളൂ എന്നും കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.

 Content Highliughts: Vishnu Narayanan Namboothiri memory