നുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയില്‍ നിന്ന് കൊണ്ട് കവിതയെ നെയ്തുവെയ്ക്കുന്ന കവിയായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരി. മുറിവേറ്റവന്റെ വേദനകള്‍ ഉപരിപ്ലവമാവാതെ കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പോടെ, തനിമയോടെ അദ്ദേഹം കവിതകളില്‍ അവതരിപ്പിച്ചു. പ്രതിരോധമാര്‍ന്ന ഒരു ജീവിതബോധം കവിതകളില്‍ നിരന്തരമാവുമ്പോള്‍ തന്നെ ആത്മീയമായ ഒരു ചൈതന്യം അതില്‍ കുറയാതെ നില്ക്കുന്നു. വേദങ്ങള്‍, സംസ്‌കൃതസാഹിത്യം, യുറോപ്യന്‍ കവിത, മലയാളകവിത എന്നിവയുടെ കാവ്യപൂര്‍ണ്ണമാര്‍ന്ന ഒത്തുചേരല്‍ അദ്ദേഹത്തിന്റെ കവിതകളില്‍ നാം കണ്ടു.

'വഴികാട്ടിയല്ല ചെറുതുണമാത്രമെന്‍ കവിത, 
പടകൂട്ടുമാര്‍പ്പുവിളിയോ....
ഉയിര്‍ കയ്ച്ചുപോം കൊടിയ നൈരാശ്യമോ 
പുളകം അരഞ്ഞാണിടുന്ന രതിയോ 
കൊതിയോടു തേടിയണയും പഴയചങ്ങാതി !
മൊഴിയിതലിവാല്‍ പൊറുക്കൂ:
എന്‍ കൈക്കുടന്നയില്‍ നിനക്കു 
തരുവാനുള്ളതെന്റെ മെയ്ച്ചൂടുമാത്രം...' ഇങ്ങനെ വിനയാന്വതമാകുന്നൂ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യസങ്കല്‍പ്പം. സാത്വികമായ ബോധം കവിതകളിലും ജീവിതത്തിലും കൊണ്ട് നടക്കുന്ന കവി. 

കാളിദാസകവിതയുമായി ആത്മൈക്യം നേടിയ കവിയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. ഉജ്ജയനിയിലെ രാപ്പകലുകളില്‍ കാളിദാസനൊപ്പം രാപ്പകലെന്നില്ലാതെ കൂടെ നടക്കുന്നൂ അദ്ദേഹം. കാളിദാസന്റെ മാളവത്തില്‍ മഴ പെയ്യുന്നത് അദ്ദേഹം വര്‍ണ്ണിക്കുമ്പോള്‍ കാലങ്ങള്‍ക്കപ്പുറത്തേക്ക് നമ്മള്‍ യാത്രയാവുന്നു. 

'മാളവത്തില്‍ മഴ ചാറിയടങ്ങുന്നു,
വെണ്‍ പിറാക്കള്‍
രാവില്‍ മട്ടുപ്പാവുകളില്‍ ചേക്കേറുന്നു.
പഥികര്‍ കെട്ടിറക്കുന്നു മരച്ചോട്ടില്‍, 
കുടില്‍കളില്‍
കഥകള്‍ തംബുരു പാട്ടും മുറിപ്പൂ മൗനം
ശകന്മാരെത്തുരത്തുന്ന തമ്പുരാന്റെ പരാക്രമം,
അകം നീറ്റും ഉദയന പ്രേമവൈവശ്യം,
എട്ടു ദിക്കും മുഴക്കുന്ന രഘുവിന്റെ
ജൈത്രഘോഷം
കട്ടുവന്നു ചൗക്കകളില്‍ തീന്‍കുടിമേളം!
നേരിയ തെന്നലിന്‍ തുകില്‍ മൂടി എല്ലാം
നെടുരാവി
ലാഴവേ ഒരോടലെണ്ണ വിളക്കുമാത്രം...'

വര്‍ത്തമാനകാലത്തെ ഭൂതകാലത്തിന്റെ ആര്‍ദ്രത കൊണ്ട് ശാന്തമാക്കാമെന്ന് വായനക്കാരന്‍ ആശ്വസിക്കുന്നു.
ഉജ്ജയനിയിലെ രാപ്പകലുകളില്‍ മാത്രമല്ല ഒട്ടേറെ കവിതകളില്‍ ചങ്ങമ്പുഴയ്ക്ക് പ്രണയമെന്നത് പോലെയായിരുന്നൂ വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് കാളിദാസന്‍. 'ഇന്ത്യയെന്ന വികാരം' എന്ന കവിതയില്‍ കാളിദാസനുമായുള്ള സംഭാഷണമാണ്. കവി കവിയോട് കവിതയിലൂടെ നടത്തുന്ന അപൂര്‍വമായ സഞ്ചാരം ഈ കവിതകളിലൊക്കെ തെളിഞ്ഞുകാണാം.

1939 ജൂണ്‍ 2-ന് തിരുവല്ലയിലെ ഇരിങ്ങോലില്‍ ജനനം. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ കോളേജുകളില്‍ ഇംഗ്ലീഷ് ജോലി നോക്കിയിട്ടുണ്ട്. ജോലിയില്‍ നിന്ന് പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തില്‍ ശാന്തിക്കാരനായി.

'ഇന്ത്യയെന്ന വികാരം', 'ആരണ്യകം', 'അതിര്‍ത്തിയിലേക്ക് ഒരു യാത്ര', 'ഉജ്ജയിനിയിലെ രാപ്പകലുകള്‍' 'മുഖമെവിടെ', 'ഭൂമിഗീതങ്ങള്‍', 'പ്രണയഗീതങ്ങള്‍', ' സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം', 'ചാരുലത' എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. 'അസാഹിതീയം', 'കവിതകളുടെ ഡി.എന്‍.എ.' എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം,ബാലമണിയമ്മ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് വിഷ്ണുനാരായണന്‍ നമ്പൂതിരി അര്‍ഹനായിട്ടുണ്ട്.

Content Highlights: vishnu narayanan namboothiri Life and poetry