മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സമ്പൂര്‍ണ കൃതികള്‍ എന്ന പുസ്തകത്തിന് സുഗതകുമാരി എഴുതിയ കുറിപ്പ്

വിഷ്ണുനാരായണന്‍ നമ്പൂതിരി എനിക്ക് ആരെന്നാണ് ഞാന്‍ പറയേണ്ടത്? പ്രിയകവി, പ്രിയപ്പെട്ട ഇളയ സഹോദരന്‍, ഉറ്റ സുഹൃത്ത്, അതേസമയം പല കാര്യങ്ങളിലും എനിക്ക് ഗുരുതുല്യന്‍. ശുദ്ധവും സുഭഗവുമായ ആ വ്യക്തിത്വത്തെ ഏറെ വര്‍ഷങ്ങളായി ഞാന്‍ അടുത്തറിയുന്നു.

വേദം പഠിച്ചതുപോലെ ബഹുമാനത്തോടെ അദ്ദേഹം സംസ്‌കൃതകാവ്യങ്ങളും പഠിച്ചു. മലയാളത്തെ സ്‌നേഹിക്കുന്നതുപോലെ ഇംഗ്ലീഷ് സാഹിത്യത്തെ സ്‌നേഹിച്ചു. കവിത സ്വാധീനമായി. ശ്രീശങ്കരനെയും ഷേക്‌സ്പിയറെയും വാല്മീകിയെയും കാളിദാസനെയും യേറ്റ്‌സിനെയും അറിഞ്ഞ് ഉള്ളില്‍ പേറിനടന്നു. ഒരു പഴഞ്ചന്‍ സൈക്കിള്‍ ചവിട്ടി ആ ഇംഗ്ലീഷ് പ്രൊഫസര്‍ പിള്ളേരുടെ അമര്‍ത്തിച്ചിരികള്‍ക്കിടയിലൂടെ കോളേജിലെത്തി. മികച്ച അദ്ധ്യാപകനെന്ന കേള്‍വി നേടി. നിഷ്‌കളങ്കമായ ഒരു മന്ദഹാസത്തിലൂടെ മാത്രം വിമര്‍ശകര്‍ക്കു മറുപടി നല്‍കി.

വിഷ്ണുവിന് ഗാന്ധിജിയെക്കാള്‍ പ്രിയം ജയപ്രകാശ് നാരായണനോടാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്. വിരോധങ്ങളും കടുകട്ടി. ഇന്ദിരാഗാന്ധിയെ അര്‍ദ്ധമനസ്സോടെ സ്വീകരിക്കുമെങ്കിലും സോണിയാഗാന്ധിയെ പൊറുക്കാനാവില്ല. സൈലന്റ് വാലി വിവാദകാലത്ത് വിഷ്ണു പ്രകൃതിസംരക്ഷണസമിതിയുടെ ജോയിന്റ് സെക്രട്ടറിയായി പണിയെടുത്തു. നാടൊട്ടുക്ക് ഞങ്ങളൊന്നിച്ചുനടന്ന് കാടിനുവേണ്ടി കവിത ചൊല്ലി, പ്രസംഗിച്ചു, പ്രയത്‌നിച്ചു. അതൊക്കെ എന്നും ഓര്‍മ്മിക്കേണ്ട ധന്യദിനങ്ങള്‍.

1985-ല്‍ ഞാന്‍ 'അഭയ'യുടെ പ്രവര്‍ത്തനങ്ങള്‍കൂടി ആരംഭിച്ചപ്പോള്‍ ഈ സുഹൃത്ത് ശങ്കാകുലനായി. കവിതയെ അവഗണിച്ചുകൊണ്ട് ഞാന്‍ രാപകല്‍ മനോരോഗികളുടെയും പെണ്ണുങ്ങളുടെയും പ്രശ്‌നങ്ങളുമായി അലയുന്നതു കണ്ട് എന്നോട് പലപ്പോഴും വഴക്കുണ്ടാക്കിയിട്ടുണ്ട്. 'പരധര്‍മോ ഭയാവഹഃ' എന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാലും 'അഭയ'യില്‍ ഇടയ്ക്കിടെ ഓടിയെത്തും. സഹായമെത്തിക്കും. സുഹൃത്തുക്കളോടു പറഞ്ഞ് അവരുടെ സഹായം എത്തിച്ചുതരും. 'മതിയാക്കരുതോ!' എന്ന് എന്നോട് ശുണ്ഠിയെടുക്കുകയും ചെയ്യും.

vishnu narayanan namboothiri

വ്യക്തിപരമായ ചില അനുഭവങ്ങള്‍ പറയാതെ വയ്യ. വിഷ്ണുനാരായണന്‍ നമ്പൂതിരി എന്ന ഇംഗ്ലീഷ് പ്രൊഫസര്‍ തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തില്‍ മേല്‍ശാന്തിയായി കഴിയുന്ന കാലം. ഞാന്‍ ആ പുതിയ വേഷത്തില്‍ അദ്ദേഹത്തെ കാണാനുള്ള കൗതുകത്തോടെ അവിടെച്ചെന്നു. വിഷ്ണുപത്‌നിയായ സാവിത്രിയോടൊപ്പം അമ്പലത്തില്‍ തൊഴാന്‍ ചെന്നപ്പോള്‍ മേല്‍ശാന്തി ശ്രീകോവിലിനുള്ളില്‍ ദത്തശ്രദ്ധനായി പൂജ ചെയ്തുകൊണ്ടിരിക്കുകയാണ്. നല്ല തിരക്കുണ്ട്, നടയ്ക്കല്‍ തൊഴുതിട്ട് ഞങ്ങള്‍ കൊടിമരച്ചുവട്ടില്‍ പോയി അദ്ദേഹം വരാന്‍ കാത്തുനിന്നു. കുറെ കഴിഞ്ഞപ്പോള്‍ മേല്‍ശാന്തിയുടെ വരവായി. 'എവിടെ സുഗതകുമാരി?' എന്ന് ഉച്ചത്തില്‍ ചോദിച്ചുകൊണ്ടാണ് വരവ്. 

തറ്റുടുത്ത് ഉപവീതം ധരിച്ച് നെറുകയില്‍ ചന്ദനമണിഞ്ഞ് കൈയില്‍ പൂക്കളും പ്രസാദവും നിറച്ച തൂശനിലയുമായി വരുന്ന ആ പ്രസന്നവും തേജോമയവുമായ രൂപം കണ്ട് ഞാന്‍ കൈകൂപ്പി. 'ഇതാ, മകള്‍ക്കുവേണ്ടി പ്രത്യേകം പൂജ നടത്തിയതിന്റെ പ്രസാദമാണ്' എന്നു പറഞ്ഞ് അദ്ദേഹം അതു നീട്ടിയപ്പോള്‍ മേല്‍ശാന്തിതിരുമേനിയെ ഒന്നു നമസ്‌കരിച്ചോട്ടെ എന്നു പറഞ്ഞ് നമസ്‌കരിച്ച് ഞാനാ പ്രസാദം സ്വീകരിച്ചു. അദ്ദേഹം അനുഗ്രഹഹസ്തം ഉയര്‍ത്തിയതിനുശേഷം ഇനി 'എന്റെ തവണ' എന്നു പറഞ്ഞ് 'അരുതേ' എന്നു വിലക്കുന്ന എന്റെ പാദങ്ങളില്‍ സാഷ്ടാംഗം നമസ്‌കരിച്ചു! ഞാന്‍ വിങ്ങിക്കരഞ്ഞുപോയി. ചുറ്റിലും ആള്‍ക്കൂട്ടം! സാവിത്രിയെയും കൂട്ടിക്കൊണ്ട് പെട്ടെന്ന് ഞാന്‍ അമ്പലത്തില്‍നിന്നിറങ്ങി അവരുടെ ഇല്ലത്തേക്കു നടന്നു.

കുറെ മാസം കഴിഞ്ഞ് ഞാനൊരു വാര്‍ത്ത കേട്ടു. ക്ഷേത്രഭരണാധികാരികള്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി എന്ന മേല്‍ശാന്തിയോട് ചില കുറ്റങ്ങള്‍ക്കു സമാധാനം ചോദിച്ചിരിക്കുന്നു. ഒരു വിവാഹത്തിന് ഊട്ടുപുരയില്‍ പോയി പല ജാതിക്കാരോടൊപ്പം പന്തിയില്‍ ഇരുന്ന് ഊണു കഴിച്ചു തുടങ്ങിയ അപരാധങ്ങളോടൊപ്പം ഇതുമുണ്ട്, 'നമ്പൂതിരിയായ മേല്‍ശാന്തി ഒരു നായര്‍സ്ത്രീയെ നമസ്‌കരിച്ചു.' മറുപടി ഇങ്ങനെയായിരുന്നുവത്രേ:
'എന്റെ ഒരു ശിഷ്യന്റെ വിവാഹമായതിനാല്‍ ഞാന്‍ അവരോടൊപ്പം ഊണു കഴിച്ചു.'

'സുഗതകുമാരി എനിക്ക് പ്രായത്തില്‍ ജ്യേഷ്ഠസ്ഥാനീയയും കവിതയില്‍ ഗുരുസ്ഥാനീയയുമാണ്. അതിനാല്‍ നമസ്‌കരിച്ചു.' ഈ മനുഷ്യനെ കുറച്ചു വര്‍ഷം മുമ്പ് നമ്പൂതിരിയോഗക്ഷേമസഭ അശുദ്ധനാക്കിയിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? എങ്ങനെ ഭ്രഷ്ടാക്കാതിരിക്കും! മേല്‍പ്പറഞ്ഞ അപരാധങ്ങള്‍ കൂടാതെ കടലു കടന്ന് സായിപ്പിനോട് വേദങ്ങളെപ്പറ്റി സംസാരിക്കാന്‍ പോയി! പോരേ? ഇപ്പോഴും ആ 'അശുദ്ധി' നിലനില്‍ക്കുന്നു! പിന്‍വലിച്ചതായി ഒരു കത്തും അവര്‍ അയച്ചതായി അറിവില്ല!

എന്റെ കുടുംബത്തിലെ ദുഃഖാവസരങ്ങളിലെല്ലാം ഞങ്ങളോടൊപ്പം വ്യസനിക്കുന്ന ആ ശാന്തിക്കാരന്റെ ശാന്തിമന്ത്രങ്ങള്‍ ഞങ്ങള്‍ കേള്‍ക്കാറുണ്ട്.
എന്റെ അമ്മ യാത്രയാകാറായപ്പോള്‍ എന്നും സന്ധ്യയ്ക്കു വന്ന് അടുത്തിരുന്ന് ഭഗവന്നാമങ്ങള്‍ ജപിച്ചു കേള്‍പ്പിക്കുന്നതും വൈകുന്നേരംമുതല്‍ ആ വരവു കാത്ത് അമ്മ അക്ഷമയോടെ കിടക്കുന്നതും ഓര്‍ക്കുന്നു. ആ ജപം അമ്മയ്ക്കു നല്‍കിയ സന്തോഷവും ശാന്തിയും ഇന്നും ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നു.

ഓരോ ദുഃഖവും എടുത്തുപറയാന്‍ എനിക്കാവുന്നില്ല. ഒന്നുകൂടി മാത്രം പറയാം. എന്റെ ഭര്‍ത്താവ് വേലായുധന്‍ നായര്‍ കഠിനരോഗബാധിതനായി ആശുപത്രിയില്‍ കിടക്കുന്ന കാലം. തന്റെ ഉറ്റസുഹൃത്തായ അദ്ദേഹത്തെ കാണാന്‍ വിഷ്ണു ഇടയ്ക്കിടെ ആശുപത്രിയില്‍ വരുന്ന പതിവുണ്ട്. അങ്ങനെ ആ ദിവസവും വന്നു.സന്ധ്യയ്ക്ക് എന്റെ പ്രിയപ്പെട്ടവരോടൊപ്പം വിഷ്ണുവും വന്നിരുന്ന് സഹസ്രനാമം ജപിച്ചതും ആ ജപശബ്ദത്തിന്റെ മുഴക്കവും ഇന്നും എന്റെ ഹൃദയത്തിലുണ്ട്. അതിനുശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും എന്റെ ഭര്‍ത്താവ് എന്നെന്നേക്കുമായി പോവുകയായി.

പ്രിയപ്പെട്ടവരെപ്പറ്റി എഴുതുക വിഷമമാണ്. ചില ഓര്‍മകള്‍ മാത്രം ഞാനിവിടെ കുറിച്ചു. ശുദ്ധവും അകലുഷവും വിനയാന്വിതവുമായ ആ വ്യക്തിത്വം തികച്ചും അപൂര്‍വ്വമായ ഒന്നത്രേ. ഇപ്പോള്‍ ലഭിച്ച ഈ അവാര്‍ഡുകള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരിക്കുന്നു. 'ഇത്രയും പണംകൊണ്ട് ഞാനെന്താണ് ചെയ്യുക' എന്നതാണ് പ്രശ്‌നം. 'ആരെങ്കിലും ആവശ്യക്കാര്‍ വരും. അപ്പോള്‍ കൊടുക്കാം' എന്ന് സ്വയം ആശ്വസിപ്പിക്കുന്നുമുണ്ട്. ഇതു കേട്ട് ഞാന്‍ ചിരിച്ചുപോയി. 'വിഷ്ണൂ, രോഗവും വാര്‍ദ്ധക്യവുമൊക്കെ ഏതു മനുഷ്യനും കൂടപ്പിറപ്പാണ്. അപ്പോഴൊക്കെ പണം ആവശ്യമായി വരും.' ഈ വാദമൊന്നും അദ്ദേഹം ചെവിക്കൊള്ളാന്‍ തയ്യാറല്ല. അതൊക്കെ നടന്നുകൊള്ളും-എന്നൊരു മട്ട്. സൗമ്യനും മൃദുഭാഷിയുമായ ഈ കവിക്ക് വജ്രംപോലുള്ള ഉള്ളുറപ്പുണ്ട്. ശക്തമായ നിലപാടുകളുമുണ്ട്. അഗാധമായ മനുഷ്യസ്‌നേഹമുണ്ട്. ഇന്ത്യയെന്ന ഉത്കടമായ വികാരമുണ്ട്. എല്ലാറ്റിന്റെയും അടിത്തറയായി അഷ്ടകലശബന്ധംപോലെ സുഭദ്രമായ ഈശ്വരവിശ്വാസമുണ്ട്. ഒരു മനുഷ്യന് മനുഷ്യനായിത്തീരാന്‍ ഇത്രയൊക്കെ പോരേ?

മഞ്ഞുമൂടിയ ഹിമാലയശിഖരങ്ങളുടെ ക്ഷയം കണ്ടു പൊള്ളുന്ന ആ മനുഷ്യമനസ്സിന്, ഹിമാലയത്തോടും കാളിദാസനോടുമൊപ്പം സുന്ദര്‍ലാല്‍ ബഹുഗുണയെയും എന്‍.വി. കൃഷ്ണവാരിയരെയും ആരാധിക്കുന്ന ആ കവിമനസ്സിന്, എന്റെ സ്‌നേഹാദരങ്ങള്‍. എട്ടു തവണ ഹിമാലയ മലനിരകള്‍ കയറിയിട്ടും മതിവരാത്ത ആ പാദങ്ങള്‍ക്ക് ഇനിയും ഏറെ വഴി താണ്ടുവാന്‍ ശക്തി നേരുന്നു. എന്റെ പ്രിയസഹോദരന്, വിശിഷ്ടകവിക്ക്, ഭഗവദനുഗ്രഹം നേരുന്നു.

Content highlights : sugathakumari remebering poet vishnu narayanan namboothiri