കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ് കവിയും കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പി. രാമന്‍

കാവ്യപാരമ്പര്യത്തോട് ചേര്‍ന്നു നിന്നുകൊണ്ട് കവിതയെ എങ്ങനെ പുതുക്കാമെന്ന് തെളിയിച്ച വലിയ കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. വൈകാരിക മൂല്യത്തെ വ്യക്തതയോടെ ആവിഷ്‌കരിച്ച കവിതയാണ് അദ്ദേഹത്തിന്റേത്. മലയാളത്തിന്റെ വൃത്തവൈവിധ്യങ്ങളും അപൂര്‍വതാളങ്ങളും അദ്ദേഹം ഉപയോഗപ്പെടുത്തി. ഭാരതീയമായ ഒരു കാഴ്ച്ചപ്പാട് വെച്ചുപുലര്‍ത്തുമ്പോള്‍ തന്നെ സംസ്‌കാര വൈവിധ്യത്തിലൂന്നുന്ന പ്രാദേശികതയെ ആഘോഷിക്കുകയും ചെയ്തു ഇദ്ദേഹത്തിന്റെ കവിത. 

മലയാള , സംസ്‌കൃത കാവ്യപാരമ്പര്യങ്ങളോടൊപ്പം പാശ്ചാത്യ കാവ്യപാരമ്പര്യവും ഉള്‍ക്കൊണ്ടതിനാല്‍ അദ്ദേഹത്തിന്റെ കവിത ഒരിക്കലും യാഥാസ്ഥിതികമായില്ല. ജീവിച്ച മണ്ണിനോടുള്ള കൂറാണ് ആ കവിതയിലെ വെളിച്ചം. നീരാട്ട്, നമ്പിപാലം പുഴ, അതിര്‍ത്തിയിലേക്കൊരു യാത്ര, ചിദംബരം, ഭൂമിഗീതങ്ങള്‍, ആദമും ദൈവവും, ബാല്യകാലസഖി തുടങ്ങി ഒട്ടേറെ മികച്ച കവിതകള്‍ അദ്ദേഹമെഴുതിയിട്ടുണ്ട്. 

കവിതയെഴുത്തിന്റെ ക്രാഫ്റ്റ് ഇതിലേറെ വഴങ്ങിക്കിട്ടിയ കവികള്‍ നമുക്കധികമില്ല. ചിദംബരത്തു ചെല്ലുമ്പോള്‍, ശില്പത്തികവുള്ള ക്ഷേത്ര ഗോപുരം പെട്ടെന്നു മുന്നിലുയരുമ്പോള്‍ കവി എഴുതുന്നു: 'അണയുന്നു ഞാനും ചിദംബരം, ഭൂമിവിട്ടുയരുന്നൊരേഴുനില ഗോപുരമാകുന്നു, പഴുതടച്ചോരോ കരിങ്കല്‍ത്തരിയിലും പടരുന്ന മൃഗപക്ഷി ദേവതകളാകുന്നു' എന്ന്. ഗോപുരത്തിന്റെ പെരുമയും ശില്പങ്ങളുടെ സൂക്ഷ്മതയുമെല്ലാം ഒരു മിന്നല്‍ പോലെ ഭാഷപ്പെടുത്താന്‍ കവിക്ക് കഴിഞ്ഞിരിക്കുന്നതു നോക്കൂ. അദ്ദേഹത്തിന്റെ ഒട്ടുമിക്ക കവിതകളിലും ഇത്തരം സവിശേഷതകള്‍ കാണാനാവും. മരണമില്ലാത്ത കവിതക്കു മുന്നില്‍ പ്രണാമം.

Content highlights :  p raman obit note by poet vishnu narayanan namboothiri