മുറിയിലെ
ചില്ലലമാരിയില്‍  ഭംഗിയിലടുക്കിയ 
പുസ്തകത്താളില്‍ നിന്ന്
പുറത്തുകടന്നൊരു കവിത
കവിയുടെ  
ഓര്‍മ്മയിലേക്ക് ഒരു വരി
നീട്ടി നോക്കുന്നു 

അതിലെ പച്ചയെന്ന വാക്ക് പടര്‍ന്നൊരു
കാടാവുന്നു 
മരക്കൊമ്പില്‍ 
ഇണപ്പക്ഷികളുരുമ്മിയിരിക്കുന്നു 
ആമരമീമരംതൊട്ടൊരു
കാറ്റ് കാടകം കുളിര്‍പ്പിക്കെ 
കോടാലിത്തുമ്പ് കൊണ്ടൊന്നിന്‍ ചില്ലയൊടിയുന്നു 
കവിക്കൂട്ടിലെ
പക്ഷികളുറക്കെയുറക്കെ പാടുന്നു 

ഉജ്ജയിനിയിലെ രാപ്പകലുകള്‍
കടന്നൊരു നക്ഷത്രം 
മരുന്നുമണമുള്ളൊരു
രാത്രി മുറിയിലെയിരുട്ടിലുദിക്കുന്നു 
പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറമുള്ളൊരാകാശം സൗരയൂഥം 
തിരഞ്ഞെത്തുന്നു
കണ്ണിലാകെ  കൗതുകം
കാത്തുള്ളിലാകെയാകാശം വിരിച്ചിട്ട കവിയെ കാണുന്നു  

തൊടിയിലെ മരം കാറ്റില്‍ 
കുടഞ്ഞിട്ട ഇലകളതിന്‍
തുമ്പിലൊരു ഹിമകണം
വലുതായൊരുകൊടുമുടിയാകുന്നു
അതിന്‍ ചെരുവുകളിലുറവകള്‍പൊട്ടിയുണരുന്നു

സന്ധ്യക്കൊരുനാള്‍
ശ്രീ വല്ലഭനെഴുന്നള്ളുന്നു
പഴയൊരു
സൈക്കിളില്‍.  
കവിയുടെ
കണ്ണുകളിലേയ്ക്ക് നോക്കി ശാന്തിമന്ത്രം ജപിക്കുന്നു    

വേദവാതിലുകള്‍
തുറന്നെത്തിയൊരു പൊരുള്‍ 
പല കാഴ്ച്ചകളിലേയ്ക്ക്
വിവര്‍ത്തനപ്പെടുന്നു

ഒടുവിലത്തെ
ആ നിമിഷം 
ഒരോര്‍മ്മ തെളിഞ്ഞു 
കാണണം 
ഉണ്മതന്നുണര്‍ത്തുപാട്ടുകളകം നിറഞ്ഞിരിക്കണം