കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ചുകൊണ്ട് ലീലാവതി ടീച്ചര്‍ എഴുതിയ കുറിപ്പ് വായിക്കാം. 

സ്വന്തമായ വാക്കുകള്‍ അപര്യാപ്തമായതുകൊണ്ട് He touched nothing that he did not adorn എന്ന വാക്കുകള്‍ കടമെടുക്കേണ്ടിവന്നിരിക്കുന്നു. 

leelavathy teacher
ഡോ.എം. ലീലാവതി 

താന്‍ തൊട്ട വാക്കുകളൊക്കെ കവിതയുടെ പൊന്നാക്കി മാറ്റാനുള്ള വരം കൊടുത്തു മണ്ണിലേക്ക് വിണ്ണില്‍ നിന്ന് അയക്കപ്പെട്ട ഒരു ദിവ്യദൂതന്‍ നന്മയുടെ അവതാരമായ ഒരു മനുഷ്യപുത്രന്‍ രണ്ടും ചേര്‍ത്തു വിശേഷിപ്പിക്കാവുന്ന മലയാള കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയാണ്. ഏതു ചെറിയ കാര്യവും മാന്ത്രികസ്പര്‍ശത്തിലൂടെ കവിതയുടെ ജ്യോതിഷ്‌കണമാക്കി മാറ്റാന്‍ വേണ്ടുന്ന സിദ്ധിയോടെ പിറന്ന കവി; മരത്തിലില വിരിയുംപോലെ മനസ്സില്‍ കവിത വിരിഞ്ഞ കവി; താളംതെറ്റാതെ യതിഭംഗമില്ലാതെ വൃത്തങ്ങളുടെ നര്‍ത്തനം ഭദ്രമാക്കിയ കവി; ഭാരതീയ സംസ്‌കാരത്തിന്റെ തനിമയെന്തെന്നു കാട്ടിത്തന്ന ദാര്‍ശനികരില്‍ വിവേകാനന്ദനൊപ്പവും കവികളില്‍ ടാഗോറിനൊപ്പവും നടന്ന കവി; ആനോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ എന്ന് ആശംസിച്ച വൈദിക ഋഷികളുടെ കൂടെ നിന്ന് എല്ലാ മതങ്ങളിലെയും ദേശങ്ങളിലെയും നന്മകളെ വാക്കുകളിലേക്കാവാഹിച്ച കവി; പാശ്ചാത്യം/പൗരസ്ത്യം എന്നിവയോ പ്രാചീനം/ആധുനികം എന്നിവയോ വൈരുദ്ധ്യങ്ങളായി കാണാതെ രണ്ടിലുമുള്ള മഹത്വത്തിന്റെ ജ്യോതിഷ് കണങ്ങള്‍ സ്വന്തം കവിതയില്‍ പ്രസരിപ്പിച്ച കവി. ഭദ്രങ്ങളായവ മാത്രം കണ്ടു അദ്ദേഹത്തിന്റെ കണ്ണുകള്‍. ഭദ്രങ്ങളായവ മാത്രം കേട്ടു അദ്ദേഹത്തിന്റെ കാതുകള്‍.

വിഷ്ണുവിന്റെ കവിതാലോകം എന്നതിനുപകരം 'കവിതയുടെ വിഷ്ണുലോകം' എന്ന് അദ്ദേഹത്തിന്റെ കവിതകള്‍ മുഴുവന്‍ ആവുംവിധം പഠിച്ചെഴുതിയ പുസ്തകത്തിന് പേരിട്ടത് വിഷ്ണു (സൂര്യന്‍)വിന്റെ പ്രകാശലോകം തന്നെയാണ് അദ്ദേഹത്തിന്റെ കവിതയെന്നു വ്യഞ്ജിപ്പിക്കാന്‍ വേണ്ടിയാണ്. ഈ അസ്തമയം അതിന്റെ മുന്നോടിയായ മങ്ങൂഴം മുതല്‍ അനുഭവപ്പെട്ട ഇരുട്ടിന്റെ ആഴങ്ങളിലേക്ക് സുമനസ്സുകളെ എറിഞ്ഞിരിക്കുന്നു.

Content Highlights: Leelavathy teacher on the demise of vishnunarayanan namboothiri