വിഷ്ണുനാരായണന്‍ നമ്പൂതിരി മലയാളകാവ്യഭാവുകത്വത്തിലെ ഒരു സംക്രമണകാലത്തിന്റെ പ്രതിനിധിയാണ്. മൂന്നു ഭാവുകത്വവിതാനങ്ങള്‍ ഒരേസമയം ആ കവിതയുടെ അടിയില്‍ പ്രവര്‍ത്തിക്കുന്നു: കാളിദാസനോളം പിറകോട്ടുപോകുന്ന ഇന്ത്യന്‍ ക്ലാസിക്കല്‍ ലാവണ്യബോധം, വള്ളത്തോള്‍മുതല്‍ വൈലോപ്പിള്ളി വരെയുള്ളവരില്‍നിന്ന് തുടരുന്ന, സ്വയം നവീകരിക്കുന്ന, കാല്പനികാവബോധം, ആധുനിക കവിതയുടെ സ്വത്വപരവും സാമൂഹികവുമായ ഉത്കണ്ഠകളില്‍ നിന്നുളവാകുന്ന ആഭ്യന്തര സംഘര്‍ഷം. 'ഉജ്ജയിനിയിലെ രാപകലുകള്‍', 'നൂറു പ്രണയകവിതകള്‍', 'മുഖമെവിടെ' എന്നീ കവിതകള്‍ ക്രമത്തില്‍ ഇതില്‍ ഓരോ വിതാനത്തെ മുന്നോട്ടുകൊണ്ടുവരുന്നു എന്നുപറയാം.

ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ തൊണ്ണൂറു വയസ്സാകുമായിരുന്ന അയ്യപ്പപ്പണിക്കരെപ്പോലെ കവിതയെ നിരന്തരം പരീക്ഷണോമുഖമാക്കുന്ന വിപത്കരമായ കലാപബോധത്തില്‍നിന്ന്, പണിക്കരെക്കാള്‍ ഒരു പതിറ്റാണ്ടിനുശേഷം പിറന്ന വിഷ്ണുനാരായണന്‍ സുരക്ഷിതമായ അകലം പാലിച്ചുവെങ്കില്‍ അതിനു കാരണം ക്ലാസിക്കല്‍ സംസ്‌കൃതകാവ്യാനുശീലനത്തില്‍നിന്ന് ലഭിച്ച പാഠങ്ങള്‍ മറക്കാനും മലയാള കാല്പനികതയുടെ ഗൗരവത്തില്‍നിന്ന് കറുത്ത ആധുനികനര്‍മത്തിന്റെ ലാഘവത്തിലേക്ക് മുഴുവനായി നീങ്ങാനും ഈ കവി കൂട്ടാക്കാഞ്ഞതാണ്.

രാഷ്ട്രീയ ഉത്പതിഷ്ണു

രാഷ്ട്രീയമായി ഉത്പതിഷ്ണുവായിരുന്നു വിഷ്ണു; ഗാന്ധിജിയില്‍നിന്നും നെഹ്രുവില്‍നിന്നും പഠിക്കേണ്ട പാഠങ്ങള്‍ അദ്ദേഹം നന്നായി പഠിച്ചിരുന്നു. അവ തന്നെയായിരുന്നു 'ഇന്ത്യ എന്ന വികാരം' ആ കവിതയില്‍ നിറച്ചത്. അത് യാഥാസ്ഥിതികമായ ഗൃഹാതുരത്വമായിരുന്നില്ല, ഉപനിഷത്തുകള്‍മുതല്‍ ഗാന്ധിചിന്തവരെ ഉള്‍ക്കൊണ്ടതില്‍ നിന്നുണ്ടായ, ഇന്ത്യന്‍ ദര്‍ശനങ്ങളുടെ കേന്ദ്രത്തിലുള്ള നൈതികഭാവനയോടുള്ള ആദരവായിരുന്നു. നമ്മുടെ പാരമ്പര്യത്തിന്റെ നിഷേധാത്മകമായ വശങ്ങള്‍ നന്നായി തിരിച്ചറിഞ്ഞ ആത്മീയസാമൂഹികതയായിരുന്നു വിഷ്ണുനാരായണന്റെ കവിതയെ നയിച്ചത്.

ആദ്യകാലത്തെ മുഗ്ധപ്രണയഗീതങ്ങളില്‍നിന്ന് 1960-കളിലെ സാമൂഹിക ശൈഥില്യത്തിന്റെയും മോഹത്തകര്‍ച്ചയുടെയും ധര്‍മസങ്കടങ്ങളിലേക്കും അവിടെനിന്ന് നഷ്ടപ്പെട്ട മുഖത്തെക്കുറിച്ചുള്ള ആധികളിലേക്കും പഴമയില്‍നിന്ന് ശക്തിയാര്‍ജിച്ച മാനവികദര്‍ശനത്തിലേക്കും അതു നല്‍കുന്ന പുതിയ പ്രതീക്ഷകളിലേക്കും വികസനത്വരയില്‍ വിനാശവിധേയമാകുന്ന പ്രകൃതിയുടെ സംരക്ഷണയജ്ഞത്തിലേക്കും മൂല്യങ്ങള്‍ കൈവിടാത്ത നവലോക പ്രത്യാശകളിലേക്കും കവി നീങ്ങുന്നു.

ഉറക്കമൊഴിക്കുന്ന ഭര്‍ത്തൃഹരി

ഹിംസയെക്കുറിച്ചുള്ള അക്കിത്തത്തിന്റെ ഭീതികളും പരിസ്ഥിതിവിനാശത്തെക്കുറിച്ചുള്ള സുഗതകുമാരിയുടെ ഉത്കണ്ഠകളും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള വിഷ്ണുവിന്റെ ആകാംക്ഷകളില്‍ സമന്വയിക്കപ്പെടുന്നുണ്ട്. 'ഉജ്ജയിനി'യിലെ, മാളവത്തിലെ ഗുഹയില്‍ ഉറക്കമൊഴിക്കുന്ന ഭര്‍ത്തൃഹരി, ഈ കവി തന്നെയല്ലേ എന്ന് നമുക്കു സംശയം തോന്നാം. 'സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം' പോലെ ഒരു കവിതയില്‍ ഈ ഇഴകളെല്ലാം സമന്വയിക്കപ്പെടുന്നുണ്ട്. മര്‍ത്ത്യന്റെ സഞ്ജീവനിയും പുത്തന്‍ കലയുടെ കളകളമേളവും മേഘങ്ങളിലെ പുതുജീവനധാരകളുടെ ഗര്‍ഭവുമാണ്, തുടലിന്‍തുണ്ടുകളെ വനമാലകളാക്കി മാറ്റുന്ന, പടുമുളയെ പുതുനാമ്പുകള്‍ക്ക് വളമാക്കുന്ന, ഐക്യവും ശാന്തിയും ചിന്താധീരതയും കൊണ്ടുവരുന്ന, കറുകപ്പുല്ലിനെ വന്‍തേക്കിനോപ്പം ബലവാനായി മാറ്റുന്ന, വന്‍ മേടകളെ ചെറ്റപ്പുരകളെക്കാള്‍ ദുര്‍ബലമാക്കുന്ന, വന്‍കുഴിയെ സമതലമായും വന്‍കുന്നുകളെ തരിമണലായും വന്‍കടലുകളെ വയലുകളായും മാറ്റുന്ന, ജഡതയില്‍ ചുവടുകള്‍ പതിച്ചുണര്‍ത്തി തിരുനടനം ചെയ്യുന്ന സ്വാതന്ത്ര്യം. ഈ കവിതയോട് ചേര്‍ത്തുവായിക്കേണ്ടതാണ് സമത്വത്തെക്കുറിച്ചുള്ള കവിസങ്കല്പം വ്യക്തമാക്കുന്ന 'ശോണമിത്രന്‍' പോലുള്ള ഒരു കവിത. 'ശിഷ്ടമൂല്യം ഭുജിക്കുന്നോന്‍ / ശിഷ്ടയത്‌നം ഭുജിക്കയാം/ ശിഷ്ടയത്‌നത്തിനായ് വൈശ്യന്‍ / പീഡിപ്പിക്കുന്നു ലോകരെ' എന്ന വരികളില്‍ മാര്‍ക്‌സ് പറഞ്ഞ 'സര്‍പ്ലസ് വാല്യൂ' അഥവാ അധികമൂല്യത്തിന്റെ തത്ത്വം ഭംഗിയായി സംഗ്രഹിക്കപ്പെടുന്നു.

എന്നാല്‍, സമൂഹത്തിന്റെ നവജാഗ്രതയില്‍ ഭയംപൂണ്ട മുതലാളിത്തത്തിനെതിരായ സമരം സ്വത്വനഷ്ടത്തിലേക്ക് എത്തിയേക്കാം എന്ന സൂചനയും കവിതയിലുണ്ട്. ഗാന്ധിജിയുടെ 'ഹിന്ദ് സ്വരാജിലെ' ദര്‍ശനത്തിന്റെ സാരവും അങ്ങനെ കവിതയില്‍ ഉള്‍ച്ചേരുന്നു. ഒടുവില്‍ ശോണമിത്രന്‍ എത്തിച്ചേരുന്നത് ശുദ്ധവും മുക്തവുമായ അദ്വയശാന്തിയിലാണ്. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ആധ്യാത്മിക ദര്‍ശനം തന്നെയാണ് ഈ കവിതയുടെ അന്ത്യത്തില്‍ വെളിപ്പെടുന്നത്. അസമത്വത്തില്‍നിന്ന് സമത്വത്തിലേക്കും സമത്വത്തില്‍നിന്ന് ബുദ്ധപദത്തിലേക്കും നീങ്ങുന്ന ഒരു സമൂഹത്തെക്കുറിച്ചുള്ള ഒരു ആദര്‍ശവാദിയുടെ സ്വപ്നമാണിത്.

നാം ഒന്നിച്ച് ഭോപാലിലേക്ക് നടത്തിയ പഴയ തീവണ്ടിയാത്രയും മറവിരോഗം ആരംഭിച്ച ഘട്ടത്തില്‍ ഞാനും എന്റെ ജീവിതപങ്കാളിയും നടത്തിയ എന്നാല്‍, താങ്കളുടെ കുടുംബത്തെത്തന്നെ അദ്ഭുതപ്പെടുത്തുമാറ് താങ്കള്‍ ഞങ്ങളുമായി ഓര്‍മകള്‍ പങ്കിട്ട തിരുവനന്തപുരത്തെ ഗൃഹസന്ദര്‍ശനവും ഓര്‍ത്തുകൊണ്ട്, ഇതാ ഈ സഹോദരകവിയുടെ സ്‌നേഹമുദ്രിതമായ അന്ത്യപ്രണാമം.

Content Highlights: K Sachidanandan Vishnunarayanan Namboothiri