വിഷ്ണു നാരായണന്‍ നമ്പൂതിരിയുമായി എന്‍.പി. വിജയകൃഷ്ണന്‍ നടത്തിയ അഭിമുഖത്തിന്റെ പുനഃപ്രസിദ്ധീകരിക്കുന്നു. 2014 നവംബര്‍ 16-ന് വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

ലയാള കവിതയുടെ ഉദാത്തമായ പാരമ്പര്യത്തിന്റെ കാവലാളാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. 'സംസ്‌കൃത'മായ മനസ്സും പ്രപഞ്ചാശ്ളേഷിയായ സര്‍ഗാത്മകതയും ജന്മായത്തമായി കിട്ടിയ ഈ കവി ഇംഗ്ളീഷ് ഭാഷയുമായുള്ള ബാന്ധവത്തിലൂടെ തന്റെ കവിതയ്ക്ക് കൂടുതല്‍ ആഴങ്ങളും ആയങ്ങളും സമ്മാനിച്ചു. ഇത്തവണത്തെ 'എഴുത്തച്ഛന്‍ പുരസ്‌കാര'ത്തിന് അര്‍ഹനായ അദ്ദേഹം വാരാന്തപ്പതിപ്പിന് വിശേഷമായി നല്‍കിയ കൂടിക്കാഴ്ചയില്‍നിന്ന്...

കവിയെഴുത്ത് സുഖമാണോ

കവിത എഴുതുന്നതില്‍ സുഖവും ദുഃഖവുമില്ല. അതൊന്നും അങ്ങനെ അറിയാറില്ല. ആലോചിച്ചാണ് എഴുതാറ്. എഴുതിക്കഴിഞ്ഞാല്‍ വെട്ടും തിരുത്തും പതിവുണ്ട്. എന്‍.വി. പഠിപ്പിച്ചതുപോലെ വിസന്ധിയും കുസന്ധിയും ഒഴിവാക്കും. ഇഴതിരുത്തും.

എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ച വേളയായതുകൊണ്ട് ചോദിക്കുകയാണ് എഴുത്തച്ഛന്‍ എങ്ങനെ സ്വാധീനിച്ചു, എഴുത്തച്ഛനെ എങ്ങനെ സ്വാംശീകരിച്ചു ?

കുട്ടിക്കാലത്തെ അനുഭവം പറയാം. ഉച്ചതിരിഞ്ഞാല്‍ അമ്മ എന്നെ കാലില്‍ കിടത്തി ഉറക്കുമായിരുന്നു. അപ്പോള്‍ രാമായണം കിളിപ്പാട്ടും ഭാരതം കിളിപ്പാട്ടും ചൊല്ലും. 'സകലശുകകുലവിമലതിലകിതകളേബരേ/സാരസ്യപീയൂഷ സാരസര്‍വസ്വമേ' എന്നിങ്ങനെ കേട്ടാണ് എനിക്ക് താളമുറച്ചതും
ബുദ്ധി ഉറച്ചതും. കവിതയോടുള്ള ആത്മബന്ധം വരാന്‍ ഇത് കാരണമായി. എസ്.എസ്.എല്‍.സി. വരെയേ ഞാന്‍ മലയാളം പഠിച്ചിട്ടുള്ളൂ. ബിരുദപഠനത്തിന് രണ്ടാംഭാഷ ഹിന്ദിയായിരുന്നു. മുത്തച്ഛന്‍ പഠിപ്പിച്ച സംസ്‌കൃതം വലിയ തുണയായി.

കവിത കവിതയാവുന്നത് ലാവണ്യം കൊണ്ടല്ല. ദര്‍ശനം കൊണ്ടാണ്
എന്നൊരു വായനാനുഭവമാണ് അങ്ങയുടെ കൃതികള്‍ നല്‍കുന്നത്. വൈദിക സംസ്‌കാരത്തോളംതന്നെ പാശ്ചാത്യസാഹിത്യദര്‍ശനങ്ങളും കവിതകളില്‍ ലയിച്ചുകിടക്കുന്നുണ്ട്. അതിന്റെ സാഹചര്യങ്ങളെക്കുറിച്ച് പറയൂ

എന്നെ മനുഷ്യനാക്കിയത് ഷെപ്പേര്‍ഡ് സാറാണ്. ഇംഗ്ലീഷുമായി പ്രണയത്തിലാക്കിയതും അദ്ദേഹംതന്നെ. ഡബ്ല്യു.ബി. യേറ്റ്സാണ് എന്റെ സ്വന്തം കവി. യേറ്റ്സിന്റെ കവിത സാര്‍ എന്നെ പഠിപ്പിച്ചിട്ടില്ല. പാശ്ചാത്യകവിതയുടെ ഹൃദയത്തിലേക്ക് എന്നെ പ്രവേശിപ്പിച്ചത് ഡോ. ശിവരാമസുബ്രഹ്മണ്യയ്യര്‍ സാറാണ്. ഇംഗ്ലീഷ് കവിതകളുമായി എന്റെ കവിതയ്ക്കുള്ള
ബന്ധത്തെപ്പറ്റി എനിക്കറിയാന്‍ കഴിയില്ല.

പൂര്‍വ മാതൃകയോ പില്‍ക്കാലമോ ഇല്ലാത്ത, സ്വയം ഒരു പ്രസ്ഥാനമാണ് മലയാള കവിതയില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി. എന്നാല്‍ വൈലോപ്പിള്ളിയില്‍ ലയിച്ച ഒരു മനസ്സ് അങ്ങയില്‍ കാണുന്നുണ്ടല്ലോ

കാളിദാസനെ കാണാന്‍ പറ്റാത്ത വിഷമം തീര്‍ന്നത് വൈലോപ്പിള്ളി മാസ്റ്ററെ കണ്ടപ്പോഴാണ്. കാളിദാസന്‍ കഴിഞ്ഞാല്‍ വൈലോപ്പിള്ളി എന്ന് ഞാന്‍ പറയും.

എട്ടുതവണ ഹിമാലയത്തില്‍ പോയിട്ടുണ്ടല്ലോ. അതിനുശേഷം കാളിദാസനെ വായിച്ചപ്പോള്‍...

കാളിദാസനോടുള്ള ബഹുമാനം കൂടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കവിതയില്‍ പുതിയ കാഴ്ചകള്‍ തിളങ്ങി.

 'ഈ വിധം നെടുവീര്‍പ്പിട്ട് അന്യോന്യം സ്വപ്നം കാണാന്‍ നാമിരുവരും ചെയ്ത പുണ്യമെന്താവാം തോഴീ'എന്ന് പ്രണയഗീതങ്ങളില്‍ പുതിയൊരു പ്രണയസങ്കല്പം അങ്ങ് സാക്ഷാത്കരിച്ചു. ആ കവിതാകാലത്തെ ഇപ്പോള്‍ എങ്ങനെ കാണുന്നു ?

പ്രണയഗീതങ്ങള്‍ വായിച്ചപ്പോള്‍ വിഷ്ണുവിനെ 'പ്രേമ്ജി' എന്ന് വിളിക്കാന്‍ തോന്നി എന്നുപറഞ്ഞ് വൈലോപ്പിള്ളി മാസ്റ്റര്‍ അങ്ങനെ വിളിക്കുകയുണ്ടായി. അതിനുമപ്പുറം ധന്യതമറ്റെന്തുണ്ട്.

ഭാരതീയതയും കേരളീയതയും ഉള്‍ച്ചേര്‍ന്ന അന്തരീക്ഷം അങ്ങയുടെ കവിതകളാല്‍ ദൃശ്യമാണ്. പക്ഷേ പ്രകൃതിയില്‍നിന്ന് അവ പൊയ്പ്പോകുന്നതായി തോന്നിയിട്ടുണ്ടോ ?

വേണ്ടപ്പെട്ടതെല്ലാം കടലെടുത്തുപോവുകയാണ്. പാലക്കാട്ടുനിന്ന് കോയമ്പത്തൂര്‍ക്കുപോവുമ്പോള്‍ ഇത് വ്യക്തമാവും. പണ്ടത്തെ കേരളം ഇന്ന് തമിഴ്നാട്ടിലാണ്. 'പാരം കരിമ്പ് പനസം മുളക് ഏലമിഞ്ചി/കേരം കവുങ്ങ് തളിര്‍വെറ്റിലയേത്തവാഴ' ഒക്കെ ഇപ്പോള്‍ തമിഴ്നാട്ടിലല്ലേ. പിന്നെ കര്‍ണാടകത്തിലും.

ഭാഷയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ് ?

ഓരോ മേഖലയ്ക്കും ഓരോ ഭാഷയുണ്ട്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇരിക്കുമ്പോള്‍ മീന്‍കച്ചവടത്തെക്കുറിച്ചുള്ള പുസ്തകം എഡിറ്റ് ചെയ്യാന്‍ എന്‍.വി. പറയുകയുണ്ടായി. അതും മനസ്സിലാക്കേണ്ടേ വിഷ്ണു എന്ന് എന്‍.വി. ചോദിച്ചു. നിങ്ങള്‍ പച്ചക്കറി കഴിച്ചുകൊണ്ടിരിക്കുന്നത് ഇവര്‍ മീന്‍ കച്ചവടം ചെയ്യുന്നതുകൊണ്ടാണെന്ന് അദ്ദേഹം പറയുകയുണ്ടായി. വ്യത്യസ്ത മേഖലകളിലെ ഭാഷ പഠനവിഷയമാക്കണം. നമ്മള്‍ അത് മനസ്സിലാക്കണം.

എഴുത്തച്ഛന്‍ പുരസ്‌കാരത്തെ എങ്ങനെ വിലയിരുത്തുന്നു ?

ഈ പുരസ്‌കാരം സി. രാധാകൃഷ്ണന് കൊടുക്കേണ്ടതായിരുന്നു. ചക്കുപുരയില്‍ രാധാകൃഷ്ണന്‍ എഴുത്തച്ഛന്റെ പിന്മുറക്കാരനാണ്. ഞങ്ങള്‍ ഒരേ പ്രായക്കാര്‍. ഒരേ കാലത്ത് പഠിച്ചവര്‍. രാധാകൃഷ്ണന്‍ രണ്ട് ഖണ്ഡിക എഴുതിയാല്‍മതി. നിറയെ മുത്തുകളാവും. 'തീക്കടല്‍ കടഞ്ഞ് തിരുമധുരം' ഒന്നാന്തരം നോവലാണ്.

ഇപ്പോള്‍ കവിത എഴുത്ത് നന്നേ കുറവാണല്ലോ. ഒന്നും കൊളുത്തിവലിക്കുന്നില്ല. അതുകൊണ്ടാണ് കവിത എഴുതാത്തത്' എന്ന് അക്കിത്തം പറയുകയുണ്ടായി. അതേ അവസ്ഥ തന്നെയാണോ അങ്ങേയ്ക്കും ?

കവിത എഴുതാത്തതിന്റെ സാഹചര്യത്തെക്കുറിച്ച് അക്കിത്തം പറഞ്ഞതുതന്നെ ഒരു കവിതയാണല്ലോ!