ഭാരതീയ കാവ്യസംസ്‌കൃതിയുടെ ഉന്നതശൃംഗങ്ങളിലൊന്നായിരുന്നു എന്നും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകള്‍. വേദോപനിഷദ്കാലങ്ങളോളം അതിന് വേരാഴമുണ്ട്. യുഗദീര്‍ഘമായ നമ്മുടെ കാവ്യപൈതൃകങ്ങളെയും പാരമ്പര്യങ്ങളെയും ആഴത്തില്‍ സ്വീകരിച്ചു നവീകരിച്ച കേരളീയാധുനികതയുടെ ശക്തനായ പ്രയോക്താവായിരുന്നു നമ്മുടെ കാവ്യചരിത്രത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി. ഷെല്ലിയും കീറ്റ്‌സും വേഡ്‌സ് വര്‍ത്തും ടി.എസ്.എലിയറ്റുമൊക്കെ ചേര്‍ന്ന് ഒരു ആധുനിക കാളിദാസന്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയിലൂടെ മലയാളകവിതയെ കാലാതിവര്‍ത്തിയായ സമഗ്ര സൗന്ദര്യദര്‍ശനത്തിലേക്കുയര്‍ത്തി. കേരളീയമായിരിക്കെത്തന്നെ വിഷ്ണുനാരായണന്‍ നമ്പൂതിരിക്കവിത ഭാരതീയമായിരിക്കുകയും സാര്‍വലൗകികമായ ഒരവബോധത്തിലേക്കു വളരുകയും ചെയ്തു.

ഹിമവാനും ഋഷിസംസ്‌കൃതിയും കാളിദാസനും വിവേകാനന്ദനും മഹാത്മജിയുമൊക്കെച്ചേര്‍ന്ന ഒരു മഹിതാധുനികത വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതയില്‍ നിറച്ചത് സര്‍വാര്‍ഥസാധകമായ വിനയത്തെയാണ്. സേനകളെയെല്ലാം പിന്തള്ളുന്ന ഒരു സവിശേഷ നൈതിക രാഷ്ട്രരക്ഷാ വ്യവസ്ഥയെ. ഇന്ത്യയിലെ നൂറ്റിമുപ്പതുകോടിയോളം വരുന്ന മനുഷ്യസ്‌നേഹികളുടെ സേ്്‌നഹേച്ഛയെ നിയന്ത്രിക്കുന്ന ആയുധമുപേക്ഷിച്ച അക്ഷര സംസ്‌കൃതിയെ.

'ഹേ കാളിദാസ, മനീഷിന്‍ ചെവിപാര്‍ത്തു / ഞാനിതാ കേള്‍പ്പൂ, സുഖാസുഖാതീതമാം / കേവലശാന്തിതന്‍ വൈഖരി നേട്ടങ്ങള്‍

ചേതങ്ങള്‍, ജന്മമൃതികള്‍, ഇല്ലായ്മകള്‍ / ഉണ്‍മകള്‍, എല്ലാമൊരേ ലക്ഷ്യത്തിന്‍ ഭിന്ന-

ഭംഗികളാക്കിടും നിന്‍ നാദവാഹിനി/ ചെന്നതു ചേരുന്നൊരന്ത്യ മൗനാംബുധി / ഇന്ത്യയെന്നുള്ള വികാര പുണ്യസ്മൃതി...'

ഈ വരികളില്‍ത്തെളിയുന്ന കാളിദാസീയമായ ഒരു സംസ്‌കൃതിയുടെ ഇന്ത്യ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ അടിസ്ഥാനപൈതൃകത്തിന്റെ ആഴമേറിയ വികാരമായിരുന്നു.

വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സവിധത്തില്‍ച്ചെന്നിട്ടുള്ളപ്പോഴൊക്കെ കാളിദാസന്‍ വാഴ്ത്തിയ ദേവതാത്മായ കുലപര്‍വതത്തെ ഞാനോര്‍ത്തിട്ടുണ്ട്. ഹിമാലയത്തിന്റെ ഹിമധവളമായ കൊടുമുടിശൃംഗങ്ങള്‍ നോക്കി നില്‍ക്കുന്നതുപോലെ, അവസാനിക്കാത്ത വിസ്മയാദരങ്ങളോടെയാണ് കവിതയുടെ ആ ഉന്നതശീര്‍ഷം ഞാന്‍ നോക്കിനിന്നിട്ടുള്ളത്.

വൈലോപ്പിള്ളിയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് എന്നും ഗുരുകവി. വിഷ്ണുമാഷ് പറഞ്ഞിട്ടുണ്ട്. കാളിദാസനുശേഷം ഇന്ത്യയുടെ ഹൃദയം തൊട്ടല്ലാതെ ഒരു വാക്ക് ഉച്ചരിക്കാത്ത കവിയാണ് വൈലോപ്പിള്ളി.

ഒരിക്കല്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി ഗ്രീസില്‍പ്പോയപ്പോള്‍ വൈലോപ്പിള്ളിയുടെ അലക്‌സാണ്ടറും ഋഷ്യശൃംഗനും എന്ന കവിത പരിഭാഷപ്പെടുത്തി കൈയില്‍ വെച്ചിരുന്നു. എലിസബത്ത് കോശി എന്ന ഒരു സുഖമില്ലാത്ത കുട്ടിയായിരുന്നു പരിഭാഷ നിര്‍വഹിച്ചത്. കവിതകേട്ട് ഗ്രീസിലെ പ്രമുഖ കവികള്‍ പോലും അദ്ഭുതപ്പെട്ടു എന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നോട് നേരില്‍പ്പറഞ്ഞതും ഓര്‍ത്തുപോവുന്നു. ഒരു ദീര്‍ഘസംഭാഷണത്തിനിടെ ഒരിക്കല്‍ വൈലോപ്പിള്ളിയെക്കുറിച്ച് വിഷ്ണുനാരായണന്‍ നമ്പൂതിരി മാഷ് വളരെയേറെ സംസാരിച്ചു:

'മാഷെനിക്ക് ഗുരുവും ജ്യേഷ്ഠനുമൊക്കെയായിരുന്നു. ഒരിക്കല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍വെച്ച് ഞാന്‍ 'യുഗപ്രസാദന്‍' എന്ന എന്റെ കവിത വായിച്ചപ്പോള്‍ മാഷ് വേദിയിലിരുന്ന് ഒരു ചിത്രം വരച്ച് എനിക്ക് സമ്മാനിച്ചു. വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ 'ആരണ്യക്' എന്ന കൃതിയിലെ ഒരസാധാരണ കഥാപാത്രമാണ് യുഗളപ്രസാദന്‍. മാഷ് വരച്ചുതന്ന ആ ചിത്രം ഞാനിപ്പോഴും ഒരമൂല്യനിധിയായി സൂക്ഷിച്ചിട്ടുണ്ട്.''

അതെനിക്ക് കാണിച്ചുതരാന്‍വേണ്ടി മാത്രം മാഷ് പിന്നീട് തന്റെ പുസ്തകശേഖരം മുഴുവന്‍ തിരഞ്ഞു. കാണാഞ്ഞ് പരിഭ്രാന്തനായി. തിരച്ചിലില്‍ ഞാനും സഹായിച്ചു. ആ തിരച്ചിലില്‍ അവിചാരിതമായി പഴയ നോട്ടുപുസ്തകങ്ങള്‍ കിട്ടി. കെ.പി. നാരായണപിഷാരടിയില്‍നിന്ന് മേഘസന്ദേശവും ഭരതമുനിയുടെ നാട്യശാസ്ത്രവും പഠിച്ചകാലത്തെ കുറിപ്പുകള്‍. എന്‍.വി. കൃഷ്ണവാരിയര്‍ പ്രക്രിയാസര്‍വസ്വം പഠിപ്പിച്ചതിന്റെ നോട്ടുകള്‍. അങ്ങനെ പലതും. വൈലോപ്പിള്ളി മാഷ് വരച്ച ചിത്രം മാത്രം കിട്ടിയില്ല. വിഷ്ണുമാഷ് വല്ലാതെ അസ്വസ്ഥനായിരുന്നു. പിറ്റേന്ന് രാവിലെ അദ്ദേഹം വിളിച്ചു: ''ആ ചിത്രം കിട്ടി. രാത്രി പതിനൊന്നുമണിവരെ തിരഞ്ഞു. കിട്ടിയപ്പോഴേ ഒരു സമാധാനമായുള്ളൂ.'' അതായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി എന്ന കവിയും മനുഷ്യനും. പൂര്‍വസൂരികള്‍ നടന്ന വഴികളെല്ലാം അദ്ദേഹം പുണ്യംപോലെ പുലര്‍ത്തി. ഒപ്പം ആധുനികമായ ജീവിതാവസ്ഥകളോടെ കാവ്യപരിണിതികളോടും ഒരിക്കലും മുഖംതിരിക്കാതെയുമിരുന്നു.

കവി പറഞ്ഞു: ''കാലികതയിലൂടെ തുടര്‍ന്നൊഴുകുന്നൊരു പ്രവാഹമായിട്ടല്ലാതെ ശാശ്വതികതയെ സങ്കല്പിക്കാന്‍ എനിക്ക് കഴിയുന്നില്ല. പാരമ്പര്യത്തിന്റെ വികസ്വരമുഖമായി ആധുനികതയെ കാണുന്നതാണ് എന്റെ കാഴ്ചപ്പാട്. ജീനുകളുടെ നിര്‍ദേശങ്ങളെ അവഗണിച്ച് ഒരു വളര്‍ച്ച ശരീരകോശങ്ങള്‍ക്ക് അസാധ്യമായതുപോലെത്തന്നെ, പാരമ്പര്യത്തെ ധിക്കരിച്ചുകൊണ്ട് ഒരു നിലപാട് കവിതയിലും ജീവിതത്തിലും സാധ്യമല്ലെന്നാണ് എന്റെ അഭിപ്രായം.''

ഈ സമനിലയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയെ ആധുനിക മലയാളകവിതയിലെ ജ്ഞാനബുദ്ധനാക്കി നിലനിര്‍ത്തിയത്. ശ്രദ്ധയാണ് കവിതയുടെ സത്യം എന്ന് ആ ബോധിസത്വന്‍ അറിഞ്ഞു.

വിഷ്ണുനാരായണന്‍ നമ്പൂതിരി ബഷീറിനെക്കുറിച്ചെഴുതിയ ഒരു കവിതയില്‍ ഇങ്ങനെ വായിക്കാം:

''ഒന്നോടൊന്നു ചേരുമ്പോള്‍

രണ്ടാകുമെന്നേ ഞായം

ഹിന്ദുവും മുസല്‍മാനും

ആചരിപ്പതദ്വൈതം

ഉണ്മയുണ്മയില്‍ ചേര്‍ന്നാല്‍ ഇമ്മിണവലുതായിട്ടൊന്നുളവാകും''

ഈ കാവ്യദ്വൈതം തിരിച്ചറിഞ്ഞ ആചാര്യനാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. പ്രസാദപൂര്‍ണമായ പ്രത്യാശയാണ് ആ കാവ്യജീവിതത്തിന്റെ അനശ്വരപ്രകാശം. കവിതകൊണ്ട് ബോധോദയം നേടിയ ഈ അക്ഷരബുദ്ധന്‍ മരണത്തിനപ്പുറം മഹാവ്യാസ ഗുഹാഗര്‍ഭം പൊലിക്കുമമൃതത്തിനായി പ്രാര്‍ഥിച്ചു.

അതിനാല്‍ ആ കാവ്യജീവിതം അമൃതമാണ്

''ഇത്ഥംതന്‍ കെട്ടറുത്തെത്തീ

ശോണമിത്രന്‍ പദംധ്രുവം

ശുദ്ധം ബുദ്ധം നിത്യമുക്തം

ശാന്തമദ്വയമധ്വയം''

Content Highlights: Alankode Leelakrishnan, Vishnunarayanan Namboothiri