ലാജോ ജോസ് എന്ന എഴുത്തുകാരന് ഇന്ന് ഏറെ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ല. കുറഞ്ഞ കാലത്തിനിടെയാണ് ലാജോ മലയാള നോവല്‍ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് നടന്നുകയറിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരെ ഇല്ലാതായിപ്പോയ മലയാളത്തിലെ അപസര്‍പ്പക സാഹിത്യം ഇന്ന് ലാജോ ഉള്‍പ്പടെയുള്ള യുവതലമുറയിലൂടെ തിരിച്ചുവരവിന്റെ പാതയിലാണ്. ലാജോ ജോസ് സംസാരിക്കുന്നു

ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം എന്നീ നോവലുകള്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെടുകയുണ്ടായി. ഇന്ന് ലാജോ സ്വയം അടയാളപ്പെടുത്തിയ എഴുത്തുകാരനാണ്. ഇത് സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ടോ?

സത്യം പറഞ്ഞാല്‍ ഉണ്ട്. ഹൈഡ്രേഞ്ചിയയുടെ വലിയ വിജയം എന്നില്‍ ഒരുപാട് സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഹൈഡ്രേഞ്ചിയക്ക് ശേഷം റൂത്തിന്റെ ലോകവും വിജയമായി. റൂത്തിന്റെ ലോകമാണ് ഇപ്പോള്‍ വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. വായനക്കാര്‍ നമ്മോടുള്ള സ്‌നേഹം കൊണ്ടാണ് പുസ്തകം വാങ്ങിക്കുന്നത്. ഒരു പുസ്തകം മോശമായാല്‍ ചിലപ്പോള്‍ അവര്‍ സഹിച്ചേക്കും. രണ്ടു പുസ്തകം മോശമായാല്‍, അവര്‍ക്ക് വേറെ ഒരുപാട് ചോയിസുകള്‍ ഉണ്ട്. പുതിയ എഴുത്തുകാര്‍ ഒരുപാടുണ്ട്, പഴയ എഴുത്തുകാരുണ്ട്. നിരവധി പുസ്തകങ്ങള്‍ വരുന്നുണ്ട്. അപ്പോള്‍ എന്റെ ഓരോ പുസ്തകവും നല്ലതാവണം എന്ന ആഗ്രഹം എനിക്കുണ്ട്. അതൊരു സമ്മര്‍ദം തന്നെയാണ്. 

ആത്മവിശ്വാസക്കുറവുള്ള ഒരു എഴുത്തുകാരനാണ് ഞാന്‍. അതും ഈ സമ്മര്‍ദത്തിന് കാരണമാവുന്നുണ്ടാവാം. റെസ്റ്റ് ഇന്‍ പീസ് വരെ എനിക്കതുണ്ടായിട്ടുണ്ട്‌. പുസ്തകം ഇറങ്ങിയതോടെ ആ സമ്മര്‍ദം മാറി എന്ന് തോന്നുന്നു. ഇതൊരു ലേണിങ് പ്രോസസ് ആണ്. ഒരു എഴുത്തുകാരന്‍ കടന്നുപോകേണ്ട വഴിയിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. എന്നിലെ എഴുത്തുകാരനെ ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട് എന്നാണെനിക്ക് തോന്നുന്നത്. എന്നിലെ എഴുത്തുകാരനെ ഞാന്‍ വിശ്വസിച്ച് തുടങ്ങി എന്നതിന്റെ സൂചനയാവാമത്. 

മലയാളത്തിലെ മുഖ്യധാരാ സാഹിത്യത്തിന്റെ ചരിത്രം തുടങ്ങുന്നിടത്ത് തന്നെയാണ് കുറ്റാന്വേഷണ സാഹിത്യവും തുടങ്ങുന്നത്. പക്ഷെ പിന്നീട് ആ തുടര്‍ച്ച ഇല്ലാതായി. അതൊരു രണ്ടാംകിട സാഹിത്യമായി വിലയിരുത്തപ്പെടാന്‍ തുടങ്ങി. അപ്പോഴും മലയാളത്തിന് പുറത്ത് ഇത് ഏറെ വികസിച്ച സാഹിത്യശാഖയാണ്‌. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായതായി തോന്നുന്നുണ്ടോ?

ഇത് രണ്ടാംകിട എഴുത്താണെന്നുള്ള ധാരണ ഇപ്പോഴും പലര്‍ക്കുമുണ്ട്. പല മൂലയ്ക്ക് നിന്നും എനിക്ക് ഇങ്ങനെയുള്ള പരിഹാസങ്ങള്‍ കിട്ടുന്നുണ്ട്. സോഷ്യല്‍മീഡിയക്കുള്ളിലും പുറത്തും ഒക്കെ ഉണ്ടാവാറുണ്ട്. അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാറുമുണ്ട്. കുറ്റാന്വേഷണ സാഹിത്യത്ത രണ്ടാംകിട സാഹിത്യമാക്കിയെടുത്തതാണ്. അങ്ങനെയൊരു മിഥ്യാധാരണ ബുദ്ധിജീവികള്‍ എന്ന് അവകാശപ്പടുന്ന ആളുകളുടെ സൃഷ്ടിയാണ് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. വേറൊരു കാര്യം, കാലം മാറുന്നതിനനുസരിച്ച് നമ്മുടെ ക്രൈം ഫിക്ഷന്‍ മാറിയിട്ടില്ലായിരുന്നു. കോട്ടയം പുഷ്പനാഥ് സാര്‍, ബാറ്റണ്‍ ബോസ്, മാന്ത്രിക കഥകള്‍ എടുക്കുമ്പോള്‍ ഏറ്റുമാനൂര്‍ ശിവകുമാര്‍ സാര്‍ ഇവരില്‍ നിന്നെല്ലാം കഥ മുന്നോട്ട് പോയിട്ടില്ല. അവര്‍ നിര്‍ത്തിയിടത്ത് തന്നെ നില്‍ക്കുകയായിരുന്നു ഒരു പത്തിരുപത് കൊല്ലക്കാലം. 

അതിലേക്ക് ആള്‍ക്കാര്‍ വരാത്തതിന്റെ കാരണം ഞാനെഴുതുന്നത് രണ്ടാംകിടയാണെന്ന ധാരണ തന്നെയായിരിക്കും. പോപ്പുലര്‍ ഫിക്ഷനില്‍ വിദേശത്ത് നിന്നുള്ള പുസ്തകങ്ങള്‍ വായിക്കപ്പെടുമ്പോഴും അത് മലയാളീകരിക്കാന്‍ ആരും ശ്രമിച്ചില്ല. അക്കാലത്ത് പോപ്പുലര്‍ ഫിക്ഷന്‍ എഴുതിയ ആള്‍ക്കാര്‍ പോലും കോട്ടയം പുഷ്പനാഥിനെ ഫോളോ ചെയ്യാനാണ് ശ്രമിച്ചത്. പക്ഷെ നമ്മുടെ ടെക്‌നോളജിയുടെ വരവും വിദ്യാഭ്യാസത്തിന്റെ പുരോഗതിയുമെല്ലാമായപ്പോള്‍ ഇതൊന്നും കാലത്തിന് യോജിച്ച പുസ്തകങ്ങളല്ലെന്ന് ആളുക്കാര്‍ക്ക് മനസ്സിലായി. അങ്ങനെയാണ് പോപ്പുലര്‍ ഫിക്ഷന്‍ എന്ന മേഖല തന്നെ ഇല്ലാതായിപ്പോയത്. ഇപ്പോഴത്തെ തലമുറയ്ക്ക് ഇഷ്ടമാവുന്ന രീതിയില്‍ എഴുതാനാണ് ഞാന്‍ ശ്രമിക്കുന്നത്. കാലികമായി എഴുതി നില്‍ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതാണ് പല സബ്‌ജോണറുകളും ഞാന്‍ ഇവിടെ പരീക്ഷിക്കുന്നത്. വായനയില്‍ വൈവിധ്യം കൊണ്ടുവന്നാലെ വായന വികസിക്കുകയുള്ളു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

കുറ്റം കണ്ടുപിടിക്കുന്നതോടെ ആശ്വാസം കണ്ടെത്തുന്ന കുറ്റാന്വേഷണമാണ് മലയാളത്തിലുണ്ടായിരുന്നത് എന്ന വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ മലയാളത്തിന് പുറത്ത് നോര്‍ഡിക് നോയിര്‍ പോലുള്ള ജോണറുകള്‍ ഏറെ ജനകീയമാണ്. ലാജോ ഈ പുസ്തകം എഴുതിയിരിക്കുന്നത് കോസി ക്രൈം മിസ്റ്ററി എന്ന സബ്‌ജോണറിലാണ്. ഈ വൈവിധ്യങ്ങള്‍ എങ്ങനെയാണ് സ്വീകരിക്കപ്പെടുക എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഞാന്‍ നോര്‍ഡിക് നോയിറിന്റെ ഒരു കട്ട ഫാനാണ്. മുന്‍പുണ്ടായിരുന്ന ക്രൈം ഫിക്ഷനുകളെല്ലാം പ്ലോട്ട് ഡ്രിവണ്‍ കഥകളായിരുന്നു. പ്ലോട്ടിനായിരുന്നു കൂടുതല്‍ പ്രധാന്യം കൊടുത്തിരുന്നത്. എന്നാല്‍ ക്യാരക്ടറിന് പ്രധാന്യം ലഭിക്കുന്ന കഥകളെഴുതാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. ഉദാഹരണം പറഞ്ഞാല്‍ നോര്‍ഡിക് നോയിര്‍. കുറ്റാന്വേഷണമാണെങ്കിലും ക്യാരക്ടറിനാണ് അവിടെ പ്രാധാന്യം. ഇത് രണ്ടും ഒരു പെര്‍ഫക്ട് ബാലന്‍സില്‍ കൊണ്ടുപോയാലാണ് ഒരു നല്ല നോവലിന്റെ സുഖം ഉണ്ടാവുള്ളു. 

ക്രൈമില്‍ പല സബ്‌ജോണറുകളുണ്ട്. എനിക്ക് മടുപ്പുണ്ടാകാതിരിക്കാനും എന്നെ വായിക്കുന്നവര്‍ക്ക് മടുപ്പുണ്ടാകാതിരിക്കാനുമാണ് ഞാന്‍ പല സബ് ജോണറുകളും സെലക്ട് ചെയ്യുന്നത്. കോസി മര്‍ഡര്‍ മിസ്റ്ററി മലയാളികള്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നും ഇല്ല. കാരണം, ജോണര്‍ വെച്ചല്ല കഥകള്‍ ഇഷ്ടപ്പെടുന്നത്. കഥ കൊള്ളാമോ എന്നതാണ് അതിന്റെ അടിസ്ഥാനം. 

rip
പുസ്തകം വാങ്ങാം

നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും പോലുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ ഇപ്പോള്‍ ഏറെ സജീവമാണ്. ഇതിന്റെയൊക്കെ സ്വാധീനം വായനയെയും മാറ്റുന്നുണ്ടാവില്ലെ?

തീര്‍ച്ചയായിട്ടും ഉണ്ട്. കാരണം, ഈ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വന്നതോടെ നമ്മുടെ വായനാ നിലവാരം മാറുന്നുണ്ട്. പല ഭാഷയിലുള്ള പല ജോണറുകളാണ് നമ്മള്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ലോക്ഡൗണ്‍ കാലത്തൊക്കെയാണെങ്കിലും പലരും ഈ ലോകത്ത് തന്നെയാണ്. അതിനോട് കിടപിടിക്കുന്ന പ്ലോട്ടുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മള്‍ പുറന്തള്ളപ്പെടും. കാരണം പുസ്തകം ഇഷ്ടപ്പെടാതെ മടക്കിവെക്കാന്‍ വളരെ എളുപ്പമാണ്. പുസ്തകം എടുത്ത് വായിക്കുക എന്നത് അല്‍പം ആയാസമുള്ള പ്രവര്‍ത്തിയാണ്. എന്നാല്‍ ഈ സീരിസുകള്‍ കാണുക എന്നത് അലസമായി പോലും ചെയ്യാന്‍ കഴിയും. അപ്പോള്‍ അതിനോട് കിടപിടിക്കാന്‍ കഴിയുന്നതാവണം നമ്മുടെ എഴുത്ത്. എഴുത്തുകാരന്‍ എന്ന നിലയില്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ വരവ് ഏറെ ഗുണകരമാണ്. ഏത് ലെവലിലേക്കാണ് നമ്മുടെ എഴുത്ത് ഉയരേണ്ടത് എന്ന് തിരിച്ചറിയാന്‍ സാധിക്കും.

ഏറെ റിസര്‍ച്ച് ആവശ്യപ്പെടുന്നതാണ് ഈ എഴുത്ത്.  എങ്ങനെയാണ് ഇത് സാധ്യമാക്കുന്നത്?

അടിസ്ഥാനപരമായ കാര്യങ്ങള്‍ക്കുള്ള ആശ്രയം ഇന്റര്‍നെറ്റാണ്. പക്ഷെ നമുക്ക് ഇന്റര്‍നെറ്റിനോട് എല്ലാ സംശയങ്ങളും ചോദിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി ഓരോ മേഖലകളിലെ വിദഗ്ധരുമായി ബന്ധപ്പെടാറുണ്ട്‌. സോഷ്യല്‍ മീഡിയ കോണ്ടാക്ടുകള്‍ ഇതിന് സഹായിക്കാറുണ്ട്. അത്തരത്തില്‍ വിവരങ്ങള്‍ തന്ന് സഹായിക്കുന്ന ആളുകളുടെ പേരുകള്‍ ഞാന്‍ പുസ്തകത്തിന്റെ അക്‌നോളജ്‌മെന്റ് പേജില്‍ എഴുതാറുമുണ്ട്. 

lajo
പുസ്തകം വാങ്ങാം

മുഴുവന്‍ സമയ എഴുത്തുകാരനാവാനായി കോര്‍പറേറ്റ് മേഖലയിലെ ജോലി ഉപേക്ഷിച്ച ആളാണ് ലാജോ. ഇപ്പോള്‍ എങ്ങനെയാണ് അതിനെ വിലയിരുത്തുന്നത്?

ഇപ്പോഴത്തെ ബോധമുണ്ടായിരുന്നെങ്കില്‍ 2015ല്‍ ഞാന്‍ ജോലി രാജിവെക്കില്ലായിരുന്നു. തിരക്കഥ എഴുതി ഒരു വര്‍ഷത്തിനുള്ളില്‍ അത് സിനിമയായി, ജീവിക്കാന്‍ മറ്റൊരു മാര്‍ഗമുണ്ടാവും എന്നൊക്കെ കരുതിയാണ് അന്ന് അങ്ങനെ ചെയ്യുന്നത്. പുസ്തകമെഴുതി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം മലയാളത്തില്‍ ഉണ്ടായി വരുന്നേ ഉള്ളൂ. എഴുതുന്ന എല്ലാ പുസ്തകവും ബെസ്റ്റ് സെല്ലറായാല്‍ ഓരോ വര്‍ഷവും ഓരോ പുസ്തകം എഴുതിയാല്‍ ജീവിക്കാനുള്ള പണം കിട്ടും. പക്ഷെ അങ്ങനെ എപ്പോഴും സംഭവിക്കണമെന്നില്ല. ഇന്ത്യയില്‍ തന്നെ മറ്റ് ഭാഷകളില്‍ വിദേശത്തുള്ളത് പോലെ എഴുത്തുകാര്‍ക്ക് അഡ്വാന്‍സ് നല്‍കി പുസ്തകം എഴുതുന്ന പരിപാടി ഉണ്ട്. അതൊക്കെ പതുക്കെ മലയാളത്തിലും സംഭവിക്കുമെന്നാണ് പ്രതീക്ഷ.

ലാജോ ജോസിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: writer Lajo Jose Interview