എഴുത്തുകാരന്‍ അജയ് പി മങ്ങാട്ടുമായി വായനാദിനത്തില്‍ നടത്തിയ സംഭാഷണം വായിക്കാം.

ഉദ്വേഗവായനകളുടെ സ്വാധീനം അജയ് മങ്ങാട്ടിന്റെ വായനാജീവിതത്തില്‍ എത്രത്തോളമുണ്ടായിരുന്നു?

പോപ്, ഡിറ്റക്ടീവ് ഫിക്ഷന്‍ ആണ് ഉദ്വേഗവായന എന്നതു കൊണ്ട് ഉദ്ദേശിച്ചതെങ്കില്‍ ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുംവരെ അത്തരം സാഹിത്യമേ വായിച്ചിട്ടുള്ളു. അക്കാലത്ത് കുറ്റാന്വേഷണ നോവലുകള്‍ അച്ചടിച്ചുവരുന്ന വാരികകള്‍ വായിക്കാനും അത്തരം നോവലുകള്‍ കൂടുതലായുള്ള ലൈബ്രറികള്‍ ഉപയോഗിക്കാനും എനിക്ക് അവസരം ലഭിച്ചിരുന്നു. നീലകണ്ഠന്‍ പരമാര, കോട്ടയം പുഷ്പനാഥ് തുടങ്ങിയ എഴുത്തുകാരെ അങ്ങനെയാണു വായിച്ചത്. ഹൈസ്‌കൂളിനുശേഷം ഞാന്‍ മലയാളത്തില്‍ അത്തരം രചനകള്‍ ഒന്നും വായിച്ചുനോക്കിയിട്ടില്ല. കോളജില്‍ പഠിക്കുമ്പോള്‍ ആര്‍തര്‍ കോനല്‍ ഡോയ്‌ലും അഗതാ ക്രിസ്റ്റിയും കുറച്ചു വായിച്ചു. പിന്നീട് എന്റെ താല്‍പര്യം മാറി.

എഡ്ഗര്‍ അലന്‍ പോ, ആര്‍തര്‍ കോനന്‍ഡോയല്‍, അഗതാ ക്രിസ്റ്റി, ബ്രാം സ്റ്റോക്കര്‍ തുടങ്ങി പത്തൊമ്പതാം നൂറ്റാണ്ടിലെ എഴുത്തുകാര്‍ വിജയം കണ്ട ഉദ്വേഗഭരിതമായ കഥകളും നോവലുകളും തന്നെയാണോ ഇന്നും നമ്മുടെ മാതൃകകള്‍?

എഡ്ഗര്‍ അലന്‍ പോ ഉന്നത നിലവാരമുള്ള എഴുത്തുകാരനാണ്. ആ രചനകള്‍ പോപ്പുലര്‍ ഫിക്ഷന്റെ ഗണത്തിലും വരില്ല. ഇപ്പോഴും ഞാന്‍ പോയുടെ കവിതകളും കഥകളും വായിക്കാറുണ്ട്. അഗതാ ക്രിസ്റ്റിയുടെ മര്‍ഡര്‍ ഓണ്‍ ദ ഓറിയന്റ് എക്സ്പ്രസ്, ദ മര്‍ഡര്‍ ഓഫ് ദ റോജര്‍ അക്രോയ്ഡ്, ദ ബോഡി ഇന്‍ ദ ലൈബ്രറി, ആന്‍ഡ് ദെന്‍ ദേര്‍ വേര്‍ നണ്‍ എന്നിവ ഓര്‍മയുണ്ട്. പക്ഷേ ഇനി വായിക്കുമെന്നു തോന്നുന്നില്ല. ഷെര്‍ലക് ഹോംസ് കഥകള്‍ ചിലത് ഇപ്പോഴും വായിക്കാന്‍ ഇഷ്ടമാണ്.

'സൂസന്നയുടെ ഗ്രന്ഥപ്പുര'യില്‍ നീലകണ്ഠന്‍ പരമാരയുടെ കയ്യെഴുത്തുപ്രതിയും തേടിപ്പോകുന്ന അലിയില്‍ വായനക്കാര്‍ നിക്ഷേപിക്കുന്നത് തങ്ങളുടെ ഉദ്വേഗത്തെയാണ്. അലിയെ ഒരു നിഗൂഢകഥാപാത്രമാക്കിമാറ്റുന്നതിലൂടെ നോവല്‍ ഉദ്വേഗവായനയ്ക്കാണ് തുടക്കമിടുന്നത്. എഴുത്തുകാരന്റെ വായനാപരിഗണനയും ഇതുതന്നെയാണോ?

ഏതൊരു നോവലിലും സസ്പെന്‍സ് ഇല്ലെങ്കില്‍ ഒരാളും വായിച്ച് എത്തിക്കില്ല. ധിഷണാപരമോ വികാരപരമോ ആയ എന്തെങ്കിലും ജിജ്ഞാസയെ ജനിപ്പിക്കുന്നതാകണം നോവല്‍. യഥാര്‍ഥ നീലകണ്ഠന്‍ പരമാര നമ്മള്‍ വായിച്ചുമറന്ന ഒരു നോവലിസ്റ്റാണ്. സൂസന്നയില്‍ വരുന്ന പരമാര ആകട്ടെ ആ മറവിയില്‍നിന്നു ഞാന്‍ നിര്‍മിച്ച ഒരു കഥാപാത്രം മാത്രമാണ്.

ഒരു സാധാരണക്കാരന്റെ ഭാവനായുക്തിയെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കുന്നു അപസര്‍പ്പക കഥകള്‍ എന്നു പറയാന്‍ കഴിയുമോ?

സാഹിത്യത്തെപ്പറ്റി ഞാന്‍ കരുതുന്നത്, അത് യുക്തിഭദ്രം ആകരുത് എന്നാണ്. യുക്തിയെ ശക്തമായി വെല്ലുവിളിക്കുന്നിടത്താണു സാഹിത്യം വിജയിക്കുന്നത്. അത് ഏതുതരം സാഹിത്യത്തിലായാലും വ്യത്യാസമില്ല. മികച്ച രചനയെ ഏതെങ്കിലും ഒരു കള്ളിയില്‍ നിര്‍ത്താനാവില്ല. ഫിലിപ് കെ. ഡിക്കിന്റെ ഡു ആന്‍ഡ്രോയ്സ് ഡ്രീം ഓഫ് ഇലക്ട്രിക് ഷീപ് ഉദാഹരണം. ഒരു കള്ളിയിലും ഒതുങ്ങാത്ത അപാര ഫിക്ഷനാണത്. അതിലെ യുക്തി ആരാണു നോക്കുന്നത്?

Content Highlights : Readers Day 2021 Special Interview with Writer Ajay P Mangattu