ഉദ്വേഗവായനകളെക്കുറിച്ച് പ്രമുഖനിരൂപകനും അധ്യാപകനുമായ വി.സി ശ്രീജനുമായി നടത്തിയ അഭിമുഖം വായിക്കാം. 
 
വി.സി ശ്രീജന്‍ എന്ന വായനക്കാരനെ ഉദ്വേഗത്തോടെ ഇരുത്തി വായിപ്പിച്ച പുസ്തകങ്ങളെക്കുറിച്ച്?

കുട്ടിക്കാലത്ത് വായിച്ച രണ്ടു നോവലുകള്‍. ഒന്ന് ഗോപാലകൃഷ്ണന്‍ കോലഴി എഴുതിയത്, രണ്ടാമത്തേത് എന്‍.എന്‍. പിഷാരടി എഴുതിയതും. നോവലിസ്റ്റുകളുടെ പേരുകള്‍ ഇന്നും ഓര്‍മ്മിക്കുന്നു പക്ഷെ പുസ്തകങ്ങളുടെ പേരുകള്‍ മറന്നു. ഒന്നില്‍ കൂളിയും മറ്റേതില്‍ പ്രേതവുമായിരുന്നു അദൃശ്യകഥാപാത്രങ്ങള്‍. പേടിപ്പിക്കുന്ന രണ്ടു ഭയങ്കരകഥകളാണ്, വായിക്കുമ്പോള്‍ രക്തം തണുത്തുറഞ്ഞു പോകും. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ ഡ്രാക്കുള വലിയ ഉദ്വേഗത്തോടെ വായിച്ചു. വായിക്കുമ്പോള്‍ പേടി തോന്നുമെന്ന് കേട്ടതിനാല്‍ തലവഴി പുതപ്പിട്ടു മൂടി തൊട്ടടുത്ത് കുപ്പിയില്ലാത്ത മുട്ടവിളക്ക് കത്തിച്ചു വെച്ച് കണ്ണിന്റെ സ്ഥാനത്ത് പുതപ്പില്‍ ചെറിയ ദ്വാരമുണ്ടാക്കി അതിലൂടെ പുറത്തേക്കു നോക്കിയിട്ടായിരുന്നു വായന. പ്രേതം വായനക്കാരന്റെ കഴുത്തിനു പിടിക്കുമെന്നായാല്‍ വിളക്ക് ഊതിക്കെടുത്തി പുസ്തകം ദൂരേക്കു തള്ളി പുതപ്പിലെ ദ്വാരം അടച്ച് ഉറങ്ങും. അന്നു വായിച്ച ഡ്രാക്കുള പുസ്തകം കെ.വി. രാമകൃഷ്ണന്റെ മലയാളം തര്‍ജമയായിരുന്നു. പിന്നെ ഇംഗ്ലിഷ് മൂലകൃതി വായിച്ചു. മലയാളത്തില്‍ വന്ന വേറെ മൂന്നു വിവര്‍ത്തനങ്ങളും വായിച്ചു. ഡ്രാക്കുള എന്ന ഒരേയൊരു പുസ്തകത്തെപ്പറ്റി മാത്രം പഠിക്കുന്ന പണ്ഡിതരും അവരുടെ ഒരു സൊസൈറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ശ്രമഫലമായി ഡ്രാക്കുള രചനയ്ക്കായി ബ്രാംസ്റ്റോക്കര്‍ ശേഖരിച്ച വിവരങ്ങള്‍ അടങ്ങുന്ന നോട്ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടിപ്പണിയോടുകൂടിയ ഡ്രാക്കുള നോവലിന്റെ ക്രിറ്റിക്കല്‍ പതിപ്പും പുറത്തുവന്നിട്ടുണ്ട്. ഇവയെല്ലാം വായിക്കുന്നതിനിടയില്‍ നോവല്‍ പലവട്ടം വായിക്കേണ്ടിവന്നു. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ആദ്യം വായിച്ചപ്പോഴത്തെ പേടി ഇപ്പോഴില്ല എന്നു പറയേണ്ടല്ലോ. ശരിക്കു പറഞ്ഞാല്‍ ഒറ്റവായനയില്‍ തീരുന്നവയാണ് ഡിറ്റക്ടീവ് നോവലുകള്‍. ഒന്നാമത്തെ വായനയോടെ ഉദ്വേഗം തീര്‍ന്നിരിക്കും. വിട്ടുപോയ കാര്യങ്ങളും അധികാര്‍ത്ഥങ്ങളും കണ്ടെത്താന്‍ നിരൂപകര്‍ പുസ്തകം വീണ്ടും വീണ്ടും വായിക്കുന്നു.

എന്താണ് ജനപ്രിയ സാഹിത്യം?

അതിവേഗം ജനങ്ങള്‍ക്ക് ഇഷ്ടമാവുകയും അതേ വേഗത്തില്‍ അവര്‍ക്കിടയില്‍ പരക്കുകയും ചെയ്യുന്ന പുസ്തകങ്ങളാണ് ജനപ്രിയസാഹിത്യം. എന്നു വെച്ചാല്‍ ജനങ്ങള്‍ക്കു പ്രിയമാവുന്ന സാഹിത്യം ജനപ്രിയസാഹിത്യം എന്നു തന്നെ. ജനപ്രിയസാഹിത്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുപിടിക്കാന്‍ വളരെ വിഷമമാണ്. പ്രമേയം വഴി നോക്കിയാലും കഥയുടെ ഗതി നോക്കിയാലും ഭാഷാശൈലി നോക്കിയാലും വൈകാരികഭാവങ്ങള്‍ നോക്കിയാലും ജനപ്രിയസാഹിത്യത്തെ ജനപ്രിയമാക്കുന്ന ഘടകങ്ങള്‍ വേര്‍തിരിച്ചു കാണിക്കാന്‍ പറ്റില്ല. സത്യത്തില്‍ ഇപ്പറഞ്ഞ സാഹിത്യപരമായ പ്രത്യേകതകള്‍ ഒന്നും നോവലിനെ ജനപ്രിയമാക്കുന്ന ഘടകങ്ങളല്ല. സാഹിതീയമായ ഗുണങ്ങള്‍ എന്നു നാം മനസ്സിലാക്കുന്ന ഗുണങ്ങളൊന്നും കൃതിയെ ജനപ്രിയമാക്കുന്ന ഗുണങ്ങളല്ല. വായനക്കാരന്റെ സബോധമായ അറിവിന് ഒരിക്കലും വിഷയമാകാത്ത ക്വാണ്ടിറ്റേറ്റിവ് ആയ പ്രത്യേകതകളാണ് നോവലിനെ ജനപ്രിയമാക്കുന്നത് എന്ന് നാലഞ്ചു കൊല്ലം മുമ്പ് ഇറങ്ങിയ 'ദ ബെസ്റ്റ് സെല്ലര്‍ കോഡ് ' എന്ന പുസ്തകത്തില്‍ പറയുന്നു. ഇംഗ്ലീഷ് പുസ്തകങ്ങളുടെ ജനപ്രിയത വസ്തുനിഷ്ഠമായി നിര്‍ണ്ണയിക്കാന്‍ പറ്റിയ ഒരു സംവിധാനം ഈ പുസ്തകത്തില്‍ ഉണ്ട്. പുസ്തകത്തില്‍ ഉപയോഗിച്ച ഭാഷയുടെ ചില സവിശേഷതകള്‍ മാത്രം തെരഞ്ഞെടുത്ത് അവയുടെ ശതമാനം നിര്‍ണയിച്ച് ഒരു പുസ്തകം ജനപ്രിയമാകുമോ ഇല്ലയോ എന്നു കണ്ടെത്താന്‍ കഴിയുമത്രെ. ഈ പരീക്ഷണത്തിന്റെ സാധുതയെപ്പറ്റി പറയാന്‍ ഞാന്‍ ആളല്ല. 'സ്‌റ്റൈലോമെട്രി' എന്നു പറയുന്ന രീതി ഇതുതന്നെയാണെന്നു തോന്നുന്നു. 'സ്‌റ്റൈലോമെട്രി' ആപ്പുകള്‍ സൗജന്യമായി കിട്ടും. മലയാളത്തില്‍ ഈ സമ്പ്രദായം പ്രയോഗിക്കാമോ എന്ന് അറിയില്ല. മലയാളത്തിലെ ജനപ്രിയത ഈ മാതൃകയുമായി പൊരുത്തപ്പെടുമോ എന്നും അറിയില്ല. അതിന് ആപ്പുകള്‍ പ്രത്യേകമായി കണ്ടുപിടിക്കേണ്ടിവരും. ആരെങ്കിലും ഈ വഴിക്ക് ഒന്നു ശ്രമിച്ചുനോക്കട്ടെ.

പോപ്പുലര്‍ ഫിക്ഷന്‍ എന്ന വിഭാഗത്തിലേക്ക് ഡിക്ടറ്റീവ് ഫിക്ഷനുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? കൂടുതല്‍ സമയവും ബുദ്ധിയും വേണോ ഡിറ്റക്ടീവ് വായനകള്‍ക്ക്?

തരംതിരിവിന്റെ സൗകര്യത്തിനായി അങ്ങനെ ചെയ്തതാവും. ഫിക്ഷന്‍ ഡിറ്റക്ടീവ് ആയാലും അല്ലെങ്കിലും, അവ പോപ്പുലര്‍ ആകണമെങ്കില്‍ കൂടുതല്‍ ബുദ്ധിയോ സമയമോ വായനക്കാരില്‍നിന്നു ആവശ്യപ്പെടുന്നവ ആകരുത്. വരികളിലൂടെ നടന്നുപോവുക എന്നല്ലാതെ വായന ഇടയ്ക്കു നിര്‍ത്തി വായനക്കാരന്‍ സ്വന്തം നിലയ്ക്ക് ബൗദ്ധികാന്വേഷണം തുടങ്ങുന്നത് പോപ്പുലര്‍ ഫിക്ഷനില്‍ അസാധാരണമാണ്.

നീലകണ്ഠന്‍ പരമാര, ബാറ്റണ്‍ ബോസ്, സുധാകര്‍ മംഗളോദയം, കോട്ടയം പുഷ്പനാഥ് തുടങ്ങിയവരുടെ കാലത്ത് സമ്പന്നമായിരുന്ന മലയാളം അപസര്‍പ്പകനോവലുകള്‍ ഇന്ന് അന്യംനിന്നുപോകുന്നതായി തോന്നിയിട്ടുണ്ടോ?
    
എന്റെ കുട്ടിക്കാലത്ത് വായിച്ച അസംഖ്യം ഡിറ്റക്ടീവ് നോവലുകളുടെ കര്‍ത്താക്കളില്‍ നീലകണ്ഠന്‍ പരമാര, ബാറ്റണ്‍ ബോസ്, സുധാകര്‍ മംഗളോദയം, കോട്ടയം പുഷ്പനാഥ് എന്നിവര്‍ ഉള്‍പ്പെടുന്നില്ല. അതിനും മുമ്പത്തെ തലമുറയിലെ എഴുത്തുകാരുടെ നോവലുകളാണ് ഞാന്‍ വായിച്ചത്. ആ പുസ്തകങ്ങള്‍ എഴുതിയവരുടെ പേരുകള്‍ ഓര്‍മ്മയിലില്ല. ഡിറ്റക്ടീവ് വായനയില്‍ എനിക്കുണ്ടായിരുന്ന ഭ്രാന്തു കണ്ട് കണ്ണൂക്കര കലാസമിതി സെക്രട്ടറി, 'ഇനി നീ ഡിറ്റക്ടീവ് നോവലുകള്‍ വായിക്കേണ്ട' എന്നു കട്ടായം പറഞ്ഞ് ബലമായി എസ്. കെ. പൊറ്റക്കാടിന്റെ 'പാതിരാസൂര്യന്റെ നാട്ടില്‍' എന്ന പുസ്തകം എന്റെ കയ്യില്‍ പിടിപ്പിച്ചു. ആ പുസ്തകം വായിച്ചതോടെ ഞാന്‍ നോണ്‍ഫിക്ഷന്റെ പുതിയ ലോകത്തിലേക്കു കടന്നു. അതിനു ശേഷമാണ് ബാറ്റണ്‍ ബോസ്, സുധാകര്‍ മംഗളോദയം, കോട്ടയം പുഷ്പനാഥ് എന്നിവര്‍ രംഗത്തു വരുന്നത്. പഴയ ഡിറ്റക്ടീവ് പ്രേമത്തിന്റെ ഓര്‍മ്മവെച്ച് ഈ എഴുത്തുകാരുടെ കൃതികള്‍ വായിക്കാന്‍ ശ്രമിച്ചുവെങ്കിലും അതില്‍ ഞാന്‍ വിജയിച്ചില്ല. പുതിയ ക്ലാസിക്കുകള്‍ എന്നു പറയാവുന്ന നോവലുകളിലേക്ക് തിരിഞ്ഞതോടെ പുതിയ ഡിറ്റക്ടീവ് എഴുത്തുകാരുടെ നോവലുകള്‍ക്കുവേണ്ടി സമയം ചെലവാക്കുന്നത് വെറുതെയാണ് എന്നു തോന്നി. എന്നാല്‍ ഉദ്വേഗത്തിന്റെ കാര്യത്തില്‍ പിന്നിലല്ലാതിരുന്ന മോഹനചന്ദ്രന്റെ ഏതാനും മാന്ത്രികനോവലുകള്‍ ഇഷ്ടത്തോടെ വായിച്ചു.

പഴയകാലത്തെ മലയാളം ഡിറ്റക്ടീവ് നോവലുകളുടെ സവിശേഷതകളെന്തൊക്കെയായിരുന്നു? 

അക്കാലത്തു വായിച്ച അപസര്‍പ്പകകഥകള്‍ക്ക് സ്ഥിരമായ ക്രമമുണ്ട്. ധനികനായ ഒരു മാന്യന്റെ വീട്ടില്‍ ഒരു കൊലപാതകം നടക്കുന്നു. സ്ഥലം പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കേസ് അന്വേഷിക്കുന്നു. അന്വേഷണം നീണ്ടു പോകുന്നതല്ലാതെ തെളിവുകള്‍ കിട്ടുന്നില്ല. അങ്ങനെ ഗൃഹനാഥന്‍ കേസ് അന്വേഷിക്കാന്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിനെ ഏര്‍പ്പാടാക്കുന്നു. പ്രൈവറ്റ് ഡിറ്റക്ടീവ് പോലീസ് ഇന്‍സ്‌പെക്ടറുമായി കേസിനെപ്പറ്റി സംസാരിക്കുന്നുണ്ടെങ്കിലും അത് ഇന്‍സ്‌പെക്ടര്‍ക്ക് തൊഴിലില്‍ വൈദഗ്ദ്ധ്യമില്ല എന്നു തെളിയിക്കാനേ ഉതകുന്നുള്ളൂ. അവസാനം ഇന്‍സ്‌പെക്ടറെ ഇളിഭ്യനാക്കി ഡിറ്റക്ടിവ് യഥാര്‍ത്ഥപ്രതിയെ കണ്ടെത്തി തെളിവുകള്‍ ഹാജരാക്കുന്നു. എസ്.ഐ. തന്നെ കേസ് അന്വേഷിച്ചു കുറ്റവാളിയെ കണ്ടെത്തുന്ന കഥകള്‍ ഞാന്‍ വായിച്ചിട്ടേയില്ല. ഡിറ്റക്ടിവ് നോവലാകാന്‍ അന്വേഷകന്‍ പ്രൈവറ്റ് ഡിറ്റക്ടീവ് ആകണമായിരുന്നു.

 കോമഡി സ്‌കിറ്റുകളില്‍ എന്ന പോലെ ഇവിടെയും പോലീസുകാരെ കഴിവുകെട്ടവരും വിഡ്ഢികളുമായാണ് ചിത്രീകരിക്കുക. ഹാസ്യകഥാപാത്രങ്ങളാക്കി അവരെ അവരെ പരിഹസിക്കുന്നു. ഇതില്‍നിന്നു വ്യത്യസ്തമായ ഒരു പോലീസുചിത്രം സ്‌കൂളില്‍ ഞങ്ങള്‍ പഠിച്ച 'ലണ്ടനിലെ പോലീസുകാര്‍' എന്ന പാഠത്തില്‍ ഉണ്ടായിരുന്നു. കുറ്റവാളി എത്ര സമര്‍ത്ഥനായാലും പോലീസ് അവനെ പിടിക്കുമെന്നും ഒരു പൊന്നുമോനും രക്ഷപ്പെടാന്‍ പറ്റില്ലെന്നും കുട്ടികളെ ചെറുപ്പത്തിലേ ആവര്‍ത്തിച്ചു പഠിപ്പിച്ചിരുന്നുവെങ്കില്‍ കുറ്റം ചെയ്യുന്നതിനു മുമ്പെ ആളുകള്‍ രണ്ടു തവണ ആലോചിക്കുമായിരുന്നു.

ഡിറ്റക്ടീവ് കഥകളില്‍ കാണുന്ന അസ്വാഭാവികമായ ഒരു കാര്യം അതിലെ കുറ്റവാളികള്‍ക്കുള്ള അത്ഭുതകരമായ അഭിനയശേഷിയാണ്. കഥയുടെ അന്ത്യംവരെ താന്‍ കുറ്റവാളിയാണെന്ന സൂചനപോലും കൊടുക്കാതെ ആളുകള്‍ക്കിടയില്‍ പെരുമാറാന്‍ അവനു സാധിക്കും. നിത്യജീവിതത്തിലും സമര്‍ത്ഥരായ പ്രതികളെ കണ്ടേക്കാം. എന്നാല്‍ നാലഞ്ചുദിവസങ്ങള്‍ കഴിഞ്ഞാല്‍ അവരുടെ അഭിനയശേഷി തീരും. സത്യം പുറത്തുവരും.

ഡിറ്റക്ടീവ് വായനകള്‍ക്ക് പ്രായം ഒരു മാനദണ്ഡമാണോ?
    
എന്റെ കാര്യത്തില്‍ പ്രായം മാനദണ്ഡമാണ്. കൗമാരത്തിലെ വീരാരാധനയും സ്വയം ഒരു വീരസാഹസികനാകാനുള്ള ഗൂഢമായ ആഗ്രഹവും ഈ ലോകത്തില്‍ ആ ആഗ്രഹം നടപ്പില്ല എന്ന അറിവും ഒത്തുചേരുമ്പോള്‍ സങ്കല്പലോകത്തില്‍ അതു നടക്കുമോ എന്നു ആലോചിക്കുന്നു. കുറ്റാന്വേഷണത്തില്‍ ആ ലോകം ഞാന്‍ കാണുന്നു. എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ സാഹസത്തിന്റെ ലോകത്തില്‍ താത്പര്യം കുറയും. ഡിറ്റക്ടീവ് നോവലുകളിലും താത്പര്യം കുറയും. അതേ സമയം പ്രായം ഏറെ ചെന്നിട്ടും കുറ്റാന്വേഷണകഥകള്‍ വായിക്കുന്നവര്‍ അസംഖ്യമാണ്്. സ്ഥിരമായി യാത്രചെയ്യുന്നവര്‍ മുമ്പ് അങ്ങനെ ചെയ്യാറുണ്ടെന്ന് അറിയാം. സുകുമാര്‍ അഴീക്കോട് അങ്ങനെയായിരുന്നു എന്നു കേട്ടിട്ടുണ്ട്.

ഇന്ത്യന്‍ സാഹിത്യത്തില്‍ എടുത്തുപറയാവുന്ന ഡിറ്റക്ടീവ് ഫിക്ഷനുകള്‍ ഏതെല്ലാമാണ്?

കയ്യില്‍ കിട്ടിയതെന്തും വായിക്കുമായിരുന്ന കാലത്ത് കുറേ ഹിന്ദി, ബംഗാളി, തമിഴ് നോവലുകളുടെ മലയാളം വിവര്‍ത്തനങ്ങള്‍ വായിച്ചിട്ടുണ്ട്. അവയെല്ലാം വിദൂരമായ ഓര്‍മ്മയായി മാറിയിരിക്കുന്നു. ഇന്ത്യന്‍ സാഹിത്യത്തിലെ  ഡിറ്റക്ടീവ് ഫിക്ഷനെപ്പറ്റി എനിക്കു ഒരു പിടിയുമില്ല. ഇന്ത്യന്‍ സാഹിത്യം തന്നെ പിടിയില്ല. അന്ന് വായനക്കാര്‍ക്കിടയില്‍ വളരെ പ്രസിദ്ധമായിരുന്നു ദുര്‍ഗ്ഗാപ്രസാദ് ഖത്രിയുടെ ഹിന്ദി നോവലുകള്‍ക്ക് മോഹന്‍ ഡി കങ്ങഴ രചിച്ച 'മൃത്യുകിരണം,' 'ചെമന്ന കൈപ്പത്തി,' 'വെളുത്ത ചെകുത്താന്‍,' എന്നീ വിവര്‍ത്തനങ്ങള്‍. ഓരോന്നും മൂന്നും നാലും വോള്യം വരും. പുസ്തകത്തിനു പിടിവലിയായതിനാല്‍ 1, 2, 3 എന്നിങ്ങനെ ക്രമത്തില്‍ വായിക്കാന്‍ വലിയ പ്രയാസമാണ്. ഗ്രാമീണ വായനശാലയില്‍ നിന്ന് ഒരു സമയത്ത് ഒറ്റപ്പുസ്തകമേ തരൂ. ഒന്നാം വോള്യം തീര്‍ന്നാല്‍ രണ്ട് കിട്ടണമെന്നില്ല, മൂന്ന് ആവും കിട്ടുക; അതു കഴിഞ്ഞ് രണ്ടും. ഈ ഖത്രി പോലും ഇന്ത്യന്‍ ഡിറ്റക്ടിവ് സാഹിത്യത്തില്‍ എണ്ണം പറഞ്ഞ എഴുത്തുകാരനാണോ എന്ന് അറിയില്ല.

ജനപ്രിയസാഹിത്യത്തെക്കുറിച്ച് താങ്കളടക്കമുള്ള നിരൂപകവൃന്ദം ഒന്നും മിണ്ടാറില്ലല്ലോ?

ജനപ്രിയസാഹിത്യം മിക്കവാറും അനായാസവായനക്ക് പറ്റിയ രീതിയില്‍ ലളിതവും നേര്‍ക്കുനേരെയുള്ളതുമായ ഭാഷയില്‍ എഴുതിയ തായിരിക്കും. കഥയുടെ ഘടന ഇതിനകം നമ്മള്‍ പരിചയിച്ച ടൈപ്പുകളില്‍ ഏതെങ്കിലും ഒന്നായിരിക്കും. ഇത്തരം ഒരു പുസ്തകത്തെപ്പറ്റി പറയാന്‍ നിരൂപകന് എന്താണുണ്ടാവുക? ഏറെയൊന്നും കാണില്ല. നിരൂപകന്‍ ഒന്നും എഴുതാത്തതുകൊണ്ട് അയാള്‍ ജനപ്രിയസാഹിത്യത്തെ പരിഗണിക്കുന്നില്ല എന്നു പറയരുത്. ജനപ്രിയസാഹിത്യത്തെപ്പററി നിരൂപകന്‍ ഒന്നും പറയുന്നില്ല എന്നതാണ് അയാള്‍ അതിനു കൊടുക്കുന്ന മുന്തിയ പരിഗണന.

യൂറോപ്യന്‍ ഫിക്ഷനുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും അഡാപ്‌റ്റേഷനുകള്‍ക്കു വിധേയമാവുന്നതും അപസര്‍പ്പകകഥകളാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇവയ്ക്കുള്ള അനുകല്പനസാധ്യതകള്‍ എങ്ങനെയാണ്?   
     
യൂറോപ്യന്‍ രചനകളെ അനുകരിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുക എന്നതാണ് മലയാളം അനുകല്പനങ്ങളുടെ പൊതുവായ തന്ത്രം. അതുകൊണ്ട് കേരളീയ സാഹചര്യത്തില്‍ യൂറോപ്യന്‍ ഡിറ്റക്ടീവ് ഫിക്ഷനു വലിയ അനുകല്പനസാധ്യതകള്‍ തന്നെ എന്നു പറയാം.

ജനപ്രിയസാഹിത്യത്തിലുള്ള നമ്മുടെ ഗവേഷണപഠനങ്ങള്‍ കുറവാണോ? കംപാരറ്റീവ് ലിറ്ററേച്ചറിന് ലഭിക്കുന്ന പരിഗണന ഈ വിഭാഗത്തിന് ലഭിക്കുന്നില്ലേ?

 ജനപ്രിയസാഹിത്യം എന്നു പറയുമ്പോള്‍ അവിടെ പ്രധാനം വിദഗ്ദ്ധരായ പണ്ഡിതരോ ഗവേഷകരോ അല്ല ആയിരക്കണക്കിനു വായനക്കാരാണ്. ഇത്രയും വായനക്കാരെ പരിഗണിക്കാതെ ജനപ്രിയസാഹിത്യം എന്ന വിഷയം പഠിക്കാന്‍ കഴിയില്ല. ഏകാകിയായ ഒരു ഗവേഷകന്‍ വിചാരിച്ചാല്‍ അസംഖ്യം വായനക്കാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പഠിക്കാനാവില്ല. അതിനു യാത്രകള്‍ വേണം ഗവേഷണത്തിനു സഹായികള്‍ വേണം. കൊച്ചു ഗ്രാന്റുകള്‍ കൊണ്ടു ഗവേഷണം പൂര്‍ത്തിയാക്കുന്ന ഗവേഷണവിദ്യാര്‍ത്ഥികളുടെ കൈപ്പിടിയില്‍ അത്രയും പണച്ചെലവ് ഒതുങ്ങുകയില്ല. അതുകൊണ്ടാണ്  ഈ രംഗത്തെ സംബന്ധിച്ച് ഗവേഷണങ്ങള്‍ നടക്കാത്തത്. ബുദ്ധിയും അദ്ധ്വാനവും മാത്രമുണ്ടായാല്‍ പോരാ ഗവേഷണത്തിനു പണവും ആവശ്യമാണ്. ഗവേഷണത്തിനു ഗുണമില്ല, പിഎച്ച് ഡിക്ക് നിലവാരമില്ല എന്നെല്ലാം പറയാം. ഉദ്ദേശിക്കുന്ന ഗുണവും നിലവാരവും വേണമെങ്കില്‍ പണം വേണം. അഞ്ചു പൈസ പണമായി കൊടുക്കാതെ ഗവേഷണത്തിനു നിലവാരം വേണം എന്ന് ശഠിക്കരുത്.

സാധാരണക്കാരന്റെ സാമാന്യബുദ്ധിയെയും ഭാഷയെയും ഭാവനയെയും പോഷിപ്പിക്കുന്നതാണ് ജനപ്രിയസാഹിത്യമെങ്കില്‍ ഡിറ്റക്ടീവ് ആ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ പാടുണ്ടോ? അല്പം സങ്കീര്‍ണമല്ലേ ഇവിടെ രചനാതന്ത്രങ്ങള്‍?

സാധാരണക്കാരന്റെ സാമാന്യബുദ്ധിയെയും ഭാഷയെയും ജനപ്രിയസാഹിത്യം പോഷിപ്പിക്കുമെന്നു പറയാമോ എന്നു നിശ്ചയമില്ല. സാധാരണവായനക്കാരന്‍ എന്നു നമ്മള്‍ പറയുന്നവര്‍ ഏതു തരത്തിലാണ് സാഹിത്യത്തെ ഉപയോഗിക്കുന്നത് എന്നു കണ്ടത്താന്‍ ജനങ്ങളെയും അഭിരുചിയെയും സംബന്ധിച്ച വിശദമായ സര്‍വ്വേകള്‍ ആവശ്യമാണ്. ഞാന്‍ എങ്ങനെയാണ് ജനപ്രിയസാഹിത്യത്തെ ഉപയോഗിക്കുന്നത് എന്ന് സ്വന്തം മനസ്സിലേക്കു നോക്കി കണ്ടെത്തി അതുതന്നെ എല്ലാവര്‍ക്കും എന്ന് സങ്കല്പിക്കാനേ സാധിക്കൂ. ഒരു കാലത്ത് ബുദ്ധിജീവികള്‍ പരിഹസിച്ച മുട്ടത്തു വര്‍ക്കിയുടെ നോവലുകളില്‍ ചില ബിംബങ്ങള്‍ കാണാം, മണ്ണില്‍ വരിയെടുത്തു നട്ട പയര്‍ വിത്തുകള്‍ വളഞ്ഞും തിരിഞ്ഞും മുളച്ചു പൊങ്ങുന്നതു നോക്കി കടലാസിലെ വരികളില്‍ നിരന്നിരിക്കുന്ന എഴുത്തുകള്‍ പോലെ എന്ന് ഒരിടത്തു സങ്കല്പിക്കുന്നു. അടുക്കളപ്പുറത്തെ വാതില്‍ക്കല്‍ അയല്ക്കാരിയായ പെണ്‍കുട്ടി വന്നുനിന്നതുകണ്ട് അവിടെ പെട്ടെന്ന് ഒരു പൂച്ചെടി വളര്‍ന്നു പൂത്തുനില്ക്കുന്നതായി ചെറുപ്പക്കാരനു തോന്നുന്നു. സൗന്ദര്യമായാലും സ്വഭാവമായാലും അവയെ നിത്യജീവിതത്തിന്റെ തലത്തില്‍നിന്ന് ആദര്‍ശത്തിന്റെ അത്യുന്നതതലത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്നതാണ് മുട്ടത്തു വര്‍ക്കിയുടെ രീതി. ഗ്രാമത്തിലെ വസ്തുക്കള്‍ക്കും മനുഷ്യര്‍ക്കും സ്വാഭാവികമായി ഉള്ള ലാവണ്യത്തിന്മേല്‍ ബിംബങ്ങള്‍കൊണ്ട് നെയ്ത ഒരു ആവരണം പരത്തിയിട്ട് അതിനെ ഒന്നു കൂടി മിനുക്കിയെടുക്കുന്നതുപോലെ തോന്നിക്കുന്ന ഈ രചനാരീതി കഥയുടെ ഗതിയിലും കഥാപാത്രങ്ങളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളിലും മാത്രം ശ്രദ്ധിക്കുന്ന വായനക്കാര്‍ കാണണമെന്നില്ല.

ഡിറ്റക്ടീവ് നോവലുകളിലെ രചനാതന്ത്രങ്ങള്‍ എത്ര സങ്കീര്‍ണ്ണമായാലും അവ വായനയെ ഏതെങ്കിലും വിധത്തില്‍ ദുര്‍ഗ്രാഹ്യമാക്കുകയില്ല. ഡിറ്റക്ടീവ് നോവലുകളിലെ രചനാതന്ത്രങ്ങളുടെ ഉദ്ദേശ്യം സസ്‌പെന്‍സ് നിലനിര്‍ത്തുക എന്നതാണ്. അതിനായി നിരപരാധിയാണ് കുറ്റവാളിയെന്ന് സംശയിക്കാന്‍ ആവശ്യമായ സൂചനകള്‍ ഇടക്കിടെ തന്നുകൊണ്ടിരിക്കും.    
          
 പ്രേതം, പോലീസ്, കൊലപാതകം...ഇവയാണോ നിഗൂഢവായനയുടെ ചേരുവകള്‍?

 ഇവ മാത്രമല്ല, സയന്‍സ് ഫിക്ഷന്‍, അന്യലോകം, പറക്കുംതളിക തുടങ്ങി  പലതുമുണ്ട്. പണ്ട് വായിച്ച ഒരു സയന്‍സ് ഫിക്ഷന്‍ കഥയിലെ രംഗം പറയാം. ആഫ്രിക്കന്‍ കാട്ടിലൂടെ ഒരു ശാസ്ത്രജ്ഞന്‍ ആനപ്പുറത്തു സഞ്ചരിക്കുകയാണ്. ആന ഇടക്കിടെ തുമ്പിക്കൈ വളച്ച് ശാസ്ത്രജ്ഞന്റെ മുഖത്ത് ഇടവിട്ട് ഊതിക്കൊണ്ടിരിക്കുന്നു. എന്താണിത് എന്നു അമ്പരന്ന ശാസ്ത്രജ്ഞന് കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി ആനയുടെ ഊതലിന് എന്തോ ഒരു ക്രമം ഉണ്ടെന്ന്. ഒന്നു കൂടി ശ്രദ്ധിച്ചപ്പോള്‍ ആന മോഴ്സ് കോഡിലാണ് ഊതിക്കൊണ്ടിരിക്കുന്നത്. ശാസ്ത്രജ്ഞന്‍ ആന ഊതുന്ന ഡോട്ടും ഡാഷും ഡീകോഡ് ചെയ്തപ്പോള്‍ ആനയുടെ ആത്മകഥ അവതരിക്കുകയായി. ആ ആന ശരിക്കും ആന മാത്രമായിരുന്നില്ല. ഒരു മനുഷ്യന്റെ മസ്തിഷ്‌കം അതിന്റെ തലയില്‍ ശസ്ത്രക്രിയ ചെയ്തു ചേര്‍ത്തതായിരുന്നു. പറക്കും തളികകള്‍ മനോഹരമായ നുണയാണ് എന്നായിരുന്നു എന്റെ വിചാരം. എറിഹ് ഫോണ്‍ ദാനിക്കെന്‍ എഴുതിയ 'ചാരിയറ്റ്‌സ് ഓപ് ദ ഗോഡ്‌സ് ' വായിച്ചപ്പോള്‍ അതെല്ലാം അയഥാര്‍ത്ഥം എന്നു വിചാരിച്ചു. പറഞ്ഞുപറഞ്ഞ് പറക്കുംതളികകള്‍ സത്യമാണെന്നു വന്നിരിക്കുന്നു. ഒരു പടി കൂടി കടന്ന് അന്യഗ്രഹജീവികളോട് യുദ്ധം ചെയ്യാന്‍ ഒരുക്കം കൂട്ടണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ പറഞ്ഞുവെന്നും കേട്ടു. ജീവികളെ നേരിട്ടു കാണുംമുമ്പെ യുദ്ധത്തെപ്പറ്റിയാണ്  മനുഷ്യന്‍ ചിന്തിക്കുന്നത്. ഇതു കേട്ടപ്പോള്‍, പരിഷ്‌കൃതമനുഷ്യരെ അടുപ്പിക്കാത്ത ആന്‍ഡമാന്‍ സെന്റിനല്‍ ദ്വീപിലെ മൂന്നു ഗോത്രയുവാക്കള്‍, ആകാശത്തില്‍ നിരീക്ഷണത്തിനായി പറക്കുന്ന ഹെലിക്കോപ്ടറിനു നേരെ വില്ലുപയോഗിച്ച് അമ്പെയ്യുന്ന ഫോട്ടോ കണ്ടതോര്‍ത്തു. ഏതാണ്ട് അതുപോലിരിക്കും അന്യഗ്രഹജീവിയും മനുഷ്യരും തമ്മിലെ യുദ്ധം. കോഴിക്കോട് കടപ്പുറത്ത് പോര്‍ച്ചുഗീസുകാരന്‍ ആകാശത്തു പറക്കുന്ന കടല്‍ക്കാക്കയെ വെടിവെച്ചു വീഴ്ത്തി നാട്ടുകാരെ ഞെട്ടിച്ചതും ഓര്‍മ്മിക്കാം. ഏതായാലും നിഗൂഢകഥകള്‍ വാസ്തവമായി മാറാന്‍ പോവുകയാണ്.

അപസര്‍പ്പകകഥകളുടെ നിരൂപണസാധ്യതകള്‍ എങ്ങനെയാണ്?
     
നിരൂപകര്‍ പറയുന്നത് കുറേക്കാലമായി ആരും കേള്‍ക്കാറില്ല. ആ സ്ഥിതിക്ക് അപസര്‍പ്പകങ്ങള്‍ അവരുടെ ശ്രദ്ധയില്‍ ഉള്‍പ്പെട്ടാലെന്ത്, പെട്ടില്ലെങ്കിലെന്ത്. ഇംഗ്ലീഷിലെ ചില അപസര്‍പ്പകങ്ങളെപ്പറ്റിയും അപ്പന്‍ തമ്പുരാന്റെ 'ഭാസ്‌കരമേനോന്‍' എന്ന  നോവലിനെപ്പറ്റിയും എം. പി. പോള്‍ എഴുതിയതോര്‍ക്കുന്നു. മൗറിസ് ലെബ്ലാങ്ക് എന്ന ഫ്രഞ്ച് എഴുത്തുകാരന്‍ ആര്‍സിന്‍ ലൂപിന്‍ എന്ന കഥാപാത്രത്തെ കേന്ദ്രകഥാപാത്രമാക്കി എഴുതിയ കഥ 'സാരിത്തുമ്പ്' എന്ന പേരില്‍ പോള്‍ ഛായാനുവാദം ചെയ്തിട്ടുണ്ട്. ഒന്നു രണ്ടു ഡ്യൂപിന്‍ കഥകളും അദ്ദേഹം മലയാളത്തിലേക്ക്  മാറ്റിയിട്ടുണ്ട്. കുറ്റാന്വേഷണകഥയുടെ ഒരു ഉദ്വേഗ-ഗ്രാഫ് പോള്‍ തന്റെ 'നോവല്‍ സാഹിത്യ'ത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഓര്‍മ്മിക്കുന്നു. പഴയ തലമുറയിലെ നിരൂപകനായ വക്കം അബ്ദുള്‍ ഖാദര്‍ എഴുതിയ ഡിറ്റക്ടീവ് നോവല്‍ വായിച്ചിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ. ചിലപ്പോഴത് ഓര്‍മ്മപ്പിശകായിക്കൂടെന്നുമില്ല. ആധുനികസാഹിത്യത്തില്‍ മേതില്‍ രാധാകൃഷ്ണന്‍ എഴുതിയ 'സൂര്യവംശം' എന്ന ഡിറ്റക്ടീവ് നോവലിനെയും ഓര്‍മ്മിക്കാം. ഡിറ്റക്ടീവ് നോവലില്‍ കുറ്റാന്വേഷകന്‍ അവസാനം വിജയിക്കുന്നതായാണ് കാണുക. എന്നാല്‍ കുറ്റാന്വേഷകന്‍ കുറ്റം തെളിയിക്കുന്നതില്‍ പരാജയപ്പെടുന്ന കഥകളും കാണാം. ഒരിടത്ത് കുറ്റം പ്രതിയുടെ മുമ്പില്‍ തെളിയിച്ച ശേഷം അന്വേഷകന്‍ തെളിവ് തടാകത്തിലേക്ക് വലിച്ചറിഞ്ഞു കൈവീശി പോകുന്നതായും കണ്ടിട്ടുണ്ട് കുറ്റം മൂടിവെക്കുന്നതില്‍ പ്രതികള്‍ വിജയിക്കുന്ന കഥകള്‍ മലയാളത്തിലും വന്നിട്ടുണ്ടല്ലോ.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights : Readers Day 2021 Special Interview with Literary critic VC Sreejan