മലയാളത്തിലെ കുറ്റാന്വേഷണ സാഹിത്യത്തിന്റെ ചരിത്രം രേഖപ്പെടുത്തുകയും പഠനവിധേയമാക്കുകയും സൈദ്ധാന്തികമായി അപഗ്രഥിക്കുകയും ചെയ്തിട്ടുള്ള നിരൂപകനായ പി.കെ. രാജശേഖരനുമായി നടത്തിയ അഭിമുഖം. 

കുറ്റകൃത്യം, കുറ്റാന്വേഷണം, പരിഹാരം എന്ന ത്രിത്വത്തിലൂന്നിയ അപസര്‍പ്പകകഥയുടെ പിറവിയെപ്പറ്റി?

ആദ്യമേ പറയട്ടെ, കുറ്റാന്വേഷണ സാഹിത്യം അല്ലെങ്കില്‍ ക്രൈം ഫിക്ഷന്‍ എന്ന വിശാലമായ ജനുസ്സിലെ പല ജനുസ്സുകളിലൊന്നാണ് ഒരു കുറ്റാന്വേഷകന്‍ കുറ്റകൃത്യത്തിന്റെ രഹസ്യം കണ്ടെത്തി കുറ്റവാളിയെ വെളിച്ചത്തുകൊണ്ടുവരുന്ന അപസര്‍പ്പകകഥ എന്ന ഡിക്റ്ററ്റീവ് ഫിക്ഷന്‍. കുറ്റാന്വേഷണ കഥയുടെ ആദ്യരൂപങ്ങള്‍ വില്‍ക്കി കോളിന്‍സിന്റെ 'ദ മൂണ്‍ സ്റ്റോണ്‍' പോലുള്ള നോവലുകളില്‍ കാണാം. നിഗമന യുക്തിയിലൂടെ കുറ്റകൃത്യം തെളിയിക്കുന്ന പോലീസല്ലാത്ത സ്വതന്ത്ര അപസര്‍പ്പകനെ ആദ്യമായി അവതരിപ്പിച്ചത് അമേരിക്കന്‍ എഴുത്തുകാരനായ എഡ്ഗാര്‍ അലന്‍ പോയാണ്. ദ്യൂപിന്‍ എന്ന അന്വേഷക കഥാപാത്രത്തെയാണ് പോ സൃഷ്ടിച്ചത്. ആര്‍തര്‍ കോനാന്‍ ഡോയ്ല്‍ തന്റെ ഷെര്‍ലക് ഹോംസിലൂടെ അപസര്‍പ്പകന്‍ എന്ന കഥാപാത്രത്തിന് പൂര്‍ണത നല്‍കി. ഇന്നും ഏറ്റവും പ്രിയപ്പെട്ട ഡിറ്റക്ടീവ് കഥാപാത്രവും ഷെര്‍ലക് ഹോംസ് തന്നെ. കുറ്റാന്വേഷണ കഥയില്‍ പിന്നീട് ഒട്ടേറെ ഉപവിഭാഗങ്ങള്‍ വികസിച്ചുവന്നു. മിസ്റ്ററി, പോലീസ് അന്വേഷണകഥ, ത്രില്ലര്‍, ഹാര്‍ഡ് ബോയ്ല്‍സ്, നോയ്ര്‍ അങ്ങനെ പല ഇനങ്ങള്‍. 

കോനന്‍ ഡോയ്‌ലിനെ സ്വാധീനിച്ച എഡ്ഗര്‍ അലന്‍പോയുടെ നിഗൂഢതാസാമ്രാജ്യത്തെപ്പറ്റി?

എഡ്ഗര്‍ അലന്‍ പോയെ കുറ്റാന്വേഷണ കഥാകൃത്ത് എന്നു പറയുന്നതു തെറ്റാണ്. കവിയും കഥാകൃത്തും ചിന്തകനും ഒക്കെയായിരുന്ന പോ അപസര്‍പ്പക കഥയുടെ ആദി മാതൃകകള്‍ അവതരിപ്പിച്ചു. മര്‍ഡര്‍ ഇന്‍ ദ റ്യൂ മോര്‍ഗ്, മിസ്റ്ററി ഓഫ് മരീ റോജെറ്റ്, പര്‍ലോയ്ന്‍ഡ് ലെറ്റര്‍ എന്നീ മൂന്നു കഥകളാണവ. അതില്‍ നിന്നും പ്രചോദനം നേടിയ കോനന്‍ ഡോയ്ലാണ് അപസര്‍പ്പക കഥയ്ക്ക് പൂര്‍ണത വരുത്തിയത്. അഗതാക്രിസ്റ്റി അതിന് ഒന്നുകൂടി മിഴിവുവരുത്തി.

ഷെര്‍ലെക് ഹോംസിനേക്കാള്‍ മികച്ച കഥാപാത്രങ്ങളുണ്ടോ?

മികച്ചത് എന്ന താരതമ്യത്തില്‍ കാര്യമില്ല. അഗതാക്രിസ്റ്റിയുടെ ഹെര്‍ക്യൂള്‍ പൊയ്റോട്ടും ജി.കെ. ചെസ്റ്റേര്‍ട്ടന്റെ ഫാദര്‍ ബ്രൗണും ഡോറത്തി സേയേഴ്സിന്റെ ലോര്‍ഡ് പീറ്റര്‍ വിംസിയും ജോസഫൈന്‍ ടേയുടെ ഇന്‍സ്പെക്ടര്‍ അലന്‍ ഗ്രാന്റും ഹോര്‍ഹെ ലൂയി ബോര്‍ഹസിന്റെ ഡോണ്‍ ഇസിഡ്രോ പരോഡിയും ഷോര്‍ഷെ സിമെനോണിന്റെ ഇന്‍സ്‌പെക്ടര്‍ മാഗ്രെയുമെല്ലാം തന്‍നിലയില്‍ മികച്ച കഥാപാത്രങ്ങളാണ്. 

ഹോംസിന്റെ നിഗമന രീതികള്‍ ഇന്നത്തെ യുക്തിക്ക് നിരക്കുമോ?

അന്നത്തെ ശാസ്ത്ര സാങ്കേതിക വിദ്യകളും നിഗമനയുക്തിയെന്നു താന്‍ വിളിച്ച അഭ്യൂഹങ്ങളുമാണ് ഷെര്‍ലക് ഹോംസ് ഉപയോഗിച്ചത്. ഇന്ന് സാങ്കേതിക വിദ്യയും ഫോറന്‍സിക് സയന്‍സും എത്രയോ വികസിച്ചിരിക്കുന്നു. യുക്തിയുടെ രീതികളും മാറി. ഹോംസ് ഇന്നത്തെ അന്വേഷണത്തിന് മാതൃകയല്ല. എന്നാല്‍ കണ്ടെത്തലിന്റെ രീതിയെക്കുറിച്ചുള്ള ഒരു മാതൃകയാണ്. 

PK Rajasekharan

 ഹോംസ്-വാട്സണ്‍ ബന്ധം ഗേ സെക്ഷ്വാലിറ്റിയുടെ ഭാഗമാണോ?

അങ്ങനെ വാദിക്കുന്ന ചില പഠനങ്ങള്‍ ഇംഗ്ലീഷില്‍ കണ്ടിട്ടുണ്ട്. അതും ഒരു വ്യാഖ്യാനമാണ് തെളിവുകളുടെ കാര്യത്തിലാണ് സംശയം. 

പില്‍ക്കാലത്ത് കുറ്റാന്വേഷണ കഥകള്‍ ഹോംസില്‍ നിന്ന് മുക്തി നേടിയോ?

ഹോംസും പൊയ്റോട്ടുമടങ്ങുന്ന ഇംഗ്ലീഷിലെ 'ഗോള്‍ഡന്‍ ഏജ്' കുറ്റാന്വേഷണ സാഹിത്യത്തിന് ശേഷമുള്ള കൃതികള്‍ ഹോംസ് ബാധയില്ലാത്തവരാണ്. ഡാഷിയല്‍ ഹാമെറ്റിന്റെയും റെയ്മണ്ട് ചാന്‍ഡ്ലറുടെയും ഹാര്‍ഡ് ബോയ്ല്‍സ് ജനുസ്സില്‍പ്പെട്ട കൃതികള്‍ ഉദാഹരണം. ഇപ്പോഴത്തെ വാട്ടര്‍ മോസ്ലി കൃതികളും അങ്ങനെയല്ല. ഹോംസ് മാതൃക ഇന്ന് ഒരു ഓര്‍മ മാത്രമാണ്. 

അപസര്‍പ്പക കഥയുടെ മലയാളത്തിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?

അപ്പന്‍ തമ്പുരാന്‍ 'ഒരു ദുര്‍മരണ'മെന്ന പേരില്‍ 1904-ല്‍ രസിക രഞ്ജിനി മാസികയില്‍ എഴുതുകയും പിന്നീട്  'ഭാസ്‌കരമേനോന്‍' എന്ന പേരില്‍ പുസ്തകമാക്കുകയും ചെയ്ത നോവലാണ് മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക കൃതി. ഷെര്‍ലക് ഹോംസിന്റെ ഛായയില്‍ കുറ്റാന്വേഷണം നടത്തി കൊലക്കേസ് തെളിയിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഭാസ്‌കരമേനോന്‍. മൂര്‍ക്കോത്ത് കുമാരന്റെ 'കനകംമൂലം' (1905) എന്ന നീണ്ടകഥ മറ്റൊരു ആദ്യകാല രചന. 1914-ല്‍ തരവത്ത് അമ്മാളുവമ്മ പ്രസിദ്ധീകരിച്ച 'കമലാഭായി അഥവാ ലക്ഷ്മി വിലാസത്തിലെ കൊലപാതകം' ആണ് ഒരു സ്ത്രീയുടെ ആദ്യരചന. 1930-കളോടെ മലയാളത്തില്‍ കുറ്റാന്വേഷണ കഥ സജീവമായി. 1950-90 കാലത്ത് അതൊരു വ്യവസായമായി വളര്‍ന്നു. പണ്ഡിതരായ ഒ.എം. ചെറിയാനും ആര്‍ നാരായണപ്പണിക്കരും മച്ചാട്ട് ഇളയതും എം.പി പോളും 1930-കളില്‍ അപസര്‍പ്പക കഥകളെഴുതി. പില്‍ക്കാലത്ത് എം.ടി വാസുദേവന്‍ നായര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും അപസര്‍പ്പകകഥാരചന നടത്തിയിട്ടുണ്ട്. 

 കുറ്റകൃത്യത്തെപ്പറ്റി എഴുതുന്ന എല്ലാകഥകളും കുറ്റാന്വേഷണ കഥകളാണോ?

കുറ്റകൃത്യത്തെ കേന്ദ്രമാക്കിയുള്ള എല്ലാരചനകളും കുറ്റാന്വേഷണ സാഹിത്യമല്ല. ദസ്തയേവസ്‌കിയുടെ 'കുറ്റവും ശിക്ഷയും', സി.വി. രാമന്‍ പിള്ളയുടെ 'ധര്‍മരാജ', ഒ.ചന്തുമേനോന്റെ 'ശാരദ' തോമസ് ഹാര്‍ഡിയുടെ 'ടെസ്' എന്നിവയൊന്നും അങ്ങനെയല്ല. എല്ലാ കുറ്റകൃത്യങ്ങളും കുറ്റാന്വേഷണ സാഹിത്യത്തിനു വിഷയമാകാറുമില്ല. ശിശുഹത്യ, ഭാര്യാഹത്യ, ഭാതൃഹത്യ തുടങ്ങിയവ ഹീനകൃത്യങ്ങളാണെങ്കിലും അവ പൊതുവേ പ്രമേയങ്ങളാവാറില്ലല്ലോ. അതിക്രമങ്ങള്‍ മാത്രമായി കുറ്റാന്വേഷണ സാഹിത്യം ഉണ്ടാകുന്നില്ലെന്നര്‍ഥം.

'ആകാംക്ഷയുടെ ഉല്‍പ്പന്ന'മെന്ന് താങ്കള്‍ നിരൂപണ ലേഖനങ്ങളില്‍ വിശേഷിപ്പിക്കുന്ന കുറ്റാന്വേഷണ സാഹിത്യത്തിന്റെ ഇന്നത്തെ നിലയെന്താണ്?

മലയാളത്തില്‍ കുറേക്കാലത്തെ ശൂന്യതയ്ക്കുശേഷം ഇപ്പോള്‍ വീണ്ടും കുറ്റാന്വേഷണ സാഹിത്യം പച്ചപിടിച്ചുവരുന്നു. ലോകഭാഷകളില്‍ മിക്കതിലും അതിശക്തമാണിപ്പോള്‍ അതിന്റെ നില. ജപ്പാന്‍, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ സ്പെയിന്‍, ഫ്രാന്‍സ്, എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം വിവര്‍ത്തനങ്ങള്‍ ഇംഗ്ലീഷില്‍ പുറത്തുവരുന്നു. 

കഠിന സാഹിത്യ വായനയ്ക്കിടയിലെ നേരമ്പോക്കാണോ കുറ്റാന്വേഷണ സാഹിത്യവായന. നിരൂപകര്‍ക്ക് അതിനെപ്പറ്റി വലിയ മതിപ്പില്ലല്ലോ?

കൂടുതല്‍ അധ്വാനം ആവശ്യപ്പെടുന്ന കൃതികള്‍ വായിക്കുമ്പോള്‍ വിശ്രമവും വിനോദവും നല്‍കുന്നവയാണ് കുറ്റാന്വേഷണ കൃതികള്‍. അതിനര്‍ഥം അവ അധമസാഹിത്യമെന്നൊന്നുമല്ല. മലയാളത്തിലെ കുറ്റാന്വേഷണ സാഹിത്യത്തെ സൈദ്ധാന്തികമായി വിശകലനം ചെയ്യാന്‍ ശ്രമിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍ ഞാന്‍ അങ്ങനെ കരുതുന്നുമില്ല. ഉദ്വേഗവും ആകാംക്ഷയും അന്വേഷണത്തിന്റെ സൂക്ഷ്മ രീതികളും വാഗ്ദാനം ചെയ്യുന്ന കുറ്റാന്വേഷണ കൃതികള്‍ സാഹിത്യത്തിലെ സൂക്ഷ്മാന്വേഷണങ്ങള്‍ക്കു മറ്റൊരുതരത്തില്‍ പ്രചോദകമാവുന്നതായാണ് എന്റെ അനുഭവം. ഉറങ്ങാന്‍ പോകുന്നതിനു മുമ്പുള്ള എന്റെ വായനയുടെ ഉപാധിയാണ് കുറ്റാന്വേഷണ കൃതികള്‍. അജ്ഞാതത്തെ തേടാനുളള വാസനയ്ക്ക് അതെന്നെ പ്രചോദിപ്പിക്കാറുമുണ്ട്. വ്യത്യസ്തമായരീതിയിലാണ് സാഹിത്യനിരൂപണത്തില്‍ എന്റെ അന്വേഷണങ്ങളെങ്കിലും. 

Content Highlights : Readers Day 2021 Special Interview with Critic PK Rajasekharan