വടക്കാഞ്ചേരി : കുട്ടികളുടെ കഥാമുത്തശ്ശി സുമംഗല ആരോഗ്യപ്രശ്നങ്ങളെ അവഗണിച്ചും വായനാദിനത്തിൽ വീട്ടിലും,വായനശാലയിലും കുട്ടികളുമായി സംവദിക്കുക പതിവാണ്.

എല്ലാ വർഷവും ഈ ദിനത്തിൽ വടക്കാഞ്ചേരിയിലെ ശ്രീകേരളവർമ്മ പബ്ലിക് ലൈബ്രറിയിലെത്തി വായനാസന്ദേശം നൽകും.തുടർന്ന് ജില്ലയുടെ നിരവധി വിദ്യാലയങ്ങളിൽ നിന്ന് വീട്ടിലെത്തുന്ന കുട്ടികളുമായി കഥകൾ പറഞ്ഞും,വായന നൽകുന്ന വസന്തവും ഓർമ്മിപ്പിച്ച് അക്ഷരമധുരം സമ്മാനിച്ചാണ് യാത്രയാക്കുക.സുമംഗല ഇല്ലാത്ത ആദ്യ വായനാദിനത്തിലും അവരുടെ നെയ്പായസവും,മഞ്ചാടിക്കുരുവും,പഞ്ചതന്ത്ര വ്യാഖ്യാനവും,ഭാഗവത കഥകളുമെല്ലാം കേരളവർമ്മ ലൈബ്രറിയിൽ നിറവാകുകയാണ്.സുമംഗല എഴുതിയ എല്ലാ പുസ്തകങ്ങളും അവർക്ക് സമ്മാനമായി ലഭിച്ചവയും അവരുടെ ആഗ്രഹ പ്രകാരം മക്കൾ ശ്രീകേരളവർമ്മ പബ്ലിക് ലൈബ്രറിയ്ക്ക് കൈമാറി.ദേശമംഗലം മനയിലെത്തി ലൈബ്രറി ഭാരവാഹികൾ സുമംഗലയുടെ മകൻ ദേശമംഗലം നാരായണനിൽ നിന്ന് ഗ്രന്ഥശേഖരം ഏറ്റുവാങ്ങി.
വായന പക്ഷാചരണത്തിന് തുടക്കം കുറിച്ച് ശ്രീകേരളവർമ്മ ലൈബ്രറിയിൽ സുമംഗല കോർണർ തുറന്നു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ: ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ മനസ്സറിഞ്ഞ് എഴുതി വായനയുടെ ലോകത്തെയ്ക്ക് അവരെ ഉയർത്തി കൊണ്ടുവന്നു എന്നതാണ് സുമംഗലയുടെ സാഹിത്യ രംഗത്തെ സവിശേഷ സംഭാവനയെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ: ടി.കെ.നാരായണൻ പറഞ്ഞു.കലാമണ്ഡലത്തെ പോലും അടുത്തറിയാൻ സഹൃദയർക്ക് സഹായകമായത് സുമംഗല എഴുതിയ ചരിത്രത്തിലൂടെയാണ്.

ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് വി.മുരളി, സെക്രട്ടറി ജി. സത്യൻ, വൈസ് പ്രസിഡന്റ് ലിസ്സി കോര ഭാരവാഹികളായ കെ. ഒ.വിൻസെന്റ്, എൻ.വി. അജയൻ , എം.ശങ്കരനാരായണൻ എം.എം. മഹേഷ്, എം.കെ. ഉസ്മാൻ എന്നിവർ ദേശമംഗലം മനയിലെത്തി പുസ്തകങ്ങൾ സ്വീകരിച്ചു. കാൽ നൂറ്റാണ്ടുകാലം ലൈബ്രറി വനിത വിഭാഗം അധ്യക്ഷയായിരുന്നു സുമംഗല .

സുമംഗലയുടെ പുസ്കതങ്ങൾ മാത്രമായി സജ്ജമാക്കിയ കോർണറിൽ വിപുലമായ ബാലസാഹിത്യ വിഭാഗം ഒരുക്കുകയാണ് സംസ്ഥാനത്തെ മികച്ച ലൈബ്രറിക്കുള്ള ലൈബ്രറി കൗൺസിലിന്റെ ഇ.എം.എസ് പുരസ്ക്കാരം ലഭിച്ച വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയുടെ വായന പക്ഷാചരണക്കാലത്തെ പ്രധാന പരിപാടി.

Content Highlights : Writer Sumangala's library books Donated to keralavarma library by her son