പ്ലസ് ടു സ്റ്റഡി ലീവിന് കഥാപുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ? പഠിക്കാന്‍ ആവശ്യത്തിലധികമുണ്ട്, എന്നാലും കയ്യില്‍ക്കിട്ടിയ ഡ്രാക്കുളയെ വായിക്കാതെ എങ്ങനെ? വീടിന്റെ താഴെ വയലാണ്, നീണ്ടു പരന്നിങ്ങനേ കിടക്കുന്ന വയല്‍. ദൂരെ നോക്കിയാല്‍ വലിയ പാറക്കെട്ടുകള്‍ കാണാം, അതിന്റെ താഴെ തെങ്ങിന്‍ തോട്ടം, തേക്കിന്‍ തോട്ടം, പിന്നെ പേര് പോലുമില്ലാത്ത ഏതൊക്കെയോ മരങ്ങള്‍. പ്രധാനപ്പെട്ട റോഡില്‍ നിന്നും ഒരു വെട്ടു റോഡിലേക്കിറങ്ങി നടന്നാല്‍ ആദ്യം കാണുന്ന വീടായിരുന്നു എന്റേത്. ആ വഴിയില്‍ കുറച്ചധികം വീടുകളുണ്ട്, എല്ലാവരും ഒരു വീട്ടില്‍ താമസിക്കുന്നവരെന്നതു പോലെ അടുപ്പമുള്ളവര്‍. റോഡിലേക്കിറങ്ങുന്ന കല്‍പടവിലിരുന്നാണ് സ്ഥിരം പുസ്തകം വായന. ഇടയ്ക്കിടയ്ക്ക് വെളുത്ത പേപ്പറില്‍ നിന്നും കണ്ണെടുത്ത് അങ്ങ് ദൂരേയ്ക്ക് നോക്കും. വീട്ടില്‍ നിന്നും പോകുന്ന അതെ വഴിയുടെ ഒടുവിലാണ് രേണുകയുടെ വീട്. ഒരേ സ്‌കൂളില്‍ ഒരേ ക്ളാസ്സിലാണ്. സയന്‍സാണ് വിഷയമെങ്കിലും വായനയും എഴുത്തും രണ്ടാള്‍ക്കുമുണ്ട്. അവളാണ് ഡ്രാക്കുള പ്രഭുവിനെ വായിക്കാന്‍ തന്നത്, അതും പ്ലസ് വണ്‍ പരീക്ഷയുടെ സ്റ്റഡി ലീവിന്. വായിക്കണോ വായിക്കാതിരിക്കാനോ എന്ന രണ്ടു തരം തോന്നലില്‍ നിന്നും ഒടുവില്‍ എന്തായാലും വായിക്കാം എന്ന തീരുമാനത്തിലെത്തി, പക്ഷെ എങ്ങനെ വായിക്കും? പതിവ് പോലെ നാട്ടുകാര് മുഴുവന്‍ പോകുന്ന വഴിയിലിരുന്നു പരീക്ഷാ സമയത്ത് പുസ്തകം വായിച്ചാല്‍ വിവരം അമ്മയുടെ ചെവിയിലെത്തും പിന്നത്തെ അവസ്ഥ പറയാനാവില്ല, അതുകൊണ്ട് നേരെ തൊട്ടു മുകളിലെ ഭാര്‍ഗവി നിലയത്തിലേയ്ക്ക് വച്ച് പിടിച്ചു.

ഡ്രാക്കുള വായിക്കാന്‍ പറ്റിയ അന്തരീക്ഷം. വര്‍ഷങ്ങളായി ആള്‍താമസമില്ലാത്ത വീടാണ്. പഴയ ബ്രിട്ടീഷുകാരുടെ ബംഗ്‌ളാവ് പോലെ നിഗൂഢമായ എന്തൊക്കെ കഥകള്‍ ഉള്ളില്‍ ഉറഞ്ഞെന്ന പോലെ നാട്ടുകാരെ മുഴുവന്‍ ഭീതിപ്പെടുത്തുന്ന ഒന്നായിരുന്നു ആ സ്ഥലം. വീടിനു ചുറ്റും ഒരു ഏക്കറോളം മരങ്ങള്‍ വളര്‍ന്നു, വള്ളികള്‍ പടര്‍ന്ന്, എന്നോ മരിച്ചു പോയ ജഡ്ജി അപ്പൂപ്പന്റെ ചുടുകട്ട കൊണ്ട് പൊക്കിക്കെട്ടിയ കല്ലറയും. അവിടെയില്ലാത്ത പൂക്കളും പഴങ്ങളുമുണ്ടായിരുന്നില്ല. പേരയ്ക്ക, പല തരത്തിലുള്ള മാമ്പഴം, വെണ്ണപ്പഴം, പനീര്‍ ചാമ്പ, ലോലിക്ക, അരി നെല്ലിക്ക, ചാമ്പങ്ങ, ഇലഞ്ഞി, ഞാറ, അങ്ങനെ പേരറിയുന്നതും അറിയാത്തതുമായ ഒരുപാട് മരങ്ങളും പഴങ്ങളും പൂക്കളും. പക്ഷെ അവിടെ പലരും വെളുത്ത ഷര്‍ട്ടിട്ടും മുണ്ടുമുടുത്ത് കയ്യില്‍ കാലന്‍ കുടയും പിടിച്ച് അമര്‍ത്തി ചവിട്ടി നടന്നു പോകുന്ന ജഡ്ജി അപ്പൂപ്പനെ കണ്ടുവെന്നൊരു കഥയുമുണ്ട്. പ്രത്യേകിച്ച് ചീട്ടുകളിക്കാനായി മറ്റാരും കാണാതെ അവിടെ പോയിരിക്കുന്ന നാട്ടിലെ ചെക്കന്മാരുടെ കഥകളാണിവ. ആ കഥയ്ക്ക് ശേഷം എന്തുകൊണ്ടോ അവര്‍ ചീട്ടു കളിയുടെ സ്ഥലം വീട്ടില്‍ നിന്നും താഴെ വയല്‍ വരമ്പിലേയ്ക്ക് മാറ്റിയിരുന്നു. തൊട്ടു മുകളിലെ വീടായിട്ടും മിക്കപ്പോഴും എന്റെ ചുറ്റിയടിക്കല്‍ സ്ഥലം ആ വീടായിട്ടും ഇന്നേവരെ വെളുത്ത ഷര്‍ട്ടും മുണ്ടും ആ കാലന്‍ കുടയും കണ്ടിട്ടേയില്ല.

'എല്ലാ നാളുകാരും പ്രേതത്തെ കാണത്തില്ല. അതുകൊണ്ടാ'
ചീട്ടുകളിക്കാന്‍ വന്ന ചെക്കന്മാരെ കളിയാക്കിയപ്പോള്‍ കിട്ടിയ മറുപടിയില്‍ അത്ര സംതൃപ്തിയൊന്നുമില്ലെങ്കിലും എനിക്കിഷ്ടമാണ് ആ വന്യമായ നിഗൂഢത. അമ്മയും അച്ഛനും നാട്ടുകാര്‍ പോലുമറിയാതെ വേണം ഡ്രാക്കുള വായിക്കാന്‍. നേരെ പുസ്തകവുമെടുത്ത് ഭാര്‍ഗ്ഗവീ നിലയത്തിലേയ്ക്ക് വച്ച് പിടിച്ചു. തത്തമ്മ പച്ച നിറമടിച്ച ചുമരുകള്‍, ജനാലയ്ക്ക് വെളുപ്പും. അവയോടു ചേര്‍ന്ന് ഒരു വലിയ തൊഴുത്തുണ്ട്, ഇപ്പോഴും (അപ്പോഴും) വൈക്കോല്‍ മണമുള്ള ഒരു മുറി. വല്ലാത്തൊരു നിറവാണ് ആ ഗന്ധത്തിനെന്നു തോന്നാറുണ്ട്, അതിന്റെ നടയിലിരുന്നു തുടങ്ങിയ വായന പിന്നെ വീടിന്റെ ഉമ്മറത്തേയ്ക്കും പിന്നിലെ പടവിലും മരച്ചോട്ടിലേയ്ക്കുമൊക്കെ നീണ്ടു.

ദുര്‍ബലമാക്കപ്പെടുന്ന മനസ്സുകളെയാണ് ഭയപ്പെടുത്താന്‍ നല്ലതെന്നാണ്, പക്ഷെ എന്തുകൊണ്ടോ ആ വായനയിലെങ്ങും ഞാന്‍ ദുര്‍ബലയായിരുന്നില്ലെന്നു തോന്നുന്നു. അല്ലെങ്കില്‍ ഭീതിപ്പെടുന്ന ആ അന്തരീക്ഷത്തില്‍ എന്തൊക്കെ സംഭവിക്കാനുള്ള സാധ്യതകളുണ്ടാകുമായിരുന്നു. പക്ഷെ ജോനാഥന്‍ ആദ്യമായി പ്രഭുവിന്റെ കൊട്ടാരത്തിലെത്തിയ അനുഭവം വായിക്കുമ്പോള്‍ എനിക്ക് മുന്നില്‍ തലയെടുത്ത് ഉയര്‍ന്നു നിന്ന നിഗൂഢമായൊരു വീടുണ്ടായിരുന്നു. ഇടയ്‌ക്കെപ്പോഴോ അതിന്റെ കണ്ണാടി ജനാലകള്‍ക്കുള്ളിലൂടെ അകത്തേയ്ക്ക് നോക്കിയതോര്‍മ്മയുണ്ട്. ഒരു മുറി നിറയെ പുസ്തകങ്ങളായിരുന്നു, (അവിടെ നിന്നാണ് റഷ്യന്‍ കഥകളുള്ള സോവിയറ്റ് യൂണിയന്‍ എന്ന പുസ്തകം ഞാന്‍ വായിക്കുന്നത്). മറ്റൊന്നില്‍ അടുക്കില്ലാതെ ചിതറിക്കിടക്കുന്ന വീട്ടുപകരണങ്ങള്‍, ഒരു മുറിയില്‍ മേശയില്‍ ചെറിയ ചെറിയ ദൈവപ്രതിമകള്‍, അതും തടിയില്‍ തീര്‍ത്തത്, അങ്ങനെയൊന്ന് അവിടെയാണ് ഞാനാദ്യമായി കണ്ടിരുന്നത്. ഡ്രാക്കുള കോട്ടയ്ക്കുള്ളിലെ ഭീതിദമായ ആ തണുപ്പും ഗന്ധവും ആ വീട്ടിനുള്ളില്‍ കയറിയപ്പോള്‍ അറിഞ്ഞിട്ടുണ്ട്. ജഡ്ജിയപ്പൂപ്പന്റെ ഭാര്യയും ഒരു വീട്ടു ജോലിക്കാരിയും അവരുടെ അവസാന കാലത്ത് താമസത്തിനു വന്നപ്പോഴായിരുന്നു അത്.

എന്തായാലും ഡ്രാക്കുള വായന സത്യത്തില്‍ വായിച്ച സമയത്തായിരുന്നില്ല, അതുകഴിഞ്ഞുള്ള രാത്രിയിലാണ് ഭീതിപ്പെടുത്തിയത്. ഭാര്‍ഗ്ഗവീ നിലയത്തിനോട് ചേര്‍ന്നുള്ള വശത്താണ് കിടപ്പു മുറി. ജനാലകള്‍ അടഞ്ഞു കിടക്കുമെങ്കിലും കാലപ്പഴക്കം കൊണ്ട് തടി ജനാല പലയിടത്തും വിണ്ടു കീറിയിരുന്നു. ഒരുറക്കം കഴിഞ്ഞു എപ്പോഴോ നോക്കിയപ്പോള്‍ ജനാലയുടെ വിടവിനിടയിലൂടെ അരിച്ചിറങ്ങുന്ന ചെറുവെളിച്ചം. അതിനൊരു ചുവന്ന നിറമുണ്ടോ എന്ന് സംശയമായി. ഒരിക്കല്‍ക്കൂടി നോക്കിയപ്പോള്‍ അത് വെറുതെയൊരു വെളിച്ചമല്ല, കൃതയുമായി ഡ്രാക്കുളയെ വായിച്ചപ്പോള്‍ മനസ്സില്‍ എന്ത് രൂപമാണോ തോന്നിയത് അതെ രൂപം ഒരു പുക പോലെ ജനല്‍ പാളിയുടെ വിള്ളലിലൂടെ അകത്ത് കയറിയ ശേഷം അതിനു കൊമ്പ് മുളയ്ക്കുന്നു, ചോരക്കണ്ണുകള്‍ വലുതാകുന്നു. ഇത് സത്യമാണോ?

കഴുത്ത് വരെ ഇറങ്ങിക്കിടന്ന പുതപ്പ് തലയുടെ മുകളിലേക്കിട്ടു. പിന്നെ ഒരിക്കല്‍ക്കൂടി നോക്കിയില്ല. ഇപ്പോഴും കൃത്യമായ ധാരണയില്ല, അത് ഉറക്കത്തില്‍ കണ്ട സ്വപ്മനമായിരുന്നോ അതോ തോന്നലായിരുന്നു സത്യമാണോ എന്നൊന്നും. എന്നിരുന്നാലും ഒറ്റ ദിവസം കൊണ്ട് വായിച്ചു തീര്‍ത്ത ഡ്രാക്കുളയുടെ വേട്ടയാടല്‍ പിന്നീടുള്ള ഓരോ രാത്രികളെയും സ്വാധീനിച്ചിരുന്നു എന്നോര്‍ക്കുന്നു. ആദ്യം തോന്നിയ രാത്രി ഭീതി പതിയെ ഇല്ലാതായി, ജോനാഥന്റെയൊപ്പം മലയിറങ്ങി നഗരത്തിലേക്ക് വന്ന ഡ്രാക്കുള പ്രഭു പ്രണയം കൊണ്ട് കീഴടക്കിയ സ്ത്രീകള്‍ രക്തദാഹികളായ ഡ്രാക്കുളകളായി മാറുന്നത് എങ്ങനെയെന്നോര്‍ത്ത് അമ്പരന്നു. അവര്‍ വീണ്ടും ദാഹം തീര്‍ക്കാന്‍ മനുഷ്യരെ കണ്ടെത്തുന്നതോര്‍ത്തപ്പോള്‍ ഭീതിയല്ല രസകരമായ ഒരുന്മാദമാണുണ്ടായതെന്നാണ് ഓര്‍മ്മ.

ഡ്രാക്കുളയെ ഭയക്കാത്ത ഒരാള്‍ മറ്റെന്ത് കാണുമ്പൊള്‍ ഭയക്കാനാണ്? സത്യം! ഒരിക്കല്‍ ഓര്‍ക്കാതെ തുറന്നിട്ട ജനാലയിലൂടെ അകത്തേയ്ക്ക് വന്ന നിഴല്‍ കണ്ടാണ് ഉണര്‍ന്നത്. എന്തോ ശബ്ദം കേട്ട് കണ്ണ് തുറന്നു പോയതാണ്. ഭയമല്ല ആ സമയത്ത് പ്രത്യേകിച്ച് ഒരു അനുഭവങ്ങളുമില്ലാത്തതു പോലെയായിരുന്നു. കട്ടിലില്‍ നിന്നും എഴുന്നേറ്റു ലൈറ്റിട്ടു. നിഴല്‍ പെട്ടെന്നില്ലാതെയായി. അതും എന്റെ തോന്നലായിരുന്നോ? അറിയില്ല, പക്ഷെ അല്ലെന്നു തോന്നുന്നു കാരണം ജനാലയോടു ചാരിയിരുന്ന കൃഷ്ണന്റെയും രാധയുടെയും ചിത്രം താഴേയ്ക്കൂര്‍ന്നു വീണിരുന്നു. പക്ഷെ അച്ഛന്‍ ഒരു ടോര്‍ച്ചും കൊണ്ട് ചുറ്റും നടന്നിട്ടും ഒരാളെയും കണ്ടില്ല, ഒരനക്കവും കേട്ടില്ല. ഇങ്ങനെ തോന്നലുകളില്‍പ്പോലും എന്തുകൊണ്ടാവും ഭീതി തോന്നാത്തത്!

പഴയ ഭാര്‍ഗവി നിലയം ഇപ്പോള്‍ പൊളിച്ച് അവിടെ പുതിയ വീട് പണിതിരിക്കുന്നു. മരങ്ങളില്‍ പകുതി മാത്രം പഴയ ഓര്‍മ്മയവശേഷിപ്പിച്ച് തലപൊക്കി നോക്കാറുണ്ട്. ഇരുട്ട് മാറി ആ വീട് വെളിച്ചപ്പെട്ടിരിക്കുന്നു. അവിടുത്തെ സോവിയറ്റ് യൂണിയന്‍ പുസ്തകങ്ങളും തടിയിലെ പ്രതിമകളും എന്ത് ചെയ്‌തെന്നറിയില്ല. ജഡ്ജിയപ്പൂപ്പന്റെ പ്രേതം അവിടെ ചുറ്റിയടിക്കുന്നുണ്ടോ എന്നുമറിയില്ല.

ഇപ്പോഴും ഇരുട്ട് ഭീതിപ്പെടുത്താറില്ല, മിസ്റ്റിക് മൗണ്ടന്‍ എന്ന സാത്താനിക് നോവല്‍ എഴുതിയപ്പോഴും ആഗ്‌നസിനും താരയ്ക്കുമൊപ്പം നടന്നതായി അനുഭവിച്ചു എന്നല്ലാതെ പല വായനക്കാരും അനുഭവിച്ച പോലെ ഭീതിയുടെ തണുപ്പ് എനിക്കുണ്ടായില്ല. സത്യത്തില്‍ അസൂയ തോന്നി, പലരുടെയും വായനയുടെ അനുഭൂതി അറിഞ്ഞപ്പോള്‍. വായനയ്ക്കിടയില്‍ പെട്ടെന്ന് മുറിയില്‍ പടര്‍ന്ന ഇരുട്ടും ഇലകളുടെ മര്‍മ്മരവും അപ്രതീക്ഷിതമായ അപസ്വരങ്ങളും ഒക്കെയും വായനക്കാരുടെ അനുഭവങ്ങളാണ്. രാത്രിയും അപസ്വരങ്ങളും വളരെ സ്വാഭാവികമെന്നാണോണം ഞാനാസ്വദിക്കുന്നു, പക്ഷെ പേടി മനുഷ്യരെയാണ്, പിന്നെ പാമ്പുകളോടും..

ശ്രീപാര്‍വതിയുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: sree parvathy, Dracula, Bram Stoker, Raeders day