വായനയില്‍ ഒരേ സമയം  ഉദ്വേഗം, ഭീതി എന്നിവ അതിന്റെ പരമമായ അര്‍ത്ഥത്തില്‍ നല്‍കിയിട്ടുള്ള  പുസ്തകങ്ങള്‍ ചുരുക്കമായിരിക്കും. വായിക്കാന്‍ തുടങ്ങിയ കാലത്ത് തന്നെ അക്ഷരങ്ങള്‍ക്കിടയില്‍ ഉദ്വേഗം,  ചടുലത, ഭീതി എന്നിവ തിരയാനുള്ള ത്വര ഒരുപക്ഷേ, ഉള്ളിലെ ജീനിന്റെ ഭാഗമായിരുന്നിരിക്കണം. വായനാതാല്പര്യത്തിന്റെ ആരംഭദശയില്‍ ഹാസ്യം, ഉദ്വേഗം എന്നിങ്ങനെ രണ്ട് വിരുദ്ധ ധ്രുവങ്ങളിലേക്ക്  എങ്ങനെയോ പരിവര്‍ത്തിക്കപ്പെട്ടത് കൊണ്ട്, അക്കാലത്തെ തമാശ പറയുന്ന കാര്‍ട്ടൂണുകളിലേക്കും, ഉദ്വേഗമുണര്‍ത്തുന്ന ആക്ഷന്‍ കോമിക് ഹീറോകളിലേക്കും ഒരേ സമയം മുഴുകുകയും, അത് പില്‍ക്കാലത്ത് അതെന്റെ  വായനാസംസ്‌കാരത്തെ രൂപപ്പെടുത്തുകയുമുണ്ടായി.

കണ്ണാടി വിശ്വനാഥന്റെ ഉരുക്കുകൈ മായാവി, ഇന്ദ്രജാല്‍ കോമിക്‌സിന്റെ ബഹാദൂര്‍ തുടങ്ങിയ  ചിത്രകഥകള്‍ക്കൊപ്പം, അക്കാലത്തു പത്രങ്ങളില്‍ സ്ട്രിപ്പുകളായും, കോമിക്ക് ബുക്കുകളായും വന്നിരുന്ന ഫാന്റം, മാന്‍ഡ്രേക് തുടങ്ങിയവയും ഉദ്വേഗം, ഭീതി എന്നിവ അവതരിപ്പിക്കുന്ന കഥകളിലേക്കുള്ള ആദ്യ ചുവടുവെപ്പുകളായി. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള ചിത്രകഥ ആദ്യത്തെ ഹൊറര്‍ അനുഭവത്തിലേക്ക് വഴിതിരിച്ചു. മഞ്ഞുമൂടിയ കാര്‍പാത്യന്‍ മലനിരകളില്‍ നിന്നും ഓരിയിടുന്ന ചെന്നായ്ക്കളുടെ ശബ്ദം, ജോനാഥന്‍ ഹാര്‍ക്കറെ ഭയപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നോര്‍ത്ത് ഞാന്‍ ഭയപ്പെട്ടുകൊണ്ടിരുന്നു. ഡ്രാക്കുളക്കോട്ടയിലെ മൂകതയും, തണുത്തുറഞ്ഞ അന്ധകാരവും, ഇരുളില്‍ എപ്പോഴോ കഴുത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ കാത്തിരിക്കുന്ന രണ്ട് നീളന്‍ പല്ലുകളുടെ വെണ്മയുമോര്‍ത്ത് ഉറക്കങ്ങള്‍ നഷ്ടപ്പെട്ടു. വായനയില്‍ അനുഭവിച്ച ഭീതി, യഥാര്‍ത്ഥ ജീവിതത്തിലേക്കും നിഴല്‍ പോലെ പിന്തുടരാമെന്ന് ഡ്രാക്കുളയാണാദ്യം പഠിപ്പിച്ചത്.

വായന വളര്‍ന്നപ്പോള്‍ ബാല്യത്തിന്റെയും കൗമാരത്തിന്റെയും ദശാസന്ധിയില്‍, വീട്ടിലറിയാതെ ജനപ്രീയ വരികകള്‍ ഒളിച്ച് വായിക്കുക എന്ന അഭ്യാസം ആരംഭിച്ചു. കോട്ടയം പുഷ്പനാഥ്, ജോസി വാഗമാറ്റം, ബാറ്റണ്‍ ബോസ്, എന്‍. കെ. ശശിധരന്‍, മെഴുവേലി ബാബുജി, ഏറ്റുമാനൂര്‍ ശിവകുമാര്‍ തുടങ്ങിയവര്‍ ജീവിതത്തിന്റെ ഭാഗമായി. ജോസി വാഗമറ്റത്തിന്റെ ലോറിക്കാരന്‍ നോബിള്‍ അന്ന് വലിയ ആരാധകരുള്ള കഥാപത്രമായിരുന്നു. അന്ധകാരത്തില്‍ ഹൈറേഞ്ചിലെ ഹെയര്‍പിന്‍ വളവില്‍ നിന്ന് തീക്ഷ്ണമായി നീട്ടിയടിക്കുന്ന നോബിളിന്റെ ലോറിയുടെ ഹെഡ്ലൈറ്റിനേകുറിച്ച് വായിക്കുമ്പോള്‍, ആ ചുരത്തിനപ്പുറം എന്താണ് നിഗൂഢമായി കാത്തിരിക്കുന്നതെന്നറിയാനുള്ള ആകാംഷ-ഉദ്വേഗം എന്നെപ്പോലെ ഓരോ വായനക്കാരനും അന്ന് അനുഭവിച്ചറിഞ്ഞിരിക്കണം. ജോസി വാഗമറ്റം വായനക്കാരനെ  ഉദ്വേഗത്തിലാഴ്ത്തുമ്പോള്‍, ഏറ്റുമാനൂര്‍ ശിവകുമാര്‍ യക്ഷിക്കഥകളുടെ ഭീതിനിറഞ്ഞ പാലമരച്ചുവടുകളിലേക്കും, എഴുത്തോലകളിലേക്കും വിഭ്രമിപ്പിച്ചു കൊണ്ട് വായനക്കാരെ ഞെട്ടിച്ചു. യക്ഷിക്കഥകളിലേയും, മാന്ത്രിക നോവലുകളിലെയും കടവാതിലുകളും, മൂങ്ങകളും ഉള്ളിലെ ധൈര്യത്തിന്റെ കെട്ടഴിച്ചു വിട്ടിരുന്നു. നാട്ടിലുള്ള സെമിത്തേരിയുടെ കൂറ്റന്‍ മതില്‍ക്കെട്ടിനു പുറത്തെ വിജനത താണ്ടുമ്പോഴെല്ലാം, കാറ്റിനോപ്പം ചെവിയില്‍ ഞാനൊരു ചൂളമടി കേട്ടിരുന്നു. ഇടം വലം നോക്കാതെ മുന്നോട്ട് വേഗത്തില്‍ നടക്കുമ്പോള്‍ സെമിത്തേരിയ്ക്കുള്ളില്‍ പാലയുണ്ടെന്നും, അതിനു ചുവട്ടില്‍ നിലത്ത്  മുട്ടുന്ന മുടിയുള്ള യക്ഷി നില്‍പ്പുണ്ടാവാമെന്നും ഉള്ളില്‍ തോന്നിയിട്ടുണ്ട്. അപ്പോള്‍ തണുത്തിട്ടെന്നവണ്ണം കൈകാല്‍കളിലെ രോമങ്ങള്‍ ഉണരും. നടപ്പിന് കൂടുതല്‍ വേഗം കൂടും, അത് ഓട്ടമായി പരിണമിക്കും. ഓടുമ്പോള്‍ ചെവിയില്‍ അതിവേഗം വന്നടിച്ച് ചിതറിപ്പോകുന്ന കാറ്റ്, യക്ഷിയുടെ അട്ടഹാസമായി തോന്നും. അപ്പോള്‍ കയ്യും കാലും വിറയ്ക്കും, നെഞ്ചിടിക്കും. ഒടുവില്‍ ഏതെങ്കിലും വീടിനു മുന്‍പിലെത്തുമ്പോള്‍ ഓട്ടം നിര്‍ത്തി ആശ്വാസത്തോടെ പതിയെ തിരിഞ്ഞു നോക്കും, യക്ഷി പോയോ?

വിക്രമദിത്യ കഥകളുടെ ലോകം മുന്നില്‍ തുറന്നതും ഐതീഹ്യമാല വായിക്കുന്നതും അതേ കാലത്താണ്. ഭീതി പ്രസരിക്കുന്ന ചുറ്റുപാടില്‍ നിന്നും വേതാളത്തെ കീഴ്‌പ്പെടുത്തി, ചുമലിലേറ്റി വിക്രമാദിത്യന്‍ മുന്നോട്ട് നീങ്ങുമ്പോഴെല്ലാം വേതാളം ഉദ്വേഗവും, ആകാംഷയുമുണര്‍ത്തുന്ന ഓരോ കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു. ഒരുപക്ഷേ വേതാളമായിരുന്നിരിക്കണം ആദ്യത്തെ ഉദ്വേഗ കഥാകാരന്‍. ഐതീഹ്യമാലയിലാകട്ടെ പല പുറങ്ങളിലും ഭീതിയുടെ, നിഗൂഢതയുടെ അംശങ്ങള്‍ പരന്നുകിടന്നിരുന്നു.

ഉദ്വേഗത്തേയും ഭയത്തെയും ഹാസ്യത്തിലേക്ക് സന്തുലനം ചെയ്യാനുള്ള വായനാതാല്പര്യത്തിന്റെ  ഫലമായി, തോമസ് പാലായുടെ നോവലുകളും, വി.കെ.എന്നിന്റെ പയ്യന്‍സും ഇടയ്ക്കിടയ്ക്ക് പൊട്ടിച്ചിരിപ്പിക്കുന്നുണ്ടെങ്കിലും, വായിക്കണമെന്ന തോന്നല്‍ വരുമ്പോള്‍ - പുസ്തകം കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍, അപ്പോഴെല്ലാം ആദ്യ ഓപ്ഷനായി ഉദ്വേഗം അല്ലെങ്കില്‍ ഭീതി നിറഞ്ഞ കഥകള്‍ തിരഞ്ഞുകൊണ്ടിരുന്നു.

അക്കാലത്ത്  ഡിറ്റക്റ്റീവ് നോവലുകള്‍ക്ക് പഞ്ഞമില്ലായിരുന്നു. പക്ഷേ അവയുടെ മുഖചിത്രങ്ങള്‍  പലപ്പോഴും അവ ഒളിച്ചു വെക്കാന്‍ പ്രേരിപ്പിക്കത്തക്കതായിരുന്നു. അങ്ങനെയുള്ള ഒരു കഥയില്‍ നായകനായ ഡിറ്റക്റ്റീവ്, തട്ടിക്കൊണ്ടു പോകപ്പെട്ട പെണ്‍കുട്ടിയെ തേടി അന്ധകാരം നിറഞ്ഞ ഭൂഗര്‍ഭ തുരങ്കത്തിലൂടെ ഒറ്റയ്ക്ക് നീങ്ങുമ്പോള്‍, അടുത്തത് എന്താണ് സംഭവിക്കുക എന്ന ഭീതിയോടെ പേജുകള്‍ മറിച്ചത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. മാത്രമല്ല ആ ഇരുണ്ട തുരങ്കം അക്കാലത്തെ ഉറക്കം കളയാന്‍ പോന്നതുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ നോവലിന്റെ പേരോ, എഴുതിയ ആളോ വിസ്മൃതമായിരിക്കുന്നു.

വായനയിലെ സന്തത സാഹചരിയായി ഷെര്‍ലക് ഹോംസ് വന്നെത്തുന്നത് ആയിടയ്ക്കായിരുന്നു. അതൊരു പുതിയ അനുഭവമായിരുന്നു. സര്‍. ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഹോംസിനും, വാട്‌സനുമൊപ്പം രാപ്പകലില്ലാതെ ബേക്കര്‍ സ്ട്രീറ്റിലും ഇംഗ്ലണ്ടിന്റെ പരിസരങ്ങളിലും ഞാന്‍ അലഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം ഏകനായി ബാല്‍ക്കണിയില്‍ നിന്ന് പൈപ്പ് പുകയ്ക്കുമ്പോള്‍, വാട്‌സനെപ്പോലെ എന്നിലും ഉദ്വേഗം നിറഞ്ഞു. അദ്ദേഹം എന്താണ് ആലോചിക്കുന്നത്? ഏത് കേസാണ് അദ്ദേഹത്തിന്റെ മനസ്സില്‍ ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്നത്? ക്രമേണ എഴുത്തുകാരനേക്കാള്‍ മുന്‍പേ ഉള്ളിലെ വായനക്കാരന്‍ ശ്രദ്ദാലുവാകാന്‍ തുടങ്ങി, തെരുവില്‍ നിന്നും ഒരു കുതിരക്കുളമ്പടി കേള്‍ക്കുന്നില്ലേ...? അതില്‍ നിന്നും വിളറിയ മുഖമുള്ള ഒരു സ്ത്രീ, 221 ആ യുടെ പടികള്‍ കയറി വന്നേക്കില്ലേ...? ഉദ്വേഗം നമ്മെത്തന്നെ ഒരു ഹോംസായി മാറ്റിക്കൊണ്ടിരുന്നു.

ഹോംസിനൊപ്പമുള്ള സഞ്ചാരം 'ബാസ്‌കര്‍വില്‍സിലെ വേട്ടനായ്'ലേക്കെത്തുമ്പോള്‍ ഉദ്വേഗവും, ഭീതിയും ഒരേ അളവില്‍ ലയിച്ച്, അതിന്റെ  പാരമ്യം പൂകുന്നത്  ഞാന്‍ അനുഭവിച്ചറിഞ്ഞു. അത് ഹൈസ്‌കൂള്‍ കാലത്തിന്റെ അവസാനങ്ങളിലെപ്പോഴോ ആയിരുന്നു. ഇരുളില്‍ പുതച്ചു മൂടിയുറങ്ങുമ്പോഴെല്ലാം അക്കാലത്ത് ഒരു വേട്ടനായയുടെ മുരള്‍ച്ച എന്നെ നടുക്കിയുണര്‍ത്തി. തുടര്‍ന്ന് ഉറക്കം നഷ്ടപ്പെട്ടു കാതോര്‍ക്കുമ്പോള്‍ മുറിയിലെ സീലിംഗ് ഫാനിന്റെ ശബ്ദവും, അന്തരീക്ഷത്തിലെ ചീവീടുകളുടെ ഇടതടവില്ലാത്ത അലര്‍ച്ചകളും, അങ്ങിങ്ങായി ഒറ്റതിരിഞ്ഞു കേള്‍ക്കുന്ന മൂങ്ങകളുടെ മൂളലുകളും വിഭ്രമാത്മകമായ ഒരു വലയം ചുറ്റിനും തീര്‍ത്തു. അതെന്നെ വീണ്ടും  ഭയപ്പെടുത്തി. ഇരുളില്‍ മറഞ്ഞുപോയ മരങ്ങള്‍ക്കിടയിലെവിടെയോ പതുങ്ങി നിന്നുകൊണ്ട് ആ വേട്ടനായ എന്റെ മുറിയെ, കട്ടിലിനെ, എന്നെ ലക്ഷ്യം വെക്കുന്നുണ്ടാവുമോ? അത്തരം പേടിസ്വപ്നങ്ങളുടേയും, ആധിപിടിച്ച ചിന്തകളുടെയും സമ്മര്‍ദ്ദത്താല്‍ വൈകാതെ ഉറങ്ങിപ്പോകുകയും, യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് പുഞ്ചിരിച്ചു കൊണ്ട് പകലുകള്‍ വിരിയുകയും ചെയ്തു.

ഇന്നും ബാസ്‌കര്‍ വില്‍സ് വായിക്കാനെടുക്കുമ്പോള്‍ ആ വേട്ടനായയുടെ രൂപം സങ്കല്‍പ്പിച്ചു നോക്കാറുണ്ട്. അന്നത്തെ വായനയില്‍ മനസില്‍ പതിഞ്ഞ രൂപത്തില്‍ത്തന്നെ അതിന്നും പ്രത്യക്ഷപ്പെടുന്നു. വായനയില്‍ ഇത്ര ഉദ്വേഗവും, ഭയപ്പാടുമുളവാക്കിയ, അതിലെ വിവരണങ്ങള്‍ കുറേക്കൂടി ഭാവനാത്മകമായി ചിന്തിച്ച് സ്വയം ഭയന്നത് പോലെ, മറ്റധികം കഥകളോ, കഥാപാത്രങ്ങളോ ഇല്ല.

ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ കൃതികള്‍ വാങ്ങാം

Content Highlights: The Hound of the Baskervilles Novel by Arthur Conan Doyle