പുസ്തകയലമാരയോ പുസ്തകമോ ഇല്ലാത്ത ഒരു വീട്ടിലായിരുന്നു ഞാന്‍ ജനിച്ചത്. സത്യത്തില്‍ ഞങ്ങളുടെ വീട്ടില്‍ അന്ന് ഒരേയൊരു പുസ്തകമേ ഉണ്ടായിരുന്നുള്ളൂ -റേഷന്‍ കാര്‍ഡ്. അതു പക്ഷേ, തീര്‍ച്ചയായും മഹത്തായപുസ്തകം തന്നെയായിരുന്നു. ഞങ്ങള്‍ക്ക് വീട്ടില്‍ ആഹാരവും രാത്രി വെളിച്ചത്തിനായി മണ്ണെണ്ണയും പെരുന്നാള്‍ക്കാലത്ത് വല്ലപ്പോഴും പുതുവസ്ത്രവും തന്ന മഹത്തായ പുസ്തകം. 

അതില്‍ സൂക്ഷിച്ചുനോക്കിയാല്‍ അത്രകണ്ട് ആകര്‍ഷകമല്ലാത്ത ഞങ്ങളുടെ ആത്മകഥയും കാണാമായിരുന്നു. മണ്ണെണ്ണയുടെ നിരന്തര സാമീപ്യം കാരണം കറുത്തുപോയ പേജുകള്‍, ഏതു വിശപ്പിലും മോഹിപ്പിക്കുന്ന പച്ചരിയുടെ പ്രതീക്ഷാനിര്‍ഭരമായ മണം. ഇടയ്ക്ക് ചോറില്‍ കടിച്ചുപോയ കല്ലിന്റെ ബെല്ലടി നാദം. ദീര്‍ഘമായ ഉത്തരേന്ത്യന്‍ യാത്രകഴിഞ്ഞ് ക്ഷീണിച്ച ഗോതമ്പിന്റെ അപരിചിതമായ നോട്ടം. അതെ, റേഷന്‍ കാര്‍ഡും മഹത്തായപുസ്തകം തന്നെയെന്ന് ഇത്തരം സമാനാനുഭവമുള്ള ആരും സമ്മതിക്കും.

പിന്നെ ഉണ്ടായിരുന്ന പുസ്തകം, അടുത്ത വീട്ടില്‍നിന്ന് ഇടയ്ക്ക് കടംവാങ്ങി ഓതുന്ന ഖുര്‍ആന്‍ ആയിരുന്നു. ആവശ്യം കഴിഞ്ഞാല്‍ അതിനെ ഉടുപ്പിക്കാന്‍ ഒരു പുസ്തകക്കുപ്പായവുമുണ്ടായിരുന്നു. സ്‌കൂളിലെത്തിയപ്പോഴാണ് ആദ്യമായി ഒരു പുസ്തകം കാണുന്നത്. പേടിപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഉള്ളതിനാല്‍ എന്തുകൊണ്ടോ അതിനെ ഒരു പുസ്തകമായി ഇന്നോളം കാണാന്‍ കഴിഞ്ഞിട്ടില്ല. 

നാട്ടിന്‍പുറത്തെ പ്രൈമറി സ്‌കൂള്‍ കടന്ന് വലിയൊരു ഹൈസ്‌കൂളിലെത്തിയപ്പോഴാണ് പാഠപുസ്തകത്തിനപ്പുറത്ത് വേറെയും ഒട്ടേറെ  പുസ്തകലോകമുണ്ടെന്നറിയുന്നത്. കുന്ന് തട്ടാക്കിയുണ്ടാക്കിയ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിലെ മുറികളിലൊന്നിനെ ചൂണ്ടിയിട്ട് സഹപാഠി മനോജ് പറഞ്ഞു: ''ഇതാണ് ലൈബ്രറി.''
അതെന്താണാവോ? നിറയെ നല്ല രസമുള്ള പുസ്തകം ഇതിനകത്തുണ്ടെന്ന് മനോജ് വിശദീകരിച്ചുതന്നു.

പറഞ്ഞിട്ടെന്ത്! സദാസമയവും അടഞ്ഞുകിടക്കുന്ന ആ മുറി ഉച്ചയ്ക്ക് ഒന്ന് തുറന്നടയ്ക്കും. ലൈബ്രറിയുടെ ചാര്‍ജുള്ള മാഷിന് ഉച്ചയൂണ് കഴിഞ്ഞാല്‍ ഒന്ന് സ്‌മോക്ക് ചെയ്യണം. അവിടെ മുറിയടച്ച് കുറച്ചുനേരം മയങ്ങണം. ലൈബ്രറിയുടെ ചാര്‍ജുള്ള മാഷ് അതിനെ ഒരു പേഴ്സണല്‍ സ്മോക്കിങ് ആന്‍ഡ് സ്ലീപ്പിങ് റൂമായി പരിവര്‍ത്തിപ്പിച്ചെടുത്തു! അദ്ദേഹത്തിന്റെ കൃഷ്ണമണിയില്‍ സദാ രൂക്ഷതയും മൂക്കിനു താഴെ സാമാന്യം നന്നായി കൂര്‍ത്ത കൊമ്പന്‍ മീശയും ഇതിനെയൊക്കെ സദാ അകമ്പടി സേവിച്ചുകൊണ്ട് കൈയില്‍ നീളമുള്ള ചൂരല്‍ വടിയുമുണ്ടായിരുന്നു. അവിടത്തെ ലൈബ്രറിയില്‍നിന്ന് ഒരു പുസ്തകം ചോദിച്ചെത്താന്‍ ഏതെങ്കിലും വിദ്യാര്‍ഥി ധൈര്യപ്പെട്ടതായി അറിവില്ല. മാഷിന്റെ പേര് എന്നോട് ആരും ചോദിക്കരുത്. ഞാന്‍ പറയില്ല.

മൊത്തത്തില്‍ സ്‌കൂള്‍ അന്തരീക്ഷം മടുത്ത ഞാന്‍ അങ്ങോട്ടുപോകാന്‍ വിമുഖനായി. കൂട്ടുകാര്‍ അധികമില്ലാത്തതിനാല്‍ ഒറ്റയ്ക്ക് അലഞ്ഞു തിരിയുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഞാന്‍ സ്‌കൂളില്‍ പോകാതെ വായനശാലകളായ വായനശാലകളിലൊക്കെ ചെന്നിരിക്കും. തീര്‍ച്ചയായും വായനക്കാര്‍ തെറ്റിദ്ധരിക്കരുത്; വായിക്കാനല്ല, ഒളിച്ചിരിക്കാനാണ് അത്.

കോടതി, കേസ് ഇവയില്‍ കുറച്ച് ഏറെ ആഭിമുഖ്യമുള്ള ആളായതിനാല്‍ എന്നെ എങ്ങനെയെങ്കിലും വക്കീലാക്കണം എന്നാണ് എന്റെ ഉപ്പയ്ക്ക് ആഗ്രഹം. എന്നിട്ട് അഡ്വ. ശിഹാബുദ്ദീന്‍ ടി.പി. ബി.എ. എല്‍.എല്‍.ബി. എന്ന് ഒരു ബോര്‍ഡ് തൂക്കിയിടണം. ഞാനാണെങ്കിലോ ഒമ്പതാം ക്ലാസുപോലും പാസായിപ്പോകുമോ എന്നു പേടിച്ച് നാടായ നാട്ടിലൊക്കെ ഒളിച്ചിരിക്കാന്‍ വായനശാലയും പരതിനടന്നു. സ്‌കൂള്‍ വിടുന്ന സമയംവരെ ഒളിച്ചിരിക്കാന്‍ വായനശാലയോളം മറ്റെന്തുണ്ട് ?!

ഞങ്ങളുടെ പഞ്ചായത്ത് അഴീക്കോടാണെങ്കിലും അങ്ങാടി വളപട്ടണമാണ്. പുഴയോരത്ത് ഓലകൊണ്ടുമേഞ്ഞ സിനിമാ ടാക്കീസിന്റെ റോഡിനപ്പുറത്ത് രണ്ടുനില കോണ്‍ക്രീറ്റ് കെട്ടിടമുണ്ട്. അതിലൊന്നിലെ മുറിയിലായിരുന്നു ഇടക്കാലത്ത് വായനശാലയും ലൈബ്രറിയും പ്രവര്‍ത്തിച്ചിരുന്നത്. ഇതിനിടയ്ക്ക് ഒമ്പതാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് ഞാന്‍ പലവിധ ജോലികള്‍ക്ക് പോയി. കഥപോലെ ചിലതെഴുതി. ആര്‍ക്കാണ് അയച്ചു കൊടുക്കേണ്ടതെന്നറിയാതെ കുറെക്കാലം നട്ടം തിരിഞ്ഞു. മാനേജര്‍ക്കയച്ചാല്‍ മതിയെന്ന് ഒരാള്‍ ഉപദേശിച്ചതനുസരിച്ച് അങ്ങോട്ട് വിട്ടു. പാവം മാനേജര്‍, കണക്കുകളുടെ ഇടയില്‍നിന്ന് വീര്‍പ്പുമുട്ടുന്നതിനിടയില്‍ വായിച്ച ആ കഥയെ എന്തുചെയ്‌തെന്നറിയില്ല.

അങ്ങനെയിരിക്കേയാണ് സ്‌കൂള്‍ ഒളിവുകാലത്ത് എന്നെ രണ്ടുകൈയും നീട്ടി അഭയംതന്ന വായനശാലയെ മറക്കരുതല്ലോ എന്നൊരോര്‍മ പിടികൂടിയത്. ദുരുദ്ദേശ്യമില്ലാത്ത ആദ്യത്തെ വായനശാലാ യാത്ര! ഒരു ബന്ധുവീട്ടിലേക്കു പോകുന്ന മാനസികാവസ്ഥ. അവിടെ സാമാന്യം മോശമല്ലാത്ത ഒരു ലൈബ്രറി ഉണ്ടായിരുന്നു. 

ഒരു പുസ്തകവും ഗൗരവത്തോടെ അതേവരെ ഞാന്‍ വായിച്ചിരുന്നില്ല. കൈയില്‍ കിട്ടിയത് പേടിപ്പിക്കുന്ന പാഠപുസ്തകങ്ങളായിരുന്നല്ലോ. ഭയത്തെ ഇരട്ടിപ്പിക്കുന്ന അധ്യാപകരും. അതിന്റെയൊക്കെ നല്ല വിരോധവും പുസ്തകങ്ങളോട് തോന്നിയിരുന്നു എന്നതാണ് സത്യം. എങ്കിലും എപ്പോഴോ പുസ്തകവായനയുടെ അനിവാര്യത മനസ്സില്‍ തങ്ങിയിരുന്നു.

എന്തു ധൈര്യത്തിനാണെന്നറിയില്ല, ലൈബ്രറിയില്‍ ഞാനൊരു മെമ്പര്‍ഷിപ്പെടുത്തു. അന്തംവിട്ട് ലൈബ്രറിയിലെ പുസ്തകങ്ങളെ ഞാന്‍ നോക്കി. ഒരൊറ്റ എഴുത്തുകാരനെയോ പുസ്തകത്തെയോ അറിയാത്ത ഒരാള്‍. ഒടുവില്‍ പേജ് അധികമില്ലാത്ത ചെറിയൊരു പുസ്തകം കൈയില്‍ തടഞ്ഞു. ആ പുസ്തകം ഒന്നെടുത്ത് നോക്കി അവിടെത്തന്നെ വെച്ചു. പക്ഷേ, ഒരു കാന്തികവലയത്തിലേക്കെന്നപോലെ ഞാന്‍ വീണ്ടും ആ പുസ്തകത്തിലേക്കു തന്നെ തിരിച്ചെത്തി. അതില്‍ പ്രശസ്ത ചിത്രകാരനായ എം.വി. ദേവന്റെ മനോഹരമായ സ്‌കെച്ചുകളും ഉണ്ടായിരുന്നു. പുസ്തകത്തിന്റെ പേര് 'മുച്ചീട്ടുകളിക്കാരന്റെ മകള്‍'  ഗ്രന്ഥകര്‍ത്താവ്: വൈക്കം മുഹമ്മദ് ബഷീര്‍! ഇപ്പോഴും അതിന്റെ അദ്ഭുതം എന്നെ വിട്ടുമാറിയിട്ടില്ല. ഞാന്‍ പറഞ്ഞല്ലോ, ലോകത്തിലെ ഒരെഴുത്തുകാരനെപ്പോലും അറിയാത്ത എന്റെ കൈയില്‍ ആദ്യമായി തികച്ചും യാദൃച്ഛികമായി വന്നുപെട്ടത് ബഷീര്‍. 

സത്താപരമായി എഴുതിയ മഹാനായ ആ എഴുത്തുകാരനും അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങളും എന്നെ വായനയുടെ ആനന്ദത്തിലേക്ക് നാള്‍ക്കുനാള്‍  കൂട്ടിക്കൊണ്ടുപോയ്ക്കൊണ്ടിരുന്നു. പുസ്തകങ്ങള്‍ രണ്ടുതരമുണ്ട്; ഒന്ന് -വായിച്ച് കഴിയുന്നതോടെ അവസാനിക്കുന്ന സാധാരണപുസ്തകങ്ങള്‍.
രണ്ട് -വായിച്ചുകഴിഞ്ഞാലും  നമ്മെ മരണംവരെ അനുധാവനം ചെയ്യുന്നവ. രണ്ടാമത്തെ വിഭാഗം പുസ്തകങ്ങള്‍, അവയെ നമുക്ക് മഹത്തായ പുസ്തകങ്ങള്‍ എന്നു വിളിക്കാം. മനുഷ്യകുലത്തിന്റെ സര്‍വകാല ബന്ധുവായിരിക്കും അവ. പുസ്തകങ്ങള്‍ പെരുകുന്ന ഈ കാലത്ത് നല്ലപുസ്തകങ്ങളിലേക്ക്, കൂടുതല്‍ നല്ലപുസ്തകങ്ങളിലേക്ക് അദൃശ്യമായ കൈകളാല്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന മാലാഖമാര്‍ നമ്മെ നയിക്കട്ടെ!

content highlights: Shihabuddin Poythumkadavu on reading and reading experience