വായനയിലെ ഉദ്വേഗമെന്നാല്‍ അപസര്‍പ്പക സാഹിത്യവുമായി ബന്ധപ്പെട്ട പരിണാമഗുപ്തിക്കായുള്ള ആകാംക്ഷ മാത്രമാണെന്ന ധാരണ നിലവിലുണ്ട്. വാസ്തവത്തില്‍ അപസര്‍പ്പക നോവലിസ്റ്റിന്റെത് ഈ കലയുടെ ഏറ്റവും ദുര്‍ബലവും സാരഹീനവുമായ ഒരു വിനിയോഗം മാത്രമാണ്. വായനക്കാരില്‍ ഗാഢമായ താല്‍പ്പര്യം ജനിപ്പിച്ചു കൊണ്ട് അവരെ മുന്നോട്ടു കൊണ്ടുപോകുന്ന ഏതൊരു കൃതിയിലും ഉദ്വേഗം വായനയുടെ അനിവാര്യഭാഗമായി മാറുന്നുണ്ട്. ഉദ്വേഗം, വേണമെങ്കില്‍, കഥനകലയുടെ സഹജ സവിശേഷതയാണെന്നു പറയാം. എല്ലാ മികച്ച കഥകളും നാടകീയമായ അപാവരണത്തിന്റെ മാന്ത്രികശോഭയാല്‍ വായനക്കാരെ വശീകരിക്കുന്നു. 'രസച്ചരട്' എന്ന വാക്കു തന്നെ അങ്ങനെയുണ്ടായതാവണം. ആ ചരടു മുറിഞ്ഞാല്‍ കഥ മുറിഞ്ഞു. ചെറുകഥ, നോവല്‍, നാടകം, കഥാകാവ്യങ്ങള്‍ എന്നീ സാഹിത്യരൂപങ്ങള്‍ക്കെല്ലാം പൊതുവിലുള്ളതാണ് ഈ ഗുണം. ആ അര്‍ത്ഥത്തില്‍ ചലനാത്മകത എന്ന ആഖ്യാന സവിശേഷതയാണത് അഥവാ ഒരു കഥയെ ശില്പപ്പെടുത്തുന്നതില്‍ കഥപറച്ചിലുകാരന്‍ /കാരി പുലര്‍ത്തുന്ന മികവ്.

ഷെയ്ക്‌സ്പിയുടെ 'ഹാംലറ്റ്' നോക്കൂ. പ്രേതരൂപിയായ അച്ഛന്‍ ഹാംലറ്റിന്റെ വരവും തിരോധാനവും സൃഷ്ടിക്കുന്ന ആകാംക്ഷയാലാണ് ആ നാടകഗാത്രം ചലനനിരതമാകുന്നത്. സോഫൊക്ലീസിന്റെ 'ഈഡിപ്പസ് രാജാവ്' പോലൊരു മഹാനാടകം പോലും ഈയൊരു ഘടനയാണവലംബിക്കുന്നത്.

ഒരര്‍ഥത്തില്‍ വളരെപ്പിന്നീടു വന്ന അപസര്‍പ്പക സാഹിത്യത്തിന്റെയത്രയും പ്രാചീനവും ഉന്നതവുമായ ഒരു മാതൃക നമുക്ക് ഈഡിപ്പസ്സില്‍ കാണാം. അപസര്‍പ്പകന്‍ തന്നെ കുറ്റവാളിയാകുന്നതു പോലെ ഒടുവില്‍, ഈ ഡിപ്പസ്സ് തന്റെ ദുസ്സഹപാപം തിരിച്ചറിയുകയും സ്വയം ശിക്ഷിക്കുകയും ചെയ്യുന്നു. അപസര്‍പ്പകന്റെ സ്ഥാനത്ത് അന്തര്‍ദൃഷ്ടി പാടവമുള്ള പ്രവാചകനാണ് - തൈറിസ്യാസാണ് - എല്ലാം കാണുകയും അല്പാല്പമായി വെളിപ്പെടുത്തുകയും ചെയ്യുന്നത്. കാഴ്ച്ചശക്തിയുണ്ടായിട്ടും തന്നില്‍ മറഞ്ഞിരുന്ന പാപം കാണാതെ പോയ ഈഡിപ്പസ്സിനു വേണ്ടി അന്ധനായ പ്രവാചകന്‍ അതു കാണുന്നു. വാസ്തവത്തില്‍ ഇത്തരം ദുരന്തവൈപരീത്യ (tragic irony) ങ്ങളാണ് ഉദ്വേഗം എന്നു നമ്മള്‍ പറഞ്ഞു വരുന്നതിന്റെ ഏറ്റവും ഉയര്‍ന്ന രൂപം. അവിടെ ഉദ്വേഗം എന്നാല്‍ മനുഷ്യാവസ്ഥയെന്ന ദുരന്ത സങ്കീര്‍ണതയിലേയ്ക്കു നീളുന്ന ദാര്‍ശനികജിജ്ഞാസയാകുന്നു.

ഈ ജിജ്ഞാസയെയും അതിന്റെ പരിമിതിയെയും അടിക്കടി വെളിപ്പെടുത്തുന്നു എന്നതാണ് മലയാള കവിതയില്‍ മഹാകവി കുമാരനാശാന്‍ പുലര്‍ത്തുന്ന ദാര്‍ശനികൗന്നത്യത്തിന്റെയും ദുരന്തഗരിമയുടെയും പ്രധാന ഹേതുക്കളില്‍ ഒന്ന്.'നാമിങ്ങറിയുവതല്പം' എന്നും' അവിദിത പരിണാമമൊക്കെയോര്‍ക്കില്‍ ' എന്നും' 'ഊഹത്തിനുണ്ടവധി ' എന്നും' ഏകകാര്യമഥ വാ ബഹൂത്ഥമാം' എന്നും  കൂടെക്കൂടെ ആവലാതിപ്പെടാറുള്ള ഈ കവി, ദുരൂഹതകളുടെയും ദുര്‍ജ്ഞേയതകളുടെയും ഒരു കഠിനസമാഹാരമായി മനുഷ്യാവസ്ഥയെ വായിച്ചു.

 ദാര്‍ശനികമായ ആകുലതകളുള്ള എഴുത്തുകാരന്റെതും അപസര്‍പ്പക സാഹിത്യകാരന്റെതും രണ്ടു രീതിയിലുള്ള അന്വേഷണം പ്രമേയമാകുന്ന എഴുത്താണ്. അപസര്‍പ്പകന്‍ വിജയശ്രീലാളിതനാകുന്നതോടൊപ്പം ചരിതാര്‍ത്ഥനാകുന്ന വായനക്കാരനാണ് അപസര്‍പ്പക നോവലിസ്റ്റിന്റെ ലക്ഷ്യം. മറിച്ച്, എത്ര അഴിച്ചാലും തീരാത്തത്ര കുരുക്കുകളുള്ളതാണ് മനുഷ്യജീവിതമെന്ന വെളിപ്പെടുത്തലാണ് ഉയര്‍ന്ന സാഹിത്യം ലക്ഷ്യമിടുന്നത്. ഈ സങ്കീര്‍ണ്ണതാബോധമോ ദുരന്ത ബോധമോ ആണ് മികച്ച സാഹിത്യം സമ്മാനിക്കുന്ന ഉദ്വേഗത്തിന്റെ പരകോടി; പ്രാപഞ്ചികമായ ഒരപസര്‍പ്പകാ ഖ്യാനമോ ഉത്തരം കിട്ടാത്ത സമസ്യകളുടെ പിന്നാലെ പോകുന്ന, ഒരിക്കലും അവസാനിക്കാത്ത അപസര്‍പ്പണമോ ആകുന്നു അത്.

ഉദ്വേഗത്തെ ഉപാധിയാക്കുന്ന മികച്ച കഥപറച്ചിലുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍.'നീലവെളിച്ച'വും' പൂനിലാ'വിലും പോലുള്ള കഥകളില്‍ മാത്രമല്ല ബഷീര്‍ ഈ രീതി അവലംബിക്കുന്നത്. ബഷീറിന്റെ മികച്ച രചനകളിലെല്ലാം അജ്ഞേയതയുടെയും അപ്രവചനീയതയുടെയും ഒരംശമുണ്ട്. ഒടുവില്‍ സുഹ്‌റാ മജീദിനോടു പറയാതെ പോയ വാക്കുകള്‍ പോലെ അത് വായനക്കാരെ അലട്ടിക്കൊണ്ടേയിരിക്കും.' ശബ്ദങ്ങ'ളിലെ മുന്‍പട്ടാളക്കാരന്‍ ആത്മഹത്യയ്ക്കായി തലയണച്ചു കിടന്ന പാളത്തിനു തൊട്ടപ്പുറത്തേതിലൂടെയാണ് തീവണ്ടി കടന്നു പോയത് !' അനുരാഗത്തിന്റെ ദിനങ്ങള്‍' എന്ന ആത്മകഥനത്തിന്റെ അവസാനം പോലും അതുവരെ അനുക്രമമായി വളര്‍ന്നു കൊണ്ടിരുന്ന ഉദ്വേഗത്തെ എത്ര മനോഹരമായാണ് ഒരാകസ്മിക പര്യവസാനത്തിന്റെ ശോഭയാല്‍ ചേതോഹരമാക്കുന്നത്! ഗാഢമായ വാത്സല്യത്തോടെ ബഷീര്‍ സരസ്വതീദേവിയെ വിവാഹവേദിയിലേയ്ക്ക് യാത്രയാക്കുന്നു. അവളുടെ ചൊടിയിലോ കണ്ണുകളിലോ ചുംബിക്കുന്നതിനു പകരം ഊരിമാറ്റിയ കണ്ണടച്ചില്ലുകളില്‍ ചുംബിക്കുന്നു.' ദീര്‍ഘസുമംഗലീ ഭവ!' എന്ന് ശാന്തഗംഭീരനായി സരസ്വതീദേവിയോട് ആശംസിക്കുന്ന ആ ബഷീറാണ് അതുവരെ നമ്മള്‍ കണ്ട പ്രണയാതുരനായ ബഷീറിനേക്കാള്‍ ഏറെക്കാലം വായനക്കാരുടെ ഉള്ളില്‍ ശേഷിക്കുക. ഉദ്വേഗം എന്ന പോലെ ഉദ്വേഗത്തിന്റെ പര്യവസാനവും പ്രധാനമാകുന്നു ബഷീറില്‍.

'സ്വര്‍ണ്ണമാല' എന്ന ബഷീര്‍ക്കഥ, വൃദ്ധനായ ബഷീര്‍ ആഴക്കിണറ്റിലിറങ്ങി, പ്രയാസങ്ങളേറെ സഹിച്ച് ഭാര്യയുടെ നഷ്ടമായ സ്വര്‍ണ്ണമാല കരയ്‌ക്കെത്തിക്കുന്നതിനേക്കുറിച്ചാണ്. കഥയുടെ ഒടുവില്‍ വീണ്ടും അതേ സ്വര്‍ണ്ണമാല, ഒരു മഞ്ഞരാശിപ്പായി, കിണറിന്റെ അടിത്തട്ടില്‍ തിളങ്ങിക്കിടക്കുന്നതു കാട്ടിത്തന്നു കൊണ്ടാണ് ബഷീര്‍ കഥയവസാനിപ്പിക്കുന്നത്. ഇവിടെ ഉദ്വേഗം അവസാനിക്കുകയല്ല, കഥാവസാനത്തിനു ശേഷവും തുടരുകയാണ് ചെയ്യുന്നത്. ആ തുടര്‍ച്ചയിലാകട്ടെ, തികച്ചും കാവ്യാത്മകമായ പ്രതീകാത്മക ഭംഗിയുണ്ടുതാനും.

'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യുടെ ശൈലീപരമായ സവിശേഷതകളെക്കുറിച്ച് ഉംബര്‍ട്ടോ എക്കോവിന്റെ മനോഹരമായ പഠനമുണ്ട്. വര്‍ഗ്ഗ സംഘട്ടനത്തിന്റെ ചരിത്രം തൊഴിലാളി നായകനാകുന്ന ഒരു വിജയഗാഥയെന്നോണമാണ് മാര്‍ക്‌സും ഏംഗല്‍സും അവതരിപ്പിക്കുന്നതെന്ന് എക്കൊ നിരീക്ഷിക്കുന്നു. അതിന്റെ ഉദ്വേഗം വളര്‍ത്തുന്ന നാടകീയാഖ്യാനമാകുന്നു സൈദ്ധാന്തിക ഗ്രന്ഥവും പ്രത്യയശാസ്ത്ര ഗ്രന്ഥവുമായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ആ ചെറുപുസ്തത്തിന്റെ അസാമാന്യ പ്രചാരത്തിനു കാരണമായി എക്കോ കാണുന്നത് ഈ ഉദ്വേഗജനകത്വത്തെയാണ്. ഉദ്വേഗം കഥനത്തില്‍ മാത്രമല്ല, പ്രത്യയശാസ്ത്ര പുസ്തകത്തിലും സാധ്യമാണെന്നതിന്റെ മഹത്തായ ദൃഷ്ടാന്തം!

എന്റെ വായനയില്‍ ഉദ്വേഗവും ഉന്മേഷവും നിറച്ച രണ്ട് ചെറുനോവലുകളെക്കുറിച്ചു കൂടി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം. ഒന്ന്, ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസിന്റെ' ക്രോണിക്ക്ള്‍ ഓഫ് ഏ ഡെത്ത് ഫോര്‍റ്റോള്‍ഡ് '; മറ്റൊന്ന് പി.പത്മരാജന്റെ 'പ്രതിമയും രാജകുമാരിയും'.

കുറ്റവാളി എങ്ങനെ ഒരു കൊലപാതകം ആസൂത്രണം ചെയ്തു നടപ്പിലാക്കി എന്നല്ല, വിധി എങ്ങനെ അതിന്റെ അദൃശ്യനായ ആസൂത്രകനായി മാറുന്നു എന്നാണ് മാര്‍ക്വേസ് കാട്ടിത്തരാന്‍ ശ്രമിക്കുന്നത്. കൊല്ലപ്പെട്ട സാന്റിയാഗോ നാസറിനെക്കുറിച്ചും കൊലപാതകികളായ വികാരിയോ സഹോദരന്മാരെക്കുറിച്ചും എല്ലാവര്‍ക്കും അറിയാം. അവര്‍ അയാളെ കൊലപ്പെടുത്താനിടയുണ്ട് എന്നും അറിയാമായിരുന്നു. എന്നിട്ടും തടസ്സങ്ങളേതുമില്ലാതെ, നിര്‍ബ്ബാധമായി, കൊല നടക്കുന്നു. അതിനു പിന്നിലെ വിധിലീലയുടെ സങ്കീര്‍ണ്ണതകളാണ് നോവലില്‍ അപാവരണം ചെയ്യപ്പെടുന്നത്. കുറ്റാന്വേഷണമല്ല, കുറ്റം നടന്ന സാഹചര്യത്തിന്റെ, മനുഷ്യാതീതമെന്നു തോന്നിക്കുന്ന, ജടിലതകളും പിടികിട്ടായ്മകളുമാണ് പരിശോധിക്കപ്പെടുന്നത്. ചതുരംഗക്കരുക്കള്‍ തങ്ങളെ ചലിപ്പിക്കുന്ന കളിക്കാരന്റെ വിരലുകളേക്കുറിച്ചു നടത്തുന്ന സങ്കീര്‍ണവിചാരം പോലെ ഈ നോവല്‍.

ഫാന്റസിയുടെ വിചിത്രശോഭയും കഥാപാത്ര കല്പനയുടെ അസാധാരണത്വവും കഥപറച്ചിലിന്റെ സരളതാളവും ചേര്‍ന്ന് സമ്മാനിക്കുന്ന സമ്മോഹനമായ അനുഭവമാണ് പത്മരാജന്റെ 'പ്രതിമയും രാജകുമാരിയും'. വായനക്കാര്‍ അവരുടെ കഥാ ശ്രവണകൗതുകത്തിന്റെ ബാല്യം വീണ്ടെടുക്കുകയും ഒപ്പം അസാധാരണമായ ഒരു കഥന ഭൂമികയിലെത്തിച്ചേര്‍ന്നതിന്റെ ലഹരി നുകരുകയും ചെയ്യുന്നു ഈ നോവല്‍ വായിക്കുമ്പോള്‍. യഥാര്‍ത്ഥ കാലം നിശ്ചലമാകുകയും ആഖ്യാന കാലത്തിനൊത്ത് വായനക്കാര്‍ മുന്നോട്ടു നീങ്ങുകയും ചെയ്യുന്നു. ഒരര്‍ത്ഥത്തില്‍ ഈ അനുഭവത്തെത്തന്നെയല്ലേ നമ്മള്‍' ഉദ്വേഗം' എന്ന വാക്കില്‍ സംഗ്രഹിക്കാന്‍ ശ്രമിക്കുന്നത്?

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Sajay Kv, Readers Day, Gabriel García Márquez, P Padmarajan