വായന ഗൃഹാതുരമായ അനുഭവമാണ്, വര്‍ത്തമാന കാലത്തെ അതിജീവിക്കുന്ന ആയുധവുമാണ്. വായനയുടെ സാധ്യത കൂടുതല്‍ അറിഞ്ഞത് കഴിഞ്ഞ ഈ കൊറോണക്കാലത്താണ്. കൗമാര യൗവന സന്ദര്‍ഭങ്ങളിലെ ആര്‍ത്തിപിടിച്ച വായന തിരിച്ചുവന്നത് ഇക്കാലത്താണ്. മധ്യവേനല്‍ അവധികാലങ്ങളില്‍ നാട്ടിന്‍പുറത്തെ ഗ്രന്ഥശാലകളുടെ ഉള്ളില്‍ കുത്തിയുയിരുന്നു വായിച്ച ആ നാളുകളാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇപ്പോള്‍ തിരിച്ചു വന്നത്. അന്ന് എം.ടി യും ഉറൂബും മാധവികുട്ടിയും വൈലോപ്പിള്ളിയും ഇടശ്ശേരിയും ജീവിത കാമനകളെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. ജീവിതത്തെ സന്ദിഗ്ദ്ധതയിലേക്കും അന്വേഷണങ്ങളിലേക്കും ആ കാലം നയിച്ചു. ജീവിതത്തെ ആധിപിടിപ്പിക്കുന്ന ഈ വായന എന്തിനാണെന്ന് സ്വയം ചോദിച്ചിട്ടുണ്ട്. അതിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.

ആദ്യകാല വായനകള്‍ ലക്ഷ്യങ്ങള്‍ ഇല്ലാതെ അലയുന്ന പായ് കപ്പലുകള്‍ പോലെ ആയിരുന്നു. എങ്ങും നങ്കൂരമിടാതെ അത് സഞ്ചരിച്ചുകൊണ്ടിരുന്നു. നോവലിന്റെ സമുദ്രങ്ങളുടെ തിരകളില്‍ ദിനരാത്രങ്ങള്‍ അറിയാതെ ജീവിച്ചു. ഖസാക്ക് അക്കാലത്ത് ഭീതി നിറഞ്ഞ താഴ്​വര ആയിരുന്നു. ആ വനാന്തരങ്ങള്‍ പ്രലോഭനവും പ്രചോദനവും ആയിരുന്നു. എം മുകുന്ദന്‍ അലയാനും കാക്കനാടന്‍ ഭാവനചെയ്യാനും പ്രേരണ നല്‍കി. പക്ഷേ ഒന്നും അവസാന വാക്കോ അഭയകേന്ദ്രമോ ആയില്ല. തിരകളിലൂടെ സഞ്ചരിച്ചു കൊണ്ടേയിരുന്നു. ഇടശ്ശേരിയുടെ പൂതപ്പാട്ട് എത്ര തവണ വായിച്ചു എന്ന് ഓര്‍മ്മയില്ല. അത് വായനയില്‍ നിന്നും ഏറെ ദൂരം മുന്നോട്ട് കൊണ്ടുപോയി. കടമ്മനിട്ട കത്തിച്ച പന്തവുമായി എത്തുന്നത് അപ്പോഴാണ്. അതിന്റെ പിന്നാലെ എത്രയോ കാലം സഞ്ചരിച്ചു കടമ്മനിട്ട കവിത ജീവിതചര്യയുടെ ഭാഗമായി. ഇപ്പോഴും അതിന്റെ പ്രകാശ ദീപ്തി സൂക്ഷിക്കുന്നു. രാഷ്ട്രീയ അവബോധത്തിന്റെ ഭാഗമായാണ് സച്ചിദാനന്ദന്‍ വായനയിലേക്ക് എത്തുന്നത്. രാഷ്ട്രീയവും കവിതയും തമ്മിലുള്ള സംവേദനം അനുഭവിച്ചത് ആ കവിതകളിലൂടെയാണ്. 

pradeep panangad
പ്രദീപ് പനങ്ങാട്

കെ.ജി.എസ് രാഷ്ട്രീയ സമര വേദിയിലേക്ക് നിരന്തരം കൂട്ടിക്കൊണ്ട് പോയി. യൗവനത്തിലെ ആന്തരിക സമരസന്ദര്‍ഭങ്ങളെ ഉജ്ജലിപ്പിച്ചത് ഈ കവിതകളാണ്. അതിന്റെ ചുവപ്പു രാശികളില്‍ നിന്ന് പുറത്തുകടക്കാന്‍ ഒരു പാട് സമയം എടുത്തു. വിനയചന്ദ്രന്‍ കൊലങ്ങളുമായി എത്തുന്നതും അപ്പോഴാണ്. മലയാളത്തിന്റെ ആധുനികത കണ്ടെത്തിയത് വിനയചന്ദ്രനില്‍ ആയിരുന്നു. വീട്ടിലേക്കുള്ള വഴിയും കടും, ഒറ്റയ്ക്കിരിക്കുന്ന കൂട്ടുകാരനും വായിക്കുകയും കേള്‍ക്കുകയും ചെയ്തു. ഈയിടയും ആ വലിയ കവിത പ്രപഞ്ചം അവര്‍ത്തിച്ചു വായിച്ചു. എം സുകുമാരനും ആവേശിച്ചത് ഇക്കാലത്താണ്. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്  തുടങ്ങിയ ശീര്‍ഷകങ്ങള്‍തന്നെ ആകര്‍ഷിച്ചു. ശേഷക്രിയ വായിച്ചു സങ്കടപെട്ടു. ആ എഴുത്തുകാരന്റെ ജീവിത സായാഹ്നങ്ങളില്‍ ഏറെ അടുപ്പം സൂക്ഷിച്ചു. സക്കറിയയുടെ ഒരിടത്ത് വായനശാലയില്‍ കൊണ്ടു വന്ന ദിവസം ഇപ്പോഴും ഓര്‍ക്കുന്നു. യേശുപുരം ലൈബ്രറിയെ കുറിച്ചുള്ള പരാതി, പനങ്ങാട് ജനതാ ഗ്രന്ഥശാലയില്‍ തന്നെ ഇരുന്നാണ് വായിച്ചത്. ആ കഥയിലെ കഥ അറിയാനുള്ള ആകാംഷയാണ് വേഗത്തിലുള്ള  വായനക്ക് പ്രേരിപ്പിച്ചത്. പദ്മരാജനെ വായിച്ചു ആവേശം കൊണ്ടതും ഓര്‍മ്മവരുന്നു എന്റെ നാട്ടിന്‍ പുറത്തെ വായനശാലയില്‍ അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും ഉണ്ടായിരുന്നു. ഉദ ക്കപ്പോളയും കള്ളന്‍ പവിത്രനും തുടങ്ങി എത്രയോ രചനകള്‍ വായിച്ചു. പിന്നീട് ജീവിതവഴിയില്‍ ആ മഹാ പ്രതിഭ വെളിച്ചമായി മാറി. വായന എഴുത്തുകാരുമായുള്ള സൗഹൃദ സന്ധ്യകളിലേക്ക് വഴിതുറന്നു തന്നു. പലരുടെയും രചനാ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി. ചിലര്‍ തിരുത്താനും വിമര്‍ശിക്കാനും അവസരങ്ങള്‍ നല്‍കി. വായനയുടെ ജാഗ്രത തന്ന സൗഭാഗ്യം ആയിരുന്നു അത്

ആവേശകരമായ ആ വായന കാലം തിരിച്ചു വന്നത് ഈ കോവിഡ് കാലത്താണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ദുരിതജീവിതമാണ് അഭിമുഖീകരിക്കേണ്ടി വന്നത്, തുടരുന്നത്. ആ അവസ്ഥ അതിജീവിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു. എല്ലാ വഴികളും അടഞ്ഞപ്പോള്‍ വായനയുടെ കാവടങ്ങള്‍ തുറന്നു വന്നു. ആ അത്ഭുതലോകത്തായി വീണ്ടും ജീവിതം. നിഴലും വെളിച്ചവും മാറി മാറി വീഴുന്ന വായനമുറി സജീവമായി. ലോകം അതിനുള്ളിലേക്ക് ചുരുങ്ങി. പഴയകാലത്തിന്റെ ഓര്‍മ്മകള്‍ ഉദിച്ചു തുടങ്ങി. വായിച്ചു മറന്നതും, വായിക്കാതെ മറന്നതും അലമാരകളില്‍ നിന്ന് ഇറങ്ങിവന്നു. എത്ര ദൂരം ഇനി അതിജീവിക്കാന്‍ ഉണ്ടെന്ന് അറിയില്ല. പക്ഷെ കാലങ്ങള്‍ നടന്നു തീര്‍ക്കാനുള്ള വെളിച്ചം ഈ പുസ്തകനക്ഷത്രങ്ങള്‍ക്ക് ഉണ്ടെന്ന് മനസ്സിലായി. കാലത്തിന്റെ ആത്മഹത്യക്കും കൊലക്കുമിടയില്‍ ആര്‍ത്തനാദം പോലെ പുസ്തകങ്ങള്‍ നിറഞ്ഞു. കെ മാധവനാരും രാജന്‍ കാക്കനാടനും എസ് കെ പൊട്ടക്കാടും സക്കറിയയും കെ ബി പ്രസന്ന കുമാറും വിവിധ ലോകങ്ങളിലേക്ക് കൂട്ടികൊണ്ട് പോയി. ടി ജെ എസ് ജോര്‍ജിന്റെയും മേരി ടൈലറിന്റെയും ജോണ്‍സി ജേക്കബിന്റെയും ജീവിതതീരങ്ങളിലൂടെ കടന്നു പോയി. എണ്ണമറ്റ മനുഷ്യകഥാനുഗായികള്‍ നിരന്നു നിന്നു. ഭക്ഷണത്തില്‍ നിന്നും വായനയിലേക്കുള്ള ദൂരം കുറഞ്ഞു വന്നു. കാലം ആ അവസ്ഥയിലേക്ക് എത്തിച്ചു. വായന ജീവിതത്തിന്റെ അന്നവും ആസക്തിയുമാണെന്ന് തിരിച്ചറിഞ്ഞു. കോവിഡ് കാലം തന്ന അനുഭവ പാഠങ്ങളില്‍ ഒന്നാണ് അത്. വായന ദിനമല്ല, ദിന വായനയാണ് ഈ കാലത്തിന്റെ അനിവാര്യത.

Content Highlights: Reading for Life, readers day thoughts