ജീവിതത്തിലെ ഏറ്റവും ആഹ്ലാദഭരിതമായ അനുഭവങ്ങളിൽ ഏറ്റവും മുന്നിൽനിൽക്കുന്ന ഒന്ന് വായനയുമായും സാഹിത്യവായനയെക്കുറിച്ചുള്ള സംസാരങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. പുസ്തകവായനയിൽനിന്ന് കൈവരുന്ന ആനന്ദം അനന്യം തന്നെയാണ്.അത് ഏതൊക്കെ തരത്തിൽ മനസ്സിനെ ഉത്തേജിപ്പിക്കുകയും ആത്മവിശ്വാസം പകരുകയും ചിലപ്പോഴൊക്കെ വലിയ സാന്ത്വനമായിത്തീരുകയും ചെയ്യുന്നവെന്ന് വിവരിക്കാനാവില്ല. വായിച്ച പുസ്തകങ്ങളെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നതും ചെറുതും വലുതുമായ സദസ്സുകൾക്കു മുന്നിൽ വായനാനുഭവങ്ങളും വായനയുമായി ബന്ധപ്പെട്ട ആശയങ്ങളും പങ്കുവെക്കുന്നതുംആവേശകരമായ മറ്റൊരനുഭവമാണ്. അതും താരതമ്യം സാധ്യമല്ലാത്ത ഒന്നു തന്നെ. സാഹിത്യവായനക്കാരെയും സാഹിത്യസംബന്ധിയായ ആശയങ്ങളിൽ താൽപര്യം പുലർത്തുന്നവരെയും കുറിച്ച് നമുക്ക് ചില മുൻധാരണകളുണ്ട്. അവയ്ക്കപ്പുറമുള്ള ഇടങ്ങളിൽ നിന്നുള്ളവരെയാണ് ശ്രോതാക്കളായി ലഭിക്കുന്നതെങ്കിൽ അത് കൂടുതൽ ആനന്ദവും കൗതുകവും തരുന്ന അനുഭവമായിരിക്കും.2016 ആഗസ്ത് 21 ന് സുൽത്താൻബത്തേരിയിൽ വെച്ച് എനിക്കുണ്ടായ അനുഭവം അത്തരത്തിലുള്ള ഒന്നാണ്.അത് അളവറ്റ ആഹ്ലാദവും പ്രചോദനവുമാണ് നൽകിയത്.

പ്രശസ്ത കരാട്ടേ അധ്യാപകനും അന്താരാഷ്ട്രതലത്തിൽ തന്നെ അംഗീകാരം നേടിയ കരാട്ടേ വിദഗ്ധനുമായ ഹാൻഷി കെ.പി.രവീന്ദ്രൻ മാഷുടെ (9ാം ഡാൻ ബ്ലാക് ബെൽട്ട്) കീഴിൽ അഭ്യസനം നടത്തിയവരിൽ നിന്ന് ആയിരം പേർ ബ്ലാക്ബെൽട്ട് നടത്തിയതിന്റെ ആഘോഷം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള നൂറ് കണക്കിന് കരാട്ടേ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുനടത്തിയപ്പോൾ അതിന്റെ ഭാഗമായി പുറത്തിറക്കിയ സോവനീർ പ്രകാശനം ചെയ്യാനും സാഹിത്യം സംബന്ധിച്ച് ഒരു പ്രഭാഷണം നടത്താനും ഞാൻ ക്ഷണിക്കപ്പെട്ടിരുന്നു. രവീന്ദ്രൻ മാഷുടെ ശിഷ്യനും മികച്ച കരാട്ടേ അധ്യാപകനും ഒന്നാന്തരം സാഹിത്യവായനക്കാരനുമായ ബെന്നി സെബാസ്റ്റ്യന്റെ ( 5ാം ഡാൻ ബ്ലാക് ബെൽറ്റ് )  പ്രത്യേകതാൽപര്യമാണ് എന്നെ അവിടേക്ക് ക്ഷണിക്കുന്നതിന് കാരണമായത്. ബത്തേരിയിൽ അന്ന് സമ്മേളിച്ച പത്തഞ്ഞൂറ്പേരിൽ ഞാനും കെ.പി.രവീന്ദ്രൻമാഷുടെ ഭാര്യരാധാരവീന്ദ്രനും ( ഇപ്പോൾ സുൽത്താൻ ബത്തേരി മുൻസിപ്പൽ കൗൺസിലർ) ഒഴിച്ചുള്ള എല്ലാവരും കരാട്ടേ വിദഗ്ധരായിരുന്നു. എന്നിട്ടും സാഹിത്യത്തെക്കുറിച്ച്, സാഹിത്യവായനയുടെ നാനാഫലങ്ങളെക്കുറിച്ച്, അതിന്റെ താരതമ്യമില്ലാത്ത ആനന്ദത്തെക്കുറിച്ച് ഒക്കെയും സാമാന്യം ദീർഘമായിത്തന്നെ എനിക്ക് സംസാരിക്കാൻ കഴിഞ്ഞു. കരാട്ടേ അഭ്യാസികളായ ശ്രോതാക്കളിൽ പ്രകടമായിരുന്ന ഉത്സാഹപൂർണമായ താൽപര്യം തന്നെയാണ് ദീർഘമായി സംസാരിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഈ കൂടിച്ചേരൽ കഴിഞ്ഞ ദിവസമാണ് എഴുത്തുകാരോ നിരൂപകരോ സാഹിത്യവിദ്യാർത്ഥികളോ സാഹിത്യാധ്യാപകരോ ഒന്നുമല്ലാത്തവരോടും കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും വീട്ടമ്മമാരുമൊക്കെയായ,സാധാരണനിലയ്ക്ക് സാഹിത്യകൃതികളെക്കുറിച്ചോ സാഹിത്യസിദ്ധാങ്ങളെക്കുറിച്ചോ ഉള്ള ഗൗരവപൂർണമായ ആശയങ്ങൾ വിനിമയം ചെയ്യുന്നതിനെക്കുറിച്ച് നാം ആലോചിക്കാൻ ഇടയില്ലാത്ത ആളുകളോടും സാഹിത്യം സംസാരിക്കാനാവുമെന്നും അവരെ മികച്ച സാഹിത്യാസ്വാദകരാക്കി മാറ്റാനാവുമെന്നും എനിക്ക് തോന്നിയത്. അതേത്തുടർന്നാണ് കണ്ണർ ജില്ലയിലെ ആലക്കോട്ടും മാടായിയിലും 2017-ൽ സാഹിത്യ പാഠശാല എന്ന പേരിൽ മൂന്നുനാല് മാസങ്ങൾക്കുള്ളിലായി ഏഴ് വീതം സാഹിത്യക്ലാസുകൾ നടത്താൻ എനിക്ക് കഴിഞ്ഞത്.ആലക്കോട്ട് അതിനുള്ള സൗകര്യം ചെയ്തു തന്നത് സർഗവേദി റീഡേഴ്സ് ഫോറമാണ്. എ.ആർ.പ്രസാദ് എന്ന അധ്യാപകനും സുഹൃത്തുക്കളും ചേർന്ന് വളരെ ഭംഗിയായി നടത്തിക്കൊണ്ടുപോവുന്ന സ്ഥാപനമാണ് സർഗവേദി റീഡേഴ്സ് ഫോറം. അവിടെ നടന്ന ഓരോ ക്ലാസിനും ശരാശരി 65 പേർ പഠിതാക്കളായി എത്തിയിരുന്നു. ബാലസാഹിത്യം മുതൽ ഏറ്റവും പുതിയ സാഹിത്യസിദ്ധാന്തങ്ങൾ വരെയുള്ള ഏഴ് വ്യത്യസ്ത വിഷയങ്ങളിലാണ് ക്ലാസ് നടത്തിയത്. സാഹിത്യത്തെക്കുറിച്ച് സാമാന്യമായ ധാരണകൾ മാത്രമുള്ളവർ തൊട്ട്
ഉയർന്ന സാഹിത്യബോധമുള്ളവർ വരെ ക്ലാസുകളിൽ കൃത്യമായി എത്തിയിരുന്നു. മാടായിയിൽ പഠിതാക്കളുടെ എണ്ണം പലപ്പോഴും 30 നടുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും നല്ല താൽപര്യത്തോടെ തന്നെയാണ് അവരും ക്ലാസുകൾ ശ്രദ്ധിച്ചതും തുടർന്നുള്ള ചർച്ചകളിൽ പങ്കെടുത്തതും. ആലക്കോട്ട് പാഠശാല കഴിഞ്ഞതിനുശേഷം കോവിഡ് വ്യാപനം ആരംഭിക്കുന്നതുവരെയുള്ള കാലത്ത് ഓരോ മാസവും വീട്ടുമുറ്റ സാഹിത്യചർച്ച നടന്നിരുന്നു. ഏതെങ്കിലും ഒരു വീടിന്റെ മുറ്റത്ത് പത്തുമുപ്പതോളം പേർ, ചിലപ്പോൾ അതിലും കൂടുതൽ ആളുകൾ ഏറ്റവും പുതിയ ഒരു പുസ്തകത്തെക്കുറിച്ചോ സാഹിത്യസംബന്ധിയായ ഏതെങ്കിലും ആശയത്തെയോ പഠനമേഖലയോ കുറിച്ച് ചർച്ച ചെയ്യുന്ന പരിപാടിയാണ് വീട്ടുമുറ്റ ചർച്ച.അതും വളരെ ഫലപ്രദമായ രീതിയിൽ നടന്നു. ബെന്നി സെബാസ്യറ്റിയന്റെയും രാഘവൻ തേർത്തല്ലി, തേജസ്മാടായി, പ്രമോദ് അന്നൂക്കാരൻ തുടങ്ങിയവരുടെയും നേതൃത്വത്തിൽ കുട്ടികളും ചെറുപ്പക്കാരുമൊക്കെ ഉൾപ്പെടുന്ന വായനക്കാരുടെ ഒരു കൂട്ടായ്മ 'പുതുപദം' എന്ന പേരിൽ രൂപം കൊണ്ടിരുന്നു. മാങ്ങാട്ടു പറമ്പിലും മറ്റു ചില സ്ഥലങ്ങളിലും 'പുതുപദം' നല്ല നിലവാരം പുലർത്തുന്ന സാഹിത്യചർച്ചകൾ സംഘടിപ്പിച്ചിരുന്നു. കോവിഡ് ഭീതി പടർന്നതിനെത്തുടർന്ന് പുതുപദത്തിന്റെ പ്രവർത്തനം ഒരു വർഷത്തിലേറെയായി ഒരു വർഷത്തിലേറെയായി നിലച്ചുപോയിരിക്കയാണ്.

വായനദിനത്തിൽ കേരളത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ നടക്കുന്നുണ്ട്. ലോകവ്യാപകമായിത്തന്നെ വിദ്യാഭ്യാസമേഖലയിൽ സാഹിത്യത്തിന് വിരുദ്ധമായ ഒരു നിലപാട്, സാഹിത്യം പാർശ്വവൽക്കരിക്കപ്പെടുക തന്നെ വേണം എന്ന നിലപാട് ശക്തമായിക്കൊണ്ടിരിക്കുന്നുണ്ട്. ഭാഷ മാധ്യമമാക്കി സംഭവിക്കുന്ന ഭാവനാനിർമിതികളെല്ലാം തന്നെ മനുഷ്യജീവിതത്തെ
സംബന്ധിച്ചിടത്തോളം അധികപ്പറ്റാണ്, ഏറെക്കുറെ അനാവശ്യമാണ് എന്ന ധാരണയുടെ പുറകെയാണ് പുതുതലമുറയിൽ വളരെയേറെപ്പേരും. അതുകൊണ്ട് വളരെ ലാഘവബുദ്ധിയോടെ മാത്രമേ അവർക്ക് എഴുത്തിനെയും വായനയെയും സമീപിക്കാനാവുന്നുള്ളൂ. വ്യാപാരം ജീവിതത്തിന്റെ കേന്ദ്രസ്ഥാനം കയ്യടക്കുന്ന, മൂലധനത്തിന്റെ സർവമേഖലകളിലേക്കമുള്ള അപ്രതിരോധ്യമായ വ്യാപനം മറ്റെല്ലാ വ്യവഹാരങ്ങളെയും അപ്രസക്തമാക്കുന്ന ഒരു സമൂഹം ആവശ്യപ്പെടുന്നത് സാഹിത്യത്തിന് യാതൊരു ഗൗരവവും കൽപിക്കാത്ത ഇത്തരം അലസവായനക്കാരെയാണ്. ഈ നില തുടർന്നാൽ സാഹിത്യത്തിന്റെ സാമൂഹ്യമൂല്യത്തിന് വലിയ തോതിൽ ഇടിവ് സംഭവിക്കും. വ്യക്തികൾക്ക് സാഹിത്യകൃതികളിൽ നിന്ന് വൈകാരികവും ധൈഷണികവുമായ അനുഭവങ്ങൾ സ്വരൂപിക്കാനുള്ള ശേഷി കുറഞ്ഞുകുറഞ്ഞു വരികയും ചെയ്യും. ലോക ക്ലാസിക്കുകൾ പോലും അലമാരകളിൽ അലങ്കാരത്തിനു വേണ്ടി സൂക്ഷിച്ചു വെക്കുന്ന അവസ്ഥ വരും. ഇങ്ങനെയുള്ള ഒരു പരിണതി മനുഷ്യവംശത്തിന്റെ ആന്തരികജീവിതത്തിന് സംഭവിപ്പിക്കുന്ന നഷ്ടം എത്ര ഭയാനകമായിരിക്കും എന്ന് പറയാനാവില്ല. നമ്മുടെ കണ്മുന്നിലുള്ളതാണ് ഈ ആപൽസാധ്യത. ഇതിൽ നിന്ന് ലോകത്തെ രക്ഷിക്കാനായി സാഹിത്യവായനയുടെ പ്രാധാന്യം ഊന്നിപ്പറയുന്നതിന് മുഴുവനാളുകളും മുന്നിട്ടിറങ്ങുന്നതിന് ഈ വായനാദിനം പ്രേരണയായിത്തീരട്ടെ.

Content Highlights : Readers Day 2021 Special Feature by Writer N Prabhakaran