ന്യര്‍ക്ക് ആഹാരം വിഹാരം മുതലായവയ്ക്കുവേണ്ടുന്ന സാധന സാമഗ്രികള്‍ നിര്‍മിക്കുന്നവരെയും വിതരണം ചെയ്യുന്നവരെയും അപേക്ഷിച്ചു മേലേക്കിടയിലാണ് അക്ഷരജ്ഞാനത്തിന്റെ ഫലമായ കര്‍മങ്ങള്‍ ചെയ്യുന്നവര്‍ എന്ന പൊതുധാരണ ഒട്ടും ശരിയല്ല. എങ്കിലും അതു നിലനിന്നുപോരുന്നു. അക്ഷരജ്ഞാനത്തിന്റെ വഴിയിലൂടെ അറിവു നേടിയവര്‍ ലോകം ഭരിക്കുന്നു എങ്കിലും അക്ഷരമറിയുന്നവരൊക്കെ പുസ്തകവായന ശീലമാക്കിയവരല്ല. ആ ശീലം പുലര്‍ത്താന്‍ കഴിഞ്ഞവര്‍ ഭാഗ്യമുള്ളവര്‍ തന്നെ. അവരില്‍ ഒരു വലിയ വിഭാഗം ആ ഭാഗ്യം മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നവരല്ല. വായിക്കുന്നതിന്റെ ഫലം അപരരുമായി പങ്കുവെയ്ക്കുന്നവരാണ് സാഹിത്യ ചിന്തകര്‍. രണ്ടു കൂട്ടരേക്കാളും മേലെയാണ് അവര്‍ക്കു വായിക്കാന്‍ വേണ്ടുന്ന പുസ്തകങ്ങള്‍ രചിക്കുന്നവര്‍, പുസ്തകങ്ങളുടെ സ്രഷ്ടാക്കള്‍. എങ്കിലും സൃഷ്ടിക്കുന്നവരുടെ കര്‍മം ഫലിക്കണമെങ്കില്‍, വായനക്കാരും വായനാനുഭവം അന്യരുമായി പങ്കിടുന്നവരും ഉണ്ടായേ തീരൂ. ഒരു ഗ്രന്ഥം ആരും വായിക്കാതെ പോയാല്‍, അത് ഉള്ളതും ഇല്ലാത്തതും ഒരു പോലെയാണല്ലോ. വായിക്കുന്നവരും വായനാനുഭവത്തില്‍ അന്യരെ പങ്കാളികളാക്കുന്നവരുമാണ് ഏതു പുസ്തകത്തിന്റെയും നിലനില്പിന്നാധാരം.

കവിഃ കരോതി കാവ്യാനി / ലാളയത്യുത്തമോ ജനഃ
തരുഃ പ്രസൂതേ പുഷ്പാണി / മരുദ്വഹതി സൗരഭം

എന്നു പറയപ്പെട്ടിട്ടുണ്ട്. (കവി കാവ്യങ്ങള്‍ രചിക്കുന്നു; ഉത്തമരായ സഹൃദയര്‍ അവയെ ലാളിക്കുന്നു; മരം പുഷ്പിക്കുന്നു. കാറ്റ് സൗരഭ്യം പരത്തുന്നു) കാറ്റിന്റെ ധര്‍മം കൂടുതല്‍ അളവില്‍ നിര്‍വഹിക്കുന്നവര്‍, വായനാനുഭവം പങ്കിടാത്തവരേക്കാള്‍, അനുഭവം പങ്കിടുന്ന നിരൂപകരാണ്. അവര്‍ നിര്‍മാതാക്കളേക്കാള്‍ മേലെയല്ലെങ്കിലും, വായനാനുഭവം പകര്‍ന്നുകൊടുക്കാത്തവരേക്കാള്‍ മേലെയാണ്.
  
'അനുഭവം പങ്കിടല്‍' പല തരത്തിലുണ്ട്. എന്റെ രീതി ഞാന്‍ വ്യക്തമാക്കാം. ഞാന്‍ വായനാനുഭവം പങ്കിടുന്നത് അത് ഏതെല്ലാം തരത്തില്‍ എന്നെ സ്പര്‍ശിച്ചു എന്നും, ഏതെല്ലാം തരത്തില്‍ അന്യരെ സ്പര്‍ശിക്കുമെന്നു ഞാന്‍ കരുതുന്നു എന്നും വ്യക്തമാക്കാനാണ്. ഞാന്‍ ആദ്യമെഴുതിയ പുസ്തകം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിലാപകാവ്യങ്ങളെക്കുറിച്ചാണ്. വിലാപകാവ്യങ്ങള്‍ സമഗ്ര മാനവപുരോഗതിയിലേക്ക് ഒരു സംഭാവനയും ചെയ്യുന്നില്ല എന്നു പ്രഖ്യാപിച്ച സാഹിത്യചിന്തകരുണ്ട്. ഞാന്‍ അവരുടെ പക്ഷത്തല്ല. എന്നേക്കുമായുള്ള വിയോഗത്തിന്റെ ദുഃഖവും കുറച്ചുകാലത്തേക്കുള്ള വിയോഗത്തിന്റെ ദുഃഖവും സാഹിത്യത്തിനു വിഷയമാക്കിയവര്‍ ശോകം പ്രേമം മുതലായ വൈകാരികാനുഭവങ്ങളെ നിര്‍വ്യക്തികമാക്കുക (depersonalize) യാണ് ചെയ്തത്. ട്രാജഡികള്‍ ചെയ്യുന്ന കൃത്യവും അതുതന്നെ. അവയിലൊക്കെയുള്ള സാധാരണീകൃതശോകം വായനക്കാരനു സൗന്ദര്യാനുഭൂതിയുളവാക്കുന്നു. ഏതു സൗന്ദര്യാനുഭൂതിയും മനുഷ്യനു പുരോഗതിയുളവാക്കുന്നു. ഈ അടിസ്ഥാനത്തിലാണ് വിശ്വോത്തരങ്ങളായ ട്രാജഡികളും വിലാപകാവ്യങ്ങളും മേഘസന്ദേശം പോലുള്ള കൃതികളും മാനുഷ്യകത്തിന്നു വിലപ്പെട്ടതാകുന്നത്. വിലാപകൃതികള്‍ എന്നിലുളവാക്കിയ സൗന്ദര്യാനുഭൂതി അപരരുമായി പങ്കുവെക്കാനാണ് ഞാന്‍ ആ കൃതികളുടെ പഠനങ്ങള്‍ എഴുതിയത്. പിന്നീടെഴുതിയ പുസ്തകം ആധുനികശാസ്ത്രം കവിതയെ എപ്രകാരം സ്വാധീനിച്ചു എന്ന് അന്വേഷിക്കാനുള്ള തത്പരതയുടെ ഫലമാണ്. ശാസ്ത്രത്തിന്റെ വികാസവും വ്യവസായവിപ്ലവം പോലുള്ള സാമൂഹികപരിവര്‍ത്തനങ്ങളും മനുഷ്യരുടെ എല്ലാ ജീവിതവ്യാപാരങ്ങളെയുമെന്നപോലെ സാഹിത്യത്തെയും സ്വാധീനിച്ചു. ആ സ്വാധീനത്തിന്റെ നാനാമാനങ്ങള്‍ അന്വേഷണവിഷയമാക്കുന്നത്, അവയെ പ്രതിഫലിപ്പിക്കുന്ന കൃതികളെ നിരീക്ഷിക്കുന്നതിനു പുതിയ വ്യാപ്തങ്ങള്‍ നല്‍കുമെന്ന വിശ്വാസമാണ് 'കവിതയും ശാസ്ത്രവു'മെന്ന പുസ്തകമെഴുതാന്‍ പ്രേരണയായത്.
  
റഷ്യന്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ഷോളോഖോവ് എഴുതിയ നോവലുകള്‍ വായിച്ചപ്പോള്‍ ആ പുസ്തകങ്ങള്‍ എന്നെ എങ്ങനെ സ്പര്‍ശിച്ചുവെന്നത് വായനക്കാരുമായി പങ്കിടാനുള്ള ഉത്കണ്ഠ അവയുടെ ഒരു പഠനമെഴുതാന്‍ പ്രേരണയായി. വിപ്ലവം അനിവാര്യമാക്കിത്തീര്‍ത്ത പശ്ചാത്തലവും സ്വകാര്യസ്വത്ത് ഉള്ളവര്‍ക്ക് അത് കൈവിടേണ്ടിവന്ന സാഹചര്യങ്ങളോടുള്ള പ്രതികരണവും യഥാതഥമായി പ്രതിഫലിപ്പിക്കുന്ന ആ നോവലുകള്‍ക്ക് ഐതിഹാസികമായ ഗൗരവമുണ്ട്. ആ ഗൗരവാനുഭൂതി വായനക്കാരിലേക്ക് പകരാനുള്ള തീവ്രമായ ഉദ്വേഗമാണ് നിരൂപണോത്സാഹത്തെ ഉണര്‍ത്തിയത്. ഷോളോഖോവിന്റെ നോവലുകളല്ലാതെ അവയുടെ ഒരു നിരൂപണവും ഞാന്‍ കണ്ടിട്ടില്ല. എന്റെ വായനാനുഭവമൊന്നു മാത്രമാണ് പുസ്തകമെഴുതുന്നതിനു പ്രചോദനമായത്.
  
സര്‍ഗാത്മക കൃതികള്‍ പോലെ സൈദ്ധാന്തിക ഗ്രന്ഥങ്ങളും വായനാനുഭൂതികള്‍ നല്‍കും. ഫ്രോയ്ഡിന്റെ മനഃശാസ്ത്രഗ്രന്ഥങ്ങള്‍ ലോകമൊട്ടുക്ക് വിചിന്തന മേഖലയില്‍ ഒരു വിപ്ലവം തന്നെ സാക്ഷാത്കരിച്ചു. മനോരോഗ ചികിത്സയില്‍ പുതിയ പദ്ധതി പ്രചരിക്കുകയും ചെയ്തു. എങ്കിലും കലാസാഹിത്യാദികളുടെ സൃഷ്ടിയെപ്പറ്റി അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ അനുസരിച്ചുള്ള വ്യാഖ്യാനങ്ങള്‍ അപര്യാപ്തങ്ങളായി തോന്നി. ഈ വിഷയത്തില്‍ സി.ജി. യുങ്ങിന്റെ സിദ്ധാന്തങ്ങള്‍ ആണ് കൂടുതല്‍ സ്വീകാര്യമായി എനിക്കനുഭവപ്പെട്ടത്. സാമൂഹികാബോധ മനസ്സ് (collective unconscious) എന്ന സംപ്രത്യയം ഭാരതീയ മനഃശാസ്ത്രസമീപനങ്ങളോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നുവെന്നും തോന്നി. മനഃശാസ്ത്രപരമായ സാമൂഹികാബോധ മനസ്സ് എന്ന തത്ത്വത്തെ മാണ്ഡൂക്യോപനിഷത്തിലെ മനഃശാസ്ത്ര തത്ത്വങ്ങളോട് ബന്ധപ്പെടുത്തിയുള്ള അപഗ്രഥനം എന്ന സാഹസത്തിനു മുതിരാന്‍ എന്റെ വായനാനുഭവം എന്നെ ഉത്കടമായി പ്രേരിപ്പിച്ചതിന്റെ ഉത്പന്നമാണ് 'ആദിപ്രരൂപങ്ങള്‍-സാഹിത്യത്തില്‍' എന്ന പുസ്തകം. ആര്‍ക്കിടൈപ്‌സ് എന്ന സംജ്ഞയ്ക്ക് ഉള്ള വിവര്‍ത്തനമാണ് 'ആദിപ്രരൂപങ്ങള്‍'. യുങ്ങിന്റെ ഗ്രന്ഥങ്ങള്‍ക്കു പുറമെ 'എറിക് ന്യൂമന്‍' എഴുതിയ ഗ്രന്ഥങ്ങള്‍ വായിച്ച അനുഭവവും ആ സൈദ്ധാന്തിക ഗ്രന്ഥത്തിന്റെ രചനയ്ക്കു പ്രേരണയായി. ആദിപ്രരൂപങ്ങള്‍ക്ക് നിദര്‍ശനങ്ങള്‍ വിവരിക്കുമ്പോള്‍ ആ മനഃശാസ്ത്രജ്ഞന്മാര്‍ അനാവരണം ചെയ്ത പാശ്ചാത്യ കഥകള്‍ മാത്രമല്ല ആലംബം. ഭാരതീയമായ മിത്തോളജിയില്‍ നിന്ന് സമൃദ്ധമായി ഉദാഹരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആദിപ്രരൂപങ്ങളെപ്പറ്റി സൈദ്ധാന്തികഗ്രന്ഥം രചിക്കുന്നതിനു മുമ്പു തന്നെ അവയെ ആലംബമാക്കിയുള്ള മലയാള കവിതാപഠനങ്ങള്‍ രചിച്ചിരുന്നു. മഹാമാതാവ് എന്ന ആദിപ്രരൂപം ഇടശ്ശേരിയുടെ 'കാവിലെ പാട്ടിലും' ട്രിക്സ്റ്റര്‍ എന്നത് പൂതപ്പാട്ടിലും 'രൂപാന്തരപ്രാപ്തി' സച്ചിദാനന്ദന്റെ കവിതയിലും മഹാപിതാവ് കടമ്മനിട്ടയുടെ കവിതയിലും എപ്രകാരം പ്രത്യക്ഷപ്പെടുന്നു എന്ന് വിവരിക്കാന്‍ മനഃശാസ്ത്രഗ്രന്ഥങ്ങളുടെ വായനയാണ് എനിക്കു പ്രേരണയായത്. ഗില്‍ബര്‍ട്ട് മുറെയുടെ സാഹിത്യ നിരൂപണത്തിലേക്കുള്ള അഞ്ചുകൈവഴികള്‍ (Five approaches to Literary Criticism) എന്ന നിരൂപണഗ്രന്ഥമാണ്, ഋതുപരിണാമങ്ങളും ഭൂമികയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകാത്മക കഥകള്‍, ഈഡിപ്പസ്, ഹാംലെറ്റ് മുതലായ കാലപാത്രങ്ങളുള്‍പ്പെട്ട ട്രാജഡികളുടെ ഉറവയാണ് എന്ന ആശയം വായനാനുഭവമായി നല്‍കിയത്. രാമായണ ഭാരതേതിഹാസങ്ങളെയും നളചരിതത്തേയും ആ ആശയത്തിന്റെ വെളിച്ചത്തില്‍ പുനര്‍നിര്‍മിക്കാമെന്നു തോന്നി. 'നവരംഗം' എന്ന ഉപന്യാസ സമാഹാരത്തില്‍ ഒരു ലേഖനം അതാണ്. ഈ സമീപനവും പഞ്ചകന്യകള്‍ ഭൂമിയുടെ പ്രതീകങ്ങളാണെന്ന സമീപനവും ആദിപ്രരൂപങ്ങള്‍, എന്ന പുസ്തകത്തിലെ പ്രതിപാദത്തിലുണ്ട്. അപരരുടെ ഗ്രന്ഥങ്ങള്‍ വായിച്ചുണ്ടാകുന്ന വിജ്ഞാനാനുഭവങ്ങളാണെങ്കിലും അവയെ നമ്മുടെ സാഹിത്യകൃതികളുമായി ബന്ധിപ്പിക്കാനുള്ള ശ്രമം പുതുതാണ്.

കെ.എന്‍. എഴുത്തച്ഛന്റെ സംസ്‌കൃതമഹാകാവ്യമായ 'കേരളോദയം' സാമുവെല്‍ ബെക്കറ്റിന്റെ Waiting for Godot എന്നിവ രണ്ടു ധ്രുവങ്ങള്‍ പോലെ അകന്ന സാഹിത്യകൃതികളാണ്. അവ രണ്ടും എനിക്കു നല്‍കിയ വായനാനുഭവമാകട്ടെ തുല്യതീവ്രമാണ്. അതുകൊണ്ടു തന്നെ അവയെപ്പറ്റി പഠനങ്ങള്‍ എഴുതി. 'അമൃതമശ്‌നുതേ' എന്ന കൃതിയില്‍ അവ രണ്ടുമുണ്ട്. അതുപോലെ വൈലോപ്പിള്ളിയുടെ 'മൃതസഞ്ജീവനി' പ്രസിദ്ധപ്പെടുത്തിയ ഉടനെ അതിന്റെ നിരൂപണം എഴുതാന്‍ പ്രേരകമായ തീവ്രത ആ നാടകീയ കാവ്യത്തിന്റെ വായനാനുഭവത്തിനുണ്ടായിരുന്നു. സി.ആര്‍. പരമേശ്വരന്റെ 'പ്രകൃതിനിയമം' എന്ന നോവലും ഇതുപോലെ സദ്യഃപ്രതികരണമുളവാക്കി- 'കാവ്യാരതി' എന്ന പുസ്തകത്തിലുണ്ട്.
  
ശാശ്വത മൂല്യങ്ങളുള്ള വിശിഷ്ട ഗ്രന്ഥങ്ങള്‍ വായിക്കുമ്പോഴുളവാകുന്ന ആനന്ദാനുഭൂതിയാണ് അവയെ സ്വന്തം ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യാന്‍ ആര്‍ക്കും പ്രേരണയാവുക. വേറെ വിവര്‍ത്തനങ്ങളുണ്ടെങ്കില്‍പ്പോലും തന്റേതായ ഒരു വിവര്‍ത്തനം ഉണ്ടാവണമെന്ന തോന്നലുളവാകുന്നത്, അത്ര വലിയ ആകര്‍ഷണശക്തി ഗ്രന്ഥത്തിനുണ്ടെന്ന അനുഭവം മൂലമാണ്. വാല്മീകി രാമായണ വിവര്‍ത്തനം എന്ന വലിയ ഉദ്യമം ഏറ്റെടുത്തത് അങ്ങനെയാണ്. അതുപോലെ ഏതെങ്കിലുമൊരു വിഷയം വ്യത്യസ്ത ഗ്രന്ഥരചയിതാക്കാള്‍ എങ്ങനെ കൈയാളി എന്ന അന്വേഷണമുണ്ടാകുന്നത് ആ വിഷയത്തിന്റെ പ്രാധാന്യം അത്രയേറെ മനഃപ്രകമ്പനമുളവാക്കുന്നതിനാലാണ്. പലകാലഘട്ടങ്ങളില്‍ പല ഗ്രന്ഥകര്‍ത്താക്കള്‍ സ്ത്രീസ്വത്വത്തെ എങ്ങനെ നിരീക്ഷിച്ചുവെന്ന അന്വേഷണത്തിനുള്ള ത്വര ഉത്കടമായതിന്റെ ഫലമാണ് 'ഭാരത സ്ത്രീ' 'സ്ത്രീ സ്വത്വാന്വേഷണം സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള മലയാള സാഹിത്യത്തില്‍', 'ഫെമിനിസം ചരിത്രപരമായ ഒരു അന്വേഷണം' എന്നീ പുസ്തകങ്ങള്‍. അതുപോലെ മലയാളത്തിലെ പല കവികളുടെയും നോവല്‍ കര്‍ത്താക്കളുടെയും കൃതികളില്‍ സ്ത്രീയെ എപ്രകാരം അവതരിപ്പിച്ചിരിക്കുന്നു എന്ന അന്വേഷണത്തിന്റെ ഫലമായ ലേഖനങ്ങളും. ആശാന്‍, വള്ളത്തോള്‍, സി.വി. രാമന്‍പിള്ള, ചെറുകാട്, ഒളപ്പമണ്ണ, സച്ചിദാനന്ദന്‍, കെ. സുരേന്ദ്രന്‍, പാറപ്പുറത്ത് എന്നിങ്ങനെ പലരുടെയും കൃതികളിലെ സ്ത്രീദര്‍ശനത്തെപ്പറ്റിയുള്ള ലേഖനങ്ങള്‍ പല ഗ്രന്ഥങ്ങളിലായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചില ഗ്രന്ഥകര്‍ത്താക്കളുടെ എല്ലാ കൃതികളും പഠനവിധേയമാക്കാന്‍ ഉള്ള ഉദ്യമം വലിയ വെല്ലുവിളിയാണെങ്കിലും അവ ഏറ്റെടുത്തിട്ടുണ്ട്. ജിയുടെ കാവ്യജീവിതം, വള്ളത്തോള്‍, ബാലാമണിയമ്മയുടെ കവിതാലോകങ്ങള്‍, അക്കിത്തത്തിന്റെ കവിത, കവിതയുടെ വിഷ്ണുലോകം, സി. രാധാകൃഷ്ണന്റെ കഥാലോകങ്ങള്‍ എന്നീ ഗ്രന്ഥങ്ങള്‍ ആ വകുപ്പില്‍ ഉണ്ട്. കുമാരനാശാന്‍, വൈലോപ്പിള്ളി, ഒ.എന്‍.വി.-സുഗതകുമാരി മുതലായവരുടെ പല കൃതികളുടെ പഠനങ്ങള്‍ പല ഗ്രന്ഥങ്ങളിലായി ചിതറി കിടക്കുന്നത് സമാഹരിച്ചാല്‍ അതതു കവികളുടെ കൃതികളുടെ ഏറെക്കുറെ സമഗ്ര പഠനമായി തീരും. അമ്പതിലേറെ നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുള്ള ഒരു വലിയ സാഹിത്യകാരനാണ് സി. രാധാകൃഷ്ണന്‍. ശാസ്ത്രജ്ഞന്‍ കൂടിയായ അദ്ദേഹത്തിന്റെ പല കൃതികള്‍ക്കും ആ നിലയ്ക്കുള്ള സവിശേഷത കൂടിയുണ്ട്. അദ്ദേഹത്തിന്റെ വായനക്കാര്‍ മറ്റു പലരേക്കാളുമേറെ ഉണ്ടായിട്ടും അദ്ദേഹത്തിന്റെ കൃതികളുടെ സമഗ്ര പഠനത്തിന് തുനിഞ്ഞവര്‍ ഇല്ല എന്ന അഭാവം പരിഹരിക്കാനുള്ള ഉദ്യമങ്ങളാണ് ഒമ്പത് ബൃഹത്തായ നോവലുകളുടെ പഠനമായ 'അപ്പുവിന്റെ അന്വേഷണം' എന്ന പുസ്തകവും 'രാധാകൃഷ്ണന്റെ കഥാലോകങ്ങള്‍' എന്ന പുസ്തകവും. വി.എസ്. അനില്‍കുമാറിന്റെ കഥകളും ഇ. ഹരികുമാറിന്റെ നോവലുകളും കഥകളും ഇപ്രകാരം പഠനവിഷയമാക്കണമെന്ന ഇച്ഛ സാക്ഷാല്‍കൃതമായിട്ടില്ല. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കൃതികളുടെ സമഗ്രപഠനമായ 'കവിതയുടെ വിഷ്ണുലോകം' എന്ന നിരൂപണഗ്രന്ഥം എണ്ണൂറിലേറെ പേജുള്ള ഒരു ബൃഹത്കൃതിയാണ്. സാഹിത്യകൃതികളെക്കുറിച്ചു മാത്രമല്ല വായനാനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 'രാഷ്ട്രീയ'ത്തിന്റെ വിഭാഗത്തില്‍പ്പെടുന്ന ചില ഇംഗ്ലീഷു ഗ്രന്ഥങ്ങളുടെ നിരൂപണങ്ങളുമുണ്ട്.

 2014 എന്ന് പേരുള്ള പുസ്തകം മോദിയുടെ ഒന്നാം വിജയത്തെ ആസ്പദമാക്കി രാജ് നാഥ് സിങ്ങ് എന്ന പത്രപ്രവര്‍ത്തകന്‍ രചിച്ചിട്ടുണ്ട്. അതിന്റെ നിരൂപണവും കെജ്രിവാള്‍ ഡല്‍ഹിയുടെ ഭരണകര്‍ത്താവായി വന്ന 2016-ല്‍ പ്രാണ്‍കുറുപ്പ് രചിച്ച പുസ്തകത്തെപ്പറ്റി എഴുതിയ 'ടെക്കിഭരണം' എന്ന ലേഖനവും ശശി തരൂര്‍ രചിച്ച The Paradoxical Prime Minister (2018) എന്ന പുസ്തകത്തിന്റെ നിരൂപണവും അമേരിക്കയിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെപ്പറ്റി ഡാന്‍ മൊറേയ്ന്‍ എഴുതിയ Kamalas Way എന്ന പുസ്തകത്തിന്റെ നിരൂപണവും മറ്റും ഈ വകുപ്പില്‍ വരാം. 

വായനാനുഭൂതിയില്‍ നിന്ന് ഉടനടി നിരൂപണമുണ്ടാവുക പണ്ടെന്നപോലെ ഇന്നും ഇല്ലായ്കയില്ല. കെ.ജി. ശങ്കരപ്പിള്ളയുടെ 'ബങ്കാള്‍' എന്ന കവിത പ്രസിദ്ധപ്പെടുത്തിയ ഉടനെ അതിനെപ്പറ്റി എഴുതിയപ്പോള്‍, 'ചെറുപ്പക്കാരുടെ കൈയടി വാങ്ങാനാണോ' എന്നു പരിഹാസത്തോടെ ചോദിച്ചവരുണ്ട്. ലേഖനം കവിതാധ്വനിയില്‍ കാണാം. ഈയിടെ സച്ചിദാനന്ദന്റെ 'എഴുപത്തിയഞ്ച്' വായിച്ചപ്പോഴുമുണ്ടായി ഉടന്‍ പ്രതികരണം. 'വൃദ്ധന്മാരുടെ കൈയടി നേടാനാണോ' എന്ന് ആരെങ്കിലും പരിഹസിക്കുമോ എന്നറിഞ്ഞുകൂടാ. വാര്‍ധക്യത്തിന്റെ തുഞ്ചത്ത് വാടിവീഴാറായ നിലയില്‍ പാതി ഞെട്ടറ്റ് നില്‍ക്കുന്ന ഇലപോലുള്ള ഈ കാലത്തും എനിക്ക് വിധാതാവിനോട് ഒരേയൊരു പ്രാര്‍ഥനയാണുള്ളത്; വീഴുംവരെ വായിക്കാനുള്ള കഴിവ് ഞെട്ടറ്റു പോകാതെ കാക്കണേ...

Content Highlights :Readers Day 2021 Special Dr M Leelavathy