2006-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പി.കെ. രാജശേഖരന്‍ എഴുതിയ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു.  

ക്തത്തിന്റെ പുനരുത്ഥാനശേഷിയുള്ള വിശ്വാസം മിത്തുകളിലും പുരാവൃത്തങ്ങളിലും ഭയത്തിന്റെ ഇരുണ്ട ഗോപുരങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. രക്തബീജാസുരന്മാരും രുധിരയക്ഷികളും രക്തബലി സ്വീകരിക്കുന്ന ദേവതകളും അവയില്‍ ഒരു തമോബ്രഹ്മം തന്നെ സൃഷ്ടിച്ചുനില്‍ക്കുന്നു. നിത്യയൗവനത്തിനോ പ്രതികാര നിര്‍വഹണത്തിനോ ഒക്കെ മനുഷ്യരക്തം കരണമോ കാരണമോ ആയിത്തീരുന്നു. അവിടെ. രക്തത്തിന്റെ വില രക്തം മാത്രമാണെന്ന് പ്രാചീനനിയമങ്ങള്‍ ശഠിച്ചിരുന്നു. രക്തവും പാപവും തമ്മിലും ബന്ധപ്പെടുന്നു പുരാവൃത്തങ്ങളില്‍. ബൈബിളില്‍, സഹോദരനായ ഹാബേലിനെ കൊന്ന കയീനോട് 'നീ ചെയ്തതെന്ത്? നിന്റെ അനുജന്റെ രക്തം ഭൂമിയില്‍ നിന്ന് എന്നോട് നിലവിളിക്കുന്നു' വെന്ന് യഹോവ പറയുന്നുണ്ട്. ദുഃശാസനന്റെ ചോരകൊണ്ട് ദ്രൗപദിയുടെ മുടികെട്ടാനാണ് മഹാഭാരതത്തില്‍ ഭീമന്‍ ഒരുമ്പെട്ടത്. പാപത്തിന്റെയും പുനരുത്ഥാനത്തിന്റെയും രതിയുടെയും സംഹാരത്തിന്റെയും വാഹനമായ രക്തത്തെക്കുറിച്ചുള്ള സങ്കല്പമാണ് വിശ്വാസത്തിലും പുരാവൃത്തത്തിലും രക്തരക്ഷസ്സിന്റെയും വാമ്പയറിന്റെയും ബിംബങ്ങള്‍ സൃഷ്ടിച്ചത്.

ഒരു നൂറ്റാണ്ടിനു മുന്‍പ് 'ഡ്രാക്കുള' (1897) എന്ന നോവല്‍ എഴുതുമ്പോള്‍ ഇത്തരം പ്രാചീനഭയങ്ങള്‍ക്ക് ആധുനികമായ ചിറകുകള്‍ നല്‍കുകയായിരുന്നു ബ്രാം സ്റ്റോക്കര്‍. രക്തത്തിന്റെ പുനരുത്ഥാനശേഷിയിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള വാമ്പയര്‍കഥകള്‍ ആധാരമാക്കി എഴുതപ്പെട്ട ആ ഗോത്തിക് നോവല്‍ വിക്ടോറിയന്‍ ഇംഗ്ലണ്ടിന്റെ മൂല്യഭയങ്ങളും സാമൂഹികാശങ്കകളും അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുമാണു പ്രതിഫലിപ്പിച്ചത്. കൊളോണിയല്‍ അധിനിവേശത്തിലൂടെ മറ്റനേകം ജനപദങ്ങളുടെ ചോരയൂറ്റിക്കുടിച്ചു കൊഴുത്തു നിന്ന് സാമ്രാജ്യത്തിന് രക്തഭീതിയുണ്ടാവുക സ്വാഭാവികമായിരുന്നു. തങ്ങളുടെ സുരക്ഷിത സാമ്രാജ്യത്തിലേക്ക് മറ്റൊരാവിര്‍ഭാവം, ഒരു സംഹാരശക്തി പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള സാമ്രാജ്യത്തിന്റെ ഭയം മാത്രമല്ല, രതി, ബലാത്സംഗം, വശീകരണം, ഗുഹ്യരോഗം തുടങ്ങിയവയെക്കുറിച്ചുള്ള വിക്ടോറിയന്‍ ആശങ്കകള്‍ കൂടി 'ഡ്രാക്കുള'യില്‍ അടങ്ങിയിരുന്നു. ടെക്‌നോളജിയുടെ വികാസം തുടങ്ങിക്കഴിഞ്ഞിരുന്ന 19-ാം നൂറ്റാണ്ടിന്റെ അന്ത്യവര്‍ഷങ്ങളില്‍ ഫ്യൂഡലിസവും ആധുനികതയും തമ്മിലാരംഭിച്ച ഏറ്റുമുട്ടലിന്റെ പ്രതിഫലനവും അതിലുണ്ടായിരുന്നു. നോവലില്‍ അന്നു പ്രബലമായിരുന്ന റിയലിസത്തോടുള്ള പ്രതികരണം കൂടിയായിരുന്ന 'ഡ്രാക്കുള' വിക്ടോറിയന്‍ യാഥാസ്ഥിതികത്വം വിലക്കിയതും അകറ്റിനിര്‍ത്തിയതുമായ വികാരങ്ങള്‍ തുറന്നുവിട്ടു. സമകാലിക നിരൂപകരും പുസ്തകാഭിപ്രായക്കാരും 'സെന്‍സേഷണലിസ'മെന്നു തള്ളിക്കളഞ്ഞുവെങ്കിലും ബ്രാംസ്റ്റോക്കറുടെ 'ഡ്രാക്കുള' നിരന്തരം പുനരുത്ഥാനം ചെയ്തു. സാഹിത്യത്തിലും സിനിമയിലും നാടകത്തിലുമൊക്കെയായി എത്രയോ തവണ ആ മധ്യകാല പ്രഭു പ്രത്യക്ഷപ്പെട്ടു. ലോകമെങ്ങും ജനപ്രിയ സാഹിത്യം എത്രയെങ്കിലും തദ്ദേശീയ ഡ്രാക്കുളമാരെ സൃഷ്ടിച്ചു.
 'ഡ്രാക്കുള' എന്ന കവിതയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയപോലെ 'നരകത്തിന്റെ ക്ഷുദ്രപ്രവാചകനും ഭ്രൂണഭക്ഷകനായ ഭയത്തിന്‍ പുരോഹിതനും നീചകാമത്തിന്റെ നിതാന്തനക്തഞ്ചരനുമായ' ഡ്രാക്കുളയെ ബ്രാംസ്റ്റോക്കര്‍ക്കു കിട്ടിയത് റൊമാനിയന്‍ പുരാവൃത്തങ്ങളില്‍ നിന്നാണ്. ട്രാന്‍സില്‍വാനിയയിലെ കാര്‍പാത്യന്‍ പര്‍വതനിരയിലുള്ള തന്റെ മധ്യകാല ദുര്‍ഗത്തില്‍ നിന്ന് ശവപ്പെട്ടിയില്‍ ഇംഗ്ലണ്ടിലെത്തിയ ഡ്രാക്കുളപ്രഭു തന്റെ രക്തപാനോത്സവങ്ങള്‍ ആരംഭിച്ചെങ്കിലും ഒടുവില്‍ കുരിശും വെളുത്തുള്ളിപ്പൂക്കളും കൊണ്ട് ഇല്ലാതാക്കപ്പെടുന്നു. റൊമാനിയയിലെ വലാക്കിയ പ്രദേശത്തെ ഭരണാധികാരിയായിരുന്ന വ്‌ളാദ് ഡ്രാക്കുള്‍ മൂന്നാമനെക്കുറിച്ചുള്ള പുരാവൃത്തങ്ങളില്‍ നിന്നാണ് ബ്രാം സ്റ്റോക്കര്‍ തന്റെ രക്തപാനിയായ ഡ്രാക്കുളപ്രഭുവിനെ സൃഷ്ടിച്ചത്. റൊമാനിയന്‍ നാടോടിഗാനങ്ങളിലും പുരാവൃത്തങ്ങളിലും നായകസ്ഥാനമുള്ള ആ പ്രഭു വിക്ടോറിയന്‍ ഇംഗ്ലണ്ടില്‍ കന്യാരക്തം കുടിക്കുന്ന നീചകാമത്തിന്റെ നക്തഞ്ചരനായി മാറി.

ക്രൈസ്തവ യൂറോപ്പിലേക്ക് ഇസ്‌ലാമിക പൗരസ്ത്യലോകത്തിന്റെ ശക്തിയുമായി ഇരമ്പിക്കയറിയ ഒട്ടോമന്‍ തുര്‍ക്കികള്‍ക്കെതിരെ പൊരുതി മരിച്ച വ്‌ളാദ് മൂന്നാമന്‍ ക്രൂരതയുടെ പര്യായമായിരുന്നു. മലദ്വാരത്തിലൂടെ കുന്തം അടിച്ചുകയറ്റി ആയിരക്കണക്കിനു ശത്രുക്കളെ വകവരുത്തിയ വ്‌ളാദ് ഇസ്‌ലാമികാധിനിവേശം പടിഞ്ഞാറന്‍ യൂറോപ്പിലേക്കു വ്യാപിക്കാതിരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ആ ചരിത്രത്തെ വാമ്പയര്‍ മിത്തുകളുമായി കൂട്ടിയിണക്കിയ ബ്രാം സ്റ്റോക്കര്‍ ഡ്രാക്കുള എന്ന ആധുനിക മിത്തു സൃഷ്ടിച്ചു. രക്തവും രതിയും മൃതിയുമായിരുന്നു ബ്രാംസ്റ്റോക്കറിന്റെ 'ഡ്രാക്കുള'യുടെ അസ്ഥിമാംസങ്ങള്‍. എന്നാല്‍ ആ ഗോത്തിക് 'ഭീകര' നോവലിനുപുറത്താണ് യഥാര്‍ഥ ഡ്രാക്കുള പ്രഭുവിന്റെ സ്ഥാനം. ചരിത്രത്തിലെ ഡ്രാക്കുളയെ തേടിയാല്‍ രക്തത്തിനും രതിക്കുമപ്പുറം വംശീയവിദ്വേഷത്തിന്റെയും ദേശീയതാവാദത്തിന്റെയും ക്രൈസ്തവ ഇസ്‌ലാമിക വിരോധങ്ങളുടെയും ചെന്നായ്ക്കളും കടവാതിലുകളും തെളിഞ്ഞുവരും.
 രക്തച്ചൊരിച്ചിലുകളും അധിനിവേശങ്ങളും ജൂത-ക്രൈസ്തവ പാശ്ചാത്യവും ഇസ്‌ലാമികപൗരസ്ത്യവും തമ്മിലുള്ള വിദ്വേഷവും ഭയാനക രൂപത്തിലേക്കു വളര്‍ന്നു നില്‍ക്കുന്ന സമകാലികാവസ്ഥയില്‍ ഡ്രാക്കുളയ്ക്കു മറ്റൊരു വായന സാധ്യമാണ്. ചരിത്രത്തിലെ യഥാര്‍ഥ ഡ്രാക്കുള പ്രതിനിധാനം ചെയ്തിരുന്ന രക്തത്തിന്റെ രാഷ്ട്രീയത്തിന് ഇന്നത്തെ ലോകരാഷ്ട്രീയവുമായി സമാനതയുള്ളതുകൊണ്ടാണത്. ആ സാധ്യത ഉപയോഗിച്ച് ഡ്രാക്കുളയെ തേടുകയാണ് 'ദ ഹിസ്റ്റോറിയന്‍' (2005) എന്ന നോവലില്‍ എലിസബത്ത് കോസ്റ്റോവ. വ്‌ളാദ് ഡ്രാക്കുള്‍ മൂന്നാമന്റെ കഥയിലൂടെ യൂറോപ്പിന്റെ രക്താസക്തിയുടെയും ഇസ്‌ലാമിക വിരോധത്തിന്റെയും കഥയാണ് കൊസ്റ്റോവ പറയുന്നത്. യൂറോപ്പിന്റെ ചരിത്രത്തെ തിന്മയുടെ ചരിത്രമായി വായിക്കുന്നു, ചരിത്രത്തെ പ്രമേയവും ചരിത്രകാരന്മാരെ കഥാപാത്രങ്ങമുമാക്കുന്ന 'ഹിസ്റ്റോറിയന്‍' ഒപ്പം മനുഷ്യപ്രകൃതിയില്‍ നൂറ്റാണ്ടുകള്‍ താണ്ടിയിട്ടും ഒടുങ്ങാതെ നില്‍ക്കുന്ന തിന്മയില്‍ ഒരു ഡ്രാക്കുളജീന്‍ ഉണ്ടെന്നുകൂടി ഈ നോവല്‍ ഓര്‍മിപ്പിക്കുന്നു.
 റൊമാനിയയിലെ വലാക്കിയ പ്രദേശത്തിന്റെ ഭരണാധിപനായിരുന്നു വ്‌ളാദ് ഡ്രാക്കുള്‍ മൂന്നാമന്‍ എന്ന ഡ്രാക്കുള. വ്‌ളാദ് ത്‌സീപിസ് അഥവാ വ്‌ളാദ് ദ ഇംപാലര്‍  എന്നും അറിയപ്പെട്ടിരുന്ന ഡ്രാക്കുള റൊമാനിയയിലേയും മൊള്‍ഡോവിയയിലെയും നാടന്‍ പാട്ടുകളിലും കഥകളിലും നായകപരിവേഷത്തോടെ നിറഞ്ഞുനില്‍ക്കുന്നു. തെക്കുകിഴക്കന്‍ യൂറോപ്പിലേക്കു വ്യാപിച്ച ഒട്ടോമന്‍ തുര്‍ക്കി സാമ്രാജ്യത്തിനും ഹംഗേറിയന്‍ സാമ്രാജ്യത്തിനുമിടയ്ക്ക് കിടന്ന ചെറുനാടായിരുന്നു വലാക്കിയ. പിന്തുടര്‍ച്ചാക്രമത്തിലായിരുന്നില്ല അവിടത്തെ രാജവാഴ്ച. ശക്തരായ കുടുംബങ്ങള്‍ ഇടപ്രഭുക്കന്മാരുടെ പിന്തുണയോടെ അധികാരം നേടി. ഇത്തരം അധികാരത്തര്‍ക്കങ്ങളും തെക്കുകിഴക്കന്‍ യൂറോപ്പില്‍ മേധാവിത്തമുറപ്പിക്കാന്‍ ഹംഗേറിയന്‍, ഒട്ടോമന്‍ സാമ്രാജ്യങ്ങള്‍ നടത്തിയ ശ്രമങ്ങളും വലാക്കിയയെ എന്നും യുദ്ധക്കളമാക്കിമാറ്റി. വലാക്കിയയുടെ സ്ഥാപകരായ ബസറബ് കുടുംബത്തിലെ അംഗമായിരുന്നു ഡ്രാക്കുളയുടെ പിതാവും രാജാവുമായ വ്‌ളാദ് രണ്ടാമന്‍. റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തികൂടിയായിരുന്ന ഹംഗേറിയന്‍ രാജാവ് ലുക്‌സംബര്‍ഗിലെ സിജിസ്മണ്‍ഡിന്റെ സഹായത്തോടെയാണ് വ്‌ളാദ് രണ്ടാമന്‍ വലാക്കിയയുടെ ഭരണാധിപനായത്. അതിന്റെ നന്ദിസൂചകമായി അദ്ദേഹം ഓര്‍ഡര്‍ ഓഫ് ഡ്രാഗണ്‍ (സൊസൈറ്റസ് ഡ്രാക്കോണിസ് എന്ന് ലാറ്റിനില്‍) എന്ന സംഘടനയില്‍ അംഗമായി.

PKR
പി.കെ രാജശേഖരന്‍


വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇസ്‌ലാമിനെതിരെ കിഴക്കന്‍ യൂറോപ്പിലെ സുപ്രധാന വ്യക്തികളെ ഒരുമിപ്പിക്കാന്‍ വേണ്ടിയുള്ള 'വ്യാളീയോഗ'ത്തില്‍ ഹംഗറി, സെര്‍ബിയ, നേപ്പിള്‍സ്, പോളണ്ട്, ലിത്വാനിയ, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെ രാജാക്കന്മാര്‍ അംഗങ്ങളായിരുന്നു. വ്യാളിയായിരുന്നു സംഘടനയുടെ ചിഹ്നം. പാമ്പ് എന്നതിന്റെ പഴയ റോമന്‍ വാക്കാണ് ഡ്രാക്. ഇന്ന് പിശാച് എന്നാണ് അതിനര്‍ത്ഥം. വ്യാളിയോഗത്തിലെ അംഗത്വം കാരണം വലാക്കിയക്കാര്‍ വ്‌ളാദ് രണ്ടാമനെ ഡ്രാക്കുള്‍ എന്നു വിളിച്ചു. പിന്നീട് വ്‌ളാദ് മൂന്നാമന്‍ തന്റെ സ്ഥാനപ്പേരായി 'ഡ്രാക്കുള' സ്വീകരിച്ചു. (ഡ്രാക്കുലിയ, ഡ്രാക്കുല്യ എന്നീ രൂപങ്ങളുമുണ്ടായിരുന്നു അതിന്) തുര്‍ക്കികളുമായുള്ള ഏറ്റുമുട്ടല്‍ ആപത്കരമായതിനാല്‍ അതൊഴിവാക്കാന്‍ വ്‌ളാദ് രണ്ടാമന്‍ ശ്രമിച്ചത് ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ എതിര്‍പ്പിനിടയാക്കി. അവിശ്വസ്തതയാരോപിച്ച് 1442 -ല്‍ അവര്‍ വ്‌ളാദിനെ സ്ഥാനഭ്രഷ്ടനാക്കി. എന്നാല്‍ തുര്‍ക്കിയുടെ സഹായത്തോടെ അടുത്ത വര്‍ഷം വ്‌ളാദ് രണ്ടാമന്‍ കസേര തിരിച്ചുപിടിച്ചുവെങ്കിലും 1447 ല്‍ വധിക്കപ്പെട്ടു. ഹംഗേറിയന്‍ റീജന്റായ ഹുണ്യാദിയുടെ ഉത്തരവനുസരിച്ചായിരുന്നു ഇത്. 
തുര്‍ക്കികളുടെ സഹായം തേടിയ കാലത്ത് അവരുടെ കടുത്ത സമ്മര്‍ദങ്ങള്‍ക്ക് ഇരയായിരുന്നു വ്‌ളാദ് രണ്ടാമന്‍. ഡ്രാക്കുള ഉള്‍പ്പെടെയുള്ള രണ്ടു മക്കളെ തുര്‍ക്കി സുല്‍ത്താന്റെ ബന്ദികളായി വിട്ടുകൊടുക്കേണ്ടിപോലും വന്നു അദ്ദേഹത്തിന്. തുര്‍ക്കിയുടെ താല്‍പ്പര്യങ്ങള്‍ ഹനിച്ചാല്‍ കുട്ടികളായ മക്കളുടെ ജീവന്‍ നഷ്ടപ്പെടുമെന്നായിരുന്നു വ്യവസ്ഥ. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ (കോണ്‍സ്റ്റന്റിനോപ്പിള്‍) ബന്ദിയായി കഴിഞ്ഞ ബാലനായ ഡ്രാക്കുള നിരവധി പീഡനങ്ങള്‍ക്കിരയായി. ഒരു നിലവറയിലായിരുന്നു ഡ്രാക്കുളയെയും അനുജന്‍ റാഡുവിനെയും അടച്ചിരുന്നത്. പിന്നീട് റാഡു ഇസ്‌ലാംമതം സ്വീകരിച്ചു. മോചിതനായി. തുര്‍ക്കിത്തടവറയില്‍ ചാട്ടയടിയേറ്റും പലതരം പീഡനങ്ങള്‍കണ്ടും കഴിഞ്ഞ ഡ്രാക്കുള പരുക്കനും പ്രതികാരദാഹിയുമായാണു വളര്‍ന്നത്. പിതാവിന്റെ മരണത്തോടെ ഡ്രാക്കുള മോചിതനായി. തുര്‍ക്കിയെ അനുകൂലിക്കാന്‍ ശീലിച്ചുകഴിഞ്ഞീരുന്ന ഡ്രാക്കുളയെ സുല്‍ത്താന്‍ വലാക്കിയയുടെ ഭരണാധികാരിയാക്കുകയും ചെയ്തു. പക്ഷേ ആ വാഴ്ച ഹ്രസ്വായുസ്സായിരുന്നു. ഹംഗേറിയന്‍ റീജന്റ് ഹുണ്യാദി വലാക്കിയ ആക്രമിച്ച് തുര്‍ക്കികളെ പുറത്താക്കി. മൊള്‍ഡേവിയയില്‍ ബന്ധുവായ ബൊഗ്ദാന്‍ രണ്ടാമനടുത്തേക്ക് ഡ്രാക്കുള രക്ഷപ്പെട്ടു. പിന്നീട് ബൊഗ്ദാന്‍ വധിക്കപ്പെട്ടപ്പോള്‍ ഡ്രാക്കുള ഹുണ്യാദിയെത്തന്നെ അഭയം പ്രാപിച്ചു. വലാക്കിയയുടെ കിരീടാവകാശത്തിന് അങ്ങനെ ഡ്രാക്കുള ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ പിന്തുണ നേടി.
 തുര്‍ക്കികളെ പുറത്താക്കാനായി 1465 ല്‍ ഹംഗറി സെര്‍ബിയ അധിനിവേശിച്ചപ്പോള്‍ ഡ്രാക്കുള വലാക്കിയയിലേക്കു നീങ്ങി അധികാരം പിടിച്ചെടുത്തു. ചോരയുടെയും ഇരുമ്പിന്റെയും നീതിയുടെ കാലമായിരുന്നു തുടര്‍ന്ന്. തര്‍ഗോവിസ്ത് തലസ്ഥാനമാക്കി ഭരിച്ച ഡ്രാക്കുള നിരവധി ദുര്‍ഗങ്ങള്‍ നിര്‍മിച്ചു. കടുത്ത ശിക്ഷകളിലൂടെ തന്റെ ശത്രുക്കളെ ഒന്നൊന്നായി വക വരുത്തുകയും ചെയ്തു. കുന്തത്തില്‍ കോര്‍ക്കല്‍പോലുള്ള അതിനിന്ദ്യമായ ശിക്ഷകള്‍ ഡ്രാക്കുളയ്ക്കു ചുറ്റും ഭയത്തിന്റെ പരിവേഷം നിര്‍മിച്ചു. വലാക്കിയന്‍ ഭരണത്തില്‍ നിര്‍ണായകസ്വാധീനമുള്ള ജന്മിമാരെയാണ് പ്രധാനമായും ഡ്രാക്കുള ക്രൂരമായി ഉന്മൂലനം ചെയ്തത്. പ്രഭുക്കന്മാര്‍ക്കുപകരം സാധാരണ കര്‍ഷകരെ ഡ്രാക്കുള ഉന്നതപദവികളിലേക്കുയര്‍ത്തി. ട്രാന്‍സില്‍വാനിയയിലെ ജര്‍മന്‍ ഭൂരിപക്ഷപ്രദേശങ്ങളായ സാക്‌സണ്‍ പട്ടണങ്ങള്‍ക്കു നേരെയും ഡ്രാക്കുള തിരിഞ്ഞു. അവിടെയും കൊടുംക്രൂരതകള്‍ അരങ്ങേറി. എന്നാല്‍ യുദ്ധങ്ങളും അരാജകത്വവും കൊണ്ട് തകര്‍ന്നിരുന്ന വലാക്കിയയുടെ സമ്പദ് രംഗവും കാര്‍ഷികരംഗവും നേരെയാക്കാന്‍ ഡ്രാക്കുളയ്ക്കു കഴിഞ്ഞു. ക്രിസ്തുമതത്തോടും സംന്യാസിമഠങ്ങളോടും സംന്യാസിമാരോടും ആദരവോടെ പെരുമാറുകയും ചെയ്തു. 

തുര്‍ക്കികളും ഹംഗറിയും തമ്മിലുള്ള ശത്രുതയില്‍ ഹംഗറിയുടെ പക്ഷത്തായിരുന്നു ഡ്രാക്കുള. ഹംഗേറിയന്‍ ചക്രവര്‍ത്തി മത്യാസ് കോര്‍ണിവസിനൊപ്പം ചേര്‍ന്ന ഡ്രാക്കുളയെ സ്ഥാനഭ്രഷ്ടനാക്കാന്‍ തുര്‍ക്കികള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുര്‍ക്കികള്‍ക്കു കപ്പം കൊടുക്കുന്നതു നിര്‍ത്തിയ ഡ്രാക്കുള 1461-62 ലെ മഞ്ഞുകാലത്ത് ഡാന്യൂബ് നദി കടന്ന് തുര്‍ക്കികളെ ആക്രമിച്ചു. സെര്‍ബിയയ്ക്കും കരിങ്കടലിനും ഇടയ്ക്കുള്ള പ്രദേശത്തു നടന്ന ഈ യുദ്ധത്തില്‍ ഇരുപതിനായിരം പേര്‍ മരിച്ചെന്നാണു കണക്ക്. ഇത് തുര്‍ക്കിസുല്‍ത്താന്‍ മെഹ്മദ് രണ്ടാമനെ ക്രുദ്ധനാക്കി. അറുപതിനായിരം പേരുള്ള സൈന്യവുമായി സുല്‍ത്താന്‍ വലാക്കിയയ്ക്കു നേരെ നീങ്ങി. അതിന്റെ പാതി സൈന്യം മാത്രമുണ്ടായിരുന്ന ഡ്രാക്കുളയ്ക്കു പിടിച്ചുനില്‍ക്കാനായില്ല. ഒളിപ്പോരിലേക്കു തിരിഞ്ഞ ഡ്രാക്കുള ഒരുസംഘം അനുചരന്മാരോടൊപ്പം വേഷം മാറി സുല്‍ത്താന്‍ മെഹ്മദിന്റെ പടകുടീരത്തില്‍ കടന്നുകൂടി അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചു. ഇതോടെ ഡ്രാക്കുളയുടെ സഹോദരന്‍ റാഡുവിനെ രാജാവായി അവരോധിച്ച് തുര്‍ക്കി പിന്‍വാങ്ങി. ഹംഗറിയുമായി റാഡു കൈകോര്‍ത്തതോടെ ഡ്രാക്കുള ഹംഗറിയുടെ തടവിലായി. 1462- 74 കാലംവരെ ഡ്രാക്കുള തടവില്‍ കഴിഞ്ഞുവെന്നു കരുതുന്നു. ഇക്കാലത്ത് ഡ്രാക്കുള ഹംഗേറിയന്‍ രാജകുടുംബത്തിലെ അംഗമായ ഇലോന സിലാഗ്‌യിയെന്ന യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ആദ്യഭാര്യ തുര്‍ക്കികളുടെ ആക്രമണസമയത്ത് രക്ഷപ്പെടാനായി 1462-ല്‍ പൊയ്‌നാരി ദുര്‍ഗത്തില്‍ നിന്ന് ആര്‍ഗസ് നദിയില്‍ ചാടി മരിച്ചിരുന്നു. 'പ്രഭ്വിയുടെ പുഴ' യെന്നാണ് ഇന്ന് ആര്‍ഗസ് നദി വിളിക്കപ്പെടുന്നത്.
ഡ്രാക്കുള തടവില്‍ നിന്നും മോചിതനായപ്പോഴേക്കും റാഡു മരിച്ചിരുന്നു. തുര്‍ക്കികളുടെ പിന്തുണയോടെ ബസറബ് കുടുംബത്തിലെ മറ്റൊരു തായ്‌വഴിയിലെ അംഗമായ ഒരാളായിരുന്നു വലാക്കിയയില്‍ ഭരണം. മൊള്‍ഡോവിയയിലെ ബന്ധുവായ രാജകുമാരന്‍ സ്‌തെഫാന്‍ ബത്തോറിയുടെ സഹായത്തോടെ 1475 ല്‍ ഡ്രാക്കുള വീണ്ടും വലാക്കിയ കീഴടക്കി. പക്ഷേ തുര്‍ക്കികളെ നേരിടാനുള്ള കരുത്ത് ഡ്രാക്കുളയുടെ ദുര്‍ബലമായ സേനയ്ക്കില്ലായിരുന്നു. കൊടുംക്രൂരതകള്‍ കാരണം ഇടപ്രഭുക്കന്മാരും കര്‍ഷകരും ഡ്രാക്കുളയെ കൈയൊഴിയുകയും ചെയ്തു. നാലായിരംപേരുള്ള ചെറുസേനയുമായി തുര്‍ക്കികളെ നേരിട്ട ഡ്രാക്കുള 1476-ല്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. എങ്ങനെയായിരുന്നു മരണം എന്നതിനെച്ചൊല്ലി വ്യത്യസ്താഭിപ്രായങ്ങളുണ്ട്. തുര്‍ക്കികള്‍ കൊന്നുവെന്നും ഒരു ഇടപ്രഭു കൊന്നുവെന്നും സ്വന്തം സൈനികനുപറ്റിയ അബദ്ധത്താല്‍ മരിച്ചുവെന്നുമൊക്കെ പാഠാന്തരങ്ങളുണ്ട്. തുര്‍ക്കികള്‍ ഡ്രാക്കുളയുടെ തല വെട്ടിയെടുത്ത് തേനിലിട്ട് ഇസ്താംബൂളിലേക്കു കൊണ്ടുപോയി. ഡ്രാക്കുള മരിച്ചുവെന്ന് സുല്‍ത്താന്‍ മെഹ്മദിനെ ബോധ്യപ്പെടുത്താനായിരുന്നു ഇത്. ഡ്രാക്കുളയുടെ കബന്ധം ബുഖാറസ്റ്റിനടുത്തുള്ള സ്‌നാഗോവിലെ സന്ന്യാസിമഠത്തില്‍ സംസ്‌കരിച്ചു.

ക്രിസ്തുമതത്തിന്റെയും സന്ന്യാസിമഠങ്ങളുടെയും സംരക്ഷകന്‍കൂടിയായിരുന്ന ഡ്രാക്കുള നടത്തിയ ചെറുത്തുനില്പാണ് പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് തുര്‍ക്കികളുടെ മുന്നേറ്റം തടഞ്ഞത്. കടുത്ത ദേശീയതാബോധവും ജന്മിത്തവിരുദ്ധതയും ക്രൈസ്തവതയും ഡ്രാക്കുളയെ ഒരു ലെജെന്‍ഡിന്റെ നിലവാരത്തിലേക്കുയര്‍ത്തി. തുര്‍ക്കിയിലെ ബന്ദി ജീവിതം സൃഷ്ടിച്ച പകയും അവിടന്ന് കണ്ടുമനസ്സിലാക്കിയ ക്രൂരശിക്ഷകളും നാട്ടില്‍ നടപ്പാക്കിയ ഡ്രാക്കുള, ഭയത്തിന്റെ പെരുമാളുമായി. സ്ത്രീകളും കുട്ടികളും വിദേശികളും പ്രഭുക്കളും കര്‍ഷകരുമെല്ലാം ആ ക്രൂരതയ്ക്ക് ഇരയായി. സിബീയ്യ എന്ന ട്രാ ന്‍സില്‍വാനിയന്‍ പട്ടണത്തില്‍ 1460-ല്‍ പതിനായിരംപേരെ ഡ്രാക്കുള കൊന്നൊടുക്കിയത്രെ. ബ്രസോവില്‍ 1459-ല്‍ മുപ്പതിനായിരം കച്ചവടക്കാരെയും കൊന്നു. ശവങ്ങളും കൊല്ലപ്പെടുന്നവരുടെ വേദനയും കണ്ട് ആനന്ദിച്ചിരുന്ന ഡ്രാക്കുള തന്റെ ഹംഗേറിയന്‍ തടവുജീവിതത്തിനിടയില്‍ പക്ഷികളെയും പ്രാണികളെയും പിച്ചിച്ചീന്തി രസിച്ചിരുന്നുവെന്നും പറയപ്പെടുന്നു. മുസ്‌ലിംകള്‍ക്കെതിരെയായിരുന്നു ഡ്രാക്കുളയുടെ പൈശാചികത ഏറ്റവുമധികം അരങ്ങേറിയത്. തടവുകാരായി പിടിച്ച ഇരുപതിനായിരത്തോളം തുര്‍ക്കി സൈനികരെ കുന്തത്തില്‍ കോര്‍ത്തുനിര്‍ത്തിയ കാഴ്ചയില്‍ സംഭീതനായാണ് 1462-ല്‍ അതിശക്തനായ സുല്‍ത്താന്‍ മെഹ്മദ് പിന്‍വാങ്ങിയത്. 

 മരണശേഷം രചിക്കപ്പെട്ട ലഘുലേഖകളില്‍ നിന്നാണ് ഡ്രാക്കുളയുടെ ഇരുണ്ട ചിത്രം പുറംലോകത്തേക്കു കടന്നത്. വിശുദ്ധ റോമാ സാമ്രാജ്യം പ്രസിദ്ധപ്പെടുത്തിയ ലഘുലേഖകള്‍, റഷ്യന്‍ പുരാവൃത്തങ്ങള്‍, ജര്‍മന്‍ ലഘുലേഖകള്‍ തുടങ്ങിയവയില്‍നിന്ന് ഡ്രാക്കുളയുടെ വ്യത്യസ്തചിത്രങ്ങള്‍ കിട്ടുന്നു. അച്ചടിവിദ്യ പ്രചരിച്ചുതുടങ്ങിയ യൂറോപ്പില്‍ ബഹുജനങ്ങള്‍ക്കു വായിച്ചുരസിക്കാനുള്ള കഥകളായാണ് ഡ്രാക്കുളരേഖകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ജര്‍മന്‍ രചനകളില്‍ ഡ്രാക്കുള ഒരു അമാനുഷ ഭീകരജീവിയായി ചിത്രീകരിക്കപ്പെട്ടു. റഷ്യന്‍ രചനകളാകട്ടെ ക്രൂരനെങ്കിലും സ്വന്തം ജനതയുടെ നന്മയെ ലക്ഷ്യമാക്കിയ പ്രഭുവായാണ് ഡ്രാക്കുളയെ അവതരിപ്പിച്ചത്. റൊമാനിയന്‍ ഗ്രാമീണര്‍ക്കിടയില്‍ ഇന്നും നിലവിലുള്ള നാടന്‍പാട്ടുകളില്‍ ഡ്രാക്കുള വിദേശീയരായ അധിനിവേശശക്തികള്‍ക്കെതിരെ പൊരുതിയ ദേശീയ നായകനാണ്. ജര്‍മന്‍ കച്ചവടക്കാരും തുര്‍ക്കികളുമാണ് ആ അധിനിവേശകര്‍. ക്രൂരതയ്‌ക്കൊപ്പം നീതിയും ജനനന്മയും ലക്ഷ്യമാക്കി രാജകുമാരന്റെ ചിത്രം ആ വായ്‌മൊഴിഗാനങ്ങള്‍ അവതരിപ്പിക്കുന്നു.
 ഡ്രാക്കുളയെ രക്തപാനിയാക്കിയത് ബ്രാംസ്റ്റോക്കറായിരുന്നു. വ്‌ളാദ് ഡ്രാക്കുള്‍ മൂന്നാമനെപ്പറ്റിയുള്ള വളരെ കുറച്ചു ധാരണകളും വാമ്പയറുകളെക്കുറിച്ചുള്ള മിത്തുകളും കൂട്ടിയിണക്കിയാണ് സ്റ്റോക്കര്‍ ഭീതിയുടെ സാഹിത്യത്തിലെ ഏറ്റവും വലിയ മിത്തായ ഡ്രാക്കുളാ പ്രഭുവിനെ സൃഷ്ടിച്ചത്. മനുഷ്യനില്‍നിന്ന് രക്തം കുടിച്ച് മരണമില്ലാത്തവനായി ജീവിക്കുന്ന വാമ്പയറിനെക്കുറിച്ചുള്ള പുരാവൃത്തങ്ങള്‍ കിഴക്കന്‍ യൂറോപ്പില്‍ സാധാരണമായിരുന്നു. പഴയ സ്ലാവിക് ഭാഷയില്‍നിന്ന് പോളിഷ്‌വഴി ജര്‍മനിയിലും അവിടെനിന്ന് ഇംഗ്ലീഷിലുമെത്തിയ പദമാണ് വാമ്പയര്‍. (ബ്രാംസ്റ്റോക്കറുടെ 'ഡ്രാക്കുള' ആദ്യമായി മലയാളത്തില്‍ വിവര്‍ത്തനംചെയ്ത കവി കെ.വി. രാമകൃഷ്ണന്‍ നല്‍കിയ 'രക്തരക്ഷസ്സ്' എന്നപദമാവും നമ്മുടെ സാംസ്‌കാരിക സന്ദര്‍ഭത്തില്‍ വാമ്പറയിന് ഏറ്റവും ഇണങ്ങുന്നത്). സ്ലാവിക് ജനവിഭാഗങ്ങളുടെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് (റഷ്യ, സെര്‍ബിയ, സ്ലൊവേനിയ, ബോസ്‌നിയ, പോളണ്ട് ബള്‍ഗേറിയ...) രക്ഷസ്സുകളുടെ പുരാവൃത്തങ്ങള്‍ സമൃദ്ധമായുള്ളത്. 17-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 18-ാം നൂറ്റാണ്ടിലുമായി കിഴക്കന്‍ യൂറോപ്പില്‍ രക്തരക്ഷസ്സ് ബാധയുടെ 'സംഭവകഥകള്‍' പ്രചരിക്കാന്‍തുടങ്ങി. ഹംഗറിയിലും ബാള്‍ക്കന്‍ രാജ്യങ്ങളിലും രക്ഷസ്സ് ചോരകുടിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 'പ്ലേഗ്' എന്നാണ് ആ രക്ഷസ്സുബാധ വിശേഷിപ്പിക്കപ്പെട്ടത്. ബാള്‍ക്കന്‍ മേഖലയില്‍നിന്ന് ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കും ആ 'പ്ലേഗ്' പരന്നു. ബാള്‍ക്കനില്‍നിന്നു മടങ്ങിവന്ന വണിക്കുകള്‍ 'മരണമില്ലാത്തവനെ'ക്കുറിച്ചുള്ള കഥകളും കൊണ്ടുവന്നു. അതോടെ ജനങ്ങളുടെ രക്ഷസ്സുഭയവും ഭ്രമവും പെരുകുകയും ചെയ്തു. ക്രൈസ്തവ സന്ന്യാസിമാരും തത്ത്വചിന്തകരും വാമ്പയറുകളെപ്പറ്റി പഠിക്കാന്‍ തുടങ്ങി. ഫ്രഞ്ച് ബെനഡിക്‌ടൈന്‍ സന്ന്യാസിയായ അന്ത്വാന്‍ അഗസ്റ്റിന്‍ കാല്‍മെറ്റ് (എൃറ്ഹൃവ എുഷുീറഹൃ *മാൗവറ, 16721757) ഹംഗറിയിലെ വാമ്പയറിസത്തെപ്പറ്റി ഒരു പ്രബന്ധംതന്നെ എഴുതി. കഥയെഴുത്തുകാരും നാടകകൃത്തുക്കളും വാമ്പയര്‍ രചനകള്‍ എഴുതിത്തുടങ്ങിയതും ഇക്കാലത്താണ്. ഈ പാരമ്പര്യങ്ങളുടെ തുടര്‍ച്ചയായിരുന്നു ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുള. സ്റ്റോക്കറുടെ നോവലിലല്ലാതെ മറ്റൊരിടത്തും ഡ്രാക്കുളയെ വാമ്പയറായി ചിത്രീകരിച്ചിട്ടില്ലെന്നു മാത്രം.

 ചരിത്രത്തിലെ ഡ്രാക്കുളയില്‍ ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുള കൂട്ടിക്കലര്‍ത്തിയ രസായനമാണ് എലിസബത്ത് കോസ്റ്റോവയുടെ 'ദ ഹിസ്റ്റോറിയന്‍' എന്ന നോവല്‍. മരണമില്ലാത്തവനായ ഡ്രാക്കുളയെ പിന്തുടരുന്ന കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് തെക്കുകിഴക്കന്‍ യൂറോപ്പിന്റെ അഞ്ചുനൂറ്റാണ്ടത്തെ ചരിത്രത്തിലൂടെ പര്യടനം നടത്തുന്നു. യൂറോപ്പ്യന്‍ മനസ്സില്‍ രൂഢമായിക്കിടക്കുന്ന ഭയങ്ങളും വിദ്വേഷങ്ങളും അത് വെളിച്ചത്തുകൊണ്ടുവരുന്നു. ഇസ്‌ലാമിനോടും ഹിറ്റ്‌ലറിനോടും സ്റ്റാലിനോടുമുള്ള ഭയങ്ങളും വിരോധങ്ങളും അതില്‍ ചോരയിറ്റി നില്‍ക്കുന്നു. വ്‌ളാദ് ഡ്രാക്കുള്‍ മൂന്നാമനാണ് 'ഹിസ്റ്റോറിയനി'ലെ കഥാപാത്രം, സ്റ്റോക്കര്‍ സംഭാവനചെയ്ത വാമ്പയറിസംകൂടി ഡ്രാക്കുളയിലേക്ക് നോവലിസ്റ്റ് അധ്യാരോപം ചെയ്യുന്നു. ''ചരിത്രത്തിന്റെ ഇരയാവാതെ ചരിത്രം സൃഷ്ടിക്കാന്‍'' തീരുമാനിക്കുകയും ''ആ ചരിത്രം പഠിപ്പിക്കുന്നത് മനുഷ്യപ്രകൃതി തിന്മ മാത്രമാണെന്നു'' വിശ്വസിക്കുകയും ചെയ്യുന്ന ഡ്രാക്കുളയാണത്. ശീതയുദ്ധം, കമ്യൂണിസ്റ്റ് ഇരുമ്പുമറ, ഹംഗറിയിലെ സോവിയറ്റ് അധിനിവേശം തുടങ്ങിയ രാഷ്ട്രീയ സംഭവങ്ങളുടെയും ഇസ്‌ലാമിക പൗരസ്ത്യലോകവും ക്രൈസ്തവ പാശ്ചാത്യലോകവും തമ്മിലുള്ള സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ വെളുത്ത മനുഷ്യന്റെ രക്തദാഹത്തിന്റെ ചരിത്രം കോസ്റ്റോവാ അവതരിപ്പിക്കുന്നു. 

ഓക്‌സ്‌ഫെഡിലെ ചരിത്രകാരിയായ ആഖ്യാതാവ് 2008-ല്‍ എഴുതുന്ന അനുസ്മരണത്തിന്റെ രൂപത്തിലാണ് 'ഹിസ്റ്റോറിയന്റെ' രചന. ആഖ്യാതാവിന്റെ പേര് നോവലിസ്റ്റ് വെളിപ്പെടുത്തുന്നില്ല. തന്റെ 16-18 വയസ്സുകള്‍ക്കിടയില്‍ നടന്ന സംഭവങ്ങള്‍ ചരിത്രകാരി വിവരിക്കുന്നു. ഡ്രാക്കുളയുടെ കഥപറയാന്‍ ബ്രാംസ്റ്റോക്കര്‍ സ്വീകരിച്ച ആഖ്യാനതന്ത്രങ്ങള്‍ (ഡയറിക്കുറിപ്പുകള്‍, കത്തുകള്‍) തന്നെയാണ് കോസ്റ്റോവയും സ്വീകരിക്കുന്നത്; കത്തുകള്‍, ജീവിതസ്മരണകള്‍, ആത്മകഥ, ചരിത്രം, നാടന്‍പാട്ട്, യാത്രാവിവരണം, ട്രാവല്‍ഗൈഡ് തുടങ്ങിയ പലതരം ജനുസ്സുകള്‍ ഒത്തുചേരുന്ന 'ഹിസ്റ്റോറിയന്‍', സഞ്ചാരങ്ങളുടെ പുസ്തകവും പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകവുംകൂടിയാണ്. ചരിത്രരചന എന്ന വിഷയം നോവലായിത്തീരുന്ന ഈ കൃതി യഥാര്‍ഥത്തില്‍ ബ്രാംസ്റ്റോക്കറുടെ 'ഡ്രാക്കുള'യുടെ മാറ്റിയെഴുത്തോ അതിനു നല്‍കുന്ന ശ്രദ്ധാഞ്ജലിയോ ആയി മാറുന്നു. ക്രൈസ്തവ-ഇസ്‌ലാമിക സംസ്‌കൃതികള്‍ തമ്മില്‍ കുരിശുയുദ്ധങ്ങളുടെ കാലംമുതല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വംശീയവിരോധത്തിന്റെ അന്യാപദേശംകൂടിയായി വായിക്കാം ഈ പുസ്തകം.

20-ാം നൂറ്റാണ്ടിലെ വ്യത്യസ്ത കാലയളവുകളില്‍ ഡ്രാക്കുളയെ തേടി വ്യത്യസ്തരായ ആളുകള്‍ നടത്തിയ അന്വേഷണങ്ങളാണ് 'ഹിസ്റ്റോറിയ'ന്റെ ഇതിവൃത്തം. ഓക്‌സ്‌ഫെഡില്‍നിന്ന് ഒരു അമേരിക്കന്‍ സര്‍വകലാശാലയിലെത്തിയ ബര്‍ത്തലോമ്യു റോസി എന്ന ചരിത്രപ്രൊഫസര്‍ 1930-കളില്‍ നടത്തിയ അന്വേഷണങ്ങള്‍; അപ്രതീക്ഷിതമായി കാണാതായ പ്രൊഫസര്‍ റോസിയെ തേടി അദ്ദേഹത്തിന്റെ അമേരിക്കന്‍ ശിഷ്യനും കഥപറയുന്ന ചരിത്രകാരിയുടെ അച്ഛനുമായ പോള്‍ 1950-കളില്‍ നടത്തിയ അന്വേഷണങ്ങള്‍; തന്റെ അച്ഛനെ തേടി 1972-ല്‍ ചരിത്രകാരി നടത്തിയ അന്വേഷണങ്ങള്‍. വിചിത്രമായ സമാനതകള്‍ ആ അന്വേഷണയാത്രകള്‍ക്കുണ്ട്.യാദൃച്ഛികമായി കണ്ടെത്തിയ പ്രൊഫസര്‍ റോസിയുടെ മകള്‍ ഹെലനോടൊത്താണ് പോള്‍ തന്റെ ഗുരുവിനെയും ഡ്രാക്കുളയെയും തേടിയത്. പോള്‍-ഹെലന്‍ ദമ്പതിമാരുടെ മകളായ ചരിത്രകാരി നടത്തുന്ന യാത്ര ഓക്‌സ്‌ഫെഡിലെ ഒരു യുവ ചരിത്ര വിദ്യാര്‍ഥിയോടൊപ്പവും. ആ യാത്രാപഥങ്ങളില്‍ തുര്‍ക്കിയും ബള്‍ഗേറിയയും റൊമാനിയയും ഹംഗറിയും ഫ്രാന്‍സും ഇംഗ്ലണ്ടും ഉള്‍പ്പെടെയുള്ള വിശാലമായ യൂറോപ്യന്‍ ഭൂപ്രദേശവും വിസ്തൃതമായ ചരിത്രവുമുണ്ട്. അതില്‍ ഊറിക്കൂടി നില്‍ക്കുന്ന വംശവിദ്വേഷത്തിന്റെ രക്തപ്പകയും.

യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം നിലനിര്‍ത്താന്‍ ആംസ്റ്റര്‍ഡാമില്‍ സെന്റര്‍ ഫോര്‍ പീസ് ആന്‍ഡ് ഡെമോക്രസി എന്ന നയതന്ത്രസംഘടന സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്ന അമേരിക്കക്കാരനായ മുന്‍ ചരിത്ര പ്രൊഫസര്‍ പോളിന്റെ ഏകമകളാണ് നോവലിലെ ആഖ്യാതാവ്. ബാല്യത്തിലേ അമ്മ നഷ്ടപ്പെട്ട അവള്‍ അച്ഛന്റെ നിരന്തരയാത്രകള്‍ നിമിത്തം ഏകാകിനിയായാണ് വളര്‍ന്നത്. ഒരിക്കല്‍ യാദൃച്ഛികമായി അച്ഛന്റെ ലൈബ്രറിയില്‍നിന്ന് അവള്‍ക്ക് ഒരു കൂട്ടം പഴയ കത്തുകളും വിചിത്രമായ ഒരു പുസ്തകവും കിട്ടി. 1930-ല്‍ ഓക്‌സ്‌ഫെഡിലെ ട്രിനിറ്റി കോളേജിലെ പ്രൊഫസറായ ബര്‍ത്തലോമ്യു റോസി 'പ്രിയങ്കരനും നിര്‍ഭാഗ്യവാനുമായ പിന്‍ഗാമി'യെ അഭിസംബോധനചെയ്ത് എഴുതിയ കത്തുകള്‍ ആ ബാലികയില്‍ ഉദ്വേഗമുണര്‍ത്തിയെങ്കിലും തെറ്റു ചെയ്യുകയാണെന്ന ബോധംകൊണ്ട് അവള്‍ അതു തുടര്‍ന്ന് വായിച്ചില്ല. കത്തിനൊപ്പം കിട്ടിയ വിചിത്രമായ പുസ്തകത്തിന്റെ നടുവില്‍ ഒരു വ്യാളിയുടെ ചിത്രം മുദ്രണം ചെയ്തിരുന്നു. മറ്റൊന്നും അതിലുണ്ടായിരുന്നില്ല.

മകളുടെ ഏകാന്തതയകറ്റാന്‍ തന്റെ യാത്രകളില്‍ അവളെക്കൂടി പോള്‍ കൊണ്ടുപോകാറുണ്ടായിരുന്നു. ഒരിക്കല്‍ ഒട്ടോമന്‍ തുര്‍ക്കികള്‍ക്കു കീഴിലായിരുന്ന തെക്കുകിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നു മിക്കപ്പോഴും ആ യാത്രകള്‍. ഒരു യാത്രയ്ക്കിടയില്‍ മകള്‍ താന്‍ കണ്ടെത്തിയ വ്യാളിച്ചിത്രമുള്ള പുസ്തകത്തെപ്പറ്റി അച്ഛനോട് ചോദിച്ചു. തന്റെ പ്രൊഫസറായിരുന്ന ബര്‍ത്തലോമ്യു റോസിയെപ്പറ്റിയും ആ പുസ്തകം തനിക്കു കിട്ടിയതിനെപ്പറ്റിയുമുള്ള കഥ അച്ഛന്‍ മകള്‍ക്ക് പറഞ്ഞുകൊടുത്തു. റോസിയുടെ കത്ത്, അച്ഛന്‍ തനിക്കെഴുതിയ ദീര്‍ഘമായ കത്ത് തുടങ്ങിയവയിലൂടെ അവള്‍ ആ അസാധാരണ കഥ മനസ്സിലാക്കി. അത് അവളുടെ ജനനത്തിന്റെയും വംശാവലിയുടെയും കഥകൂടിയായിരുന്നു; ഡ്രാക്കുളയുടെ കഥയെന്നപോലെ.

1950-ല്‍ വിദ്യാര്‍ഥിയായിരുന്ന പോളിന് ആ വ്യാളിപ്പുസ്തകം യാദൃച്ഛികമായി ലഭിച്ചു. അതിന്റെ അര്‍ഥമറിയാനായി അയാള്‍ പ്രൊഫസര്‍ റോസിയെ സമീപിച്ചു. രണ്ടുപതിറ്റാണ്ടു മുന്‍പ് തനിക്ക് അതേപോലൊരു പുസ്തകം കിട്ടിയതും അത് തന്നെ ഡ്രാക്കുളയെക്കുറിച്ചുള്ള അന്വേഷണത്തിലേക്കും ഭീകരമായ അനുഭവങ്ങളിലേക്കും നയിച്ചതും റോസി വിവരിച്ചു. 'ഓര്‍ഡര്‍ ഓഫ് ഡ്രാഗണ്‍' എന്ന മധ്യകാല സംഘടനയുടെ മുദ്രയായിരുന്നു ആ വ്യാളി. നിഗൂഢമായ ആ പുസ്തകം മുന്‍ നിര്‍ത്തി റോസി വ്‌ളാദ് മൂന്നാമന്‍ ഡ്രാക്കുളയുടെ ചരിത്രം തേടാന്‍തുടങ്ങി. സുല്‍ത്താന്‍ മെഹ്മദിന്റെ പട്ടാളക്കാര്‍ ഡ്രാക്കുളയുടെ ശിരസ്സ് ഛേദിച്ചുകൊണ്ടുപോയ ഈസ്താംബുളിലെത്തിയ റോസി അവിശ്വസനീയമായ ഒരു കണ്ടെത്തല്‍ നടത്തി. ഡ്രാക്കുള അപ്പോഴും ജീവിച്ചിരിക്കുന്നു. ഡ്രാക്കുളയുടെ കബന്ധം അടക്കംചെയ്തത് വലാക്കിയയിലെ സ്‌നാഗോവിലാണെന്ന വിശ്വാസം ശരിയല്ലെന്നും റോസി മനസ്സിലാക്കി. ഈസ്താംബുളിലെ ഒരു പുരാരേഖാലയത്തില്‍ കണ്ടെത്തിയ മൂന്നു പ്രാചീന ഭൂപടങ്ങള്‍ ഡ്രാക്കുളയുടെ യഥാര്‍ഥ ശവകുടീരത്തിലേക്കുള്ള വഴി സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം മനസ്സിലാക്കി. പക്ഷേ, അതെവിടെയാണെന്ന് തിരിച്ചറിയാനുള്ള സൂചനകള്‍ ഇല്ലായിരുന്നു. എന്നാല്‍ പുരാരേഖാലയത്തില്‍വെച്ച് കഴുത്തില്‍ പല്ലുകള്‍ ആഴ്ത്തിയതുപോലുള്ള മുറിപ്പാടുകളുള്ള ഒരു അജ്ഞാതന്‍ റോസിയെ ഭീഷണിപ്പെടുത്തി. ഹോട്ടല്‍മുറിയിലെത്തിയ റോസി തന്റെ രേഖകള്‍ പലതും നഷ്ടപ്പെട്ടതായും മനസ്സിലാക്കി. ഭയചകിതനായ റോസി അതോടെ ഈസ്താംബുള്‍ വിട്ടു. പിന്നീട് ഡ്രാക്കുളയുടെ യാഥാര്‍ഥ്യമറിയാന്‍വേണ്ടി അയാള്‍ റൊമാനിയയിലേക്കു തിരിച്ചു. വലാക്കിയയില്‍ എത്തിയ റോസി തന്റെ അന്വേഷണങ്ങള്‍ക്കിടയില്‍ ഡ്രാക്കുളയുടെ വംശാവലിയില്‍പ്പെട്ട ഒരു ഗ്രാമീണകന്യകയുമായി പ്രേമത്തിലായി. അവളുടെ തോളില്‍ ഒരു വ്യാളീരൂപത്തിന്റെ പച്ചകുത്തിയിരുന്നു. ശാരീരികമായും അവര്‍ അടുത്തു. അവളെ വിവാഹം കഴിക്കാന്‍ റോസി തീരുമാനിച്ചെങ്കിലും അജ്ഞാതമായ ഏതോ കാരണത്താല്‍ ആ ബന്ധം അപ്പാടെ മറന്ന് അയാള്‍ ഇംഗ്ലണ്ടിലേക്കു മടങ്ങി. പിന്നീട് തന്റെ ഡ്രാക്കുളയെ തേടല്‍ ഉപേക്ഷിച്ച് അമേരിക്കയില്‍ ജോലി സ്വീകരിക്കുകയുംചെയ്തു. താന്‍ കണ്ടെത്തിയ വ്യാളിപ്പുസ്തകവുമായെത്തിയ പോളിന് തന്റെ ഡ്രാക്കുളഗവേഷണത്തെപ്പറ്റിയുള്ള പഴയ നോട്ടുകള്‍ റോസി നല്‍കി. രണ്ടുദിവസത്തിനുശേഷം നിഗൂഢമായ സാഹചര്യത്തില്‍ റോസി അപ്രത്യക്ഷനായി. കുറച്ചു ചോരത്തുള്ളികള്‍ മുറിയില്‍ അവശേഷിച്ചിരുന്നു.

തന്‍നിലയില്‍ ഡ്രാക്കുളയുടെ ചരിത്രം അന്വേഷിക്കാന്‍ തുടങ്ങിയ പോള്‍ ലൈബ്രറിയില്‍വെച്ച് അതേ വിഷയത്തില്‍ തത്പരയായ ഒരു റൊമാനിയക്കാരിയെ കണ്ടുമുട്ടി. ബര്‍ത്തലോമ്യു റോസിക്ക് റൊമാനിയയിലെ കര്‍ഷകകന്യകയിലുണ്ടായ മകള്‍ ഹെലന്‍ റോസിയായിരുന്നു അത്. അമ്മയെ ഉപേക്ഷിച്ച അച്ഛനെ തേടിയെത്തിയ ഹെലനും പോളും ഒരുമിച്ച് റോസിയെ അന്വേഷിച്ചിറങ്ങി. റോസിയെ ഡ്രാക്കുള തട്ടിക്കൊണ്ടുപോയതാണെന്ന് അവിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോള്‍ വിശ്വസിച്ചിരുന്നു. കഴുത്തില്‍ ദന്തക്ഷതമുള്ള മൃതമനുഷ്യനെപ്പോലുള്ള ഒരു ലൈബ്രേറിയന്‍ ഹെലനെ ആക്രമിച്ച് കഴുത്തില്‍നിന്ന് ചോര കുടിച്ചതോടെ ഡ്രാക്കുള ജീവിച്ചിരിക്കുന്നുവെന്ന ആ വിശ്വാസം ബലപ്പെട്ടു. റോസി അപ്രത്യക്ഷനായി ആറുദിവസം കഴിഞ്ഞ് ഇസ്താംബൂളിലെത്തിയ പോളും ഹെലനും യാദൃച്ഛികമായി റോസിയുടെ പരിചയക്കാരനായ തുര്‍ഗുത് ബോറ എന്ന തുര്‍ക്കിക്കാരന്‍ പ്രൊഫസറെ കണ്ടെത്തി. ഡ്രാക്കുളയെ തേടുന്നവരിലൊരാളായിരുന്നു ബോറയും.

 ഡ്രാക്കുളയുടെ ചരിത്രത്തിലെ അമ്പരപ്പിക്കുന്ന ഒരു വശം പോളിനും ഹെലനും മുന്നില്‍ തുറക്കുകയായിരുന്നു ഈസ്താംബുളില്‍. ഡ്രാക്കുളയെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ വ്യാളിയോഗത്തിന് (ഓര്‍ഡര്‍ ഓഫ് ഡ്രാഗണ്‍) ബദലായി മധ്യകാലംമുതല്‍ തുര്‍ക്കിയില്‍ നിലനില്‍ക്കുന്ന ചന്ദ്രക്കലയോഗത്തിലെ (ഓര്‍ഡര്‍ ഓഫ് ദ ക്രസന്റ്) അംഗമായിരുന്നു ബോറ. ഡ്രാക്കുളയുടെ ശത്രുവായിരുന്ന തുര്‍ക്കി സുല്‍ത്താന്‍ മെഹ്മദ് രണ്ടാമനാണ് അതു സ്ഥാപിച്ചത്. ഈസ്താംബുള്‍ നഗരത്തിന് ഡ്രാക്കുള ശാപംകൊണ്ടുവരുമെന്ന് ഭയപ്പെട്ടിരുന്ന സുല്‍ത്താന്‍ അയാളെപ്പറ്റിയുള്ള ധാരാളം രേഖകള്‍ ശേഖരിച്ചിരുന്നു. അവയും മറ്റു പ്രാചീന രേഖകളും പരിശോധിച്ച് പ്രൊഫസര്‍ ബോറയും സുഹൃത്ത് സലിം അക്‌സോയും കണ്ടെത്തിയ കാര്യം ഡ്രാക്കുളയുടെ ചരിത്രത്തിലെ രഹസ്യങ്ങളിലൊന്നായിരുന്നു. വലാക്കിയയില്‍ ഡ്രാക്കുള മരിച്ചതിന്റെ അടുത്തവര്‍ഷം (1477) ഇസ്താംബുളിലേക്ക് കാര്‍പ്പാത്യന്‍ പര്‍വതമേഖലയില്‍ നിന്ന് ഒരു സംഘം ക്രൈസ്തവ സന്ന്യാസിമാര്‍ എത്തിയിരുന്നു. നഗരത്തിലെ ഒരു മഠത്തില്‍ ഒമ്പതു ദിവസം അവര്‍ തങ്ങി. ആ സമയത്ത് നഗരത്തില്‍ 'പ്ലേഗ്' വന്നതായും പുരാരേഖകളില്‍ പരാമര്‍ശമുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ ആ സന്ന്യാസിമാര്‍ വന്നത് തുര്‍ക്കികള്‍ ഛേദിച്ചുകൊണ്ടു വന്ന ഡ്രാക്കുളയുടെ തലയ്ക്കു വേണ്ടിയായിരുന്നു. അന്വേഷണം തുടര്‍ന്ന പോള്‍-ഹെലന്മാരും ബോറ-അക്‌സോയ്മാരും മറ്റൊന്നു കൂടി കണ്ടെത്തി.

റൊമാനിയയിലെ സ്‌നാഗോവില്‍ ഡ്രാക്കുളയുടെ തലയില്ലാത്ത ശരീരം സംസ്‌കരിച്ചു എന്നു പറയുന്നത് അവാസ്തവമാണ്. അവിടത്തെ സന്ന്യാസിമഠത്തിലെ ചാപ്പലിന്റെ അള്‍ത്താരയ്ക്കു മുന്നിലൊരുക്കിയ കല്ലറയില്‍ സൂക്ഷിച്ച ശരീരം ദിവസങ്ങള്‍ക്കു ശേഷം 'വ്യാളിയോഗ'ത്തിലെ ചില സന്ന്യാസിമാര്‍ ചേര്‍ന്നു മറ്റെവിടേക്കോ കൊണ്ടുപോയി. മറ്റൊരുസംഘം ഇസ്താംബൂളില്‍ നിന്ന് ഡ്രാക്കുളയുടെ തല കരസ്ഥമാക്കി ആ ലക്ഷ്യത്തിലേക്കു നീങ്ങി. രണ്ടും ചേര്‍ത്ത് ഏതോ രഹസ്യസ്ഥാനത്ത് അവര്‍ ഡ്രാക്കുളയെ സംസ്‌ക്കരിച്ചു. അവിടേക്കുള്ള ഭൂപടമാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രൊഫസര്‍ റോസി കണ്ടെത്തിയത്. ഇസ്‌ലാമികാധിനിവേശത്തിനെതിരെ ക്രിസ്തുമതത്തെയും സന്ന്യാസിമഠങ്ങളെയും സംരക്ഷിക്കുകയും സ്‌നാഗോവിലെ മഠത്തിനു വന്‍തോതില്‍ ധനസഹായം നല്‍കുകയും ചെയ്ത ഡ്രാക്കുളയെ സംരക്ഷിക്കാന്‍ ആ സന്ന്യാസിമാര്‍ പ്രതിജ്ഞാബദ്ധരായിരുന്നു. അവരുടെ പാതപിന്തുടര്‍ന്ന് ഡ്രാക്കുളയുടെ അവിശുദ്ധശവമാടം കണ്ടെത്താന്‍ പോളും ഹെലനും ഉറച്ചു. അമേരിക്കയില്‍ വച്ച് ആക്രമിച്ച രക്തപാനിയായ ലൈബ്രേറിയന്‍ ഈസ്താംബുളിലും ഹെലനെ പിന്തുടര്‍ന്നതില്‍ നിന്നും ഡ്രാക്കുളയും അയാളുടെ രക്ഷസ്സുകളും ഇപ്പോഴുമുണ്ടെന്ന് അവര്‍ക്കു തീര്‍ച്ചയായിക്കഴിഞ്ഞിരുന്നു.

ഹംഗറിയില്‍ താമസിക്കുന്ന തന്റെ അമ്മയെ കാണാനായി ഹെലനും പോളും എത്തി. കമ്യൂണിസ്റ്റ് ഹംഗറി മനുഷ്യമുഖമുള്ള സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിക്കുന്ന ദിവസങ്ങളായിരുന്നു അത്. പക്ഷേ, പാര്‍ട്ടിയുടെ സര്‍വാധിപത്യവും സോവിയറ്റ് യൂണിയന്റെ അദൃശ്യമായ വല്യേട്ടന്‍ സാന്നിധ്യവും അവിടെ നിറഞ്ഞുനിന്നിരുന്നു. ഒരു ഗ്രാമത്തില്‍ ഒറ്റയ്ക്കുകഴിയുന്ന ഹെലന്റെ അമ്മ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രൊഫസര്‍ റോസി ഒരു സുഹൃത്തിനെഴുതിയ കത്തുകള്‍ പോളിനു നല്‍കി. ഡ്രാക്കുളയെക്കുറിച്ച് ട്രാന്‍സില്‍വാനിയയില്‍ പ്രചരിക്കുന്ന ഒരു നാടന്‍ പാട്ടും അവര്‍ പാടിക്കേള്‍പ്പിച്ചു. വിവിധ സ്രോതസ്സുകളില്‍ നിന്ന് ഡ്രാക്കുളയുടെ ശവവുമായി സന്ന്യാസിമാര്‍ നടത്തിയ മധ്യകാല യാത്രയുടെ ചിത്രം പോളും ഹെലനും വേര്‍തിരിച്ചെടുത്തു. ആരും കേട്ടിട്ടില്ലാത്ത സ്‌വെതിജോര്‍ജി എന്ന സന്ന്യാസിമഠത്തില്‍ ഡ്രാക്കുളയെ അടക്കം ചെയ്തു എന്നാണ് അവര്‍ മനസ്സിലാക്കിയത്. ബുഡാപെസ്റ്റ്‌സര്‍വകലാശാലയില്‍വെച്ച് ഹ്യൂ ജെയിംസ് എന്ന ഓക്‌സ്ഫഡിലെ ചരിത്ര പ്രൊഫസറെ പോള്‍പരിചയപ്പെട്ടു. ഡ്രാക്കുളയെ തേടുന്ന അയാള്‍ക്കും വര്‍ഷങ്ങള്‍ക്കു മുന്‍പ് വ്യാളിച്ചിത്രമുള്ള ഒരു നിഗൂഢ പുസ്തകം ലഭിച്ചിരുന്നു.

ഈസ്താംബുളില്‍ മടങ്ങിയെത്തിയ പോളും ഹെലനും പ്രൊഫസര്‍ ബോറയും അക്‌സോയും നല്‍കിയ പുത്തന്‍ വിവരങ്ങളില്‍ നിന്ന് ഡ്രാക്കുളയെ അടക്കിയ സ്‌വെതിജോര്‍ജി മഠം കമ്യൂണിസ്റ്റ് ബള്‍ഗേറിയയിലാണെന്നു മനസ്സിലാക്കി. ബള്‍ഗേറിയയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനഭിമതനും മധ്യകാല ചരിത്രത്തിലും ക്രൈസ്തവസഭാചരിത്രത്തിലും വിദഗ്ധനുമായ പ്രൊഫസര്‍ ആന്റണ്‍ സ്റ്റൊയ്‌ചേഫിനെ കാണാനായിരുന്നു ബോറയുടെ നിര്‍ദ്ദേശം. ബള്‍ഗേറിയയില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിക്കാരനായ റാനോഫ് എന്ന ഗൈഡ് എല്ലായ്‌പ്പോഴും പോളിനെയും ഹെലനെയും അനുഗമിച്ചിരുന്നു. എങ്കിലും സ്റ്റൊയ്‌ചേഫിന്റെ സഹായത്തോടെ കണ്ടെത്തിയ ഒരു നാടന്‍ പാട്ടുകാരിയില്‍ നിന്നും അവര്‍ ഡ്രാക്കുളയുടെ അന്ത്യവിശ്രമസ്ഥാനത്തെക്കുറിച്ചുള്ള സൂചനകള്‍ മനസ്സിലാക്കി. മലയോരപ്രദേശത്തെ ഒരു കുഗ്രാമത്തിലെ പള്ളിയുടെ നിലവറയില്‍ അവര്‍ ആ ശവമാടം കണ്ടെത്തുകയും ചെയ്തു. അവിടെ ഒരു ശവപ്പെട്ടിയില്‍ കിടക്കുന്ന പ്രൊഫസര്‍ റോസിയെ അവര്‍ കണ്ടു. ഡ്രാക്കുള നടത്തിയ രക്തപാനത്തിലൂടെ റോസി വാമ്പയര്‍ ആയിമാറിക്കഴിഞ്ഞിരുന്നു. തന്റെ ദുര്‍ഭഗാവസ്ഥയെക്കുറിച്ചു സംസാരിച്ച റോസി ആ നിലവറയിലെ ഡ്രാക്കുളയുടെ അതിഗംഭീരമായ പുസ്തകശേഖരത്തിലെ ഒരു പുസ്തകത്തില്‍ താന്‍ എല്ലാം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി. പ്രൊഫസര്‍ ബോറ നല്‍കിയിരുന്ന വാമ്പയറിനെ കൊല്ലാനുള്ള ആയുധം പ്രൊഫസര്‍ റോസിയുടെ ഹൃദയത്തില്‍ കുത്തിയിറക്കി പോള്‍ അയാളെ രക്തരക്ഷസ്സായി മാറുന്നതില്‍ നിന്നു മോചിപ്പിച്ചു. ഡ്രാക്കുള എന്നെഴുതിയ ശവക്കല്ലറ അവിടെ കണ്ടെത്തിയെങ്കിലും അതില്‍ അയാള്‍ ഉണ്ടായിരുന്നില്ല. ആ സംഭവത്തിനുശേഷം ഹെലനും പോളും അമേരിക്കയിലേക്കു മടങ്ങി. റോസിയെ കണ്ടെത്തുന്നതില്‍ വിജയിച്ചതിനാല്‍ ഡ്രാക്കുള ഗവേഷണം അവസാനിപ്പിച്ച് അവര്‍ വിവാഹിതരായി. കഥാഖ്യാതാവായ മകളും ജനിച്ചു.
ഡ്രാക്കുളയുടെ ലൈബ്രറിയില്‍ നിന്നു കിട്ടിയ പ്രാചീന പുസ്തകത്തില്‍ ബര്‍ത്തലോമ്യു റോസി എഴുതിയിരുന്ന വിവരണങ്ങളില്‍ നിന്ന് ഡ്രാക്കുളയുടെ അമ്പരപ്പിക്കുന്ന ഒരു ചിത്രം ഹെലനും പോളിനും ലഭിച്ചു. ചരിത്രപണ്ഡിതനും പുസ്തകപ്രേമിയുമായ ഡ്രാക്കുള മരിക്കാതെ ഇപ്പോഴും കഴിയുന്നു. നിരന്തര രക്തപാനത്തിലൂടെ മരണമില്ലാത്ത ഒരുപാട് അനുചരരെ അയാള്‍ സൃഷ്ടിച്ചിട്ടുണ്ട്. രക്തച്ചൊരിച്ചിലുകളും തിന്മകളും അരങ്ങേറിയ ഇടങ്ങളിലെല്ലാം ആ സമയങ്ങളില്‍ ഡ്രാക്കുള ഉണ്ടായിരുന്നു. മുപ്പതുവര്‍ഷ യുദ്ധകാലത്ത് (1620കളില്‍) റോമിലും ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് പാരീസിലുമെല്ലാം അയാള്‍ സന്നിഹിതനായി. മുസ്‌ലീങ്ങള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ (ഈസ്താംബുള്‍) കീഴടക്കിയതാണ് ചരിത്രത്തിലെ ഏറ്റവും ദുര്‍ഭഗമായ മുഹൂര്‍ത്തമെന്നു വിശ്വസിക്കുന്ന ഡ്രാക്കുള മുസ്‌ലിങ്ങളെ വെറുക്കുന്നു. ഒന്നാം ലോകയുദ്ധത്തില്‍ ഒട്ടോമന്‍ സാമ്രാജ്യം തകര്‍ന്നപ്പോള്‍ അയാള്‍ ആനന്ദിച്ചു. ഹിറ്റ്‌ലറോട് ബഹുമാനമുള്ള അയാള്‍ ''മൈന്‍ കാംഫി'ന്റെ ആദ്യപതിപ്പുകളിലൊന്നു സ്വന്തമാക്കുകയും ചെയ്തു. അണുബോംബുണ്ടാക്കിയതിന് ഡ്രാക്കുള അമേരിക്കയെ അഭിനന്ദിക്കുന്നു. വംശവിദ്വേഷത്തിന്റെ തമോമൂര്‍ത്തിയായി നില്‍ക്കുന്ന ഡ്രാക്കുള പറഞ്ഞ കാര്യങ്ങളാണ് റോസി രേഖപ്പെടുത്തിയിരുന്നത്. തന്റെ ഗ്രന്ഥാലയം ചിട്ടപ്പെടുത്താനായിരുന്നു അയാള്‍ റോസിയെ തട്ടിക്കൊണ്ടുപോന്നത്. ഒന്നാംകിട ചരിത്രകാരന്മാരെ എന്നും ഡ്രാക്കുള പ്രലോഭിപ്പിച്ചിരുന്നു. താനും തന്റെ സന്ന്യാസിമാരും ചേര്‍ന്നു തയ്യാറാക്കിയ വ്യാളിപുസ്തകങ്ങള്‍ അവര്‍ക്കു മുന്നില്‍ രഹസ്യമായി നിക്ഷേപിച്ചാണ് ഡ്രാക്കുള അവരെ തന്നിലേക്കാകര്‍ഷിച്ചത്. അത്തരം 1453 പുസ്തകങ്ങള്‍ തയ്യാറാക്കുകയാണ് അയാളുടെ ലക്ഷ്യം. മുസ്‌ലിങ്ങള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ വര്‍ഷമാണ് 1453 എന്നതുകൊണ്ടാണ് തന്റെ ഇസ്‌ലാമിക വിരോധത്തിന്റെ പ്രതീകമായി അത്രയും പുസ്തകങ്ങള്‍ ഡ്രാക്കുള തയ്യാറാക്കുന്നത്.
 ശാന്തമായ കുടുംബജീവിതം തുടങ്ങിയെങ്കിലും ഡ്രാക്കുളയുടെ വംശാവലിയിലാണ് താന്‍ പിറന്നതെന്ന അറിവും തന്റെ പിതാവിനെ നശിപ്പിച്ച ഡ്രാക്കുളയോടുള്ള വിരോധവും ഹെലന്‍ റോസിയെ അസ്വസ്ഥയാക്കാന്‍ തുടങ്ങി. ഡ്രാക്കുളയുടെ ലൈബ്രറിയില്‍ നിന്നും കിട്ടിയ പുസ്തകം വിറ്റുകിട്ടിയ വന്‍തുകയും ഇരുവരുടെയും പ്രൊഫസര്‍ജോലി നല്‍കിയ വരുമാനവും മകളും ജീവിതം സന്തുഷ്ടമാക്കിയെങ്കിലും ഹെലന്‍ വീണ്ടും രഹസ്യമായി ഡ്രാക്കുളയെ തിരയാന്‍ തുടങ്ങി. രണ്ടുതവണ വാമ്പയറിന്റെ രക്തപാനത്തിനിരയായ അവള്‍ വാമ്പയറാവുകയാണെന്ന് പോള്‍ സംശയിച്ചു. ഒരിക്കല്‍ അവര്‍ കുടുംബസമേതം ഫ്രാന്‍സ് സന്ദര്‍ശിക്കുമ്പോള്‍ പിരണീസ് പര്‍വതനിരയിലെ സെയ്ന്റ് മാത്യു സന്ന്യാസിമഠത്തില്‍വെച്ച് ഹെലന്‍ അപ്രത്യക്ഷയായി. ഒരു ചെങ്കുത്തിലേക്ക് അവള്‍ വീണതിന്റെ അവശിഷ്ടങ്ങള്‍ മാത്രമുണ്ടായിരുന്നു. മകളുമായി മടങ്ങിപ്പോന്ന പോള്‍ പിന്നീട് ജോലി ഉപേക്ഷിച്ച് ആംസ്റ്റര്‍ഡാമില്‍ സമാധാനപ്രവര്‍ത്തനങ്ങളും നയതന്ത്രവുമായി ജീവിതം തുടങ്ങി.

കുറേക്കാലത്തിനുശേഷം 1972 ല്‍ പതിവുപോലുള്ള ഒരു യൂറോപ്യന്‍ യാത്രക്കിടയില്‍ മകളുമായി ഓക്‌സ്ഫഡ് സര്‍വകലാശാലയിലെത്തിയ പോള്‍ അവിടെ മകളെ തനിച്ചാക്കി എങ്ങോട്ടോ അപ്രത്യക്ഷനായി. ഓക്‌സ്ഫഡിലെ മാസ്റ്ററായ പ്രൊഫസര്‍ ഹ്യൂ ജയിംസിനെ മകളുടെ ചുമതലയേല്പിച്ചും അവള്‍ക്ക് തന്റെയും ഹെലന്റെയും ജീവിതകഥ മുഴുവന്‍ വിശദീകരിച്ചുകൊണ്ടുള്ള ഒരു കത്തെഴുതിവെച്ചുമാണ് പോള്‍ പോയത്. സ്റ്റീഫന്‍ ബാര്‍ലി എന്ന യുവചരിത്രവിദ്യാര്‍ഥിയെ തുണകൂട്ടി മാസ്റ്റര്‍ ജെയിംസ് അവളെ ആംസ്റ്റര്‍ഡാമിലേക്കയച്ചു. അച്ഛനെഴുതിയ നീണ്ട കത്തില്‍ നിന്നാണ് അവള്‍ ഡ്രാക്കുളയുടെ ചരിത്രവും അയാളെ തേടലുകളുടെ ചരിത്രവും അറിഞ്ഞത്. തന്റെ പിതാവ് ഡ്രാക്കുളയെ തേടി പോയതായിരിക്കുമെന്ന് അവള്‍ ഉറപ്പിച്ചു. അമ്മയെ കാണാതായ സെയ്ന്റ് മാത്യു മഠത്തില്‍ ഒരിക്കല്‍ അവളെ പോള്‍ കൊണ്ടുപോയിട്ടുണ്ടായിരുന്നു. ആ മഠത്തിന്റെ നിഗൂഢ സ്വഭാവവും പിതാവ് പറഞ്ഞ സൂചനകളുംകൊണ്ട് അവിടേക്കായിരിക്കും ആ യാത്രയെന്നും അവള്‍ തീര്‍ച്ചയാക്കി. സ്റ്റീഫന്‍ ബാര്‍ലിയുമായി അവളും അങ്ങോട്ടുപുറപ്പെട്ടു. വളരെ ക്ലേശിച്ച് അവിടെ അവര്‍ എത്തിച്ചേര്‍ന്നു. മഠത്തിലെ നിലവറയില്‍ അവര്‍ പോളിനെ കണ്ടെത്തി. അപ്പോഴേക്കും സൂര്യന്‍ അസ്തമിക്കാറായിരുന്നു. നിലവറയിലെ കൂറ്റന്‍ കല്ലറ ശൂന്യമായിരുന്നു. പെട്ടെന്ന് കറുത്ത വില്ലീസുകുപ്പായമണിഞ്ഞ ഡ്രാക്കുള അവിടെ പ്രത്യക്ഷപ്പെട്ടു. പോളിനെ അയാള്‍ അഭിനന്ദിച്ചു. മകള്‍ക്കൊപ്പം തന്നിലേക്കു വന്നാല്‍ ആയിരം ജന്മങ്ങളിലെ അറിവ് അയാള്‍ വാഗ്ദാനം ചെയ്തു. പോളിനെപ്പോലൊരു പണ്ഡിതനെയാണ് താന്‍ കാലാകാലങ്ങളായി കാത്തിരുന്നതെന്നും ഡ്രാക്കുള പറഞ്ഞു. ഹെലന്‍ എവിടെയെന്നായിരുന്ന പോളിന്റെ ചോദ്യം. ക്ഷുഭിതനായ ഡ്രാക്കുള പെട്ടെന്ന് അവരെ സമീപിക്കുമ്പോഴേക്കും മറ്റൊരാള്‍ അവിടേക്കു കടന്നുവന്നു. മാസ്റ്റര്‍ ജെയിംസായിരുന്നു അത്. ഡ്രാക്കുളയെ കൊല്ലാനുള്ള വെള്ളി ആയുധവുമായി നീങ്ങിയ ജയിംസിനെ അയാള്‍ കരിങ്കല്‍ച്ചുമരിലേക്കു വലിച്ചെറിഞ്ഞുകൊന്നു. ആ നിമിഷം തന്നെ കോണിപ്പടിയിലൂടെ ശക്തമായ ഫ്‌ളാഷ്‌ലൈറ്റുമായി കടന്നുവന്ന ഒരാള്‍ ഡ്രാക്കുളക്കുനേരെ നിറയൊഴിച്ചു. ഒരു വെള്ളിവെടിയുണ്ടയായിരുന്നു അത്. ഹൃദയത്തില്‍ വെടിയേറ്റ ഡ്രാക്കുള നിലത്തു വീണു പൊടിയായി മാറി. കാണാതായെന്നു കരുതിയിരുന്ന ഹെലനായിരുന്നു ഡ്രാക്കുളയെ വെടിവെച്ചത്.
ഡ്രാക്കുളയെ അന്തിമമായി പരാജയപ്പെടുത്തിയ ശേഷം അവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ഹെലന്‍ താന്‍ അപ്രത്യക്ഷമായതിന്റെ കഥ വിശദീകരിച്ചു. സെയ്ന്റ് മാത്യു മഠത്തില്‍ നിന്ന് അപ്രത്യക്ഷയായ ഹെലന്‍ പിതാവിനെ കൊന്നതിന്റെ പ്രതികാരനിര്‍വഹണത്തിനായി ഡ്രാക്കുളയെ തേടുകയായിരുന്നു. വിവിധ യൂറോപ്യന്‍ നഗരങ്ങളിലെ പുരാരേഖാലയങ്ങളിലും ഗ്രന്ഥാലയങ്ങളിലും അവള്‍ ഡ്രാക്കുളയെ സംബന്ധിച്ച വിവരങ്ങള്‍ തേടി. കുറച്ചു കാലത്തിനുശേഷം മകള്‍ക്കു കഥപറഞ്ഞുകൊടുത്തു. പോള്‍ വഴി വീണ്ടും ഡ്രാക്കുളയില്‍ താത്പര്യം കാണിച്ചുതുടങ്ങിയതായി മനസ്സിലാക്കിയ ഹെലന്‍ അയാളെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകി. തന്നില്‍ തത്പരനാവുന്ന ചരിത്രപണ്ഡിതനെ ഡ്രാക്കുള പിടികൂടുമെന്ന് അവള്‍ക്കറിയാമായിരുന്നു. പോളിനെ പിന്തുടര്‍ന്നാണ് ഹെലന്‍ വീണ്ടും സെയ്ന്റ് മാത്യുവിലെത്തിയതും ഡ്രാക്കുളയെ കൊന്നതും. കുടുംബം ഒന്നായെങ്കിലും ഒമ്പതുവര്‍ഷത്തിനുശേഷം ഹെലന്‍ മരിച്ചു. അടുത്ത വര്‍ഷം തന്റെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ബോസ്‌നിയയിലെ സാരയേവോയില്‍ കുഴിബോംബുപൊട്ടി പോളും മരിച്ചു. തീവ്രമായ അനുഭവങ്ങളിലൂടെ കടന്നുപോന്ന ഡ്രാക്കുളയുടെ വംശാവലിയില്‍ത്തന്നെ പെടുന്ന മകള്‍ ചരിത്രകാരിയുമായി മാറി.

യഹൂദ -ക്രൈസ്തവ പാരമ്പര്യമുള്ള പാശ്ചാത്യ ലോകവും പൗരസ്ത്യ ഇസ്‌ലാമിക ലോകവും തമ്മിലുള്ള പ്രാചീന സംഘര്‍ഷം അധിനിവേശത്തിന്റെയും യുദ്ധങ്ങളുടെയും മതതീവ്രവാദത്തിന്റെയും ഏറ്റവും ഒടുവില്‍ ഇറാനിലെ ആണവഗവേഷണത്തിന്റെയുമൊക്കെ രൂപത്തില്‍ സജീവമായി തുടരുന്ന പശ്ചാത്തലത്തിലാണ് എലിസബത്ത് കോസ്‌കോവ 'ഹിസ്റ്റോറിയന്‍' എഴുതിയത്. മതത്തിന്റെയും സ്ഥലത്തിന്റെയും പേരിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നിടത്തും അധികാരത്തിന്റെ തിന്മകള്‍ ഉണ്ടാകുന്നിടത്തുമെല്ലാം മരണമില്ലാത്ത ഒരു രക്തദാഹി ഉണര്‍ന്നിരിക്കുകയാണെന്ന് നോവലിസ്റ്റ് വായനക്കാരനോട് പറയുന്നു. ഡ്രാക്കുള ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ശീതയുദ്ധത്തിനുശേഷം ബാള്‍ക്കന്‍ രാജ്യങ്ങളിലും (ബോസ്‌നിയയില്‍ സെര്‍ബിയ നടത്തിയ കൂട്ടക്കുരുതിയുടെ സമയത്താണ് പോള്‍ കൊല്ലപ്പെടുന്നത്) നടന്നതും അഫ്ഗാനിസ്ഥാന്‍ മുതല്‍ തുര്‍ക്കിവരെയുള്ള ഇസ്‌ലാമിക മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നതുമായ രക്തച്ചൊരിച്ചിലുകളിലെല്ലാം ഡ്രാക്കുള ആവര്‍ത്തിക്കുന്നു. 
 'ഹിസ്റ്റോറിയന്‍' ജനപ്രിയ നോവലാണ്. ജനപ്രിയമായി നില്‍ക്കുന്ന ഒരു നോവലിന്റെ പ്രമേയവും അതിനു പ്രചോദനമായിത്തീര്‍ന്ന യഥാര്‍ഥ ചരിത്രവും കൂട്ടിയിണക്കി സമകാലിക ചരിത്രത്തിന്റെ ഒരു പ്രതീകക്രമം നിര്‍മിക്കാന്‍ എലിസബത്ത് കോസ്റ്റോവ ശ്രമിക്കുന്നു. ബ്രാം സ്റ്റോക്കറുടെ 'ഡ്രാക്കുള' പുറത്തിറങ്ങിയപ്പോള്‍ അതില്‍ വിശ്വസിക്കാന്‍ ആളുകളുണ്ടായിരുന്നു. തിന്മയുടെ പരിഹാരമാര്‍ഗമായി മതത്തെ (കുരിശുകൊണ്ട് വാമ്പയറിനെ അകറ്റല്‍) നിര്‍ദ്ദേശിച്ച 'ഡ്രാക്കുള'യുടേത് ലളിതമായ പരിഹാരമാര്‍ഗമായിരുന്നു. 'ഹിസ്റ്റോറിയനി'ല്‍ ഇസ്‌ലാമായ ഒരു ലൈബ്രേറിയനെ വാമ്പയര്‍ കടിച്ചപ്പോള്‍ കുരിശുപയോഗിക്കാന്‍ ശ്രമിക്കുന്ന ഹെലന്‍ റോസിയെ തുര്‍ക്കിക്കാരനായ പ്രൊഫസര്‍ ബോറ വിലക്കുന്നതു കാണാം. ''ഞങ്ങള്‍ക്ക് ഞങ്ങളുടേതായ അന്ധവിശ്വാസങ്ങളുണ്ട്'' എന്നു പറഞ്ഞുകൊണ്ട് അറബിഭാഷയിലെ അക്ഷരങ്ങള്‍ രേഖപ്പെടുത്തിയ ഒരു ജപമാല രക്തപാനത്തിനു വിധേയനായ മനുഷ്യനെ ബോറ അണിയിക്കുന്നു. സമകാലിക ലോകസാഹചര്യത്തില്‍ മതവും തിന്മയും കൈകോര്‍ത്തു നില്‍ക്കുമ്പോള്‍, രക്താസക്തിക്കു മതവിശ്വാസം തന്നെ കാരണമാകുമ്പോള്‍, ഈ ലളിതപരിഹാരം സാധ്യമല്ല. 'ഹിസ്റ്റോറിയനി'ലെ ഡ്രാക്കുള കുരിശോ ജപമാലയോ കൊണ്ടല്ല വെള്ളിവെടിയുണ്ടകൊണ്ടാണ് ഡ്രാക്കുളയെ ഇല്ലാതാക്കുന്നത്. മനുഷ്യനെ മനുഷ്യന്‍ തന്നെ പീഡിപ്പിക്കുന്ന ലോകമുഖങ്ങളിലെല്ലാം പ്രത്യക്ഷപ്പെടുന്ന ഈ ഡ്രാക്കുള തിന്മയുടെ അന്യാപദേശരൂപം മാത്രമാണ്. സ്റ്റാലിനിസം, ശീതയുദ്ധം, മതവിരോധം, മതഭീകരത തുടങ്ങിയ പലരൂപങ്ങളില്‍ തിന്മ സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്ന സമകാലത്തിന്റെ പ്രതീകാത്മകാവിഷ്‌കാരമായ 'ഹിസ്റ്റോറിയന്‍' മാറുന്നതും അങ്ങനെയാണ്. ആഖ്യാനം, ശൈലി, ദര്‍ശനം തുടങ്ങിയ അംഗീകൃത സാഹിത്യഗുണങ്ങള്‍ പരിമിതമാണെങ്കിലും ചരിത്രത്തെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചുകൊണ്ട് ഈ നോവല്‍ വായനയെ ആഹ്ലാദകരമാക്കുന്നു.

Content Highlights : Readers Day 2021 PK Rajasekharan writes about  Drakula