വായനയുടെ ലോകത്തേക്കു പ്രവേശിക്കുമ്പോൾ ആദ്യം കൈയിൽ തടഞ്ഞ പുസ്തകമേതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചാൽ ചെന്നെത്തുന്ന പലയിടങ്ങളുണ്ട്. അച്ഛൻ സ്കൂൾ ലൈബ്രറിയിൽ നിന്നു കൊണ്ടുവരുന്ന പുസ്തകങ്ങൾ മുതൽ നാട്ടുവായനശാലകൾ വരെ അതെത്തിനില്ക്കും. വളരെ നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന ഗ്രന്ഥശാലകൾ ഞങ്ങളുടെ ദേശത്ത് ഉണ്ടായിരുന്നു. നിരവധി പതിറ്റാണ്ടുകൾക്കിപ്പുറം ചില ഗ്രന്ഥശാലകൾ ഇന്നും അവശേഷിക്കുന്നുണ്ട്. ആൾത്തിരക്കും കാത്തുനില്പുമൊന്നും ഇല്ലെങ്കിലും ചിലർ ഇക്കാലത്തും അവിടെ പുസ്തകങ്ങൾ തിരക്കിയെത്താറുണ്ട്. ഇടശ്ശേരിമഠത്തിലെ മണിച്ചേട്ടൻ എന്നു ഞങ്ങൾ വിളിച്ച കണക്കൂർകാരനാണ് ഇതിഹാസങ്ങൾ വായിക്കാൻ ഉപദേശിച്ചത്. 'കാട്ടാളനെഴുതിയ രാമായണവും മുക്കുവനെഴുതിയ മഹാഭാരതവുമാണ് നമ്മുടെ ഇതിഹാസങ്ങൾ എന്നതല്ലേ വലിയ കൗതുകം.'- മണിച്ചേട്ടൻ പറഞ്ഞു. കവർ പറിഞ്ഞ ഒരു പുസ്തകം അദ്ദേഹം എനിക്കു കടം നല്കി. പഴയ ലിപിയിൽ അച്ചടിച്ച ഒരു മഹാഭാരതം. വളരെ വർഷങ്ങൾ പഴക്കമുള്ളത് എങ്കിലും ചിതൽ കയറിയിരുന്നില്ല. വായിക്കാൻ അത്ര സുഖമുള്ളതായിരുന്നില്ല അതിലെ ലിപി. എങ്കിലും മണിച്ചേട്ടനു നല്കിയ വാക്കു പാലിക്കാൻ ഞാനത് വായിച്ചു. കുറച്ചു താളുകൾ പിന്നിട്ടപ്പോൾ പുസ്തകം എനിക്കു വഴങ്ങാൻ തുടങ്ങി. ബന്ധങ്ങളുടെ കെട്ടിമറിയലും പകയും കാമവും സമർപ്പണവും ഒക്കെ നിറഞ്ഞ മഹാഭാരത കഥ ലക്ഷണമൊത്ത ഇതിഹാസമാകുന്നത് അതിലെ അനേകം അടിയൊഴുക്കുകൾ കൊണ്ടാണല്ലോ. വായനയെ അത് ചെത്തിക്കൂർപ്പിച്ചു. യയാതിയുടേയും ശർമിഷ്ഠയുടെയും ദേവയാനിയുടേയും കഥകളെന്നെ അത്ഭുതപ്പെടുത്തി. ഭീഷ്മരുടെ കഥയെത്തിയപ്പോൾ ആകുലപ്പെട്ടു. ഷണ്ഡനായ പാണ്ഡു കുന്തിയോട് അവൾക്ക് വരമായി ലഭിച്ച മന്ത്രം ഉപയോഗിച്ച് ദേവൻമാരെ ആകർഷിച്ച് വശംവദരാക്കി പുത്രലാഭമുണ്ടാക്കണമെന്ന് പറയുന്നിടത്ത് ആശങ്കപ്പെട്ടു. ആദ്യം ധർമ്മദേവനെ ആവാഹിക്കുവാൻ പാണ്ഡു അവളെ ഉപദേശിക്കുന്നുണ്ട്. എന്തൊരിതിഹാസം! യുദ്ധം ക്ഷത്രീയ ധർമ്മമെന്ന തിരിച്ചറിവിൽ യുദ്ധവീരൻമാർ ഉള്ളിൽ നായകൻമാരായി. വില്ലാളിവീരനായ അർജ്ജുനൻ സ്വാഭാവികമായും ഹീറോ ആയിരുന്നു. തടിയനും ഭക്ഷണപ്രിയനുമായ ഭീമനെ വലിയ കഥയില്ലാത്തവനായി കണ്ടു. ശിഷ്യന്റെ പെരുവിരൽ ദക്ഷിണയായി അറുത്തു വാങ്ങിയ ദ്രോണർ എന്നെ അസ്വസ്ഥനാക്കി. എന്നാൽ പാണ്ഡവ കൗരവ കുമാരൻമാർക്ക് ദ്രോണർ ആയുധ പരിശീലനം നടത്തുന്നതോടെ ആ പുസ്തകം അവസാനിച്ചു. ബാക്കിയുള്ള ഭാഗം മറ്റൊരു പുസ്തകത്തിലാണെന്ന് പറഞ്ഞു എങ്കിലും അതെനിക്ക് നല്കുവാൻ അദ്ദേഹത്തിനായില്ല. ശരിക്കുള്ള മഹാഭാരത കഥ വരാനിരിക്കുന്നതേയുള്ളു. തുടർക്കഥ തുടർന്ന് പല തുണ്ടമായി ലഭിച്ചത് ഞാൻ യോജിപ്പിച്ചെടുത്തു. കുരുക്ഷേത്ര യുദ്ധമൊക്കെ അമർ ചിത്രകഥകളിൽ കണ്ടു. പിന്നീടാണ് രണ്ടാമൂഴം കയ്യിൽ കിട്ടുന്നത്. അതുവരെ മുഖ്യനായകസ്ഥാനത്തു നിന്ന അർജ്ജുനനെ മാറ്റി ഭീമനെ മുന്നോട്ടു വെയ്ക്കുവാൻ ആദ്യം മനസ്സു വന്നില്ല. പക്ഷെ എം ടിയുടെ കാവ്യഭാഷയുടെ ബലത്തിൽ ഇതിഹാസത്തിലെ രണ്ടാമൂഴക്കാരൻ ജ്വലിച്ചു. കഥാകാരൻ ചൂണ്ടിക്കാണിച്ചുതന്ന കാഴ്ചകളും അതുവരെ ഉള്ളിലുള്ള ധാരണകളും തമ്മിൽ പലപ്പോഴും സംഘർഷമുണ്ടായി. കൃഷ്ണന്റെ അന്ത:പുരത്തിലെ സ്ത്രീകളുടെ നാണവും മാനവും നോക്കിനില്ക്കെ കാട്ടാളൻമാരാൽ ചീന്തിയെറിയപ്പെട്ടപ്പോൾ നിസ്സഹായനായി നോക്കിനില്ക്കാൻ മാത്രം കഴിഞ്ഞ അർജുനന്റെ ചിത്രമാണ് അദ്യം കാണുന്നത്! മഹാപ്രസ്ഥാനത്തിൽ വീണുപോയ ദ്രൗപതിയെ മറ്റു സഹോദരങ്ങളെല്ലാം ഉപേക്ഷിച്ചിട്ടും ഉപേക്ഷിക്കാനാവാതെ അവൾക്കരികിലേക്ക് മടങ്ങുന്ന ഭീമനെ എം ടി വാസുദേവൻ നായർ മിഴിവോടെ വരച്ചിടുകയാണ് നോവലിൽ. വ്യാസമൗനത്തിന്റെ അർത്ഥങ്ങൾ തേടിയുള്ള യാത്രയിൽ പിന്നെയെപ്പൊഴൊ ഞാൻ കഥാകാരനോടൊപ്പം ചേർന്നു. അതിനിടെ ടെലിവിഷനിൽ മഹാഭാരത പരമ്പര തേരോട്ടം തുടങ്ങിയിരുന്നു എങ്കിലും അതെന്നെ കാര്യമായി ആകർഷിച്ചില്ല. കാർട്ടൂൺ കാഴ്ച പോലെയാണ് അതെനിക്ക് അനുഭവപ്പെട്ടത്. പുസ്തകവായനയ്ക്ക് പകരമായില്ല പരമ്പരക്കാഴ്ചകൾ.

പിന്നീടാണ് കർണ്ണാടകയിലെ ജീവിതകാലത്ത് ഒഴിവുസമയങ്ങളിൽ ലൈബ്രറി നടത്തിപ്പിലേക്ക് തിരിഞ്ഞത്. വായിക്കുന്നതിനൊപ്പം വായിപ്പിക്കുകയും ചെയ്യുന്നതിൽ സജീവമായ രണ്ടു പതിറ്റാണ്ടുകൾ. പി കെ ബാലകൃഷ്ണൻ കർണ്ണനെ കേന്ദ്രകഥാപാത്രമാക്കി എഴുതിയ നോവലിനെ കുറിച്ചു കേട്ടു. നോവൽ കൈയിൽ വന്നെങ്കിലും വായന പല കാരണങ്ങളാൽ മുടങ്ങി. എങ്കിലും ഞാൻ വീണ്ടും വീണ്ടും പുസ്തകത്തിലേക്കു തിരികെച്ചെന്നുകൊണ്ടിരുന്നു. ദ്രൗപതിയുടെ കാഴ്ചപ്പാടിൽ രചയിതമായ 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവലിൽ നീണ്ടുപോകുന്ന വിലാപധ്വനികളാണ് മുഴങ്ങിക്കേട്ടത്. വിധിയുടെ തോളിൽ സർവ്വതും വിട്ടുകൊടുത്താണ് യുദ്ധത്തിൽ നഷ്ടം വന്നവർ വിലപിക്കുന്നത്. 'യുധിഷ്ഠിരാ.... നീയൊരുത്തനാണ് എല്ലാവർക്കും തണൽ നല്കേണ്ടത്' എന്നു പറഞ്ഞു വിലപിക്കുകയാണ് യുദ്ധശേഷം ബന്ധുനഷ്ടത്തിൽ തകർന്നു നില്ക്കുന്ന ധൃതരാഷ്ട്രർ. യുദ്ധമെന്ന ക്ഷത്രീയ ധർമ്മത്തിലുള്ള എന്റെ വിശ്വാസത്തിൽ അതോടെ വിള്ളലുകൾ ഉണ്ടായി. യുദ്ധത്തിൽ ജീവഹാനി വന്ന ബന്ധുക്കൾക്കായി ബലിയർപ്പിക്കാൻ തുടങ്ങുമ്പോൾ കുന്തി യുധിഷ്ഠിരനോടു പറയുന്നുണ്ട്- ''എന്റെ മൂത്ത മകനാണ് കർണ്ണൻ. അവനുവേണ്ടി ആദ്യം ശ്രാദ്ധകർമ്മങ്ങൾ ചെയ്യൂ മകനേ...'' എന്ന്. കർണ്ണൻ ജേഷ്ഠനാണെന്ന അറിവിൽ യുധിഷ്ഠിരൻ തളരുകയാണ്. എന്നാൽ ജീവിച്ചിരുന്ന കാലം മുഴുവൻ തന്നെ അധിക്ഷേപിച്ച കർണ്ണൻ ജേഷ്ഠനല്ല, പിതാവായാലും വധിക്കുമായിരുന്നു എന്ന് ഭീമൻ പറയുന്നുണ്ട്. അവൻ കണ്ട കർണ്ണൻ എക്കാലവും അവനെ നിരന്തരം ദ്രോഹിച്ചയാളാണ്. ഇതിഹാസകാരന് കർണ്ണനെ ന്യായീകരിക്കാൻ നിരവധി കാരണങ്ങളുണ്ട്. എന്നാൽ എനിക്കും കർണ്ണ പക്ഷത്ത് ചേരാനായില്ല. ജ്ഞാനപീഠം ലഭിച്ച വി എസ് ഖാണ്ഡേക്കർ എന്ന മറാഠി എഴുത്തുകാരന്റെ യയാതി എന്ന നോവൽ പരിഭാഷപ്പെടുത്തിയത് കൈയിൽ കിട്ടുവാൻ വീണ്ടും കുറേക്കാലമെടുത്തു. ആഖ്യാന മികവു കൊണ്ട് അതൊരു നടുക്കമായിരുന്നു പകർന്നത്. അതുവരെ മനസ്സിലുണ്ടായിരുന്ന മഹാഭാരത കഥയുടെ മുഴുവൻ കാന്തിയും നിഷ്പ്രഭമാക്കിയ വായനയായിരുന്നു യയാതിയുടേത്. കഥാപാത്രങ്ങളുടെ എല്ലാ ദൈവീകാംശങ്ങളും മാറ്റി പച്ചയായ മനുഷ്യരാക്കിയുള്ള രചന ആയിരുന്നു അത്. ശർമിഷ്ഠയും ദേവയാനിയുമൊക്കെ പരസ്പരം കുശുമ്പും കുന്നായ്മയും പ്രകടമാക്കുന്ന സ്ത്രീകളായി വരുന്ന നഗ്നമായ ആഖ്യാനം. കൂട്ടത്തിൽ നഹുഷപുത്രനായ യതി എന്നൊരു അസാമാന്യ കഥാപാത്രം ഏറെ ആകർഷിച്ചു. ഇതിഹാസ വായനയിൽ അന്നേവരെ ഈ കഥാപാത്രം കണ്ണിൽ പെട്ടിരുന്നില്ലല്ലൊ! വായനക്കാലം വീണ്ടും കടന്നുപോയി. മഹാഭാരതത്തെ ഡീക്കോഡ് ചെയ്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കെ സി നാരായണൻ എഴുതിയ മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ എന്ന പരമ്പര വന്നുതുടങ്ങിയതാണ് മറ്റൊരു അത്ഭുതകരമായ അനുഭവം. അത്രകാലം എന്റെ മനസ്സിൽ കിടന്ന അനേകം സംശയങ്ങളെ, കഥയിലെ ചേരാച്ചരടുകളെ, ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ അഭിസംബോധന ചെയ്താണ് കെ സി നാരായണൻ എഴുതുന്നത് എന്നു തോന്നി. കൂട്ടത്തിൽ ചില ലക്കങ്ങൾ ലോക്ക്ഡൗണിന്റെ പിടിയിൽ പെട്ട് വായിക്കാനാകാതെ പോയി എന്നത് മറ്റൊരു കാര്യം. എങ്കിലും വായിച്ച ലക്കങ്ങളൊക്കെ എനിക്കുവേണ്ടി എഴുതിയതു പോലെ അനുഭവപ്പെട്ടു.

മഹാഭാരതം ആർക്കും ഇഷ്ടത്തിന് മാറ്റിയെഴുതുകയും തിരുത്തുകയും ചെയ്യാവുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയറാണെന്ന് കെ സി നാരായണൻ എഴുതിയതു വായിച്ച കാലമാണ് കഥാകൃത്തും സുഹൃത്തുമായ എം ബി മിനിയുടെ ഞാൻ ഹിഡിംബി എന്ന നോവൽ കൈയിലെത്തിയത്. അപ്പോൾ വീണ്ടും സോഫ്റ്റ്വെയറിൽ മാറ്റം കണ്ടു. നോവലിന്റെ ഒന്നാം ഭാഗത്തിൽ കാണുന്ന ഹിഡിംബി, വയറിന്റെയും യോനിയുടെയും വിശപ്പടക്കാൻ കഴിയാത്ത കാട്ടാളത്തിയുടെ പാഴ്ജൻമത്തിൽ നിന്ന് കുതറിയെഴുനേറ്റു വന്ന് പാണ്ഡവ പത്നിയുടെ വേഷം സ്വീകരിക്കുന്നത് ഗതികേടുകൊണ്ടാണ്. എന്നാൽ രണ്ടാമൂഴത്തിൽ കാഴ്ച്രദവ്യങ്ങളുമായി വീണ്ടും വീണ്ടും പാണ്ഡവരെ തേടിച്ചെല്ലുന്ന ഹിഡുംബിയെ നമ്മൾ കാണുന്നു. ഭീമനാൽ വധിക്കപ്പെടുന്ന ഹിഡുംബൻ ദുഷ്ടനായ സഹോദരനാണെന്ന് രണ്ടാമൂഴത്തിൽ അവൾ സാക്ഷ്യപ്പെടുത്തുന്നു. വനം ഉപേക്ഷിച്ച് പോകുമ്പോൾ ഹിഡിംബിയെ കൂടെ കൊണ്ടുവരേണ്ട എന്ന് അമ്മ നിർദേശിക്കുമ്പോൾ ഭീമൻ ദുഖിക്കുന്നുണ്ട്. എന്നാൽ ഞാൻ ഹിഡുംബി എന്ന നോവലിലെ നായിക തികച്ചും ഭിന്നയാണ്. അവൾക്ക് ഹിഡുംബൻ പ്രിയ സഹോദരനാണ്. കാട്ടാളർക്ക് ഏറ്റവും അടുത്തു ലഭിക്കുന്ന ഭക്ഷണം മാംസമായതിനാൽ അവർ മാംസം ഭക്ഷിക്കുന്നു എന്നും വിശക്കുമ്പോൾ മാത്രമാണ് വേട്ടയാടുന്നത് എന്നുമൊക്കെ അവൾ പറയുമ്പോൾ കാട്ടാളരല്ലാത്തവർ കാടു കയറുന്നതും കൊല്ലുന്നതും എന്തിനെന്ന് സ്വയം ചോദിച്ച് അവൾ കുഴയുന്നുണ്ട്. ഒപ്പം വായനക്കാരനായ ഞാനും കുഴഞ്ഞു. പുത്രവധുവായെത്തിയ മൗരവിയോട് ഹിഡിംബി പറയുന്ന കഥ എന്ന നിലയിലാണ് നോവലിന്റെ അവതരണം. ഭീമനെ നോവലിൽ അവതരിപ്പിക്കുന്നത് അല്ലെങ്കിൽ ഹിഡിംബി ആദ്യം ഭീമനെ കാണുമ്പോൾ അവൾക്കു തോന്നുന്നത് ഒരു കുന്നു മാംസത്തിനു മേലെ പൊതിഞ്ഞ തോൽ ആണയാളെന്നാണ്. അതേസമയം ദൂരെനിന്നു നോക്കിയാൽ നിന്നെയും പാറയേയും തിരിച്ചറിയാൻ പ്രയാസമാണെന്ന് ഭീമൻ അവളോടു പറയുന്നുണ്ട്. കാഴ്ചയിൽ പാറയാണെങ്കിലും അധികമേദസ്സില്ലാതെ ഉറച്ച ശരീരമുള്ള അവൾ സ്വന്തം കാമത്തെ ശമിപ്പിക്കാനാവുമെന്ന് ഭീമൻ തൃപ്തിപ്പെടുന്നുണ്ട്. ഭീമൻ അവിടെ ഒരു വിഗ്രഹമേ അല്ല. പാണ്ഡവ പത്നിയായി ജീവിയ്ക്കുമ്പോഴും അവളുടെ ഉളളിൽ കാട് പൂത്തുലയുകയാണ്. വേടത്തിയേയും മക്കളേയും വാരണാവതത്തിലെ അരക്കു ചേർത്തു നിർമ്മിച്ച കൊട്ടാരത്തിൽ കയറ്റിയ കുന്തിയുടെ അതിബുദ്ധിയെ രാജതന്ത്രമായി പാണ്ഡവർ കാണുമ്പോൾ ഹിഡിംബിയ്ക്ക് ആ കൊലച്ചതിയെ തീരെ ഉൾക്കൊള്ളാനാവില്ല. ഈ കഥ രണ്ടാമൂഴത്തിൽ കാണുന്നത് മറ്റൊരു വീക്ഷണ കോണിലാണ്. ഭക്ഷണത്തിനായി വേട സ്ത്രീയും അഞ്ചു കുട്ടികളും അരക്കില്ലത്തിൽ എത്തിയതിനെ കുന്തി പരാമർശിക്കുന്നത് പിതൃക്കളുടെയും ദൈവങ്ങളുടെയും അനുഗ്രഹമായാണ്. ഹിഡുംബി നോവലിൽ കൃഷ്ണനെയാണ് പ്രതിസ്ഥാനത്ത് നിർത്തുന്നത്. ധർമ്മ സംസ്ഥാപകനായല്ല, ധർമ്മത്തെ ഹനിക്കുന്നവനായിട്ടാണ് ഇവിടെ കൃഷ്ണനെ വെളിപ്പെടുത്തുന്നത്. നോവലിലെ ഹിഡുംബി വളർന്ന് വലുതായി കാടാകുന്നുണ്ട്. മണ്ണും പുഴയുമാകുന്നുണ്ട്. പ്രപഞ്ചമാകുന്നുണ്ട്. 'തനിക്കു തടസ്സമായി നില്ക്കുന്ന മുഴുവൻ പേരേയും പരസ്പരം കൊല്ലിച്ച്, ആ രക്തപ്പുഴയ്ക്കു മുകളിലിട്ട സിംഹാസനത്തിൽ ബ്രാഹ്മണഹിതം മാത്രം നോക്കി സഹോദരീപുത്രനെ പ്രതിഷ്ഠിച്ച കൃഷ്ണൻ ഏത് ധർമ്മത്തെ സ്ഥാപിച്ചു എന്ന ചോദ്യമാണ് അവൾ ബാക്കിയിടന്നുന്നത്. അവളുടെ ചോദ്യത്തിനു മുമ്പിൽ ഇതിഹാസമെഴുതാൻ തുടങ്ങിയ വ്യാസൻ പോലും നിശ്ചലമാകുന്നു. മഹാഭാരതം കടലും ആകാശവുമാണ്. അതിൽ ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുണ്ട്. അവയുടെ ഉത്തരങ്ങളുണ്ട്. കാലം അവയെ മാറ്റിമറിച്ചെഴുതും. അത് അങ്ങനെ പരിണമിച്ചുകൊണ്ടിരിക്കും. അക്ഷരങ്ങൾ ഉള്ള കാലത്തോളം.

Content Highlights : Readers Day 2021 Kanakkur R SureshKumar Writes