വായിച്ചുവളരുക,ചിന്തിച്ചു വിവേകം നേടുക' എന്ന മുദ്രാവാക്യം കേട്ടുപരിചയമുള്ളവർ കുറവായിരിക്കും.മുദ്രാവാക്യങ്ങൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത നാടാണല്ലോ നമ്മുടേത്.എന്നാൽ അത്തരമൊരു മുദ്രാവാക്യം ഉയർത്തുകയും അതിന്റെ അലയൊലികൾ ഒരുപാട് ഗ്രാമങ്ങളിലേക്കെത്തിക്കുകയും ചെയ്ത ഒരു മനുഷ്യന് ഇവിടെ ജീവിച്ചിരുന്നു.കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി. എൻ പണിക്കർ ആയിരുന്നു ആ മഹദ് വ്യക്തി. ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരിൽ ആണ് അദ്ദേഹത്തിന്റെ ജനനം.വിദ്യാഭ്യാസത്തിന് ശേഷം നീലംപേരൂർ മിഡിൽ സ്കൂളിൽ തന്നെ അധ്യാപകനായി ജോലി നോക്കുകയുണ്ടായി അദ്ദേഹം . സ്കൂൾ അധ്യാപകനായിരിക്കുമ്പോൾ തന്നെ അന്നത്തെ ഗവൺമെന്റിൽ നിന്നും അനുവാദം നേടി പണിക്കർ മുഴുവൻ സമയഗ്രന്ഥശാലാ പ്രവർത്തകനായി. പണിക്കരുടെ ശ്രമഫലമായി ജന്മദേശത്തു സ്ഥാപിതമായ വായനശാലയാണ് പിൽക്കാലത്ത് പ്രസിദ്ധമായ സനാതന ധർമവായനശാല. സാമാന ചിന്താഗതിയുള്ള സുഹൃത്തുക്കൾക്കൊപ്പം വീടുകളായ വീടുകൾതോറും കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടിൽ പടുത്തുയർത്തിയതാണ് ആ വായനശാല. ഗ്രന്ഥശാലാ സംഘത്തിനു സ്വന്തമായി പത്രമൊക്കെ ഉണ്ടായിരുന്നു. ഗ്രന്ഥലോകം എന്നായിരുന്നു അതിന്റെ പേര്. പത്രാധിപർ ആയി സ്വന്തം പത്രത്തിന്റെ മാത്രമല്ല അക്കാലത്തുണ്ടായിരുന്ന 'കാൻഫെഡ് ന്യൂസ്', നാട്ടുവെളിച്ചം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം പത്രാധിപരായി തന്നെ സേവനം അനുഷ്ഠിച്ചു. 1977-ൽ ആണ് അദ്ദേഹം ആസ്ഥാനത്തുനിന്ന് വിരമിക്കുന്നത്.

പി.കെ. മെമ്മോറിയൻ ഗ്രന്ഥശാലയുടെ സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു അദ്ദേഹം . 1945-ൽ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവർത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്റെ തീരുമാനപ്രകാരം 1947-ൽ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ൽ കേരള ഗ്രന്ഥശാലാ സംഘമായത്.

''വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക'' എന്നീ മുദ്രാവാക്യങ്ങളുമായി 1972-ൽ ഗ്രന്ഥശാലാ സംഘത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നല്കുകയുണ്ടായി. 1995 ജൂൺ 19ന് പി.എൻ.പണിക്കർ അന്തരിച്ചു.

1996 മുതൽ നമ്മുടെ സർക്കാർ അദ്ദേഹത്തിന്റെ ചരമദിനം ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നുണ്ട്. 2004 ജൂൺ 19 നു അദ്ദേഹത്തിന്റെ ഓർമക്കായി അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പും പുറത്തിറക്കി.

ഒരു വായന ദിനം കൂടി അങ്ങനെ കടന്നുവരികയാണ്. മലയാളികളെ പുസ്തകങ്ങൾ വായിക്കാൻ പ്രത്യേകിച്ച് പഠിപ്പിക്കേണ്ട അവശ്യമൊന്നുമില്ല. അതിബൃഹത്തായ ഒരു വായനാക്കൂട്ടം ഇന്നിവിടെയുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ അത്തരം പുസ്തകകൂട്ടായമകളുടെ വർദ്ധിച്ച പങ്കാളിത്തം തന്നെ അതിനുദാഹരണം. ഫേസ്ബുക്കിലെ അത്തരം വായനാകൂട്ടങ്ങളിൽ എഴുത്തുകാരും പങ്കുചേരുന്നുണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ മുൻകാലങ്ങളെ അപേക്ഷിച്ച് എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ദൂരം ഇപ്പോൾ വളരെ കുറവാണ്താനും. കാലത്തിന്റെ മാറ്റങ്ങളിൽ മലയാളിയുടെ വായനരീതിയ്ക്കും, വായനാ അഭിരുചികൾക്കും മാറ്റങ്ങൾ വന്നു ചേർന്നിട്ടുണ്ട്. ഒട്ടുമിക്ക പുസ്തകങ്ങളും ഇപ്പോൾ ഇ-ബുക്കായി വായിക്കാനുള്ള അപ്പുകളും ശബ്ദരൂപത്തിൽ കേൾക്കാനുള്ള ഓഡിയോ അപ്പുകളും വിപണിയിൽ സുലഭമാണ്.

കുറച്ചു വർഷങ്ങൾക്ക് മുന്പ് വരെ മലയാള സാഹിത്യത്തിൽ ക്രൈം ഫിക്ഷൻ വിഭാഗത്തിൽപ്പെട്ട പുസ്തകങ്ങൾക്ക് പൊതുവെ ഒരു തരം പഞ്ഞം പിടിച്ച അവസ്ഥയാണുണ്ടായിരുന്നത് .മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ ജനപ്രിയ നോവലുകളുടെ ഇടയിൽ ബാറ്റൺ ബോസിനെ പോലുള്ള എഴുത്തുകാർ ആ മേഖലകളിൽ തിളങ്ങിനിന്ന ഒരു കാലഘട്ടമുണ്ടായിന്നു. എന്നാൽ ഇടക്കെവിടെയോ ആ പ്രസ്ഥാനം കിതപ്പിൽ വീഴുകയാണുണ്ടായത്. പിന്നീട് വന്നവയാകട്ടെ പാശ്ചാത്യ കഥാസന്ദർഭങ്ങളെയും പശ്ചാത്തലവും അപ്പടി അനുകരിക്കുകയാണുണ്ടായത് . അത്തരം കുറ്റാന്വേഷണവും ,രീതികളും തനത് പ്രാദേശിക ചിട്ട വട്ടങ്ങളിലെക്കു പറിച്ചു നട്ടപ്പോളുണ്ടായ മുഴച്ചു കെട്ടലുകളിൽ അഭിരമിച്ചു നില്കുകയല്ലാതെ പുതിയ പന്ഥാവ് വെട്ടി തെളിയിക്കുന്നതിൽ പലപ്പോഴും പരാജയപ്പെട്ടു. എന്നാൽ അത്തരം അവസ്ഥകളെ കാറ്റിൽ പറത്തിക്കൊണ്ട് ആ വിഭാഗത്തിന് ഒരു പുത്തനുണർവ്വ് നൽകികൊണ്ടായിരുന്നു ലാജോ ജോസ് എന്ന എഴുത്തുകാരൻ കടന്നു വന്നത്. അതിനുശേഷം കുറ്റാന്വേഷണങ്ങളും, ഉദ്വേഗവുമൊക്കെ നിറച്ചുകൊണ്ട് നിരവധി പുതിയ എഴുത്തുകാരും പുസ്തകങ്ങളും കടന്നുവന്നു. മലയാളികൾ ഒരു കാലത്ത് ആഘോഷിച്ചു നടന്നിരുന്ന കോട്ടയം പുഷ്പനാഥിന്റെയും തോമസ് അമ്പാട്ടിനെയും പോലുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ വീണ്ടും വിപണിയിൽ പ്രത്യക്ഷപ്പെട്ടു, പുതിയ തലമുറയിലെ വായനക്കാർ അവരെ തിരഞ്ഞുപിടിച്ച് വായിക്കാൻ തയ്യാറായി.

എഴുത്തുകാർ, നൂതന ആശയങ്ങളുമായി ഈ മേഖലയിലെ സാമ്പ്രദായിക വഴികളിൽ നിന്നും മാറി സഞ്ചരിക്കുവാൻ തുടങ്ങിയിട്ടുണ്ട് എന്നുള്ളത് പ്രതീക്ഷയ്ക്ക് വക നല്കുന്നതാണ്. അത്തരം പുസ്തകങ്ങളുടെ ബാഹുല്യം ഒരു പക്ഷേ ക്രൈം ത്രില്ലറുകളെ ഇഷ്ടപ്പെടുന്നവരെ സന്തോഷിപ്പിക്കുന്നുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതിസന്ധിയും ഇത്തരം പുസ്തകങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു പറയാതെ വയ്യ. നിലവാരമുള്ള പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പ് തന്നെയാണ് മേൽസൂചിപ്പിച്ച ആ പ്രതിസന്ധി. ഏതെടുക്കണം എന്ന ഒരു ആശയക്കുഴപ്പം വായനക്കാരനുണ്ടാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പ്രമുഖ ആഴ്ചപ്പതിപ്പിൽ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച മിനി പി സിയുടെ ബ്ളാക്ക് ഫ്രൈഡേ പോലുള്ള ചെറുകഥകൾ മുൻരീതികളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നതും കുറ്റാന്വേഷണ/ ത്രില്ലർ വിഭാഗത്തിൽ മലയാളത്തിൽ നിരവധി പ്രതീക്ഷയും നൽകുന്നുണ്ടെന്ന് പറയാതെ വയ്യ.

ഒ.എം ചെറിയാൻ രചിച്ച മിസ്റ്റർ കെയ്ലിയാണ് മലയാളത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കുറ്റാന്വേഷണ നോവൽ. ഭാഷാപോഷിണിയിൽ ആറു ലക്കങ്ങളിലായി അത് വെളിച്ചം കണ്ടു. സ്വാഭാവികമായും ആർതർ കോനൻ ഡോയലിന്റെ ഷെർലോക്ക് ഹോംസ് കഥകളുടെ സ്വാധീനം ആ ചെറു നോവലിൽ കാണാം. 1841 ൽ ഗ്രഹാംസ് മാസികയിൽ പ്രസിദ്ധീകരിച്ച എഡ്ഗർ അലൻ പോയുടെ ചെറുകഥയായ ' ദി മർഡേഴ്സ് ഇൻ ദി റൂ മോർഗ് ' ആണ് ഇംഗ്ലീഷ് ഭാഷയിലെ ആദ്യത്തെ ആധുനിക ഡിറ്റക്ടീവ് കഥയായി വിശേഷിപ്പിക്കപ്പെടുന്നത്. ഒഎം ചെറിയാന്റെ മിസ്റ്റർ കെയ്ലി വന്നതകട്ടെ അലൻ പോയുടെ കഥ വന്ന് ഏതാണ്ട് അമ്പതു വർഷങ്ങൾക്ക് ശേഷം 1900 ലും. അതിനും നാലു വർഷങ്ങൾ കഴിഞ്ഞാണ് അപ്പൻ തമ്പുരാനെഴുതിയ ഭാസ്കരമേനോൻ പുറത്തു വരുന്നത്. രസികരഞ്ജിനി മാസികയിൽ ഒരു ദുർമ്മരണം എന്ന പേരിലായിരുന്നു ആ നോവൽ പ്രത്യക്ഷപ്പെട്ടത്. കാലന്റെ കൊലയറ എന്ന മറ്റൊരു ഡിറ്റക്ടിവ് നോവൽ കൂടി ചെറിയാന്റെതായിട്ടുണ്ട്.1928 ലാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്.

അപസർപ്പകനോവലുകൾ എന്ന വിഭാഗത്തെ കുറിച്ചോർക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്ന രണ്ടുപേരാണ് ആർതർ കോനൻ ഡോയലിന്റെ ഷെർലോക്ക് ഹോംസും, അഗത ക്രിസ്റ്റിയുടെ ഹെർക്യുൾ പൊയ്റോട്ടും. ജെയിംസ് ഹാഡ്ലി ചെയ്സും, ചെസ്റ്റർട്ടനും, എഡ്ഗാർ വാലസും,ഏൾ സ്റ്റാന്ലി ഗാർഡ്നറും, വിൽക്കി കോളിനസുമൊക്കെ കൊടികുത്തിവാണിരുന്ന ആ മേഖലയിലെ പുതുകാലത്തിലെ ചില പ്രമുഖർ സാറാ ഗ്രാൻ,മെഗാൻ അബോട്ട്,ജോൺ ഗ്രിഷാം, ഇയാൻ റാങ്കിൻ, സ്റ്റീഫൻ കിങ്, ജോ നെസ്ബോ തുടങ്ങിയവരാണ്.

അപസർപ്പകവിഭാഗം ക്രൈം, മിസ്റ്ററി, ഡിറ്റെക്ടിവ് തുടങ്ങിയ ചെറുവിഭാഗങ്ങളിലായി മലയാളത്തിൽ ചുറ്റിപ്പറ്റി നിന്നു വളർച്ച പ്രാപിക്കുന്നതായി കാണാം. എഴുത്തുകാർ അധികമാരും കൈവെക്കാത്ത വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങൾ മലയാളത്തിൽ സംഭവിക്കുന്നുണ്ട് . ലാജോ ജോസിന്റെ റെസ്റ്റ് ഇൻ പീസ് മലയാളത്തിൽ അധികമാരും പരീക്ഷിച്ചു കാണാത്ത cozy murder mstyery വിഭാഗത്തിലുള്ളതാണ്. മാതൃഭൂമിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലൈംഗികത, അക്രമങ്ങൾ തുടങ്ങിയവയുടെ അതിപ്രസരമില്ലാതെ ചെറിയ ഇടങ്ങളിൽ ഒതുങ്ങി നിൽക്കുന്നവയായിരിക്കും ഇത്തരം നോവലുകളുടെ പ്രമേയം. ലാജോ ജോസിന്റെ തന്നെ തൊട്ട് മുൻപിറങ്ങിയ നോവലായ ഹൈഡ്രേഞ്ചിയയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമായിരുന്നു നോവൽ പറഞ്ഞുവച്ചത്.

മലയാളത്തിലെ പുരുഷകേന്ദ്രീകൃതമായ അപസർപ്പക നോവൽ വിഭാഗത്തിലേക്ക് തന്റെ ആദ്യക്രൈം നോവലുമായി കയറിവന്നു ഇരുപ്പുറപ്പിച്ച എഴുത്തുകാരിയാണ് ജിസാ ജോസ്. അത്യന്തം ദുരൂഹമായ കൊലപാതകങ്ങൾ, അതും വളരെ പഴക്കം ചെന്ന ഒരു കൃത്യമാണെങ്കിൽ തെളിയിച്ചെടുക്കുക ശ്രമകരമാണ്. തെളിവുകളിൽ പലതും നഷ്ടപ്പെട്ടിട്ടുണ്ടാകാം,കൊലയുമായി ബന്ധപ്പെട്ടവർ ചിലപ്പോൾ മരണപ്പെട്ടിട്ടുണ്ടാകാം. ടിപി രാജീവന്റെ പാലേരിമാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന അതേപേരിൽ സിനിമയാക്കിയ ആ നോവലിലെ പോലെ അനേകം വർഷങ്ങൾക്കു മുൻപ് നടന്ന കൊലപാതകമാണ് ഈ നോവലിലെയും പ്രധാന സംഭവം. വർഷങ്ങൾക്കു മുൻപ് നടന്ന കൊലപാതകങ്ങൾ,മറഞ്ഞു കിടക്കുന്ന തെളിവുകൾ,അതുമായി ബന്ധപ്പെട്ട മിക്കവരുടെയും മരണം ഈ കാര്യങ്ങൾ ഒഴിച്ചു നിർത്തിയാൽ പാലേരിമാണിക്യവുമായി ഈ നോവലിന് മറ്റു സാദൃശ്യതകളൊന്നും തന്നെയില്ല.

അമ്പതു വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കൂട്ടകൊലപാതകമാണ് യാദൃച്ഛികമായി ഇവിടെ വീണ്ടും അന്വേഷിക്കാനിടയാകുന്നത്. മണിച്ചിത്രത്താഴ് സിനിമയിലെ ആദ്യ രംഗങ്ങൾ പ്രേക്ഷകന് പ്രേതവും യക്ഷിയുമൊക്കെ ഉണ്ടെന്നുള്ള ഒരു ബോധമണല്ലോ സൃഷ്ടിക്കുക. പിന്നീട് യുക്തികൊണ്ടു അത്തരം വിശ്വാസങ്ങളെ തെറ്റാണെന്നു സമർത്ഥിക്കുന്ന ആ ഒരു ബ്രില്യൻസ് ഈ നോവലിലും നമുക്ക് കാണാൻ സാധിക്കും. മറ്റൊരു പ്രധാന കാര്യം ശ്രദ്ധിച്ചത്, നോവലിന്റെ കേന്ദ്രസ്ഥാനത്തുൾപ്പെടെ ഒട്ടുമിക്കയിടങ്ങളിലുമുള്ള കഥാപാത്രങ്ങൾ സ്ത്രീകൾ തന്നെയാണെനുള്ളതാണ്.

കേസന്വേഷണം വഴിമുട്ടനിൽക്കുന്ന നേരത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് അന്വേഷണത്തിൽ തന്റെ അതിബുദ്ധികൊണ്ടും, നിരീക്ഷണപാടവും കൊണ്ടും നിമിഷ നേരം കൊണ്ട് കേസിനു തുമ്പുണ്ടാകുകയും, തെളിയിക്കുകയും ചെയ്യുന്ന ഒരു സൂപ്പർനായക കഥാപത്രത്തിന്റെ കൈയിൽ കൊണ്ടുപോയി കെട്ടിയിടുന്ന പതിവ് രീതി ഇവിടെ ഉപയോഗിച്ചിട്ടില്ല എന്നുള്ളതും എടുത്തുപറയേണ്ടതാണ്.

ഈ വിഭാഗത്തിൽ ജിസ ജോസിനെ പോലെതന്നെ എടുത്തു പറയേണ്ട മറ്റൊരു എഴുത്തുകാരിയാണ് ശ്രീപാർവതി. അവരുടെ മിസ്റ്റിക് മൗണ്ടൻ എന്ന നോവലിലെ ആഗ്നസ് എന്ന സ്ത്രീയിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്. മാതൃഭൂമി തന്നെ പുറത്തിറക്കിയ അവരുടെ നായിക അഗതക്രിസ്റ്റി എന്ന നോവലും ഒരു സ്ത്രീപക്ഷ നോവലാണ്. അഗത ക്രിസ്റ്റിയുടെ വ്യക്തിജീവിതത്തിലെ ഏറ്റവും ദുരൂഹമായ ഒരു സംഭവമാണ് എഴുത്തുകാരി കഥ പറയാൻ തിരഞ്ഞെടുത്തിരിക്കുന്നത്. 1926 ഡിസംബർ നാലിലെ രാത്രിയിൽ സ്വന്തം വീട്ടിൽനിന്നും അപ്രത്യക്ഷയായ അഗതാ ക്രിസ്റ്റിയുടെ അടുത്ത പതിനൊന്നു ദിവസങ്ങളിൽ അവർക്കെന്തായിരിക്കാം സംഭവിച്ചത് എന്നാണ് നോവൽ പറഞ്ഞുവെയ്ക്കുന്നത്. അഗതയുടെ വ്യക്തി ജീവിതത്തിൽ ഒരിക്കൽ പോലും അവരിതിനെകുറിച്ച് മിണ്ടിയിട്ടില്ല എന്നുള്ളതും, അതിനു പിന്നിലുള്ള ദുരൂഹത എന്തെന്നാറിയാനുള്ള ആകാംക്ഷയും ഈ നോവൽ വാങ്ങി വായിക്കാൻ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ടാകണം.

2008 ലാണ് മലയാളത്തിലെ ആദ്യത്തെ  triology എന്നു ശ്രദ്ധനേടിയ കുറ്റാന്വേഷണ സീരീസിലെ ആദ്യ നോവലായ മരണദൂതൻ പ്രസിദ്ധീകരിക്കുന്നത് അത് എഴുതിയതാകട്ടെ കേരളത്തിലെ ആദ്യത്തെ ഐ പി എസ് ഉദ്യോഗസ്ഥയായ ആർ ശ്രീലേഖയും. വിനോദ് നാരായണന്റെ നിരവധി പുസ്തകങ്ങളിൽ മിക്കതും ഇ-ബുക്കുകളായാണ് കൂടുതലും ലഭ്യമാകുന്നത്. മന്ദാരയക്ഷി, ഡബിൾ മർഡർ, മുംബൈ റെസ്റ്റോറന്റ്, സ്രീക്കറ്റ് ഏജെന്റ് ജാനകി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ ക്രൈം ത്രില്ലർ വിഭാഗത്തിൽ പ്പെടുന്നവയാണ്.

നൂറോളം വർഷങ്ങൾക്ക് മുൻപ് കുംഭകോണം ടി ഡി എസ് സ്വാമികൾ ഒരു ഇംഗ്ലീഷ് നോവലിനെ ആസ്പദമാക്കി തമിഴിൽ എഴുതിയ നോവലാണ് കോമളവല്ലി. തമിഴിൽ നിന്ന് 1919 ലാണ് തരവത്തു അമ്മാളു അമ്മ ആ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത്. പതിനഞ്ചു വയസ്സുള്ള കോമളവല്ലി എന്ന ബാലികയാണ് കുറ്റാന്വേഷണദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നത്. കോളിളക്കം സൃഷ്ടിച്ച രത്നഗിരി കൊലപാതകത്തിന്റെ കഥയാണ് നോവൽ പറയുന്നത്. കോമളവല്ലിയുടെ പുതിയ പതിപ്പുകൾ ഇപ്പോൾ ലഭ്യമാണ്.

കുറ്റാന്വേഷണത്തോടും,കുറ്റകൃത്യങ്ങളോടും ഒരു വല്ലാത്ത ആകർഷണം മിക്കവർക്കുമുണ്ട്. അതുകൊണ്ടായിരിക്കാം അത്തരം കഥകളുടെയും ,നോവലുകളുടെയും പിന്നാലെ ആളുകൾ പായുന്നത്. അത്തരം സിനിമകളോടും ആളുകൾക്ക് ഒരു പ്രത്യേക പ്രതിപത്തിയുണ്ടല്ലോ. മമ്മൂട്ടി അഭിനയിച്ച സേതുരമായ്യരുടെ സിനിമകൾ തന്നെ ഒരു ഉദാഹരണം. വർഷങ്ങൾക്ക് മുൻപെഴുതിയ ഒന്നാം സാക്ഷി സേതുരാമയ്യർ എന്ന നോവലിന്റെ മാറ്റിയെഴുതി വീണ്ടും പ്രസിദ്ധീകരിച്ച നോവലാണ് അൻവർ അബ്ദുള്ളയുടെ പ്രൈം വിറ്റ്നസ്സ് എന്ന നോവൽ . ഒരു സി ബി ഐ ഡയറികുറിപ്പു തൊട്ട് ഒടുവിലിറങ്ങിയ നേരറിയാൻ സി ബി ഐ സിനിമാ പരമ്പരയിലെ സേതുരാമയ്യരെ കേന്ദ്രകഥാപാത്രമാക്കിയ നോവലായിരുന്നു അത്. ആ സീരീസിലെ ആദ്യ നോവലാണ് ദി സിറ്റി ഓഫ് എം. ഡിറ്റെക്ടിവ് ശിവശങ്കർ പെരുമാളിലൂടെ സഹോദരങ്ങളുടെ തിരോധനത്തിന്റെ പിന്നിലുള്ള നിഗൂഡതകൾ നമുക്ക് മുന്നിൽ തെളിയുകയാണ്. മരണത്തിന്റെ തിരക്കഥയായിരുന്നു ആ സീരീസിലെ മറ്റൊരു പുസ്തകം. ആ സീരീസിലെ തന്നെ കംപാർട്ട്മെന്റ് എന്ന നോവലും മാതൃഭൂമി തന്നെയായിരുന്നു പുറത്തിറക്കിയത്. എന്തുകൊണ്ടോ നോവൽ ഇറങ്ങിയ സമയത്ത് ഈ പുസ്തകങ്ങൾ വേണ്ട വിധം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് കഥ മാറി.

പ്രവീൺ ചന്ദ്രന്റെ ഛായാ മരണം,നിഖിലേഷ് മേനോന്റെ പ്രഥമദൃഷ്ട്യാ, അഗോചരം, ഋതുപർണ്ണയുടെ ആൽഫ ലേഡീസിലെ ഹോസ്റ്റലിലെ കൊലപാതകം, റിജോ ജോർജ്ജിന്റെ ഹവാന ക്ലബ്,ഇന്ദുഗോപന്റെ പ്രഭാകരൻ സീരീസ്, എന്നിവ ഈ വിഭാഗത്തിലെ ശ്രദ്ധേയമായ മറ്റ് പുസ്തകങ്ങളാണ്. ഷെർലോക് ഹോംസിന്റെ കഥകളിൽ ആകൃഷ്ടരായി ഹോംസ്-വാട്സൻ മാതൃകയിലുള്ള കഥകളും ഇപ്പോൾ സംഭവിക്കുന്നുണ്ട്. രഞ്ജു കിളിമാനൂരിന്റെ അലക്സി കഥകൾ അത്തരത്തിലുള്ളവയാണ്. റിഹാൻ റാഷിദിന്റെ തികച്ചും വ്യത്യസ്തമായ ശൈലിയിലുള്ള കഥ പറച്ചിൽ രീതി ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മോഡസ് ഓഫ് ഓപ്പറാണ്ടി, ഡോൾസ് തുടങ്ങിയ നോവലുകൾ റിഹാന്റേതായി ഈ വിഭാഗത്തിൽ വന്ന് കഴിഞ്ഞു.

അടുത്തതെന്ത് എന്ന ആകാംക്ഷയും പിരിമുറുക്കവും ഉദ്വേഗവും സൃഷ്ടിക്കാൻ ഇത്തരം നോവലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. അതു തന്നെയാണല്ലോ അവയുടെ വിജയവും. പുതുതലമുറയിലെ ഈ വിഭാഗത്തിലെ എല്ലാവരെയും ഉൾപ്പെടുത്താൻ എളുപ്പവുമല്ല, മുൻപ് സൂചിപ്പിച്ചപ്പോലെ പുതിയ ധാരാളം എഴുത്തുകാർ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്.

ഓണം പോലെയോ വിഷു പോലെയോ ആ ഒരു പ്രത്യേക ദിവസത്തിൽ മാത്രം ആഘോഷിക്കേണ്ട ഒന്നല്ല വായന ദിനം പോലെയുള്ള ഒരു സംഭവം. മലയാളികളുടെ കാര്യമെടുക്കുകയാണെങ്കിൽ അവർ വർഷം മുഴുവൻ വായിക്കുന്നവരാണ്. പുസ്തകങ്ങൾ സ്വന്തമായി വാങ്ങി വായിക്കുന്നവരുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്. ലൈബ്രറികളെ ആശ്രയിക്കുന്നവരും കുറവല്ല അങ്ങനെ നോക്കുമ്പോൾ നമുക്ക് എല്ലാ ദിവസവും വായനദിനമാണ്.

വായന മരിച്ചുകൊണ്ടിരിക്കുന്നു എന്ന ഇന്നത്തെ കാലത്തെ മുറവിളികളെ എങ്ങനെ പ്രതിരോധിക്കണമെന്ന് പി.എൻ പണിക്കർ എന്ന മഹാമനുഷ്യൻ അന്നേ വഴി കാണിച്ചു തന്നിട്ടുണ്ട്. നമ്മളത് പിന്തുടർന്നു പരിപോഷിപ്പിച്ചാൽ മാത്രം മതിയാകും