ബാലരമയും അമര്‍ചിത്രകഥയുടെയും കഴിഞ്ഞ് ഒരു പുസ്തകം ആദ്യമായി വായിക്കുന്നത് പത്താം വയസ്സിലാണ്. 'നീലമലകളുടെയും ചുവപ്പ് നദിയുടെയും നാട്ടില്‍' ഒരു നാഗാലാന്റ് യാത്രാവിവരണം. പത്തുവയസ്സുവരെ പരിചയിച്ച ജീവിതം കേരളത്തിന്റേതായിരുന്നു. പത്തനംതിട്ട ജില്ലയിലെ ചില സ്ഥലങ്ങള്‍. അങ്ങേയറ്റം അമ്മവീട് സ്ഥിതി ചെയ്തിരുന്ന കോട്ടയം അതിനപ്പുറം ഒരു ലോകവും ജീവിതവും കാണാതെയിരുന്ന ഞാന്‍ നാഗാലാന്റിലെ ഇടവഴികളും ജീവിതരീതിയും ഭക്ഷണക്രമവും അവര്‍ പടിയിറങ്ങി കഴിക്കും എന്നൊക്കെയുള്ള അറിവുകള്‍ വീണ്ടും യാത്രാവിവരണങ്ങള്‍ നേടിപ്പോവാന്‍ പ്രേരണയായി പിന്നെ എസ്.കെ.പൊറ്റക്കാടായിരുന്ന വായന അങ്ങനെ ലോകത്തുള്ള സകല രാജ്യങ്ങളും പരിചിതമായി പാതിരാ സൂര്യന്റെ നാട്ടില്‍ വായിക്കുന്നതോടെ എന്നെങ്കിലും പോകാനൊരിടമായി അതിനെ ചേര്‍ത്തുപിടിച്ചു. അതിനൊപ്പം അപ്പ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നും കൊണ്ടുണരുന്ന ജീവചരിത്ര പുസ്തകങ്ങളും ഉണ്ടായിരുന്നു. ലോകത്തിലെ എല്ലാ മഹാന്മാരുടെയും ജീവിതം മനപാഠമാവുന്നത് അങ്ങനെയാണ്. അതേ കാലഘട്ടത്തിലാണ് ഒരു കുടയും കുഞ്ഞുപെങ്ങലും അതിലൂടെ മുട്ടത്തു വര്‍ക്കിയും ഒക്കെ കടന്നു വരുന്നത്. എന്റെ അമ്മ വീട് കോട്ടയത്തിനടുത്തു ഒരു ഉള്‍ഗ്രാമമായിരുന്നു. നല്ല കര്‍ഷകകുടുംബം. അദ്ധ്വാനികള്‍ പക്ഷേ അവര്‍ എന്റെ വല്യമ്മായി ഉള്‍പ്പടെ നല്ലവായനക്കാരനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ അവര്‍ക്കൊക്കെ ഉണ്ടായിരുന്നുള്ളു എന്നതാണ് ഏറ്റവും അത്ഭുതകരം. പക്ഷേ എന്നും ഒരു അനുഷ്ഠാനം പോലെ അവരൊക്കെ വായിച്ചിരുന്നു. അവിടെ നിന്നാണ് കാനം ഇ.ജെയുടെ നോവലുകളും മുട്ടത്തുവര്‍ക്കിയും തകഴിയും ഒക്കെ വായിച്ചു തുടങ്ങുന്നത്.

കോളേജില്‍ എത്തിയതോടെ വലിയ ലൈബ്രറി നിറയെ പുസ്തകങ്ങള്‍. എം.ടിയുടെ കഥാലോകം മറ്റൊരു ലോകം മുന്നിലെത്തിച്ചു. മദ്ധ്യതിരുവിതാകൂറിന് അപ്പുറത്തുള്ള ഒരു ഭാഷാലോകം പോലും അത്ഭുതം സമ്മാനിച്ചു. സേതുവും സുമിത്രയും ഗോവിന്ദകുട്ടിയും അപ്പുണ്ണിയും ഒക്കെ അത്ഭുതം നിറച്ചുകൊണ്ട് ഒപ്പം നടക്കാന്‍ തുടങ്ങി. വിമലയായിരുന്നു ജീവിതത്തെ കീഴടക്കിക്കളഞ്ഞ കഥാപാത്രം. ഉത്തര്‍പ്രദേശിലെവിടെയോ ഒരു ബോര്‍ഡിംഗ് സ്‌കൂളില്‍ വിമല ടീച്ചര്‍ ജീവിക്കുന്നുണ്ട് എന്ന് വിശ്വസിക്കാതിരിക്കാന്‍ എനിക്ക് കാരണങ്ങളില്ലായിരുന്നു. അത്രക്കും ഞാനാ പുസ്തകത്തെ സ്‌നേഹിച്ചിരുന്നു. അതു മുഴുവന്‍ ഇന്നും മനഃപാഠവുമാണ്. പിന്നെ ആനന്ദും മുകുന്ദനും ഒ.വി വിജയനും ഒക്കെ വായനയുടെ ഭാഗമായി ഞാന്‍ കോളേജ് ലൈബ്രറിയില്‍ നിന്നും തിരഞ്ഞെടുത്തു കൊണ്ടുവരുന്ന പുസ്തകങ്ങള്‍ അപ്പയും അനിയനും ഒക്കെ വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യാവുന്നത്ര ഞങ്ങള്‍ സ്വതന്ത്രമായി വായിച്ചു. ഇത് എടുത്തു പറയാന്‍ ഒരു കാരണം കൂടിയുണ്ട്. എന്റെ പിതാവ് ഒരു ക്രിസ്തീയ പുരോഹിതനായിരുന്നു. വേദപുസ്തകത്തിനും സഭാചരിത്രത്തിനും ഉപദേശങ്ങള്‍ക്കും അപ്പുറം എന്തെങ്കിലും വായിച്ചാല്‍ ഏറ്റവും വലിയ പാപമാണെന്ന് വിശ്വസിക്കുന്ന ഒരു സഭയിലെ പുരോഹിതന്‍ അദ്ദേഹം ഒരിക്കലും മക്കളുടെ വായനയെ നിരുത്സാഹപ്പെടുത്തിയില്ല. മറിച്ച് ഒരു നല്ല ഭാഷ സ്വന്തമായി ഉണ്ടാവാന്‍ നന്നായി വായിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. ഒരു നല്ല ഭാഷ ഉണ്ടാവാന്‍ അതാവശ്യമാണെന്ന് എന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

പിന്നെ ജീവിതം വായനയാക്കി മലയാളം എം.എയ്ക്ക് ചേര്‍ന്നതോടെ വായന പഠനമായി. മലയാള സാഹിത്യം തുടക്കം മുതല്‍ അന്നുവരെ സാഹിത്യ രൂപഭേദമന്യേ വായനയും പഠനവും ജീവിതവുമായി. ഭാഷാഭേദങ്ങള്‍ കണ്ടെത്തലായി. എന്തും വരികള്‍ക്കിടയിലൂടെ വായിക്കാന്‍ പഠിച്ചു. വാക്കുകള്‍ക്കിടയിലെ ചെറിയ വെളുത്ത വിടവുകള്‍ പോലും അര്‍ത്ഥമുള്ളവയായി മാറി കഥകളിലേക്ക് ശ്രദ്ധ കൂടുതലായി കേന്ദ്രീകരിക്കുന്നത് എം.ഫില്‍ പഠനകാലത്തോടെയാണ് ഓരോ കഥയും ആവേശത്തോടെ വായിക്കാനും ഓരോ വാക്കിനും പിന്നാലെ നടക്കാനും ഒക്കെ കഥാവായനയും പഠനവും പഠിപ്പിച്ചു കോളേജ് അദ്ധ്യാപികയായിത്തീര്‍ന്നപ്പോഴും ജീവിതപങ്കാളി നല്ല വായനക്കാരന്‍ തന്നെയായിരുന്നു എന്നതും ഒരു എഴുത്തുകാരിയാവാന്‍ ഏറ്റവും സഹായിച്ചു. വായിക്കാന്‍ വേണ്ടി വായിച്ചവയും പഠിക്കാന്‍ വേണ്ടി വായിച്ചവയും തമ്മില്‍ ഏറെ വ്യത്യാസമുണ്ടായിരുന്നു. എങ്കിലും വായനയുടെ ജിജ്ഞാസയ്ക്ക് ഒരുകുറവും ഇല്ലായിരുന്നു.

ഞാന്‍ ബോട്ടണി ബിരുദധാരിയാണ്. പക്ഷേ മൂന്നരവര്‍ഷം ബോട്ടണി പഠിച്ച് മടുത്തുപോയിരുന്നു. ഒരു പൂവ് അവിടെ പൂവെന്ന നിലയില്‍ ഒരു പ്രാധാന്യവും ഇല്ലാത്ത ഒന്നായിരുന്നു. 'അങ്ങനെ ഒരായിരം പൂവിനെ കീറി മുറുച്ചു ഞാന്‍ പൂവില്‍ സത്യം പഠിക്കാന്‍' എന്നത് എന്റേയും അനുഭവമായിരുന്നു. അങ്ങനെയാണ് പി.ജിയ്ക്ക് മലയാളം തിരഞ്ഞെടുത്തത്. അങ്ങനെ ഒരു തീരുമാനം എടുത്തതിന് ഞാന്‍ എന്നും എന്നോടുതന്നെ നന്ദിയുള്ളവളാണ് കാരണം വായനയുടെ വിശാലമായ ലോകങ്ങള്‍...

പി.എച്ച്.ഡിയും കഴിഞ്ഞാണ് പരിസ്ഥിതി നിരൂപണം പഠിക്കാന്‍ പോയത്. അതും ഒരു വഴിത്തിരിവായിരുന്നു. അതോടെ പാശ്ചാത്യ എഴുത്തുകാരും സൈദ്ധാന്തികരും കൃതികളും നിറഞ്ഞ ഒരു ലോകം ചുറ്റും നിറഞ്ഞു നിന്നു ആ വായനയും പഠനവും ജിജ്ഞാസയും ഇന്നും എന്നും എന്നെ സജീവമായി നില്‍ക്കാന്‍ സഹായിക്കുന്ന മലയാള സാഹിത്യത്തിലെ നോവല്‍ കഥാസാഹിത്യത്തിലെ എല്ലാ കൃതികളും കണ്ടെത്താനും വായിക്കാനും ശ്രമിക്കുന്നുമുണ്ട്. എന്റെ വായനയുടെയും പഠനത്തിന്റെയും ഒപ്പം എന്നും കുടംബവുമുണ്ടായിരുന്നു. ജീവിതപങ്കാളി സയന്‍സിന്റെ വലിയ ലോകങ്ങള്‍ നേടിപ്പോയപ്പോള്‍ മലയാളസാഹിത്യവായനയൊക്കെ വിട്ടുപോയി. പക്ഷേ ശാസ്ത്രലേഖനങ്ങള്‍ നന്നായി എഴുതുന്നു. മകന്‍ നന്നായി വായിച്ചും കണ്ടും കേട്ടും വളര്‍ന്നു. തികഞ്ഞ ഗവേഷണ ബുദ്ധിയോടെ എന്തിനെയും സ്വീകരിക്കാന്‍ ഉത്സാഹം കാണിക്കുന്നു. വായനയുടെ രീതികള്‍ വ്യത്യസ്തമാണെങ്കിലും.

ഉദ്യോഗവായനയാണ് നമ്മുടെ വിഷയം. എനിക്ക് ഏതു കൃതിയുടെ വായനയും അങ്ങനെയാണ് അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന ജിജ്ഞാസയോടെയാണ് എന്നും വായിക്കുന്നത്. ഈ അടുത്തകാലത്ത് അങ്ങനെ വായിച്ച ചില കൃതികളെപ്പറ്റി പറഞ്ഞ് ഈ കുറിപ്പലവസാനിപ്പിക്കാം. വീടിനകത്ത് ഇരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട സമീപകാലത്ത് ധാരാളം വായിച്ചു. ഇന്ദുഗോപന്റെ കഥാലോകം അമ്മിണിപ്പിള്ള വെട്ടുകേസും ചെങ്ങന്നൂര്‍ ഗുഢസംഘവുമൊക്കെ തീര്‍ച്ചയായും അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന ഉദ്യേശത്തോടെ വായിച്ചവയാണ് വിലായഞ്ഞ് ബുദ്ധയാണ് ഏറ്റവും ആവേശത്തോടെ വായിച്ച കൃതി. ചന്ദനമരം ഡബിള്‍ മോഹന്‍ വെട്ടുമോ എന്ന ഭയം ഭാസ്‌കരന്‍ മാഷെക്കാള്‍ ഞാനാണ് അനുഭവിച്ചത് അവന്‍ ആട്ടുമലയിലേക്ക് ജീപ്പോടിച്ച് കയറുന്നത് നെഞ്ചിരിപ്പോടെ ഞാന്‍ നോക്കിയിരുന്നു. (മറയൂര്‍ എനിക്ക് വളരെ പരിചിതമായൊരു സ്ഥലവുമാണ്.)

അതോടൊപ്പം ഓരോ പേജും ഉദ്വേശത്തോടെ മറിച്ചു വായിച്ചു തീര്‍ത്ത ഒരു പുസ്തകം ബന്യാമിന്റെ പുതിയ നോവലായ 'നിശബ്ദസഞ്ചാരങ്ങ'ളായിരുന്നു. തന്റെ മൂന്ന് തലമുറയ്ക്കു മുന്നിലുണ്ടായിരുന്ന ഒരു അമ്മച്ചിയെ തേടി ഒരു ചെറുപ്പക്കാരന്‍ നടത്തുന്ന അതിസാഹസികമായ അന്വേഷണമാണ് ആ പുസ്തകം 1940 കളില്‍ ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്തുള്ള കുളനട എന്ന സ്ഥലത്തു നിന്ന് ബ്രിട്ടീഷ് പട്ടാളത്തില്‍ നേഴ്‌സായി ചേര്‍ന്ന് ബോര്‍ണിയോ എന്ന രാജ്യത്തേക്കുപോയ മറിയാമ്മ എന്ന നേഴ്‌സിന്റെ എല്ലാവരും മറന്നു പോയ ജീവിതമാണ് മനു എന്ന ചെറുപ്പക്കാന്‍ തിരഞ്ഞു പോവുന്നത്. ബോര്‍ണിയോയില്‍ നിന്നും തിരിച്ചെത്തിയിട്ട് അവര്‍ ആഫ്രിക്കയിലെവിടേക്കോ പോയി എന്നതിനപ്പുറം ആ ജീവിതം ന്നെ എല്ലാവര്‍ക്കും അജ്ഞാതമായിരുന്നു. അത്തരം ഒരു മറവിയോട് കലമ്പിക്കൊണ്ടാണ് മനു ആഫ്രിക്കയില്‍ പോയി അവരുടെ കബറിടം കണ്ടെത്തുന്നത്. മനുവിനൊപ്പം ഓരോ തെളിവു കിട്ടുമ്പോഴും ഞാന്‍ ആഹാളാദഭരിതയായി. അവന്‍ നിരാശനായപ്പോഴൊക്കെ നിരാശ എന്നെയും പൊതിഞ്ഞു. ആ സാഹസികമായ അമ്മച്ചിയും ഞാനും ഒരു ദേശക്കാരാണ് എന്നതുമാവാം കാരണം. അങ്ങനെ പൊറ്റക്കാട്ടിന്റെ കാപ്പിരികളുടെ നാട്ടിലിനുശേഷം വീണ്ടും ആഫ്രിക്ക മനുവിനൊപ്പെം കണ്ടു വന്നു.

ഇന്ന് വായനയുടെ വഴികള്‍ മാറിയ ഇക്കാലത്തും പഴയ രീതിയില്‍ വായിക്കുന്നവരെ പുച്ഛിക്കുന്ന യുവതയോട് പറയട്ടെ, വിജ്ഞാനത്തിനും അറിവിനുമൊക്കെ ഇന്റര്‍നെറ്റൊക്കെ, സ്വീകരിക്കുമ്പോഴും വായന ഒരു ഹരമായിത്തീരന്‍ എനിക്കിപ്പോഴും വെളുത്ത പ്രതലവും അതിലെ കറുത്ത അക്ഷരങ്ങളുമാണ് ഇഷ്ടം. ആ പ്രത്യേക വാക്ക് എന്തുകൊണ്ട് അവിടെ എന്നന്വേഷിച്ച് തലപുകയ്ക്കാനാണ് ഇഷ്ടം- 'ചാവിന്റെ കുളുപ്പ്' എന്നൊരു കഥയില്‍ കണ്ടാല്‍ അതന്വേഷിച്ച് പോകാനാണ് ഇഷ്ടം. ചിമ്മിണി എന്നവാക്ക് പുത്തനാണ് ഇന്നും എനിക്ക് ആ മണത്തിലേക്ക് മൂക്ക് വിടര്‍ത്താനാണ് ഇഷ്ടം. അതേ വായന എന്നെങ്കിലും അസാദ്ധ്യമാവുന്ന ഒരു സമയം ഉണ്ടായാല്‍ അതിന്റെ ജിജ്ഞാസ എന്നെ വിട്ടുപോയാല്‍ ഞാനും ഇല്ലാതെയാവും എന്നു വിശ്വസിക്കുന്ന ഒരാളാണ് ഈ ഞാന്‍.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Readers Day 2021, Dr Mini Prasad