കുട്ടിക്കാലത്തെ വായനകളിൽ കാടും കാട്ടുജീവിതങ്ങളും കടന്നു വന്നത് അവിചാരിതമായിട്ടാണെങ്കിലും പിന്നീടവയെന്റെ ബോധപൂർവമുള്ള തിരഞ്ഞെടുപ്പായി മാറിയിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. ബോധപൂർവമുള്ള അത്തരം തിരഞ്ഞെടുപ്പുകളിലേക്ക് ഞാനെത്തിപ്പെടുന്നത് എന്റെ പ്രൈമറിക്കാലത്തിന്റെ അവസാനത്തിലാണ്. ടോട്ടോച്ചാനിലെ കൊബയാഷിമാഷിനെപ്പോലെ എനിക്കേറ്റവും പ്രിയപ്പെട്ട അബ്ദുൽകരീം മാഷ് വായിക്കാൻ നൽകിയ ഒട്ടനേകം പുസ്തകങ്ങളിലൊന്നായ റുഡ്യാർഡ് ക്ലിപ്പിംഗിന്റെ മൗഗ്ലിക്കു ശേഷം ഞാൻ വായിക്കുന്ന കാട്ടുനോവലായിരുന്നു എഡ്ഗാർ റൈസ് ബറോസിന്റെ 'ടാർസൻ'! ആ പുസ്തകമെനിക്ക് വായിക്കാൻ തന്നത് എന്റെ കുട്ട്യേട്ടനായിരുന്നു. വയനാട്ടിലെ വല്യമ്മയുടെ മകനെയാണ് ഞാൻ കുട്ട്യേട്ടൻ എന്നു വിളിക്കുന്നത്. വേനലവധിക്ക് സ്ക്കൂളടച്ചാൽ വയനാട്ടിലെ വല്യമ്മമാരുടെയും ചെറ്യമ്മാവന്റെയും അടുത്തേക്കാണ് ഞങ്ങൾ വിരുന്നു പോയിരുന്നത്. ചുരം കയറിത്തുടങ്ങുമ്പോഴേയ്ക്ക് വന്നു പൊതിയുന്ന കോടമഞ്ഞും കാട്ടുമരങ്ങളുടെ ഇരുൾപ്പച്ചമൗനങ്ങളും നീർച്ചോലകളും കടന്നെത്തുന്ന കാക്കവയലിലെ വേനലവധിക്കാലങ്ങൾക്ക് എന്റെ വായനാഭിരുചി വികസിപ്പിക്കുന്നതിൽ വലിയ പങ്കുണ്ടായിരുന്നു.

നാലാംക്ലാസിലെ പരീക്ഷ കഴിഞ്ഞുള്ളൊരു അവധിക്കാലത്തെ വിരുന്നുപോക്കിനിടയിൽ, കുട്ട്യേട്ടൻ ആദ്യമായി വായിക്കാൻ നൽകിയ പുസ്തകമായിരുന്നു 'ടാർസൻ'! ആഫ്രിക്കൻ വനാന്തരത്തിലെ കെർച്ചാകു വംശത്തിൽപ്പെട്ട ഒരു പെൺകുരങ്ങ് ടാർസൻ എന്ന മനുഷ്യക്കുട്ടിയെ വളർത്തിയെടുത്തതും ആ കുട്ടിക്ക് മനുഷ്യരുമായി ഉണ്ടാകുന്ന ബന്ധങ്ങളും സംഘർഷങ്ങളും, ജീവിതത്തിൽ ആദ്യമായി കാണുന്ന വെള്ളക്കാരിയെ കാട്ടിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നതുമൊക്കെയായി മനോഹരമായൊരു നോവലായിരുന്നുവത്! കാടും കാട്ടുജീവിതങ്ങളും എന്റെ അവസാനിക്കാത്ത കൗതുകങ്ങളിലൊന്നായിത്തീർന്നതും കാടന്വേഷിച്ചുള്ള ശാസ്ത്ര- സാഹിത്യകൃതികളിലേക്കുള്ള എന്റെ പ്രയാണം ആരംഭിക്കുന്നതും ഒരുപക്ഷേ അങ്ങനെയാവണം!. അതിനർഥം അവ മാത്രമേ വായിച്ചിരുന്നുള്ളു എന്നല്ല. എംടിയും ബഷീറും മാധവിക്കുട്ടിയും ലളിതാംബിക അന്തർജനവും ശത്രുഘ്നനും ഇന്ദുചൂഢനും സാലിം അലിയും തകഴിയുമൊക്കെ വായനാലോകത്തുണ്ടായിരുന്നെങ്കിലും വനം പശ്ചാത്തലമായി വരുന്ന കൃതികളിൽ നിന്ന് പറയാനറിയാവിധമൊരു വൈകാരികനിർവൃതി ഞാനനുഭവിക്കുന്നുണ്ടായിരുന്നു..

ബാലകൗമാരസംഘർഷങ്ങൾക്കിടയിലെപ്പോഴോ ആണ് ജി. ബാലചന്ദ്രന്റെ കാട്ടുനീതി എന്ന നോവൽ വായിക്കുന്നത്. കൂട്ടുകാരി സിതാരയുടെ വീട്ടിൽ നിന്നാണ് ആ പുസ്തകം ലഭിക്കുന്നത്. ഭൂട്ടാനിലെ ബുദ്ധമതക്കാരനായ കിൻലെ എന്ന കൗമാരക്കാരന്റേയും സുമി എന്ന ഇന്ത്യൻ പെൺകുട്ടിയുടെയും പ്രണയപ്പൊടി കലർന്ന സൗഹൃദത്തിന്റെ കഥയായിരുന്നുവത്. ബോഡോക്കാരനായ കായൻ ദാജു എന്ന കൂട്ടുകാരന്റെ കൂടെ കിൻലെയും സുമിയും കായൻദാജുവിന്റെ വനപ്രദേശത്തെ വീട്ടിലേക്ക് യാത്രയാവുന്നതും കാട്ടിൽ നിന്ന് അവർക്കുണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളും ആൺകുട്ടിയും പെൺകുട്ടിയുമായ കിൻലേയുടേയും സുമിയുടേയും യാത്ര മുതിർന്നവർ വ്യാഖ്യാനിക്കുന്ന വൃത്തികെട്ട രീതിയുമെല്ലാം നിറഞ്ഞ വളരെ ഹൃദയസ്പർശിയായ ഒരു വായനാനുഭവമാണ് കാട്ടുനീതിയിലൂടെ അറിഞ്ഞത്. അന്നത്തെ പകൽക്കിനാവുകളിലെല്ലാം കിൻലെയെപ്പോലുള്ളൊരു ആൺസുഹൃത്തിനോടൊത്തുള്ള വനയാത്രകളായിരുന്നു നിറഞ്ഞു നിന്നിരുന്നത്.

ആറാം ക്ലാസിലെ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്തെ വയനാടൻ യാത്രകളിൽ നിന്നാണ് മംഗളം, മനോരമ, മുത്തുച്ചിപ്പി തുടങ്ങിയ 'മ' മാസികകളെ പരിചയപ്പെടുന്നത്. ഉദ്വേഗജനകമായ വായനയുടെ കാലം അതായിരുന്നെന്ന് പറയാം. വല്യമ്മയും ചേച്ചിമാരും കുട്ട്യേട്ടനുമൊക്കെ ഒളിച്ചു വായിക്കുന്ന ആഴ്ചപ്പതിപ്പുകൾ തപ്പിത്തിരഞ്ഞ് കട്ടെടുത്ത് വായിക്കുന്നതും, ചേച്ചിമാർ കണ്ടുപിടിക്കുന്നതും ചീത്ത കേൾക്കുന്നതും പതിവായിരുന്നു. ആദ്യമായും അവസാനമായും വായിച്ച ഒരു മുത്തുച്ചിപ്പിയിലെ ഹൊറർനോവലിന്റെ തുടക്കം ഇപ്പോഴും എനിക്കോർമയുണ്ട്. മൂന്നോ നാലോ പേരടങ്ങിയ ഒരു മാധ്യമസംഘം കാട്ടിലെ ഏതോ ഗുഹയുടെ രഹസ്യം തേടിപ്പോകുകയാണ്. കാടിനെക്കുറിച്ചും വവ്വാലുകൾ ചിറകടിച്ചു പറക്കുന്ന രാത്രിയെക്കുറിച്ചുമെല്ലാം അതിമനോഹരമായി വർണിച്ചിട്ടുണ്ടായിരുന്നു കഥയിൽ. കാട്ടുചോലയിൽ കാൽ കഴുകുന്ന നായികയുടെ കണങ്കാലിന്റെ സൗന്ദര്യത്തെക്കുറിച്ച് നോവലിസ്റ്റ് വർണിക്കുന്നത് വായിക്കുന്നതിനിടയിലാണ് രാധികേച്ചി തലക്ക് കിഴുക്കി പുസ്തകം തട്ടിപ്പറിച്ചു കൊണ്ടുപോയത്. വല്യമ്മയുടെ ഇളയ മകളായിരുന്നു രാധികേച്ചി. യാദൃശ്ചികമായിരുന്നെങ്കിലും ആദ്യം വായിച്ച മുത്തുച്ചിപ്പിയിലെ നോവലും കാടുമായി ബന്ധപ്പെട്ടതായിരുന്നു.

അഗതാ ക്രിസ്റ്റി, സർ ആർതർ കോനൻ ഡോയ്ൽ, ടോൾസ്റ്റോയി, ദസ്തയേവ്സ്കി, മാർക്വേസ് തുടങ്ങിയ പശ്ചാത്യ എഴുത്തുകാരെ പരിചയപ്പെടുന്നതും കുട്ട്യേട്ടന്റെ കൊച്ചു ലൈബ്രറിയിൽ നിന്നാണ്. കാക്കവയലും, അവിടന്ന് വായിക്കുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങളും അവയിലെ ഭൂമിശാസ്ത്രങ്ങളും വയനാടൻയാത്രകളിൽ കണ്ട ഭൂപ്രദേശങ്ങളും തീർത്ത വിചിത്രമായൊരു അനുഭുതിയിലാണ് ഇന്നുമെന്റെ കുട്ടിക്കാല ഓർമകൾ കെട്ടുപിണഞ്ഞു കിടക്കുന്നത്. സത്യമേത്, മിഥ്യയേത് എന്നറിയാവണ്ണം ലയിച്ചുതീർന്ന ജീവിത-വായനാനുഭവങ്ങൾ...

ഉത്തരാഖണ്ഡിലുള്ള കുമയൂൺ കുന്നുകളിലെ ഗ്രാമീണരെ കൊന്നു തിന്നുന്ന നരഭോജിക്കടുവകളെ സാഹസികമായി വേട്ടയാടിയ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന ജിംകോർബറ്റിന്റെ കൃതികൾ വായിച്ച് വിറങ്ങലിച്ചുപോയ രാത്രികൾ ഉദ്വേഗജനകമായ വായനയുടെ മറ്റൊരു തലമാണ്. വീടിനു പിറകിലെ കാട്ടിൽ നിന്ന് നരഭോജിക്കടുവകൾ ഇറങ്ങി വരുന്ന സ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണർന്ന് അമ്മയ്ക്കും പപ്പയ്ക്കും തൊന്തരവുണ്ടാക്കിത്തുടങ്ങിയത് ആ വായനയുടെ അനന്തരഫലമായിരുന്നുവെന്ന് പറയാം. അനിയത്തിമാരെ കടുവയോ പുലിയോ പിടിച്ചുകൊണ്ടുപോയി പറങ്കിമാവിന്റെ തുന്നാംതുഞ്ചത്തിരുന്ന് കറുമുറെ കടിച്ചു തിന്നുന്ന പേക്കിനാവ് കണ്ട് ശ്വാസം മുട്ടി ഞെട്ടിയുണരാൻ തുടങ്ങിയത് അതിൽപ്പിന്നെയാണെന്ന് തോന്നുന്നു. ഞാനൊരു സ്വപ്നം കണ്ടു എന്ന് രാവിലെ പറയുമ്പോഴേക്ക് അനിയത്തിമാർ ചോദിക്കാൻ തുടങ്ങി; ഇന്നാരെയാണ് കടുവ പിടിച്ചത്? എന്നെയാണോ ചിന്നുവിനെയാണോ? അതോ പാമ്പായിരുന്നോ സ്വപ്നത്തില്?

പി. വൽസലയുടെ നെല്ലും കൂമൻകൊല്ലിയും വായിച്ച് മതിഭ്രമം ബാധിച്ച് ഗോത്രജനങ്ങൾ താമസിക്കുന്ന കോളനി തേടിപ്പോവാൻ വാശി പിടിച്ചതിന് ചേച്ചിമാരിൽ നിന്ന് കേട്ട പരിഹാസങ്ങൾക്കും കണക്കില്ല. ''നിന്നെ ഞങ്ങളൊരു പണിയച്ചെക്കനെക്കൊണ്ട് കെട്ടിച്ചേക്കാം... എന്താ മതിയോ?'' അവർക്കെന്റെ മതിഭ്രമങ്ങൾ നല്ല നേരമ്പോക്കുകളായിരുന്നു. വല്യമ്മയ്ക്ക് ചീരയും ഓലപ്പായയും കൊണ്ടു കൊടുക്കാൻ വരുന്ന ചിങ്കിളിയമ്മയെ കാണുന്നത് ആയിടെയാണ്. കാതിൽ ഓലച്ചിറ്റും കഴുത്തിൽ മുത്തുമാലകളുമണിഞ്ഞ്, മുണ്ടു കൊണ്ട് മുലക്കച്ച കെട്ടിയ ചിങ്കിളിയമ്മയെ കൗതുകപൂർവം നോക്കിയിരിക്കുമായിരുന്നു ഞാൻ. അവരുടെ സംസാരരീതി, വേഷവിധാനങ്ങൾ എന്നിവയെല്ലാം എന്നെ സംബന്ധിച്ച് വലിയ അൽഭുതമായിരുന്നു. ''എന്താ മൊട്ടത്തീ...'' ഒരിക്കലവർ ചോദിച്ചതോടെ അവരെ നിരീക്ഷിക്കുന്നത് നിർത്തി. എനിക്ക് മുടിയില്ലാത്തതുകൊണ്ടാണവർ മൊട്ടത്തീ എന്ന് വിളിച്ചതെന്നായിരുന്നു അന്നെന്റെ ധാരണ. പിന്നെയാണ് പണിയഭാഷയിൽ മൊട്ടത്തി എന്നു പറഞ്ഞാൽ പെൺകുട്ടി എന്നാണർഥം എന്നു മനസിലായത്.

ഗോത്രാചാര മര്യാദകളെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാഭ്യാസം നേടുകയും കരുവാര ഇരുളനായ മാരനെ പ്രണയിക്കുകയും ചെയ്ത മുഡുഗ യുവതിയുടെ കഥ പറയുന്ന മലയാറ്റൂരിന്റെ പൊന്നി എന്ന നോവലിൽ നിന്നാണ് മുഡുകരെക്കുറിച്ചും ഇരുളരെക്കുറിച്ചുമൊക്കെ ആദ്യം കേൾക്കുന്നത്. അട്ടപ്പാടിയിലെ മലനിരകളും ഭവാനിപ്പുഴയുമൊക്കെ കഥാപാത്രങ്ങളായി വരുന്ന നോവലിന്റെ അവസാനഭാഗത്ത്, മല്ലീശരനെ വണങ്ങാത്ത കരുവാര ഇരുളനെ പ്രണയിച്ച കുറ്റത്തിന് മല്ലീശരൻ പൊന്നിയെ ശിക്ഷിക്കുന്നത് വായിച്ച് കണ്ണു നിറഞ്ഞു തൂവി.. തൊണ്ടയിൽ കരച്ചിൽ കനപ്പിച്ചു കിടന്നു. ഗോത്രാചാരങ്ങളുടെ കടുംകെട്ടുകൾ നിറഞ്ഞ, പൊന്നിയുടെ പ്രണയം കവർന്ന, പഞ്ചഭൂതങ്ങൾക്കധിപനായ മല്ലീശരമുടിയുടെ നിഗൂഢതകൾ ഒത്തിരിനാൾ മനസിന്റെ കോണിൽ പർവതാകാരം പൂണ്ട് കിടക്കുകയുണ്ടായി. മൂന്നാലു വർഷങ്ങൾക്ക് മുമ്പ് അട്ടപ്പാടിയിൽ പോവേണ്ടി വന്നപ്പോൾ, നേർത്ത മഞ്ഞിനിടയിലൂടെ മല്ലീശരമുടി കണ്ടു തുടങ്ങിയപ്പോൾ ആദ്യം ഓർമ വന്നത് പൊന്നിയെയായിരുന്നു..

കോളജ്കാലത്താണ് ബംഗാളീസാഹിത്യത്തിൽ ഹരം പിടിക്കുന്നത്. സാവിത്രി റോയിയുടെ നെല്ലിന്റെ ഗീതവും ടാഗോറിന്റെ ചോക്കേർബാലിയും ബുദ്ധദേവ് ഗുഹയുടെ ജാരനുമൊക്കെ വായിച്ചുകൊണ്ടിരിക്കെയാണ് വിഭൂതിഭൂഷൻ ബന്തോപാധ്യായ്യുടെ ആരണ്യകത്തിലേക്ക് എത്തിച്ചേരുന്നത്. വീണ്ടും മനോഹരമായ കാടെന്നെ മൂടുന്നു.. പൂർണിയയിലെ മതിഭ്രമിപ്പിക്കുന്ന മഹാവനങ്ങളിലൂടെയുള്ള സത്യചരൺ എന്ന എസ്റ്റേറ്റ് മാനേജരുടെ യാത്രയും ജീവിതാനുഭവങ്ങളും വനമോഹിനിയായ എന്റെയുള്ളിൽ തീർത്ത പച്ചപ്പടർപ്പുകൾക്ക് അതിർത്തിയില്ല. വനാന്തർഭാഗത്തെ നിലാവ് മുഖം നോക്കുന്ന സരസ്വതീതടാകത്തിനരികിൽ നിന്ന് പ്രകൃതിയുടെ അപാരസൌന്ദര്യം നുകരുന്ന സത്യചരണിനോടു തോന്നിയ അസൂയയ്ക്കും കണക്കില്ല. ജമീന്താരികൾ, കോണ്ട്രാക്ടർമാർ, സർക്കാരുദ്യോഗസ്ഥർ തുടങ്ങിയവർ ഒത്തുചേർന്ന് ഇന്ത്യയിലെ ആദിവാസി ഗോത്രവിഭാഗങ്ങളുടെ ആവാസമേഖലകളടക്കമുള്ള വനമേഖലകൾ വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കി മാറ്റി, ആദിവാസിഗോത്രവിഭാഗങ്ങളെ ഭൂരഹിതരാക്കിയ ചരിത്രവും ഈ പുസ്തകത്തിലെ വരികൾക്കിടയിൽ നിന്നു വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു.

പ്രണയകാലത്ത് കൂട്ടുകാരൻ അച്ഛന്റെ പുസ്തകശേഖരത്തിൽ നിന്നെടുത്തു കൊണ്ടു വന്നു തന്ന ആദ്യത്തെ പുസ്തകസമ്മാനത്തിൽ നിന്നാണ് ലോകസാഹിത്യത്തിലെ അനശ്വരപ്രതിഭയായ അമേരിക്കൻ സാഹിത്യകാരൻ ജാക്ക് ലണ്ടനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ റ്റു ബിൽഡ് എ ഫയർ, ദ വൈറ്റ് സൈലൻസ് തുടങ്ങിയ ചെറുകഥകളും ദ കാൾ ഓഫ് ദ വൈൽഡ് എന്ന നോവലുമൊക്കെ വായിച്ചതോടെ ഇരുൾപ്പച്ചയാർന്ന വനസ്ഥലികളിൽ നിന്ന് മഞ്ഞിന്റെ വെളുപ്പ് പടർന്ന വന്യതയിലേക്കും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞു പോകുന്ന അനഭൂതി വിശേഷത്തിലേയ്ക്കും ആഴ്ന്നിറങ്ങിത്തുടങ്ങി... അതിജീവനം കഠിനമായ മഞ്ഞുറഞ്ഞ മലമ്പാതകളും തണുപ്പിൽ മരവിച്ചു നിൽക്കുന്ന ബിർച്ച്മരച്ചില്ലകളും മഞ്ഞുകുരുവികളും മഞ്ഞുമാനുകളും വെളുത്ത മൗനങ്ങളും ചിന്തകൾക്ക് പുതിയ ദിശ നൽകി.. ജാക്ക് ലണ്ടന്റെ വെളുത്ത മൗനം, തീയുണ്ടാക്കാൻ എന്നീ കഥകൾ എത്ര തവണ വായിച്ചുവെന്ന് എനിക്കു തന്നെ തീർച്ചയില്ല. അത്രമാത്രം ഉജ്ജ്വലമാണ് ജാക്ക് ലണ്ടന്റെ ഭാഷയും ഭാവനയും പ്രകൃതിയെക്കറിച്ചുള്ള സൂക്ഷ്മാനുഭവങ്ങളും. മഞ്ഞുറഞ്ഞു കിടക്കുന്ന വനപാതകളിലൂടെ തന്റെ നായയേയും കൊണ്ട് യൂക്കോണിലേക്ക് യാത്ര ചെയ്യുന്ന മനുഷ്യൻ ചെന്നായ്ക്കൾ ഓരിയിടുന്ന, തണുത്ത് വെളുത്ത വന്യതയിൽ നിന്ന് ഒരിറ്റ് ചൂടിനു വേണ്ടി പരിശ്രമിക്കുന്നതും പരാജയപ്പെടുന്നതും വായിച്ചു തീരുമ്പോഴേയ്ക്ക് എന്റെ ശരീരത്തിലും വല്ലാത്തൊരു മരവിപ്പ് പടർന്നുകയറിയിട്ടുണ്ടായിരുന്നു.

വെളുത്ത മൗനം എന്ന കഥയിലും പ്രകൃതിയും മനുഷ്യനും അതിജീവനവും സംലയിച്ച സങ്കീർണതകൾ തന്നെയാണുള്ളത്. മനുഷ്യനിൽ നിന്ന് മൃഗത്തിലേക്കുള്ള ദൂരക്കുറവിന്റെ സ്വാഭാവികതയെ മനോഹരമായി ആവിഷ്കരിച്ച ഒരു കഥയാണ് വെളുത്ത മൗനം. യൂക്കോണിലെ വടക്കൻപ്രദേശത്തെ കടുത്ത ശീതകാലത്തു നിന്ന് വസന്തം തേടിയുള്ള നഗരത്തിലേക്കുള്ള യാത്രയിൽ മധ്യവയസ്കനായ മേസനും ഭാര്യ റൂത്തും മേസന്റെ ശിഷ്യനായ മലെമുഡ് കിഡും നേരിടുന്ന പ്രതിസന്ധികളാണ് കഥയുടെ ഇതിവൃത്തം. നായ്ക്കൾ വലിക്കുന്ന സ്ലെഡ്ജിൽ മഞ്ഞുറഞ്ഞ മലമ്പാതകളിലൂടെയുള്ള ദുർഘടം പിടിച്ച ആ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചില സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങൾക്കേറെ പ്രിയപ്പെട്ട മേസന്റെ മരണം കാത്ത് മലെമുഡ് കിഡും ഗർഭിണിയായ ഭാര്യയും കാത്തിരിക്കുമ്പോൾ അവരെ പൊതിയുന്ന വെളുത്തു വിളർത്ത മൗനത്തിന്റെ വർണനയിലാണ് ആ കഥയുടെ സൌന്ദര്യമത്രയും നിറഞ്ഞിരിക്കുന്നത്. ജോൺ ഗ്രിഫിത്ത് എന്ന ജാക്ക് ലണ്ടൻ യൂക്കോണിന്റെ വടക്കൻപ്രദേശത്ത് ജോലി ചെയ്തിരുന്ന കാലത്തെ അനുഭവത്തിന്റെ തെളിച്ചം അദ്ദേഹത്തിന്റെ രചനകളിലെല്ലാമുണ്ട്.

അങ്ങനെയങ്ങനെ എത്രയെത്ര പുസ്തകങ്ങൾ.. വ്യത്യസ്ത നിറവും ഭാവവുമുള്ള വനാന്തരങ്ങളിലേക്കു നയിക്കുന്ന പുസ്തകങ്ങൾ. പുലിയും കടുവയും കാട്ടാനയും വിഹരിക്കുന്ന ഇരുൾപ്പച്ച വനസ്ഥലികളിലേക്ക്, കരിമാമ്പകളും സിംഹങ്ങളും കെർച്ചാക്കു കുരങ്ങുകളും വിഹരിക്കുന്ന ആഫ്രിക്കൻ വനാന്തരങ്ങളിലേക്ക്, തവിടൻകരടിയും മൂസുകളും എൽക്കുകളും ബാൽസം പോപ്ലാർ മരങ്ങളും ബിർച്ചുകളും നിറഞ്ഞ തണുത്തു വെളുത്ത വന്യതയിലേക്ക്...

ഒരു പക്ഷേ എല്ലാ മനുഷ്യരുടെയുള്ളിലും കാട്ടിലലഞ്ഞു നടന്ന കാലത്തിന്റെ ഓർമകളെ എൻകോഡ് ചെയ്തൊരു ജീൻ ഉറങ്ങിക്കിടപ്പുണ്ടാവണം. കുട്ടിക്കാലം മുതൽ വായിച്ചു തുടങ്ങിയ കാടനുഭവങ്ങളും കാട്ടുകഥകളുമായിരിക്കാം എന്നിലെ ആ പ്രാചീനജീനിനെ ഉണർത്തിയത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 4 വർഷങ്ങൾ, എന്റെ പി എച്ഛ് ഡി ഗവേഷണകാലം, കാടുമായി ബന്ധപ്പെട്ടു ജീവിച്ചു തീർക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം അതാണെന്നാണ് ഞാൻ മനസിലാക്കുന്നത്. അതുകൊണ്ടാണെനിക്ക് ചോലവനങ്ങൾക്കുള്ളിലെ പ്രാചീനഗോത്രത്തിന്റെ ജ്ഞാനഖനികളിൽ എത്തിനോക്കാനും ജീവിതത്തിലെന്നും ഓർത്തുവെയ്ക്കാവുന്ന ഓർമകളുടെ ഒരു പിടി വാരിയെടുക്കാനും സാധിച്ചത്. ഇക്കാലം കൊണ്ടുണ്ടായ വായനാനുഭവങ്ങളിലൂടെ ഞാൻ തന്നെ സൃഷ്ടിച്ച അതിമനോഹരവും അതേസമയം നിഗൂഢവും വന്യവുമായ ഒരു പ്രദേശത്തേയ്ക്കുള്ള യാത്രയിലാണ് ഞാനിപ്പോഴും...

Content Highlights : Readers Day 2012 Dr. Lijisha A T Writes her Reading Experiences