മെക്സിക്കോയിലെ ആദിവാസി നേതാവ് മാര്‍ക്കോസുമായി ലോകപ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍കേസ് നടത്തിയ സംഭാഷണത്തിനിടയില്‍ പുസ്തകവായന കടന്നുവരുന്നുണ്ട്. ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസ് ചോദിക്കുന്നു. 'ഇത്തരത്തിലുള്ള എല്ലാ തിരക്കുകള്‍ക്കിടയില്‍ നിന്നും നിങ്ങള്‍ പുസ്തകങ്ങള്‍ വായിക്കാന്‍ സമയം കണ്ടെത്താറുണ്ടോ?'

ആദിവാസി നേതാവ് മാര്‍ക്കോസ് പറയുന്നു. 'ഉവ്വ്, ഇല്ലെങ്കില്‍... ഞങ്ങളെന്തു ചെയ്യും? പഴയ സൈനികര്‍ ഒഴിവുസമയത്ത് ആയുധങ്ങള്‍ തുടച്ച് വൃത്തിയാക്കുകയും വെടിമരുന്ന് ശേഖരിച്ചുവെക്കുകയും ചെയ്യുമായിരുന്നു. ഞങ്ങളുടെ ആയുധം വാക്കുകളാണ്. ആ ആയുധപ്പുരം ഞങ്ങള്‍ക്ക് ഏത് നിമിഷവും ആവശ്യമായി വരാം.' 

ഒരു പുസ്തകത്തിന്റെ സ്പര്‍ശം ഒരാളെ വഴിതിരിച്ചുവിടാം. ഒ.വി.വിജയന്‍ ഒരിടത്ത് കുറച്ചതോര്‍ക്കുന്നു:

'എന്റെ ആദിഗുരു വേണു എന്ന റെയില്‍വെ ജീവനക്കാരനായിരുന്നു. അന്ന് ഞാന്‍ പുസ്തകം വായിക്കാത്ത കോളേജ് വിദ്യാര്‍ത്ഥി. വേണു സതേണ്‍ റെയില്‍വെയില്‍ പച്ചയും ചുവപ്പും കൊടികള്‍ കാട്ടുന്ന ഒരു ഗാര്‍ഡ്.

റാന്‍ഡം ഹൗസ് പ്രസിദ്ധീകരിച്ച ഷോപ്പന്‍ ഹവര്‍ വേണു വിജയനു കൊടുക്കുന്നു.' വിജയന്‍ എഴുതുന്നു:
'അന്ന് വേണുവിലൂടെ എന്നിലേക്ക് സംക്രമിച്ച ഷോപ്പന്‍ ഹവറുടെ കര്‍ണമന്ത്രം ഈ വര്‍ഷങ്ങളിലൂടെ യാത്രയും എന്നെ അലട്ടുകയും അപാരമായ ഒരു ഗ്രന്ഥാവലിയുടെ ലക്ഷാര്‍ച്ചനയായി എന്നില്‍ പെരുകി നിറയുകയും ചെയ്തു'

ഒ.വി.വിജയന്റെ ഈ ഓര്‍മ്മ വായിച്ചപ്പോള്‍ ഞാന്‍ എന്റെ ആദ്യപുസ്തകവായനയെക്കുറിച്ചോര്‍ത്തു. യു.പി.സ്‌കൂളുല്‍ പഠിക്കുമ്പോഴായിരുന്നു സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് എനിക്ക് പുസ്തകമെടുത്തു തന്ന അധ്യാപകനെ ഓര്‍ക്കുന്നു. പേള്‍ എസ് ബക്കിന്റെ ഗുഡ് എര്‍ത്തിന്റെ പരിഭാഷ നല്ല ഭൂമി. ഒരു യു.പി.സ്‌കൂള്‍ ക്ലാസിലെ വിദ്യാര്‍ത്ഥിയെക്കൊണ്ട് വായിപ്പിച്ച അധ്യാപകന്‍. ക്ലാസിക് കൃതികളാണെന്നറിയാതെ അത്തരം പുസ്തകങ്ങള്‍ മുഴുവന്‍ അര്‍ത്ഥവുമറിയാതെ വായിച്ച സ്‌കൂള്‍ കാലം. ഹൈസ്‌കൂളിലെത്തിയപ്പോള്‍ എസ്.കെ പൊറ്റക്കാടിന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും കുറെയേറെ കൃതികള്‍ വായിക്കാന്‍ കഴിഞ്ഞു. അതില്‍ ആസ്വദിച്ചു വായിച്ചത് ബഷീറിന്റെ പുസ്തകങ്ങളായിരുന്നു. പൊന്നങ്കോട്ടെ തറവാട്ട് വീട്ടിലെ മുകളിലത്തെ പത്തായപ്പുരയിലിരുന്ന് ചിമ്മിണി വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്കും ആനവാരിയും പൊന്‍കുരിശുമൊക്കെ ഉറക്കെ വായിച്ച രാത്രികള്‍. വായനയ്ക്ക് കൂട്ടിരിക്കുന്ന ഉമ്മയ്ക്കുകൂടിവേണ്ടിയായിരുന്നു ഉറക്കെയുള്ളവായന.

ഈ മഹാമാരിക്കാലത്ത് പുസ്തക ഷെല്‍ഫുകള്‍ക്കിടയില്‍ ഞാന്‍ വീണ്ടും പഴയകാലത്തെ വായനയെക്കുറിച്ചോര്‍ക്കുന്നു. ബംഗാളി നോവലുകളുടെ വിവര്‍ത്തനങ്ങളും ദസ്തയോവ്സ്‌കിയുടെ കൃതികളുമൊക്കെ ഭ്രാന്തുപിടിച്ച് വായിച്ച ഒരു ഭൂതകാലം ഓര്‍മ്മയില്‍ തെളിയുന്നു.

കോവിഡ് മഹാമാരിക്കാലത്ത് പുസ്തകവായന കൂടിയിട്ടുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ നമ്മോട് പറയുന്നത്. നീല്‍സന്‍ ബുക് സര്‍വെ ബ്രിട്ടനില്‍ നടത്തിയ ഒരു സര്‍വെയില്‍ നാല്‍പത്തിയൊന്ന് ശതമാനം ബ്രിട്ടനിലെ കൗമാരക്കാര്‍ കൂടുതല്‍ പുസ്തകങ്ങളിലേക്ക് മടങ്ങി എന്ന് രേഖപ്പെടുത്തുന്നുണ്ട്. മുമ്പ് ആഴ്ചയില്‍ മൂന്നരമണിക്കൂര്‍ വായിച്ചിരുന്നവര്‍ ആഴ്ചയില്‍ ആറു മണിക്കൂറോളം വായനക്ക് ചെലവഴിക്കുന്നു എന്നാണ് കാണിക്കുന്നത്.

കൊറോണ വൈറസ് മഹാമാരിക്കാലത്ത് വായന ഒരു ഔഷധം കൂടിയായി മാറുന്നുണ്ട് എന്നതാണ് സത്യം. സസെക്സ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ മാനസിക പിരിമുറുക്കത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ പുസ്തകവായനക്ക് കഴിയും എന്ന് കണ്ടെത്തിയിട്ടുണ്ട്.

(Reading is real stress buster) ഓഡിയോ പുസ്തകങ്ങളും  ഇന്ന് ഏറെ പ്രിയപ്പെട്ടവയായി മാറിയിട്ടുണ്ട്.

ടെലിവിഷനും ഇന്റര്‍നെറ്റും പുസ്തകവായനയെ ഇല്ലാതാക്കിയെന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. ഇതിലെത്രത്തോളം വാസ്തവമുണ്ട്? കണക്കുകള്‍ സംസാരിക്കുന്നത് നേരെ മറിച്ചാണ്. പുതിയ സോഷ്യല്‍ മീഡിയ ഒരര്‍ത്ഥത്തില്‍ പുസ്തകവായനയെ സഹായിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ നാട്ടിലെതിനേക്കാള്‍ സാങ്കേതിക വിവരവിദ്യ സ്വായത്തമാക്കിയ പടിഞ്ഞാറന്‍ നാടുകളിലും പുസ്തക വില്‍പനയും വായനയും ഇല്ലാതായിട്ടില്ലെന്ന് മാത്രമല്ല, പുസ്തകങ്ങളോടുള്ള ആഭിമുഖ്യം വര്‍ധിക്കുകയാണ് ചെയ്തത്. കാനഡയിലെ വാന്‍കൂവര്‍ പബ്ലിക് ലൈബ്രറി സന്ദര്‍ശിച്ച കഥ പ്രസിദ്ധ എഴുത്തുകാരനായ സേതു പറയുന്നുണ്ട്. 27 ലക്ഷം പുസ്തകങ്ങളും മൂന്ന് ലക്ഷത്തോളം മെംബര്‍മാരുമുണ്ട് വാന്‍കൂര്‍ പബ്ലിക് ലൈബ്രറിക്ക്. 

സേതു എഴുതുന്നു:
'ഞങ്ങള്‍ പോയ ദിവസം ഞായറാഴ്ച ആയിരുന്നത് കൊണ്ട് പന്ത്രണ്ട് മണിക്കേ തുറക്കുകയുള്ളൂ, എങ്കിലും ഏതാണ്ട് അരമണിക്കൂര്‍ മുമ്പ് തന്നെ ലൈബ്രറിയുടെ പ്രധാന കവാടത്തിന് മുന്നില്‍ ഒരു നീണ്ട ക്യൂ രൂപം കൊണ്ട് കഴിഞ്ഞിരുന്നു. വാതില്‍ തുറന്ന് കിട്ടിയതോടെ അകത്ത് കയറി തങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങള്‍ പിടിക്കാനുള്ള തിരക്കായി. വായനശാലയുടെ അകത്തേക്ക് കടക്കാന്‍ ക്യൂ എന്ന മഹാവിസ്മയം ഞാന്‍ തെല്ലുനേരം നോക്കി നിന്നു. സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തോടെ പുസ്തകവായന മരിച്ചുവെന്ന് അലമുറയിടുന്നവരുടെ മുന്നില്‍ ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ കൈവശമുള്ള ഒരു ജനതയുടെ നിശ്ശബ്ദമായ മറുപടി പലതും ഉറക്കെ വിളിച്ചുപറയുന്നതായി തോന്നി.' (പച്ചിലകള്‍ പൂക്കും കാലം)

ഒരു വിഷാണു ലോകം പൂട്ടിയ താക്കോലുമായി നടന്നുനീങ്ങുന്ന ഇക്കാലത്ത് ഞാന്‍ വീണ്ടും താരാശങ്കര്‍ ബന്ദോപാധ്യായയുടെ ആരോഗ്യനികേതനിലേക്കും ദസ്തയോവ്സ്‌കിയുടെ കുറ്റവും ശിക്ഷയിലേക്കും വീണ്ടും മടങ്ങിപ്പോകുന്നു.

ഈ പുസ്തകങ്ങളുടെ മാന്ത്രികസ്പര്‍ശം എന്നെ എന്റെ ഭൂതകാലത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നു.

നമ്മുടെ കാലത്തെ മികച്ച വായനക്കാരനെന്ന് വിശേഷിപ്പിക്കാവുന്ന എന്‍.ശശിധരന്‍ പറഞ്ഞതെത്ര ശരി. ദസ്തയോവ്സ്‌കി ഒരെഴുത്തുകാരനല്ല, എഴുത്തിന്റെ വന്‍കരയാണ്.

Content Highlights: PK Parakkadavu Readers day Fyodor Dostoevsky Gabriel García Márquez