ടയ്ക്ക് എന്നെ ഒരു പെണ്‍കുട്ടി വിടാതെ പിന്തുടര്‍ന്നിരുന്നു.
അവളുടെ ആവശ്യം ലളിതം.
മലയാളത്തില്‍ ഒരു എഴുത്തുകാരിയാകണം. അതു പോര. അതാകണം കരിയര്‍. വേറെ പണിക്കു പോകില്ല. ജീവിക്കാനുള്ള വലിയ സംവിധാനം എഴുത്തിലൂടെ കിട്ടണം.
അവള്‍ പറഞ്ഞു: ചില ഐഡിയ ഉണ്ട്. പക്ഷേ കൃത്യമായ പ്ലാന്‍ ആയിട്ടില്ല. സഹായിക്കണം.
'ഐഡിയ പറ.'
അവള്‍ ചോദിച്ചു: 'ചേട്ടാ, എനിക്ക് വീരേന്ദര്‍ സെവാഗ് ബാറ്റു ചെയ്യുന്നതു പോലെ എഴുതണം. ത്രില്ലുണ്ടാകണം. ഭയങ്കര റീഡബിള്‍ ആകണം. ഞെരിപ്പായിരിക്കണം. വായനക്കാര്‍ വന്നു മറിയണം. അതിനെന്തു വഴി?'  
'അതെന്താ സെവാഗ്?'
'വലിയ ആരാധകവൃന്ദം, ആഘോഷം, ആര്‍പ്പുവിളികള്‍ ഒക്കെ ഉണ്ടാകണം. തിമിര്‍പ്പായിരിക്കണം. പക്ഷേ എന്റെ ടാലന്റിന്റെ കാര്യത്തില്‍ എനിക്ക് ഡൗട്ടുണ്ട് ചേട്ടാ, പക്ഷേ കുറച്ച് ട്രൈ ചെയ്താല്‍ നടക്കില്ലേ?
'എന്താ സംശയം!'

അവള്‍ക്ക് സന്തോഷമായി: സെവാഗിനെ പോലെ ആകണമെന്ന് പറയാന്‍ ഒരു കാര്യം കൂടിയുണ്ട് ചേട്ടാ, ഹിറ്റ് ഔട്ട് ഓര്‍ ഗെറ്റ് ഔട്ട്. അതാണല്ലോ അങ്ങേരുടെ ശൈലി. ഒന്നുകില്‍ തൂക്കി വെളിയില്‍ തള്ളുക. അഥവാ സ്വയം പുറത്തുപോവുക. എനിക്കും കടിച്ചുതൂങ്ങാന്‍ താല്‍പര്യമില്ല. കുറേ ശ്രമിക്കും. ലോകത്ത് വേറെയും പണിയുണ്ടല്ലോ. പക്ഷേ നില്‍ക്കണോ വേണ്ടയോ, എങ്കില്‍ എത്ര കാലം? അത് ഞാനെങ്ങനെ അറിയും?
'അതിന് നമ്മള്‍ സ്വന്തം പ്രകൃതം മനസ്സിലാക്കണം. സെവാഗ് നിന്നു കളിക്കാന്‍ ശ്രമിക്കാഞ്ഞിട്ടല്ല, അയാളുടെ പ്രകൃതം അങ്ങനെയാണ്. അതിനു വിരുദ്ധമായി ശ്രമിച്ചാല്‍ ഉള്ള കളിയും കൂടി പോകും. കണ്ണുംപൂട്ടിയല്ല സെവാഗ് ബാറ്റ് വീഴുന്നത്. ടൈമിങ് ഉണ്ട്. അതിവേഗത്തില്‍ ബാറ്റെടുക്കാനുള്ള പ്രതിഭ. അപാരമായ റിഫ്‌ളക്‌സ്. അതു തുടരെ പാളിത്തുടങ്ങിയപ്പോള്‍ പുറത്തേയ്ക്ക് പോയി. അന്‍പതിനടുത്ത് ആറവേജ്. പക്ഷേ 34ാം വയസില്‍ കരിയര്‍ തീര്‍ന്നു.

'അതാണ് ചേട്ടാ ബെസ്റ്റ്. കടിച്ചുതൂങ്ങാനില്ല. അപ്രായത്തില്‍ വിരമിച്ചാലും കുഴപ്പമില്ല. എഴുത്തില്‍ ഞാനുണ്ടായിരുന്നുവെന്ന് പിന്നെ ലോകം പറയണം. എനിക്ക് ടാലന്റ് ഉണ്ടോന്നറിയാന്‍ എന്താ ചെയ്യേണ്ടത്?
'ഒന്നുമില്ല. ധൈര്യമായി ഇറങ്ങി ബൗളര്‍മാരെ അഭിമുഖീകരിക്കുക. ഇവിടെ ബൗളര്‍മാര്‍ വായനക്കാരാണ്. ചില അപകടമുണ്ട്. എഴുതുന്നവരേക്കാള്‍ പത്തിരട്ടി സുശിക്ഷിതരായവരാണ് ഈ വായനക്കാര്‍. ആദ്യ പത്തുവരിയോ, പത്തു  പേജോ കൊണ്ട്്, നമ്മുടെ ധാരണയെ, പ്രതിഭയെ, ഉള്‍കനമില്ലായ്മ, പരിശ്രമത്തിന്റെ കുറവിനെ, സാധാരണത്വത്തിനെ, ഭാഷയിലെ വൈകല്യങ്ങളെ ഒക്കെ തിരിച്ചറിയാനും നമ്മെ വിലയിരുത്താനും ഇവര്‍ക്കാകും. അവര്‍ സാമൂഹികമാധ്യമങ്ങളില്‍ കാണുന്ന സ്തുതിസംഘമോ, തെറിവിളിക്കുന്നവരോ അല്ല. നിശബ്ദരായി പന്തെറിയും. ഇവര്‍ നിശ്ചയിക്കും നിങ്ങളുടെ പേശിബലം. ഇവരെ അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് എഴുത്തിന്റെ പന്തു ബൗണ്ടറിയിലേയ്ക്ക് പായേണ്ടത്.

'ചേട്ടന്‍ പേടിപ്പിക്കുകയാണോ?'
'അല്ല. കുറച്ച് മുന്നൊരുക്കം വേണം. ബാറ്റ് പിടിക്കാനറിയണം. എന്നു വച്ചാ അക്ഷരമൊന്ന് തെളിച്ചെടുക്കണം. അത്യാവശ്യം ചില പുസ്തകങ്ങളൊക്കെ വായിക്കുക. പിന്നെ ധൈര്യം. അതുണ്ടല്ലോ'
'ഓക്കെ'
'ഒരു ചോദ്യം ചോദിച്ചോട്ടെ. ആരാണ് വലിയ ബാറ്റ്‌സ്മാന്‍? സെവാഗ് ആണോ അതോ രാഹുല്‍ ദ്രാവിഡാണോ?
'അത് ദ്രാവിഡ് തന്നെ.'
'അതെന്താ?'
'എല്ലാവരും അങ്ങനെ പറയുന്നു. ചുമ്മാ ആരും പറയത്തില്ലല്ലോ.'
'അതിന്റെ കാരണമെന്തായാരിക്കും.'
'ക്ഷമ.'
'കറക്ടാ. എഴുത്തിലും അങ്ങനെ തന്നാ.  ഓരോ വാക്കിനോടും വരിയോടും പോരാടി നില്‍ക്കണം. എറിയുന്ന ബൗളര്‍ അഥവാ നമ്മളുടെ വായനക്കാരനെ, ബഹുമാനിക്കണം. ലോകത്തിലെ മികച്ച വായനക്കാരനും ബൗളര്‍ക്കും ഒരുപോലെ ദൗര്‍ബല്യമുണ്ട്. ബൗളര്‍ക്ക് കൈ ആയത്തിന്റെ കണക്കില്‍ പിഴ വരാം. അതു പോലെ വായനക്കാരന്‍ ചില പ്രത്യേക നേരങ്ങളിലെ വൈകാരികതയില്‍, കൃതിയിലെ സംഘര്‍ഷങ്ങളില്‍,  പ്രയോഗങ്ങളില്‍, മനുഷ്യാവസ്ഥകളില്‍, വേദനകളില്‍ ഒക്കെ അലിഞ്ഞുപോകാം. അപ്പോഴാണ് എഴുത്തുകാരന്‍, അതിന്റെ എല്ലാ ബഹുമാനത്തോടെയും വായനക്കാരനു മേല്‍ അധീശത്വം നേടുന്നത്; ബാറ്റ്‌സ്മാന്‍ ഒരു ബൗളറുടെ മേലെന്ന വിധം. പാളരുത്. പലപ്പോഴും ഒരു കൃതി ഇഷ്ടപ്പെടില്ലെങ്കില്‍ വായനക്കാര്‍ രണ്ടാമത് വരുന്ന കാര്യം സംശയമാണ്.  
ദ്രാവിഡിനെ പോലെ സ്ഥിരതയുള്ളവര്‍, കണക്കെടുപ്പ് കഴിയുമ്പോ, വലിയ റണ്‍മലകളുണ്ടാക്കും. അവര്‍ക്ക് സ്ഥിരതയുള്ള ആരാധകരുണ്ടാകും.  അവര്‍ കാലത്തിന്റെ മേല്‍ കൊടിപിടിച്ചു നില്‍ക്കും.'

പെണ്‍കുട്ടി പറഞ്ഞു: 'എന്നാലും എനിക്ക് സെവാഗ് ആയാ മതി ചേട്ടാ. ഞങ്ങളൊക്കെ  ബാറ്റു പിടിച്ചു തുടങ്ങിയല്ലേ ഉള്ളൂ. ചേട്ടാ. സ്റ്റെബിലിറ്റിയെ കുറിച്ച് ഇപ്പോ സംസാരിക്കണ്ട. ഉപദേശിച്ചാ തലയില്‍ കയറത്തില്ല. ഞാന്‍ അപ്‌ഡേറ്റ് ചെയ്യും. റീഡ് ചെയ്യും, അന്തരീക്ഷം മനസ്സിലാക്കും. എനിക്കറിയേണ്ടത് ചില പ്രഫഷനലായ സീക്രട്ട്‌സ്് ആണ്. പറയാന്‍ ബുദ്ധിമുട്ടുണ്ടോ?'
'ഒരു സീക്രട്ടുമില്ല. എത്രയോ പുതിയ കൃഷിസാങ്കേതികവിദ്യ വന്നു.  ഇന്നും ലോകത്തിലെ വലിയ കുരുമുളക് കയറ്റുമതിക്കാര്‍ ഏഷ്യയുടെ കിഴക്കേ ചെരുവിലുള്ള രാജ്യങ്ങളാ. എന്താ കാര്യം? ഞാറ്റുവേല.'
'അതെന്താ.'
'മഴ'
'അപ്പോ അങ്ങനെ പറഞ്ഞാ പോരേ. മണ്‍സൂണ്‍ റെയ്ന്‍ അല്ലേ ഉദ്ദേശിച്ചത്'
'ഞാറ്റുവേല മഴയുടെ ഒരു റിഥമാണ്. റിഥം വല്യ കാര്യമാണ്.'
'തല്‍ക്കാലം അതില്ലാതെയും വേഡ്‌സ് കമ്യൂണിക്കേറ്റ് ചെയ്യില്ലേ? ഞാനാദ്യം ഒന്ന് ചവിട്ടി നില്‍ക്കട്ടെ, േചട്ടാ'
'ഓക്കെ.'
'ഈ സ്പീഡും ത്രില്ലും എങ്ങനെ പിടിക്കാം, റൈറ്റിങ്ങില്‍? '
'അറിയാവുന്നത് പറയാം. ആദ്യമായി സ്വത്വം പിടിക്കുക എന്നൊരു ഏര്‍പ്പാടുണ്ട്.'
'എന്നു വച്ചാല്‍?'
'നമ്മളെ ഇതിനു കൊള്ളാമോ എന്ന് നോക്കണം, ആദ്യം. നിങ്ങളുടെ പ്രകൃതം എഴുത്തിന് അനുകൂലമാണോയെന്ന് അളക്കുന്ന പദ്ധതിയാണത്. അതിന് നിങ്ങളുടെ ഉല്‍സാഹത്തെ അളന്നാല്‍ മതി. നിങ്ങള്‍ തളരുന്നില്ല, നിരന്തര വേലയിലും നിങ്ങളുടെ ആവേശം കെടുന്നില്ല എന്നാണെങ്കില്‍ നല്ല ലക്ഷണമാണ്.

'ചേട്ടനെങ്ങനാ അത് ഉണ്ടെന്ന് തോന്നിയത്?'
'ഉല്‍സാഹത്തെ അളക്കുന്നത് നമ്മള്‍ എത്ര കഷ്ടപ്പെട്ടാലാണ് തളരുന്നതെന്ന് നോക്കുകയാണ്. 20 കൊല്ലം മുന്‍പ് ഒരു ലക്ഷം ക്യാരക്ടര്‍ ഞാന്‍ ഒരു ദിവസം ടൈപ്പ് ചെയ്ത ഒരു ദിവസമുണ്ട്. അന്നത് വല്യ അളവുകോലായി തോന്നി. പക്ഷേ ഒരു ലക്ഷം ക്യാരക്ടര്‍ ടൈപ്പ് ചെയ്ത് ആരും എഴുത്തുകാരനാവില്ല. ഡിടിപി ഓപ്പറേറ്ററേ ആകൂ. പക്ഷേ അതൊരു അടയാളമായിരുന്നു. '
'പിന്നെന്താ?'
ഭാവനയുടെ രസതന്ത്രം വര്‍ക്കു ചെയ്യുന്നുണ്ടോ എന്ന പരിശോധനയാണ് രണ്ടാമത്തേത്.
ഇത് മനസ്സിലാക്കാന്‍ എഴുതിക്കൊണ്ടേയിരിക്കുക എന്നതല്ലാതെ വേറെ രക്ഷയില്ല. ചില പരിശീലനമാകാം. ഉദാഹരണം നിങ്ങള്‍ ആനയെക്കുറിച്ചാണ് ഒരു നോവല്‍ എഴുതുന്നതെങ്കില്‍, നിങ്ങള്‍ കണ്ട പല ആനകളെ പലതായി കണ്ട് വര്‍ണിക്കുക.  അതിന്റെ സൂക്ഷ്മാംശങ്ങളിലെ വൈചിത്ര്യം എത്ര കണ്ട് വരുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും നിങ്ങളിലെ ഭാവനാവികാസം.  എഴുത്തുകാരന്‍ ജയമോഹന്‍, ആനയുടെ അടിയിലൂടെ പോകുന്ന ഒരു കുട്ടി കണ്ട വിവരണം നടത്തിയതിന്റെ വൈവിധ്യം എന്റെ മനസ്സിലുണ്ട്. വര്‍ണിച്ച് നിറച്ചാല്‍ പോര, ഇമ്പമായി വരണം, ഞാനിത്ര കാലം ആനയെക്കണ്ടിട്ടും കാണാത്തതാണല്ലോ ഇത്, ഇയാള്‍ കൊള്ളാമല്ലോ എന്ന് വായനക്കാരന് തോന്നണം. വായനക്കാരന്‍  ബൗണ്ടറിയില്‍ ക്യാച്ചെടുക്കാന്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ്. ഉണ്ടയില്ലാ വെടി പിടിക്കപ്പെടും. തെറ്റുകള്‍ വരരുത്. അബദ്ധങ്ങളില്‍ ചവിട്ടിവീഴരുതെന്ന് ഉറപ്പു വേണം.

എഡിറ്റിങ്. അതാണ് മൂന്നാമത്തെ വിദ്യ.
എഴുത്തില്‍ ആകാം ഈഗോ. എഴുതിക്കഴിഞ്ഞാല്‍ അത് വേണ്ട. ശേഷം എഴുത്തുകാരന്‍ ക്രൂരനായ ഒരു വായനക്കാരനാകണം. ഈ വായനക്കാരനും എഴുത്തുകാരനുമിടയില്‍ മധ്യസ്ഥനായി നില്‍ക്കുന്ന മൂന്നാമതൊരാളുണ്ട്. നമ്മളിലെ ഉള്ളിലെ എഡിറ്റര്‍. വായനാക്ഷമത നിശ്ചയിക്കുന്നത് ഇദ്ദേഹത്തിന്റെ ചുമതലയാണ്. വായനക്കാരനിലേയ്ക്ക് ചേര്‍ന്നു നിന്നാല്‍ എഴുത്തിനെ ചടുലമാക്കാം. മറിച്ച് എഴുത്തുകാരനിലേയ്ക്ക്  ചേര്‍ന്നു നിന്നാല്‍ രചനയില്‍ ഗൗരവം കൂടും. ഗൗരവസാഹിത്യത്തിന്റെ ആളുകള്‍ വായനക്കാരനു വേണ്ടി കോംപ്രമൈസിന് തയ്യാറല്ല. രാഹുല്‍ ദ്രാവിഡിനെ പോലെ. വലിയ യശസ് ഇവര്‍ക്കുള്ളതാണ്.

ഓവര്‍ എഡിറ്റിങ്ങും അരുത്. അതിനൊരു ബാലന്‍സ്് ഉണ്ട്. പ്രതിഭാശാലികളായ എഴുത്തുകാര്‍ ചിലപ്പോ എഴുത്തിനൊത്ത് എഡിറ്റിങ് നിര്‍വഹിച്ചു പോകും. ചിലരില്‍ അത് മഹാസിദ്ധിയാണ്. ചിലരില്‍ അനുഭവമിങ്ങനെ കുറുകിക്കുറുകി  അലുവ പോലെ കിടക്കും. എടുത്തു കടലാസില്‍ വച്ചു മുറിച്ചാല്‍ മതി. ഉദാഹരണം പറയാം. പ്രീഡിഗ്രി (നിങ്ങളുടെ പ്ലസ്ടു) സമയത്ത്, ഞങ്ങള്‍ മൂന്നാലു പേര്‍ വല്യ എഴുത്തുകാരനായ ശ്രീ തകഴി ശിവശങ്കരപ്പിള്ളയെ കാണാന്‍ പോയി. ആലപ്പുഴ തകഴിയില്‍. അദ്ദേഹം ഒരു പുരയിടത്തില്‍ കസേരയില്‍ ഇരിക്കുകയാണ്. വള്ളത്തില്‍ തേങ്ങ കൊണ്ടു കൂട്ടുന്നുണ്ട്. ഞങ്ങളുടെ ഭാഗ്യത്തിന് ആളു ബോറടിച്ചിരിക്കുകയാണ്. മുറുക്കുന്നുണ്ട്. തുപ്പി. ഞങ്ങളോട് സംസാരിക്കാനുള്ള താല്‍പര്യമാണ്. ഞങ്ങള്‍ പറഞ്ഞു: കൊല്ലത്തു നിന്നുള്ള പിള്ളേരാണ്. കൊല്ലവും സുഹൃത്ത് ആര്‍എസ്പി നേതാവ് ശ്രീകണ്ഠന്‍നായരുമായുള്ള അടുപ്പമൊക്കെ അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ നിലത്തിരുന്നു. ദൂരെ നിന്ന് തേങ്ങ കൊണ്ടു വരുന്ന വള്ളം വരുന്നുണ്ട്. അതിങ്ങ് എത്തുന്നതിനകം ചില ചോദ്യം ചോദിച്ചു: 'കഷ്ടപ്പെട്ടെഴുതുന്നതാണോ അല്ലാതെഴുതുന്നതാണോ നല്ലതായിരിക്കുക?'
'കഷ്ടപ്പെടാതെ എഴുതുന്നതാ. ദോ ആ വരുന്ന വള്ളത്തിലെ തേങ്ങാ കണ്ടോ. ഒക്കെ ചെമ്മീന്‍ (അദ്ദേഹത്തിന്റെ പ്രശസ്ത നോവല്‍. സിനിമയായും പ്രശസ്തമായി) തന്നതാ. ഒട്ടും കഷ്ടപ്പെടാതെഴുതിയതാ. പക്ഷേ വെമ്പിനില്‍ക്കണം.'

അടുത്ത ചോദ്യം ചോദിച്ചു:
'ഒരു കൃതി എത്ര തവണ തിരുത്തും?'
മറുചോദ്യം: അതെന്തിനാ തിരുത്തുന്നത്? വെമ്പിനില്‍ക്കുകയാണേ ഒറ്റത്തവണ മതി.
ചോദ്യം: അയ്യോ. അപ്പോ കഥാപാത്രങ്ങള്‍ മാറിപ്പോകില്ലേ?
മറുപടി: വെമ്പിനില്‍ക്കുകയല്ലേ, മാറിപ്പോകില്ല
(വെമ്പി നില്‍ക്കണമെന്നത് എനിക്ക് അന്ന് മുഴുവന്‍ മനസ്സിലായില്ല. ഇപ്പോ അറിയാം. അനുഭവങ്ങള്‍ മട പൊട്ടിച്ച് വീഴാന്‍ ഓങ്ങിനില്‍ക്കുന്ന നേരത്തുള്ള എഴുത്താണ്.)
അവസാന ചോദ്യം: അപ്പോ വാക്യഘടന? അക്ഷരത്തെറ്റ്? അതൊക്കെ വന്നാലോ?
അന്നേരം തേങ്ങാവള്ളമിങ്ങടുത്തു. ശ്രീമാന്‍ തകഴി ശിവശങ്കരപ്പിള്ള എഴുന്നേറ്റ് പുലമ്പി:  
'എന്തോന്ന് വാക്യഘടന. അതൊക്കെ...ആ... (ഒരു പേരു പറഞ്ഞു) അവന്‍, എന്‍ബിഎസിലെ ആ കമ്പോസിറ്റര്‍ നോക്കിക്കോളും.'
കൂടികാഴ്ച കഴിഞ്ഞു.

ഞാന്‍ തുടര്‍ന്നു: കാലം മാറി. എടുത്തുകുത്താന്‍കുട്ടനാട്ടിലെ കട്ടച്ചെളി പോലെ അനുഭവത്തിന്റെ പാരാവാരം നമ്മുടെ പിന്നാമ്പുറത്ത് ഇല്ല.
പെണ്‍കുട്ടി ഇടപെട്ടു: എന്നു കരുതി, പുതിയ കാലത്ത് കഥ ഉണ്ടാകുന്നില്ലേ ചേട്ടാ. പ്ലാനിങ്ങും സ്ട്രക്ചറിങ്ങും മറ്റുമായി പല സ്ട്രാറ്റജികള്‍ വന്നു. ന്യൂജന്‍ സിനിമകളൊന്നും വിജയിക്കുന്നില്ലേ? എനിക്ക് ചേട്ടന്റെ സ്‌റ്റൈല്‍ ഓഫ് റൈറ്റിങ് ആണ് അറിയേണ്ടത്?
'അതില്‍ ഈ വിധത്തിലുള്ള ഒരു സ്ട്രാറ്റജിയുമില്ല. ഉദാഹരണം പറയാം. ഈ ഓണത്തിനിറങ്ങുന്ന വാര്‍ഷികപ്പതിപ്പില്‍, ഞാനെഴുതുന്ന ഒരു നോവലുണ്ട്. മര്‍ഡര്‍ മിസ്റ്ററിയാണ്; തിരുവനന്തപുരം മൃഗശാലയെ ചുറ്റിപറ്റി.
എനിക്ക് പല പരിമിതിയുണ്ട്. അതിനെ മറികടക്കുന്നത് ഒരു ട്രൈപോഡില്‍ കയറി നിന്നാണ്. അതായത് മൂന്നു കാലുള്ള ഒരു സ്റ്റൂല്‍. കാലുകള്‍ക്ക് ഉറപ്പു വേണം. ഓരോ കാലുകളെ കുറിച്ച് പറയാം

ഒന്ന് വിഷയസ്വീകരണം.
വിത്തിനെ നോക്കി, അഥവാ കഥാതന്തുവിനെ നോക്കി ആദ്യമേ കൃതിയുടെ വളര്‍ച്ച ഉറപ്പിക്കാനാവില്ല.  വളര്‍ത്തി നോക്കിയേ പറ്റൂ. അവിടുത്തെ മണ്ണ്, കഥ വളരുന്ന പശ്ചാത്തലം ഒക്കെ പഠിക്കണം. പിന്നെ കഥാവളര്‍ച്ചയുടെ വേഗം പഠിക്കണം.  ഏതെല്ലാം കഥാപാത്രങ്ങളെ കൊണ്ട് എങ്ങനെ കഥ പറയിപ്പിക്കണമെന്നു നോക്കണം. ചില കഥാപാത്രങ്ങള്‍ പാതിവഴിക്ക് തളരും. നമ്മള്‍ അപ്രസക്തരെന്നു കരുതുന്ന, ചിലരിലൂടെ കഥ പറഞ്ഞാല്‍ കൂടുതല്‍ മുന്നോട്ടു പോകാനാകും. അങ്ങനെ അപൂര്‍ണമായ പല ഡ്രാഫ്ടുകള്‍. വീണ്ടും വീണ്ടും ഒന്നേയെന്നു തുടങ്ങണം. അങ്ങനങ്ങനെ ശരിയാക്കിയെടുക്കുന്നതാണ്. ഇത്തിരി കടുപ്പമാണ്.

രണ്ട്  സംഘര്‍ഷസാധ്യത
കഥാഗതിയില്‍ സംഘര്‍ഷമുണ്ടാകണം. ചില വലിയ സംഘര്‍ഷങ്ങളെ ഒതുക്കിപ്പിടിക്കേണ്ടി വരും. എവിടെ ഏതു സന്ദര്‍ഭത്തില്‍ പുറത്തിറക്കിവിടേണ്ടതുണ്ടെന്ന്  ബോധ്യമുണ്ടാകണം. ഒരു താളബോധം, മൊത്തത്തിലൊരു ബാലന്‍സ് എന്നിവ വേണം. കുറേ പരിശീലനമാണ്. വിഷയസ്വീകരണത്തിലെ പുതുമയും പ്രധാനമാണ്. പക്ഷേ സംഘര്‍ഷസാധ്യതകളിലൂടെ വളരുന്ന കഥാപാത്രങ്ങളുമായി ഇണങ്ങി പൊരുത്തപ്പെട്ട് പോകുന്നതാകണം ഈ പുതുമ. ഇല്ലെങ്കില്‍ പുതുമയേ കാണൂ. വിഷയം വളരില്ല.

മൂന്ന് സംസ്‌കരണം.
ഇതിന് രണ്ടു ഘട്ടമുണ്ട്. കഥയ്ക്കും മുന്‍പും പിന്‍പുമുള്ള സംസ്‌കരണം. രണ്ടു സമയത്തും ദേഹണ്ഡം ആവശ്യമുണ്ട്. എഴുതേണ്ട വിഷയം ഉറപ്പിച്ചാല്‍, കഥയുമായി ബന്ധപ്പെട്ട മനുഷ്യരെ കണ്ടെത്തുക. മൃഗശാലയാണ് പശ്ചാത്തലം. എങ്കില്‍ അവിടെ പോകണം. കുറേ തവണ അലയണം. വിവരണശേഷിയും നര്‍മവുമുള്ള ജീവനക്കാരെ സ്വാഭാവികമായി കണ്ടെത്തണം. രണ്ടാമത് വിദഗ്ധര്‍, പത്രക്കട്ടിങ്ങുകള്‍, നിവൃത്തിയില്ലെങ്കില്‍ മാത്രം ഇന്റര്‍നെറ്റ്.

പശ്ചാത്തലത്തിനൊരു തുടിപ്പ് കിട്ടിയാല്‍ ശേഖരിച്ചവയെ വിസ്മരിക്കുക. കിട്ടിയ വിവരത്തെ കുത്തിച്ചെലുത്താന്‍ ശ്രമിക്കരുത്. ഏറ്റവും കഷ്ടപ്പെട്ടത് ഉപയോഗിക്കപ്പെടാതിരിക്കും. സങ്കടപ്പെടരുത്. സ്വാഭാവികതയുള്ളത് മതി.
രചന കഴിഞ്ഞ് സുഹൃത്തുക്കള്‍ക്ക് വായിക്കാന്‍ നല്‍കുക. സ്തുതി പറച്ചിലുകാരെ അടുപ്പിച്ചു കൂടാ. ഇവര്‍ ഗംഭീരം പറയും. പക്ഷേ ഒടുവില്‍ വായനക്കാര്‍ എടുത്തിട്ട് അലക്കും. ഇങ്ങനെ ഉപാധിയില്ലാതെ സഹായിക്കുന്ന അടുത്ത സുഹൃത്തുക്കളാണ് വളഞ്ഞൊടിഞ്ഞു നില്‍ക്കുന്ന എന്നെ ഈ പരുവത്തിലെങ്കിലും കയറിട്ട് കെട്ടി നേരെ നിര്‍ത്തുന്നത്.

പെണ്‍കുട്ടി ചോദിച്ചു: ഇങ്ങനൊക്കെയാണെങ്കില്‍ പിന്നെങ്ങനാ തകഴിച്ചേട്ടന്‍ ഒറ്റയടിക്ക് എഴുതുന്നത്.
'അത് തകഴിച്ചേട്ടന്‍.  പ്രതിഭാവിലാസം കൂടുതലുള്ളവര്‍ക്ക് ഇത്രയും പ്രക്രിയ വേണ്ട. പ്രതിഭ കുറവുള്ളവര്‍ക്ക് ഊര്‍ജം കൂടുതല്‍ വേണം. നാലിരിട്ടി കഷ്ടപ്പെടണം.
'ഇത്രയുമൊക്കെ കഷ്ടപ്പെട്ട് കഥയെഴുതിയാ ചേട്ടാ എന്താണ് മെച്ചം?
'ഒരു കഥയ്ക്ക് പരമാവധി മൂവായിരമോ അയ്യായിരമോ. ആദ്യമെഴുതുന്നവര്‍ക്ക് ഒന്നും കിട്ടണമെന്നുമില്ല.
അവള്‍ ചോദിച്ചു: ദൈവമേ! പിന്നെ പുസ്തകമാവുമ്പോ...
'അതും തുച്ഛമാണ് . കുറച്ചു വര്‍ഷം മുന്‍പ് സെക്രട്ടേറിയറ്റിലെ വല്യ ഒരുദ്യോഗസ്ഥന്‍ മലയാളത്തിലെ വലിയ ഒരു റൈറ്ററോട് പറഞ്ഞു: സര്‍, ഞാന്‍ സാറിന്റെ ഇന്ന പുസ്തകം വാങ്ങിച്ചു. ബഷീറിന്റേതു പോലെ ചെറിയ പുസ്തകമെഴുതുന്ന ആളാണ് അദ്ദേഹം.
റൈറ്റര്‍ വിനയത്തോടെ പറഞ്ഞു: താങ്ക്‌സ്. 5 രൂപ 25 പൈസ എനിക്കു കിട്ടും. (പുസ്തകത്തിന് വില 35 രൂപ. എഴുത്തുകാരനുള്ള 15 ശതമാനം റോയല്‍റ്റി തുകയാണത്.) അത്രയേ ഉള്ളൂ.

പെണ്‍കുട്ടി ഒന്നു നിശബ്ദയായിട്ട് പറഞ്ഞു: ചേട്ടന്‍ നിരുല്‍സാഹപ്പെടുത്തുകയാണോ?
'അല്ല. സത്യം പറഞ്ഞ് പ്രോല്‍സാഹിപ്പിക്കുകയാണ്. എല്ലാമറിഞ്ഞ നില്‍ക്കാന്‍ തുനിയുന്നതാണ് കെല്‍പ്പ്.'
'ഞാന്‍ കേട്ടത് അങ്ങനല്ല ചേട്ടാ. പുസ്തകങ്ങളുടെ ട്രാന്‍സ്്‌ലേഷന്‍, സിനിമാ റൈറ്റ് വില്‍പന...വലിയ അവസരങ്ങള്‍ വരും. കണ്ടന്റ് ഈസ് കിങ്.'
'ഭാഗ്യമുണ്ടെങ്കില്‍ ആവശ്യക്കാര്‍ വരും. അവരുടെ തോതനുസരിച്ചാണെങ്കില്‍.'
'എത്ര കിട്ടും?'
' എന്തായാലും അരനൂറ്റാണ്ടു മുന്‍പ് തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ചെമ്മീന്റെ കഥയ്ക്ക് കിട്ടിയത് ആര്‍ക്കും കിട്ടിയിട്ടുണ്ടാവില്ല. എം.ടിക്കു പോലും. രണ്ടാമൂഴത്തിന്റെ കഥ അറിയില്ല. കഥയ്ക്കു മാത്രമുള്ള റൈറ്റാണ്.
'അദ്ദേഹത്തിന് എത്ര കിട്ടി?'
'എണ്ണായിരം രൂപ.'
'അത്രേയുള്ളോ?'
'1964ലെ കഥയാണ്. സ്വര്‍ണക്കണക്ക് 10 ഗ്രാമിന് 63 രൂപ. അന്നത് ഒന്നേകാല്‍ കിലോ സ്വര്‍ണം വാങ്ങാനുള്ള കാശാണ്. ഇന്ന്  പവന് 36,000 രൂപ.  45 ലക്ഷത്തിന്റെ മതിപ്പ്. ഒരു കൃതി കാത്തിരുന്ന് നല്ലയാള്‍ എത്തുന്നതു വരെ കാത്തിരുന്ന് നല്‍കുന്നതും ഒരു കലയാണ്. അതും തകഴിച്ചേട്ടനുണ്ടായിരുന്നു.

(എനിക്കാ പെണ്‍കുട്ടിയോട് അപ്പോള്‍ പറയാന്‍ പറ്റാതിരുന്ന ഒരു കഥയുണ്ട്. ഇപ്പോ എഴുതാം. അതും തകഴിചേട്ടന്റെ പേരില്‍ പ്രചരിക്കുന്നതാണ്. സംഗതി ഇതാണ്:
ചെമ്മീന്‍ സിനിമയുടെ ഷൂട്ടിങ് തൃശൂര്‍ നാട്ടികയില്‍ നടക്കുന്നു. തകഴിച്ചേട്ടന്‍ ആലപ്പുഴയില്‍ വീട്ടിലിരിക്കുകയാണ്. ഒരു ഏഷണിക്കാരന്‍ വന്നു. അയാള്‍ പറഞ്ഞു: എന്റെ ചേട്ടാ, ഇങ്ങനിരുന്നാ മതിയോ? ഷൂട്ടിങ്ങൊന്നും കാണാന്‍ പോകുന്നില്ലേ?
തകഴിച്ചേട്ടന്‍ കുലുങ്ങിയില്ല.
ഏഷണിക്കാരന്‍ തുടര്‍ന്നു: എന്റെ ചേട്ടാ, പുറക്കാട്ടെ കഥ. അതങ്ങ് നാട്ടികയില്‍ കൊണ്ടിട്ട് പിടിക്കുന്നത് എന്നാത്തിനാ. ചേട്ടന്‍ കാണാതിരിക്കാനാ. ആ വേല വിട്ടുകൊടുക്കരുത്. പോണം. അവിടെ നില്‍ക്കണം. എന്നതാ എടുക്കുന്നത് എന്ന് കാണണ്ടേ?
അപ്പോ തകഴിച്ചേട്ടന്‍ പറഞ്ഞു: എന്തിനാ? എടോ നമ്മളൊരു പെണ്‍കൊച്ചുണ്ട്. നമ്മളതിനെ കൊള്ളാവുന്നൊരുത്തന് അവളെ കെട്ടിച്ചു കൊടുക്കുന്നു. പിന്നെ ഒളിച്ചു നോക്കി, അവനെങ്ങനാ കഴിവുള്ളനാന്നോ എന്ന് പരീക്ഷിക്കുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്നതാന്നോ?
മറുപടി ഇല്ലല്ലോ. അതു പോലെ കഥയ്ക്ക് ഒരു മാര്‍ക്കറ്റിങ്ങേയുള്ളൂ. നല്ല വായനക്കാരെ ഉദ്ദേശിച്ചാണ് നമ്മള്‍ ഇത് എഴുതി പ്രസിദ്ധപ്പെടുത്തുന്നത്. അത് അവര് അനുഭവിച്ചോളും. അതതിന്റെ വിധിക്കനുസരിച്ച് പല മാധ്യമങ്ങളിലേയ്ക്ക് വളരുകയോ വളരാതിരിക്കുകയോ ചെയ്യും.'

പെണ്‍കുട്ടി പറഞ്ഞു: 'ചേട്ടന്‍ വിട്ടു പറയുന്നില്ലല്ലോ. എഴുത്തില്‍ കഥാവേഗം, ഉദ്വേഗം പിടിക്കുന്നതെങ്ങനെ? അതാണ് ചോദ്യം.
'ആവശ്യമില്ലാത്ത ഉപമയൊക്കെ ഉപേക്ഷിച്ച് മനുഷ്യന്‍ സംസാരിക്കുന്ന പോലെ കഥാപാത്രങ്ങളെ കൊണ്ട് സംസാരിപ്പിക്കണം. അനാവശ്യമായി സംസാരിപ്പിക്കാതിരിക്കണം. കഥ പറയുക എന്ന മര്യാദയില്‍ മാത്രമൂന്നണം. ഈ വിദ്യയേ എനിക്കറിയൂ. അപ്പോ വേഗവും ഉദ്വേഗവുമൊക്കെ വന്നു കൊള്ളും. ഇനി വന്നില്ലെങ്കിലും ഒരു കാര്യം ഓര്‍ക്കണം. കാലത്തിന്റെ മാറ്റം പഠിക്കണം. പത്തു കൊല്ലം കഴിഞ്ഞാല്‍ കാലാവസ്ഥ മാറുമ്പോ, കാലഹരണപ്പെടരുത് കഥ. അതിലെ മനുഷ്യഭാവങ്ങള്‍ക്കു ആയുസ്സുണ്ടായിരിക്കണം. സമകാലിക രാഷ്ട്രീയമമല്ല എക്കാലത്തെയും മനുഷ്യവര്‍ഗത്തിന്റെ രാഷ്ട്രീയം അതിലുണ്ടാകണം. സമഗ്രഭാവം വരണം. ലോകത്തെ മുന്നോട്ടു നയിക്കാന്‍ ഉതകുന്നതാകണം കഥാഗതി. ഇക്കാര്യത്തില്‍ നിങ്ങളുടെ തലമുറ ഞങ്ങളെക്കാള്‍ ഒരുപാട് മുന്നിലാണ്. സങ്കുചിതത്വം നിങ്ങളില്‍ താരതമ്യേന കുറവാണ്. അപ്പോള്‍ ശരി. നന്നായിരിക്കട്ടെ.
'അപ്പോള്‍ ശ്രമിച്ചാല്‍ പിടിച്ചുനില്‍ക്കാം, ഇല്ലേ ചേട്ടാ.'
'പിടിച്ചുനില്‍ക്കാമെന്നല്ല, പ്രതിഭയുണ്ടെങ്കില്‍ നിങ്ങളെ പിടിച്ചാല്‍ കിട്ടുകയുമില്ല. ഇതു പോലെ ഉപദേശിക്കാന്‍ വരുന്നവരുടെ മീതെ കൂടി, അവരെ ഉറുമ്പിനെ പോലെയാക്കി നിങ്ങള്‍ ഉയര്‍ന്നുപറക്കും. അങ്ങനെ വരട്ടെ. അതിനായി ഈ വായനാദിനത്തില്‍ ആശംസകള്‍.

ഇന്ദുഗോപന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Novelist GR Indugopan Readers day article