സാഹിത്യം പലതരത്തിലാണ് അനുവാചകനുമായി ഇടപെടുന്നത്. വിഭിന്നതലങ്ങളില്‍ അവന്റെ വൈകാരികപരിസരങ്ങളെയും ബോധമണ്ഡലത്തെയും സ്വാധീനിച്ചുകൊണ്ട് നടക്കുന്ന സര്‍ഗാത്മകപ്രക്രിയയാണ് വായന എന്നിരിക്കെ, ഏതൊരു വായനക്കാരനെയും എളുപ്പത്തില്‍ സ്വാധീനിക്കുന്ന വികാരമണ്ഡലങ്ങള്‍ ആകാംക്ഷയും ഭീതിയും ചടുലതയുംതന്നെയാണ്. ഇനിയെന്തെന്ന അതിതീവ്രമായ ആകാംക്ഷയോളം മനുഷ്യമനസ്സിനെ മുന്നോട്ട് നയിക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു വികാരവുമില്ല വായനയില്‍. ഉദ്വേഗവായനയുടെ പ്രസക്തിയും പ്രതലവും ആകാംക്ഷ എന്ന വികാരത്തെ ആശ്രയിച്ചിരിക്കുന്ന ഒന്നാണ് എന്ന് പറയുന്നതും ഈ അടിസ്ഥാനത്തിലാണ്. 

മരിയ റോസ് എഴുതിയ ഗ്രന്ഥകാരന്റെ മരണവും മറ്റു ഭീതികഥകളും എന്ന സമാഹാരം ഇത്തരമൊരു വൈകാരികാവസ്ഥയുടെ കൃത്യമായ മേല്‍വിലാസത്തില്‍ എഴുതപ്പെട്ടിട്ടുള്ളതാണ്. ഭയം ഒരേ സമയം നമ്മെ മുന്നോട്ടും പിന്നോട്ടും നയിക്കാന്‍ പ്രേരിപ്പിക്കുന്ന, മറ്റെല്ലാവികാരങ്ങളെയും ഒരൊറ്റ നിമിഷംകൊണ്ട് ഇല്ലാതാക്കാന്‍ ശേഷിയുള്ള ഒന്നാണ്. സാഹിത്യത്തില്‍ ഭീതികഥകളുടെ സ്ഥാനം അതിനാല്‍തന്നെ തീര്‍ച്ചയായും ആകാംക്ഷയും ഭയം കലര്‍ന്ന തീര്‍ത്തും ഉദ്വേഗപരമായ വായനയുടെ തലത്തില്‍ നിലകൊള്ളുന്നു എന്നുപറയാം. മരിയ റോസിന്റെ സമാഹാരത്തില്‍ ആറു കഥകളാണ് ഉള്ളത്. തീര്‍ത്തും വിഭിന്നമായ ആശയങ്ങള്‍ കൈകാര്യം ചെയ്യുന്ന ആറു ഭീതികഥകള്‍. ഭയത്തെ ഇണക്കിക്കൊണ്ട് പറഞ്ഞുപോകുന്ന കഥകള്‍ വായനക്കാരനെ തികഞ്ഞമതിഭ്രമത്തില്‍ പൊതിഞ്ഞുകൊണ്ട്, ഭയത്തെ അനുഭവിപ്പിച്ചും അനുഭൂതിപ്പെടുത്തിയും ആകാംക്ഷയുടെ വിശാലപരിസരമാണ് വ്യുത്പന്നമാക്കുന്നത്. 

ഗ്രന്ഥകാരന്റെ മരണം എന്ന കഥയുടെ ഘടന, ഗോഥിക് മിസ്റ്ററി ശൈലിയിലുള്ള ഭീതികഥയുടെ കെട്ടിലും മട്ടിലുമാണ്. തികച്ചുംഭീതിതമായ പശ്ചാത്തലം കഥാകാരന്‍ ആദ്യമേ ഒരുക്കുന്നു. അസ്ഥിയില്‍നിന്നും നാഡിഞരമ്പുകളും മാംസവും മുളച്ചുവരുന്ന ജഡത്തിന്റെ ദൃശ്യത്തിലേക്ക് കഥ നയിക്കപ്പെടുമ്പോള്‍ വായനയില്‍ സംവേദനം ചെയ്യപ്പെടുന്ന ഭയമെന്ന വികാരം അതിന്റെ ഉദ്വേഗജനകക്രിയയ്ക്ക് ഈടും പാവും നല്‍കുന്നു. ബെറ്റി എന്ന പൂച്ചയുടെ പ്രേതകഥയും സമാനമായ വികാരം ജനിപ്പിക്കുന്ന കഥയാണ്. ഒരു പൂച്ചയുടെ പ്രേതമെന്ന ആശയത്തെ അത്രമേല്‍ ഭയാത്മകമായി ചിത്രീകരിക്കുന്ന എഴുത്തുപാടവം അഭിനന്ദനീയമാണ്. 

കാലില്‍ കുളമ്പുള്ള മനുഷ്യന്‍ എന്ന കഥ അതിന്റെ ദുരൂഹതയുടെ നിഗൂഢഭാവംകൊണ്ട് ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന മനോഹരമായ കഥയാണ്. ഒരു ഗ്രാമത്തെ, ഗ്രാമത്തിലെ മനുഷ്യരെ, അതോടൊപ്പം അവരുടെ ഭയമെന്ന വികാരത്തെ കൃത്യമായി അടയാളപ്പെടുത്തിയ കഥ കൂടിയാണ് അത്. അതിനോട് ചേര്‍ത്തുവായിക്കേണ്ട കഥയാണ് ചുരങ്ങളില്‍ ഒരു ദുരൂഹമരണം. പേര് പോലെ കഥയുടെ ദുരൂഹതയാണ് ആ കഥയുടെ ഭംഗിയും ഉദ്വേഗപരതയും. സേതുവിന്റെ മരണം എന്ന കഥ കുറേക്കൂടി വിഭിന്നമായ ഒരു പരീക്ഷണമാണ്. ഇന്‍ ഹരിഹര്‍നഗര്‍ സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ഭൂതകാലത്തെ തികച്ചും വ്യത്യസ്തമായ തലങ്ങളിലൂടെ, സംഭ്രമാത്മകതയോടെ അവതരിപ്പിക്കുന്ന സേതുവിന്റെ മരണം എന്ന കഥ, വായനക്കാരില്‍ ഉത്കണ്ഠയുടെ വേലിയേറ്റം സൃഷ്ടിക്കുന്നതില്‍ ഒരു വിജയമാണ്. 

വായനക്കാരുമായി എളുപ്പത്തില്‍ സംവദിക്കപ്പെടുന്ന സാഹിത്യശാഖയില്‍ ഉദ്വേഗജനകമായ പുസ്തകങ്ങള്‍ മുന്‍പന്തിയില്‍നില്‍ക്കുന്ന ഒന്നാണ്. വായിക്കപ്പെടുന്ന പുസ്തകങ്ങളില്‍ അധികവും അത്തരം ആകാംക്ഷാപരതയും സംഭ്രമാത്മകതയും ഉദ്വേഗഗുണവും ഏറിയ രചനകളാണെന്നത് നിസ്തര്‍ക്കമായ വസ്തുതയുമാണ്. അതിന് പ്രധാനകാരണം പ്രസ്തുതരചനകള്‍ നേരിട്ട് വായനക്കാരുമായി സംവദിക്കുന്നു എന്നതാണ്. അവന്റെ വികാരമണ്ഡലത്തിലാണ് അത്തരം വായനകള്‍ പൊതുവെ നടക്കുന്നത്.. ബുദ്ധിയും ഉപബോധവും ചിന്തയും ആവശ്യമായ മറ്റുവായനകളേക്കാള്‍ ആയാസരഹിതമായി അനുവാചകന് ഉദ്വേഗജനകസാഹിത്യം വഴങ്ങുന്നു.. ആത്യന്തികമായി അനുവാചകനെ/പ്രേക്ഷകനെ/ ആസ്വദിപ്പിക്കുക എന്നതാണ് എല്ലാ കലകളുടെയും അടിസ്ഥാനലക്ഷ്യം. മറ്റു വിഭിന്ന ലക്ഷ്യങ്ങള്‍ സാന്ദര്‍ഭികമായി ഉണ്ടെങ്കില്‍ക്കൂടിയും കലയുടെ അടിസ്ഥാനം ഈ ആസ്വാദനപരത മാത്രമാണ്. ആ ആസ്വാദനകലയെ നേരിട്ട് ബാധിക്കുന്നതുകൊണ്ടാണ് ഉദ്വേഗവായനകള്‍ ജനപ്രിയമാകുന്നതും കൂടുതല്‍ വായിക്കപ്പെടുന്നതും. 

grandhakarante maranavum mattu bheethikathakalum
പുസ്തകം വാങ്ങാം

പൊതുവില്‍ മലയാള സാഹിത്യത്തില്‍ അത്രമേല്‍ കണ്ടുപരിചിതമല്ലാത്ത പ്രേത പരിസരങ്ങളാണ് ഈ സമാഹാരത്തിലെ  മിക്ക കഥകളുടെയും  അടിസ്ഥാനം. ഓരോ കഥയും വ്യത്യസ്തമായ പരിസരങ്ങള്‍കൊണ്ടും ഭ്രമകല്പനകള്‍കൊണ്ടും ഭയാത്മകതകൊണ്ടും ആകാംക്ഷ ജനിപ്പിക്കുന്ന വായനയാണ് അനുവാചകന് സമ്മാനിക്കുന്നത്. അതിനാല്‍തന്നെ വായനയില്‍ ഭയത്തെ ആസ്വാദ്യകരമാക്കുന്ന ഉദ്വേഗഭരിതഗുണം ആവോളം നിറഞ്ഞുനില്‍ക്കുന്ന കഥകളെന്ന് മരിയ റോസിന്റെ കഥകളെ വിശേഷിപ്പിക്കാം.

Content Highlights: Maria Rose Book Review Readers day special