ദൈനംദിനവാമൊഴിയില്‍ ഒരിക്കലും കടന്നുവരാത്തതും, കടന്നുവന്നാല്‍ത്തന്നെ പറയുന്നവരെ ഒട്ടു തമാശ കലര്‍ന്ന അമ്പരപ്പോടെ, കേള്‍ക്കുന്നവര്‍ ഒന്നു നോക്കുന്നതുമായ ഏറെ വാക്കുകളുണ്ട് മലയാളത്തില്‍. അത്തരത്തില്‍പ്പെട്ട ഒന്നാണ്: ഉദ്വേഗം. ഉദ്വേഗവായന എന്ന വിഷയം കേള്‍ക്കുമ്പോള്‍ത്തന്നെ മനസില്‍ കേറി വരിക ത്രില്ലറുകളാണ്, അതും ക്രൈം ത്രില്ലറുകള്‍. മലയാളത്തില്‍ മൂന്നുനാലു വര്‍ഷമായി കണ്ടുവരുന്നത് അവയുടെ ഒരു വേലിയേറ്റവുമാണ് എന്നും കാണാം. 

എന്നാല്‍ ഉദ്വേഗം ജനിപ്പിക്കുന്ന വായനകള്‍ എന്ന ഗണത്തില്‍ പെടുത്തേണ്ടത് ത്രില്ലറുകള്‍ ആണോ? അല്ല എന്നാണുത്തരം. Who done it? എന്ന ഒറ്റ പോയന്റിലേക്ക് അതിവേഗം സഞ്ചരിക്കുന്ന ഉല്‍ക്കകള്‍ ആണെന്ന് പറയാം ക്രൈം ത്രില്ലറുകള്‍. ഉല്‍ക്കകള്‍ ഇങ്ങെത്തുമ്പോഴേയ്ക്കും എരിഞ്ഞുതീരുമല്ലോ. കേവല ജിജ്ഞാസവായനയെന്നേ അവയെ പറയാന്‍ കഴിയൂ എന്ന് തോന്നുന്നു. ഉദ്വേഗം എന്നത് ജിജ്ഞാസ ആണെന്ന് തോന്നുന്നില്ല. അതില്‍ അന്ധാളിപ്പ്, സംഭ്രമം തുടങ്ങിയ ഘടകങ്ങള്‍ക്കാണ് പ്രാധാന്യം. ആങ്‌സൈറ്റി അഥവാ ജിജ്ഞാസ അതിലെ ഒരു രസക്കൂട്ട് മാത്രം (നിര്‍ബന്ധമില്ലാത്തത്) എന്ന് തോന്നുന്നു.

ഉദാഹരണത്തിന് വളരെ സ്ലോ ആയി, എന്നാല്‍ സാവധാനത്തില്‍ തുടങ്ങി പതുക്കെ പതുക്കെ മുറുകിവന്ന് കൊട്ടിക്കലാശിക്കുന്നത് പോലുമല്ലാത്ത, എന്നാലോ ആദ്യവാചകം മുതലേ വായിക്കുന്ന ആളുടെ ഉള്ളില്‍ പിടയുന്നൊരു പഴുതാരയെപ്പോലെ ഉദ്വേഗം നിറയ്ക്കുന്ന മേതിലിന്റെ എങ്ങനെയൊരു പഴുതാരയെക്കൊല്ലാം എന്ന കഥ എടുത്തുനോക്കുക. ആ കഥ നിങ്ങളില്‍ ആങ്‌സൈറ്റി ജനിപ്പിക്കുന്നില്ല. എന്നാല്‍ ഈ പറഞ്ഞ ഉദ്വേഗം ജനിപ്പിക്കുന്നു. അവസാനം പഴുതാരയെ സുഗന്ധദ്രവ്യം പൂശി കൊല്ലുന്നതുവരെയും ഉദ്വേഗജനകമോ സംഭ്രമജനകമോ, ആ കൊലപാതകത്തിനുശേഷവും, വായനയ്ക്ക് ശേഷവും, ഈ പറയുന്ന വികാരം നിങ്ങളില്‍ ഒരു പക്ഷേ പെര്‍മനന്റ് ആയി നിക്ഷേപിച്ച് പോകുന്ന ഒരു പേരില്ലാ സംഗതി ഉണ്ട്. 

ആ ഒരു കനം വായനക്കാരില്‍ നിക്ഷേപിക്കാത്ത ഒന്നും കലാപരമായി നിലനില്‍ക്കുന്നതല്ല. ആയതിനാല്‍ അതുപോലെയുള്ള ഉദ്വേഗവും ജിജ്ഞാസയും കൊണ്ട് ആദ്യവായനയില്‍ താഴെ വയ്ക്കാതെ വായിക്കുകയും പിന്നീട് എത്രയോ വട്ടം രണ്ടാം വായനകള്‍ നടത്തിയിട്ടുള്ളതുമായ അപൂര്‍വ്വം പുസ്തകങ്ങളില്‍ രണ്ടെണ്ണത്തെപ്പറ്റിപറയാം.

യാതൊരു സംശയവുമില്ല ഒന്നാം സ്ഥാനം ഷെര്‍ലോക്ക് ഹോംസ് തന്നെ. ഒരുതരത്തില്‍ ഓരോ വായനയിലും നമുക്കതിനെ ഓരോ വ്യൂ ആങ്കിളില്‍ വായിക്കാം. നോക്കണം, അവയില്‍ ഏറിയ കൂറും ത്രില്ലറുകളുടെ വണ്‍ ലൈന്‍ who done it നിര്‍മ്മിതിയാണ്. ഒരു ക്രൈംത്രില്ലറില്‍ who done it എന്ന ഘടകം വ്യവകലനം ചെയ്താല്‍ (കുറച്ചാല്‍ അഥവാ പുസ്തകം മൈനസ് who done it factor) എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ അതാണ് ആ പുസ്തകത്തിന്റെ class അഥവാ ഔന്നിത്യം. 

ഒരു മനുഷ്യന്റെ മഹാഭാഗ്യങ്ങളിലൊന്നായി ഞാന്‍ കരുതുന്നത് ഇതും കൂടിയാണ്:  ഒരു പതിനെട്ട് വയസ്സിനുശേഷം മാത്രം ഷെര്‍ലോക്ക് ഹോംസ് ആദ്യമായി വായിക്കാന്‍ കഴിയുക എന്നത്. ബുദ്ധിയുറയ്ക്കാത്ത പരുവത്തില്‍ സംഗ്രഹമായോ വികലതര്‍ജ്ജിമകളായോ അവ ഒരു കുട്ടിയുടെ വായനയിലെത്തിക്കുന്നത് അവന്റെ/അവളുടെ വായനാജീവിതത്തോട് ചെയ്യുന്നൊരു ക്രൂരത ആയിരിക്കും. കാരണം, ഒരു ഉദാഹരണം പറഞ്ഞാല്‍ ഹോണ്ട് ആഫ് ബാസ്‌കര്‍വില്‍സ് എന്ന നോവലില്‍ ഒരു രംഗമുണ്ട്. കേസ് തീരാന്‍ പോകുന്നു. വാട്‌സന്‍ തന്റെ അനതിസാധാരണമായ മിടുക്കുകൊണ്ട് കൊലയാളിയെ ഇതാ പിടിക്കാന്‍ പോകുന്നു. അയാള്‍ ഒളിച്ചു പാര്‍ക്കുന്ന ഗുഹയില്‍ വാട്‌സന്‍ പതുങ്ങിയിരിക്കുകയാണ്. മണിക്കൂറുകള്‍ ക്ഷമയോടെ കാത്തിരിക്കുന്നു. വാട്‌സനേക്കാള്‍ ഉദ്വേഗം കൊണ്ട് മൂര്‍ഛ വന്നിരിക്കുകയാണ് വായനക്കാര്‍. ലണ്ടനിലിരിക്കുന്ന ഹോംസിനെ ആഴ്ചകളായി ഡെയിലി റിപ്പോര്‍ട്ടുകള്‍ അയച്ച് തിരികെ ഒരു ഉപദേശവും കിട്ടാതെ സ്വന്തമായി കേസന്വേഷിച്ച് വാട്‌സനിതാ വിജയിക്കാന്‍ പോകുന്നു. കുറ്റവാളിയുടെ പാദപതനശബ്ദം അടുത്തു വരുന്നു. അത് നിലയ്ക്കുന്നു. എന്തെങ്കിലും പ്രത്യാക്രമണം ഉണ്ടായാല്‍ ഉടന്‍ വെടിവെയ്ക്കാന്‍ വാട്‌സന്‍ തോക്കില്‍ പിടിയമര്‍ത്തി. അപ്പോള്‍ പുറത്ത് നിന്ന് ശബ്ദം. My dear Watson. തോക്ക് പോക്കറ്റിലിട്ട് പുറത്തു വരൂ. ഹോംസിന്റെ ശബ്ദം.

ആ പോയന്റില്‍ വച്ച് പുസ്തകം ഒരേറു കൊടുത്ത് അന്നത്തെ എന്റെ നിലവാരമനുസരിച്ചുള്ള തെറി ഉറക്കെ പറഞ്ഞുപോയിട്ടുണ്ട് ഞാന്‍. എന്നെപ്പോലെ എത്ര ലക്ഷങ്ങള്‍ പറഞ്ഞിട്ടുണ്ടാകും? ഉദ്വേഗം എന്ന എലിമെന്റിന്റെ പരകോടികള്‍ അങ്ങനെ എത്രയെത്ര ഹോംസ് കഥകളില്‍..

എന്ന് വരികിലും നേരത്തെപ്പറഞ്ഞപോലെ, ആ ഉദ്വേഗം ശമിച്ചാലും വീണ്ടും വീണ്ടും നമ്മളത് വായിക്കുന്നുണ്ടെങ്കില്‍, ഉണ്ടെങ്കില്‍ മാത്രമേ ആ പുസ്തകം കലാപരമായി നിലനില്‍ക്കൂ. അതുകൊണ്ട് തന്നെ ഹോംസ് പുസ്തകങ്ങള്‍ നിങ്ങള്‍ക്ക് ഒരു എയര്‍പോര്‍ട്ടിലേയും വേസ്റ്റ് ബിന്നില്‍ കിടക്കുന്ന കാണേണ്ടി വരില്ല. ഡാന്‍ ബ്രൗണുകള്‍ കാണും. അതുകൊണ്ട് തന്നെ കേവല ഉദ്വേഗവായനകള്‍ക്ക് എന്റെ വോട്ടില്ല!

ഒരു ദേശത്തിന്റെ ചരിത്രം പറയുമ്പോള്‍ മെലോഡ്രാമകളോ റ്റ്വിസ്റ്റുകളോ ഒന്നും ഇല്ലാതെ പെരുവിരലൂന്നിക്കൊണ്ട് വായിച്ചു തീര്‍ക്കാന്‍ സാധിക്കുന്ന തരത്തില്‍ എഴുതാന്‍ സാധിക്കുക എന്നത് എളുപ്പമാണോ? എളുപ്പമല്ലെന്ന് മാത്രമല്ല, അതിപ്രതിഭകള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണത്. അങ്ങനെ നമ്മളെ ആദ്യവായനയില്‍ വീഴ്ത്തുന്ന ഒരു പുസ്തകം കലാപരമായി പൂര്‍ണ്ണമാണെങ്കിലോ? വായനയെ, എഴുത്തിനെ സംബന്ധിച്ച് രണ്ടറ്റങ്ങളാണ് ഇവ രണ്ടും. ഇത് രണ്ടും ഒരു കൃതിയില്‍ സംയോജിക്കുക എന്നത് അപൂര്‍വമോ അത്യപൂര്‍വ്വമോ എന്നല്ല പറയേണ്ടത്, അതിനേക്കാളൊക്കെ അപ്പുറമാണ്. അതാണ് എനിക്ക് സാറാ ജോസഫിന്റെ ആലാഹയുടെ പെണ്മക്കള്‍.

വര്‍ഷം 2002 അല്ലെങ്കില്‍ 2003 ഒക്കെ ആകണം. ആലാഹ വായിക്കാനെടുത്തത് അബദ്ധമായെന്ന് തോന്നിയനാള്‍. ഒരു വ്യാഴം. അന്ന് വൈകീട്ട് ദുബായിലേക്ക്. ഞാന്‍ അബുദാബിയില്‍ ഒറ്റയും കൂട്ടുകാരൊക്കെ ദുബായിലും. അബുദാബി നിസംഗതയുടെ, അച്ചടക്കത്തിന്റെ നഗരവും ദുബായ് ത്രസിപ്പിന്റേതുമാണ്. ഒന്നര ഒന്നേമുക്കാല്‍ മണിക്കൂര്‍ ടാക്‌സി യാത്രയാണ് ദൂരം. ആലാഹയും കൂടെക്കൂടി. ടാക്‌സി പുറപ്പെടുമ്പോള്‍ അഞ്ചര മണി. സുഖമായി ദൂരമറിയാതെ വായിച്ച് പോകുമ്പോള്‍ സന്ധ്യമൂടി. എന്നാല്‍ അബുദാബി ദുബായ് വഴിനീളെ വിളക്കുകാലുകളാണ്. ടാക്‌സിക്കകത്ത് ലൈറ്റിടാന്‍ പഠാന്‍ ഡ്രൈവര്‍ സമ്മതിക്കില്ല. വഴിവിളക്കിന്റെ വെളിച്ചത്തില്‍ (ഒട്ടും എളുപ്പമല്ലായിരുന്നു) ദുബായ് എത്തും വരെ വായന. നിര്‍ത്താന്‍ പറ്റേണ്ടെ? ഷേക്ക് സയിദ് റോട്ടിലൊരു കോക്കാഞ്ചിറ നിര്‍മ്മിക്കപ്പെടുന്നു! ആ ആദ്യവായനയുടെ ഹരം വാക്കുകളില്‍ ഇവിടെ പകര്‍ത്തുന്നതില്‍ പരാജയപ്പെടുന്നു. എഴുതിയ ആളും വായിക്കുന്ന ആളും വായിക്കുന്ന നേരവും സാഹചര്യവും ഒക്കെ ആദ്യരതി പോലെ ആദ്യവായനയെ സവിശേഷമാക്കുന്നുണ്ട്. ഇന്നു ആലാഹയെപ്പറ്റിയോര്‍ക്കുമ്പോള്‍ എന്റെ ഉള്ളില്‍ കടന്നുവരുന്നത് ആ ടാക്‌സിയുടെ ഇരമ്പലും പേജുകളില്‍ ചടപടാന്ന് മാറിവരുന്ന ഇരുളും വെളിച്ചവുമാണ്. 

അതാണ് ഉദ്വേഗ വായന. അതല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?

ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ കൃതികള്‍ വാങ്ങാം

Content Highlights: KV Manikandan, Readers Day, Sherlock Holmes, Sarah Joseph