മാതൃഭൂമി ഡോട്ട്‌കോമില്‍ നിന്ന് ആവശ്യപ്പെടുന്നതിനു മുന്‍പ് ഉദ്വേഗവായനയെപ്പറ്റി ആലോചിച്ചിട്ടില്ല. അങ്ങനെയൊന്ന് എവിടെയും കേട്ടിട്ടോ വായിച്ചിട്ടോ ഇല്ല. ഉദ്വേഗം എന്ന വാക്ക് ഞാന്‍ ഇതുവരെ പറയുകയോ എഴുതുകയോ ചെയ്തിട്ടുമില്ല. അത് എനിക്ക് സജീവമായ  വാക്കുകൂട്ടത്തിന്റെ (active vocabulary) ഭാഗമല്ല. എന്നാലും ഉദ്വേഗവായന എന്ന വിഷയത്തെപ്പറ്റി എഴുതാന്‍ രസം തോന്നുന്നുമുണ്ട്. ഇതേവരെ ആലോചിക്കാത്തതിനെപ്പറ്റി ആലോചിക്കാന്‍ ഒരു അവസരം കിട്ടിയിരിക്കുന്നു. അത് ചെറിയ കാര്യമല്ല.

ഞങ്ങളുടെ ഗ്രാമത്തിന് തൊട്ട് വടക്കാണ് ചെറുവത്തൂര്‍. അവിടെ ഒരു സിനിമാ ടാക്കീസ് ഉണ്ട്. പാക്കനാര്‍ ടാക്കീസ്. ആഴ്ചക്കാഴ്ച്ചയ്ക്ക്  പാക്കനാറില്‍ എത്തുന്ന  സിനിമയുടെ വരവറിയിച്ചു കൊണ്ടുള്ള ചെറിയ നോട്ടീസുകള്‍ ചന്തേര സ്‌കൂളിലെ ഞങ്ങളുടെ ക്ലാസുമുറികളില്‍ എത്താറുണ്ട്. റോഡരികിലെ വീടുകളില്‍ താമസിക്കുന്ന കുട്ടികളാണ് കൊണ്ടുവരുന്നത്. സിനിമാവണ്ടിയില്‍ നിന്ന് പറത്തി വിടുന്നവയാണ്. നോട്ടീസുകളില്‍ സത്യനും പ്രേംനസീറും അടൂര്‍ ഭാസിയും ശാരദയും കെ പി ഉമ്മറും ഷീലയും ബഹദൂറുമൊക്കെ മുഖംകാട്ടി നില്പുണ്ട്. പിന്‍പുറത്ത് കഥാസാരം. അതിന് മേലെയാണ് 'ഉദ്വേഗ'ത്തെ ആദ്യമായി കാണുന്നത്. ഒറ്റയ്ക്കല്ല. 'ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍' എന്ന കഠിനസംസ്‌കൃതത്തിലാണ് ആ കാഴ്ച. 'ജനകമായ'എന്ന വാല്‍ ഇല്ലാതെ ഉദ്വേഗത്തെ സങ്കല്പിക്കാന്‍ മനസ്സ് ഇന്നും നല്ലോണം മടി കാണിക്കുന്നു. 

എന്താണ്  'ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ '? നിഘണ്ടു നോക്കാന്‍ തോന്നുന്നില്ല. അമ്പരപ്പിക്കുന്ന, അപ്രതീക്ഷിതമായ, സംഘര്‍ഷാത്മകമായ എന്നൊക്കെയാണ് സിനിമാക്കഥയുടെ സന്ദര്‍ഭത്തില്‍ അതിനര്‍ത്ഥം. അങ്ങനെ വിചാരിക്കാനാണിഷ്ടം. ഈ വിചാരത്തെ വായനയുടെ അനുഭവവുമായി ചേര്‍ക്കുകയാണ് ഇനി ചെയ്യേണ്ടത്. വായനക്കാരന്റെ എപ്പോഴത്തെയും ആഗ്രഹം (പ്രതീക്ഷയും) പുതിയ കാര്യങ്ങള്‍ കാണാനിടവരണം എന്നാണ്.  'അപരിചിതങ്ങളെ', 'അപ്രതീക്ഷിതങ്ങളെ' സന്ധിക്കാനാണ് വായന. അവ വായിക്കുന്നയാളിന്റെ അനുഭവലോകത്തിന്റെ അളവ് കൂട്ടും. അതാണ് വായനയിലെ ഹര്‍ഷോന്മാദം - ത്രില്‍.  I am  not a reader, but a rider on books എന്ന് ആരാണ് പറഞ്ഞത് എന്നറിയില്ല. വായനയിലെ സാഹസികതയുടെ ഊര്‍ജ്ജമെന്തെന്ന് കാണിക്കുന്ന വാക്യമാണ് അത്.ഈ മനോഭാവത്തെ ഉണര്‍ത്തുന്ന അനുഭവം  ഞാന്‍ സദാ വായനയില്‍ നിന്ന് പ്രതീക്ഷിക്കുന്നു. അത് കിട്ടുമ്പോള്‍ രതിയിലെന്ന പോലെ ഉണരുന്നു; കിട്ടാതാവുമ്പോള്‍  നിരാശനായിപ്പോവുകയും ചെയ്യുന്നു.
 
കഥയിലും നോവലിലും  കുറ്റാന്വേഷണ കഥയിലും മാത്രമല്ല, കവിതയിലും ആത്മകഥയിലും ജീവചരിത്രത്തിലും  യാത്രാവിവരണത്തിലും മാത്രമല്ല , സാഹിത്യപഠനത്തിലും ചരിത്രപുസ്തകത്തിലും തത്ത്വചിന്തയിലും  ഭാഷാവിജ്ഞാനീയത്തിലും രാഷ്ട്രീയ- സാമൂഹ്യവിചാരങ്ങളിലുമെല്ലാം അപ്രതീക്ഷിതമായവ പ്രതീക്ഷിച്ചു കൊണ്ടാണ് ഞാന്‍ പുസ്തകം തുറക്കാറ്. ലഘുരൂപമായ ഭാവഗീതത്തില്‍ -ലിറിക്കില്‍ - വരെ അത് പ്രതീക്ഷിക്കുന്നു
ആ പ്രതീക്ഷ വായനക്കാരന്റെ അവകാശമാണ്. ആ പ്രതീക്ഷ നിറവേറ്റുന്ന പാഠങ്ങളാണ് ഓര്‍മ്മയുടെ അലമാരയില്‍ ഇടം നേടുന്നത്.

ഒരു കൃതിയിലെ പ്രമേയത്തിന്റെ പുതുമ പോലെ പ്രധാനമാണ് ഭാഷാരൂപത്തിന്റെ  പുതുമ. ആഖ്യാനത്തിലെ അപ്രതീക്ഷിതത്വം വിഷയത്തെ പുതുക്കാതിരിക്കില്ല. ഇത് മിക്ക വായനക്കാര്‍ക്കും അറിവുള്ള കാര്യമാണ്.ആദ്യവാക്യം തൊട്ട് ഉദ്വേഗത്തിന്റെ ഈ സൗന്ദര്യശാസ്ത്രം പ്രവര്‍ത്തിക്കണമെന്നാണ് വായനക്കാര്‍ ആശിക്കുന്നത്. അത് അമ്പരപ്പാണ്, ആനന്ദമാണ്. ആ അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ ലോകത്തിന്റെ അര്‍ത്ഥം ഏറിവരുന്നതായി അറിവുണ്ടാകും. അടുത്ത പുതിയ സന്ദര്‍ഭമെന്താണ്, പുതിയ ഭാഷാവേളയെന്താണ് എന്ന് അറിഞ്ഞു കൊണ്ടുളള സഞ്ചാരമാണ് രസകരമായ വായന. വായനക്കാരന്റെ മുന്നനുഭവങ്ങള്‍ ഈ പ്രക്രിയയില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ഈ ഉദ്വേഗം നിലനിര്‍ത്തുന്നയളവിലാണ് ഒരു കൃതി രസനീയമായിത്തുടരുന്നത്.

ഈ സര്‍ഗ്ഗമേന്മ  കരുതിക്കൂട്ടി ഉണ്ടാക്കാനാവില്ല. എഴുത്തുവേളയില്‍ അപ്രതീക്ഷിതത്വത്തിന്റെ അനുഭവത്തിലൂടെ കടന്നുപോകുന്നവര്‍ക്കാണ്  ഇത്തരം രചനകള്‍ സാദ്ധ്യമാവുക. ഇങ്ങനെ ഒന്നാണ് ഉദ്വേഗവായനയെപ്പറ്റിയുള്ള എന്റെ സങ്കല്പം. അത് ഒരു ആഖ്യാനതത്ത്വം തന്നെ എന്ന് വിചാരിക്കുന്നു.

Content highlights : ep rajagopalan readers day 2021 writes about crime fiction literature