മ്മൾ ഒട്ടുമിക്കവരെയും വായനാ ലോകത്തേക്ക് ആകർഷിച്ചത് കുറ്റാന്വേഷണ സാഹിത്യമാണ് എന്നത് സംശയലേശമന്യേ പറയാൻ സാധിക്കും. ഗ്രാമീണ വായനശാലകളിലെ പൊടിപിടിച്ച അലമാരകളിൽ ഇരട്ടവാലനുകളും പാറ്റകളുമായി പോരടിച്ച് അവ നമ്മെ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഷെർലക് ഹോംസ്, ഹെർക്യൂൾ പൊയ്റോട്ട് തുടങ്ങിയ അതികായൻമാർക്കൊപ്പം തന്നെ ഡിറ്റക്ടീവ് മാർക്സും പുഷ്പരാജും നമ്മളെ വിസ്മയിപ്പിച്ച ഒരു കാലം. ഹോംസിന്റെ പൈപ്പും പൊയ്റോട്ടിന്റെ മിനുപ്പിച്ച കൂർച്ചിച്ച മീശയും നമ്മുടെ സങ്കൽപ്പ ലോകത്തിൽ ഇടംപിടിച്ചതിനോടൊപ്പം തന്നെ 'ഹാഫ് എ കൊറോണ' എന്ന ചുരുട്ടിന്റെ ഗന്ധവും മലയാളികൾ മനസ്സിൽ പതിപ്പിച്ചിരുന്നു.

വായനയുടെ 'ജനകീയ വിപ്ലവത്തിൽ' ഇത്തരം കൃതികൾ കുന്തമുനകളായി നിലനിൽക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ട് പിന്നിട്ട് കഴിഞ്ഞു. മനുഷ്യന്റെ സഹജമായ അന്വേഷണത്വരയെ തൃപ്തിപ്പെടുത്തുക എന്നതാണ് കുറ്റാന്വേഷണ രചനകളുടെ പ്രാഥമിക ധർമ്മം എന്നതാണ് അതിന്റെ മുഖ്യകാരണം. ഒരു കുറ്റകൃത്യം, മറഞ്ഞിരിക്കുന്ന തെളിവുകൾ, സംശയിക്കാൻ ഒരു പറ്റം ആളുകൾ, അപ്രതീക്ഷിതമായ വഴിത്തിരിവുകൾ, കഥാന്ത്യത്തിൽ വായനക്കാരന്റെ അന്വേഷണാത്മക പാടവത്തിന്റെ പത്തിക്കടിച്ചുകൊണ്ട് കഥാകൃത്ത് വെളിവാക്കുന്ന കുറ്റവാളി... ഇവയൊക്കെയാണ് കുറ്റാന്വേഷണ രചനയുടെ എക്കാലത്തെയും മുഖമുദ്രകൾ. അല്ലൻ പോയുടെ അഡൂവിനിൻ തുടക്കം കുറിച്ച ഈ സാഹിത്യശാഖ വായനക്കാരുടെ പിച്ചവയ്ക്കുന്ന കാലുകൾക്ക് ബലമേകിക്കൊണ്ട് ഇന്നും വിസ്മയലോകങ്ങൾ തീർക്കുകയാണ്.

എൻ വഴി... തനി വഴി...

കുറ്റാന്വേഷകരെ സൃഷ്ടിക്കുന്നതിലും അവരുടെ രൂപ-ഭാവ സവിശേഷതകളെ വാർത്തെടുക്കുന്നതിലും എല്ലാ എഴുത്തുകാരും സൂക്ഷ്മത പുലർത്താറുണ്ട്. കിളിരം കൂടിയ, മയക്കുമരുന്നുപയോഗിക്കുന്ന, ഉപചാരങ്ങളോട് വിമുഖത പ്രകടിപ്പിക്കുന്ന, ആഹാര വിരോധിയായ ഷെർലക് ഹോംസിനെ അഗതാ ക്രിസ്റ്റി നേരിട്ടത് തടിച്ച് കുറുകിയ, ഉപചാരപ്രിയനും സർവ്വോപരി പരപുച്ഛം മുഖമുദ്രയാക്കിയ ഹെർക്യുൾ പൊയ്റോട്ടിനെ കൊണ്ടായിരുന്നു. 'എന്നിട്ടരിശം തീരാതെ' വയോധികയും പരദൂഷണപ്രിയയും നാട്ടിൻപുറത്തുകാരിയുമായ മിസ് മാർപ്പിളിനെയും രംഗപ്രവേശം ചെയ്യിപ്പിച്ചു.

ഏൾ സ്റ്റാൻലി ഗാർഡ്നറാകട്ടെ സുമുഖനും ഊർജ്വസ്വലനുമായ പെറി മേസൺ എന്ന വക്കീലിന്റെ ത്രസിപ്പിക്കുന്ന കോടതി വാഗ്വാദങ്ങളിലൂടെ കഥാഭൂമിക അപ്പാടെ മാറ്റിമറിക്കാൻ ശ്രമിച്ചു. സുന്ദരികളെ പുൽകുന്ന, മാർട്ടിനി രുചിക്കുന്ന, സാഹസികതയുടെ അവസാന വാക്കായി മാറിയ ജെയിംസ് ബോണ്ട് 'പഞ്ച് ഡയലോഗു'കളിലൂടെ സാഹിത്യ-സിനിമാ ലോകത്തെ തന്റെ വരുതിയിലാക്കി. മലയാളത്തിൽ ജനപ്രിയമായി മാറിയ കുറ്റാന്വേഷണ നോവൽ രചയിതാക്കൾ പിന്തുടർന്നത് ഷെർലക് ഹോംസിന്റെ പാതയായിരുന്നില്ല. മറിച്ച് ജെയിംസ് ബോണ്ടിന്റേതായിരുന്നു. സംഘട്ടനങ്ങളും കാറോട്ടങ്ങളും അത്യാധുനിക യന്ത്രസംവിധാനങ്ങളും ആയുധങ്ങളും നിറഞ്ഞവയായിരുന്നു അവരുടെ നോവലുകൾ. ബിൻലാദനൊക്കെ സീനിൽ വരുന്നതിന് മുമ്പ് തന്നെ ആഗോള തീവ്രവാദ സംഘടനകളെക്കുറിച്ച് മലയാളി ബോധവാനായത് അവരിലൂടെയായിരുന്നു.

അടച്ചിട്ട മുറികൾക്കുള്ളിലിരുന്ന് തലപുകയ്ക്കുന്ന കുറ്റാന്വേഷകരിൽ നിന്നും കുറ്റാന്വേഷണ രചനകൾ കളംമാറി ചവിട്ടാൻ തുടങ്ങിയിട്ട് കാലമേറെയായി. ത്രില്ലർ യുഗത്തിൽപ്പെടുന്ന കൃതികൾ കുറ്റാന്വേഷണത്തിന്റെ മേമ്പൊടിയായി തൂകികൊണ്ട് വിശാലമായ കാൻവാസിൽ അവതരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. സ്റ്റീഗ് ലാർസൻ, ടോം ക്ലാൻസി എന്നിവരുടെ 'ബെസ്റ്റ് സെല്ലറുകൾ' ഉദാഹരണം. രാജ്യാന്തരതലത്തിലെ വിഷയങ്ങളും ടെക്നോളജിയും അതിനൂതന വിദ്യകളും വിഷയമാക്കുന്ന പരമ്പരകളാണ് ഇപ്പോൾ വിലസുന്നത്. ചരിത്രവും നിഗൂഢചിഹ്നങ്ങളും ഇരുണ്ട ലോകവും വിഷയമാക്കുന്ന ഡാൻ ബ്രൗൺ രചനകൾ വെറെയും. എന്നിരിക്കിലും ആർതർ കോനൻ ഡോയലും അഗതാ ക്രിസ്റ്റിയും തങ്ങളുടെ സിംഹാസനങ്ങളിൽ സുരക്ഷിതരാണ്. ബൃഹദ് സമാഹരങ്ങളും ഒറ്റയൊറ്റ പുസ്തകങ്ങളായും കേരളക്കരയിലെ ബെസ്റ്റ് സെല്ലറുകളായി അവരുടെ രചനകൾ ഇന്നും നിലകൊള്ളുന്നു. സമീപകാലത്ത് ഒരു മുഖ്യ പ്രസാധകന്റെ 'ഷെർലക് ഹോംസ് സമ്പൂർണ കൃതിക'ളെ മറ്റൊരു പ്രസാധകൻ നേരിട്ടത് 'അഗതാ ക്രിസ്റ്റിയുടെ രചനകളു'ടെ ബൃഹദ് സമാഹാരത്തിലൂടെയായിരുന്നു എന്നത് തന്നെ ഇതിന്റെ തെളിവാണ്.

മലയാളക്കരയിലെ പുത്തൻ താരങ്ങൾ

മുണ്ടും മാടിക്കുത്തി, കട്ടൻ ബീഡിയും വലിച്ച് തല്ലുകൊള്ളിയായി ജീവിക്കുന്ന പ്രഭാകരൻ എന്ന കട്ട ലോക്കൽ ഡിറ്റക്ടീവിനെ അവതരിപ്പിച്ച ജി.ആർ. ഇന്ദുഗോപന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. മാടനും മറുതയും കുടില മനുഷ്യരും നിറയുന്ന അഭൂതമായ ലോകമാണ് ഇന്ദുഗോപൻ അവതരിപ്പിച്ചത്. സ്വതസിദ്ധമായ കൈയടക്കത്തോടെ വായനക്കാരുടെ മനസ്സിനെ അടിമുടി സ്വാധീനിക്കുവാനും തൃപ്തിപ്പെടുത്തുവാനും സാധിച്ച 'ഡിറ്റക്ടീവ് പ്രഭാകരൻ' മലയാള കുറ്റാന്വേഷണ സാഹിത്യത്തിന് പുത്തൻ ദിശാബോധവും നൽകി എന്നുപറഞ്ഞാൽ അതിശയോക്തിയാകില്ല.

ലാജോ ജോസ്, ശ്രീപാർവ്വതി, അഖിൽ പി. ധർമ്മജൻ എന്നീ പുത്തൻ എഴുത്തുകാരുടെ എണ്ണം പറഞ്ഞ രചനകൾക്കൊപ്പം ശിവൻ എടമന, ആദർശ് എസ്., റിഷാൻ റാഷിദ് തുടങ്ങിയ പുതിയ തലമുറ ക്രൈം രചനയുടെ 'മലയാള വിപ്ലവം' ഉറക്കെ പ്രഖ്യാപിച്ചുകഴിഞ്ഞു. കാലത്തിനൊത്ത് മാറുന്ന രചനാശൈലിയും കഥാപാത്രനിർമ്മിതിയും വിഷയവും ഇവരുടെയൊക്കെ കൃതികളുടെ സവിശേഷതകളാണ്. മലയാളി യുവത്വം ആവേശത്തോടെ ഇവരെ സ്വീകരിക്കുന്നു എന്നതും ശുഭസൂചകമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുങ്ങുന്നു, ക്രൈം ഫിക്ഷൻ മത്സരങ്ങൾ അരങ്ങേറുന്നു, ക്രൈം രചനകൾക്ക് പ്രീ-ബുക്ക് ചെയ്ത് വായനക്കാർ കാത്തിരിക്കുന്നു, സിനിമാറ്റിക് ട്രെയിലറുകളുമായി പുസ്തക പ്രചാരണം പൊടിപൊടിക്കുന്നു, മലയാളത്തിന് ഇനിയെന്ത് വേണം... പൂത്തുലയട്ടെ നമ്മുടെ വായനക്കാലം.

Content Highlights: Emergence of Detective fiction from Sherlock holmes to Detective Prabhakaran, Vayanadinam 2021