ളരെ വര്‍ഷങ്ങള്‍ക്കു ശേഷം, 'കുമാരനാശാന്റെ പദ്യകൃതികള്‍ സമ്പൂര്‍ണം' എടുത്ത് മറിച്ചുനോക്കേ അയ്യപ്പപ്പണിക്കര്‍ അതിനെഴുതിയ ആമുഖക്കുറിപ്പില്‍ കണ്ണുടക്കി. ഭാഷയുടെ ധ്വനനശേഷി, കൈവെള്ളയിലെ പമ്പരം പോലെ കറക്കിക്കളിച്ച പണിക്കര്‍ ആശാന്‍ കവിതയുടെ വായനാനുഭവങ്ങള്‍ക്കു നല്‍കിയ സാന്ദ്രമായ വിശേഷണമാണ് ഈ കുറിപ്പിന്റെയും ശീര്‍ഷകമായി കടമെടുത്തത്. കൗമാരകാലദിനരാത്രങ്ങളെ അസ്വസ്ഥമാക്കിയ ചില വായനകള്‍ എന്നെയിന്ന് തിരിച്ചറിയുമോ എന്ന് പരീക്ഷിച്ചു നോക്കാനുള്ള ത്രാണിയില്ലായ്മയാണ് ഈ വാചകത്തെ സ്വന്തമാക്കാനുള്ള ധൈര്യം. അല്ലായ്കില്‍ ആലപ്പുഴയിലെ വിദ്യാരംഭം പ്രസ് ആന്റ് ബുക്ക് ഡിപ്പോക്കാര്‍ പ്രസിദ്ധപ്പെടുത്തിയ ഡി.പി.ഖത്രിയുടെ പുസ്തകങ്ങള്‍ പണ്ടേ സ്വകാര്യസ്വത്താക്കിയാനേ. വാങ്ങാനോ വീണ്ടും വായിക്കാനോ മെനക്കെടാതെ ഖത്രിയെ അകറ്റി നിര്‍ത്താനാണിഷ്ടം. പുനര്‍വായനയില്‍ ഖത്രിയില്‍ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ എന്റെ മാത്രം ഓര്‍മ്മകളുടെ നഷ്ടമായിരിക്കുമത്. നേര്‍ത്ത നൊമ്പരം നിറഞ്ഞ ചില ഗൃഹാതുരതകള്‍ നിലനിന്നില്ലെങ്കില്‍ ജീവിതത്തിന് പിന്നെന്തര്‍ത്ഥമാണുള്ളത്. 

കൗമാരകാല വായനാനുഭവങ്ങള്‍ക്ക് പുഴുക്കലരിയുടെയും മണ്ണെണ്ണയുടെയും മിശ്രിതത്തില്‍ രൂപപ്പെട്ട മദിപ്പിക്കുന്ന ഗന്ധമാണ്. റേഷന്‍ കടയും വായനശാലയും തമ്മിലുള്ള കൂട്ടുചേരലിലാണ് ആ ഗന്ധത്തിന്റെ രസതന്ത്രം. ഒരര്‍ത്ഥത്തില്‍ കൗതുകം നിറഞ്ഞ ഒരു കൂട്ടായ്മയാണത്. വിശപ്പടക്കാനുള്ള ഗ്രാമീണാവശ്യങ്ങളുടെ രണ്ടുതരം പ്രതീകങ്ങളാണല്ലോ ഈ സ്ഥാപനങ്ങള്‍. എന്റെ ജീവിതത്തിലാകട്ടെ ഇവ രണ്ടും കെട്ടുപിണഞ്ഞിരിക്കുന്നു. റേഷന്‍ കടയിലേക്കുള്ള യാത്രകളാണ് വായനശാലയിലെത്തിച്ചത്, അതല്ലെങ്കില്‍ വായനശാലയി ലേക്കുള്ള യാത്രയ്ക്ക് ഭൗതികമായി നല്‍കിയ വിശദീകരണമായിരുന്നു റേഷന്‍കട. അയല്‍വാസികളും സുഹൃത്തുക്കളുമായ സമപ്രായക്കാരുടെയെല്ലാം റേഷന്‍കട ഞങ്ങളുടെ തന്നെ ഗ്രാമത്തിലായിരിക്കെ എനിക്കു മാത്രം അഞ്ച് കി.മീ അപ്പുറത്തുള്ള അയല്‍ഗ്രാമത്തിലായിരുന്നു. എന്തു കൊണ്ട് ഞാന്‍ മാത്രം ദൂരേയ്ക്കു സഞ്ചരിക്കേണ്ടി വന്നു എന്നത് പിടിതരാത്ത ചോദ്യമായിരുന്നെങ്കിലും അവിടെയെന്നെ കാത്തുനിന്നിരുന്ന വായനശാല ആ യാത്രകളെ സര്‍ഗാത്മകമാക്കി. ഞങ്ങളുടെ ഗ്രാമത്തിലായിരുന്നു റേഷന്‍ കടയെങ്കില്‍ നിശ്ചയമായും ഞാന്‍ വായനശാല കാണുമായിരുന്നില്ല. 

നിശ്ചലമായ ഞങ്ങളുടെ ഗ്രാമത്തില്‍ വായനശാല പോയിട്ട് രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൊടിമരം പോലുമുണ്ടായിരുന്നില്ല. കുടിയേറ്റ കര്‍ഷകരുടെ നെല്‍പ്പണി എളുപ്പമാക്കാന്‍ വരുന്ന ട്രാക്ടറും പണിയരുടെ ചീനിത്തുടിപ്പാട്ടും കുറിച്യരുടെ മലക്കാരിവിളിയും നന്നെ പഴകി ദ്രവിച്ച ഒരു മുസ്ലിം പള്ളിയിലെ തുരമ്പിച്ച കോളാമ്പിയിലെ വാങ്കുമല്ലാതെ മറ്റു ശബ്ദങ്ങള്‍ ഞങ്ങളുടെ ഗ്രാമത്തിലുണ്ടായിരുന്നില്ല. റേഷന്‍കട നിലകൊള്ളുന്ന ഗ്രാമം പക്ഷേ ചലിക്കുന്നതായിരുന്നു, അവിടെ വായനശാലയ്ക്കു പുറമെ എല്‍.പി.സ്‌കൂളും ബാര്‍ ബര്‍ഷോപ്പും ടെയ്‌ലര്‍ഷോപ്പുമടങ്ങുന്ന ഒരു ചെറിയ അങ്ങാടിയും പൊതുയോഗങ്ങളുമുണ്ടായി രുന്നു. 'വിളമ്പുകണ്ടം' എന്ന ആ ഗ്രാമത്തിന്റെ ചെറുചലനങ്ങളിലേക്കാണ് നിശ്ചലഗ്രാമത്തില്‍ നിന്നും തുണിസഞ്ചയും മണ്ണെണ്ണക്കന്നാസുമായി എല്ലാ വ്യാഴാഴ്ച്ച വൈകുന്നേരങ്ങളിലും ഒരു ഹൈസ്‌കൂള്‍ പയ്യന്‍ അഞ്ച് കി.മീ. കാല്‍നടയായി സഞ്ചരിച്ചെത്തിയത്.

ഇത്രയും ദൂരം നെല്‍പ്പാടമായിരുന്നു താണ്ടാനുണ്ടായിരുന്നത്. പാടവരമ്പിലൂടെയുള്ള ഓരോ യാത്രയും വ്യത്യസ്തമായ ദൃശ്യഖണ്ഡങ്ങളാണ്. 'കുരുന്നു ഞാറിന്‍ പച്ചത്തലപ്പും വരമ്പിന്റെ ഞരമ്പും ശ്വേതമായ കൊറ്റിച്ചിറകും കഴുത്തോളം വെള്ളത്തില്‍ നില്‍ക്കുന്ന കൈതയും തോട്ടിന്‍ കുപ്പിക്കഴുത്തും' ചേര്‍ന്ന ഭൂഭാഗദൃശ്യം എന്റെയീ യാത്രകളെക്കുറിച്ചാണല്ലോ വൈലോപ്പിള്ളി ആദ്യമേയെഴുതിയത്. പുഴുക്കലരി നിറച്ച തുണിസഞ്ചി തലയിലും മണ്ണെണ്ണക്കന്നാസ് കൈവെള്ളയിലും തൂക്കിയുള്ള തിരികെ യാത്രകള്‍ക്ക് വേഗത കൂടാന്‍ കാരണം സഞ്ചിയിലുണ്ടാകുമായിരുന്ന രണ്ടു പുസ്തകങ്ങളാണ്. എത്രയും പെട്ടെന്നെത്തി അവ തുറന്നു വായിച്ചുതുടങ്ങേണ്ട ധൃതി. 

ഇ.പി.കുട്ടിശങ്കരന്‍ സ്മാരകവായനശാല എന്നായിരുന്നു ആ ഗ്രാമീണശാലയുടെ നാമം. റേഷന്‍ വാങ്ങാന്‍ പോയതിന്റെ പ്രതിഫലമായി ബാക്കി പൈസയില്‍ നിന്ന് 'ഒരു ചായയും കടിയും' കഴിക്കാന്‍ ഉമ്മ തന്ന അനുവാദമായിരുന്നു അവിടുത്തെ അംഗത്വമൂലധനം. മാസ വരിസംഖ്യയായി ആ പണം ഞാന്‍ വായനശാലയിലടച്ചു. പകരം സ്‌നേഹസമ്പന്നനായ ആ മെലിഞ്ഞ ലൈബ്രറേയന്‍ എനിക്ക് രണ്ട് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം തന്നു, ചിലപ്പോഴെക്കെ എന്റെ തിരഞ്ഞെടുപ്പുകളെ അദ്ദേഹം നിയന്ത്രിച്ചു. നാലപ്പാടന്റെ രതിസാമ്രാജ്യം ആ കണ്ണുവെട്ടിച്ചെങ്ങനെ കൈക്കലാക്കും എന്നു പൊടിപിടിച്ച റാക്കിനിടയില്‍ നിന്ന് വിഷണ്ണനായത് ഇന്നോര്‍ക്കുമ്പോള്‍ കൗതുകമാണ്. പമ്മനെയും മുട്ടത്തുവര്‍ക്കിയെയും എനിക്കദ്ദേഹം നിഷേധിച്ചു. പകരം ഷെര്‍ലക്‌ഹോംസിനെയും എം.ടി.യെയും തന്നു. അങ്ങനെ യൊരു നിയന്ത്രിത തിരഞ്ഞെടുപ്പില്‍ ഡി.പി.ഖത്രിയുടെ 'ചെമന്ന കൈപ്പത്തി' എന്റെ പുഴുക്കലരി സഞ്ചിയ്ക്കകത്തു കയറിപ്പറ്റി.

പി.കെ.രാജശേഖരന്റെ 'ബുക്സ്റ്റാള്‍ജിയ' ഒരധ്യായം മുഴുക്കെ ഖത്രിസാഹിത്യത്തിന്റെ മലയാളവായനാനുഭവങ്ങളെക്കുറിച്ചാണ്. 'നിഗൂഢതയുടെ ഉത്കണ്ഠാജനകമായ ആവിഷ്‌കാരം' എന്നവിടെ ഖത്രിസാഹിത്യം വിശേഷിപ്പിക്കപ്പെടുന്നു. തൊണ്ണൂറുകളോടെ ഖത്രി വായനയുടെ കാലം അവസാനിച്ചതായാണ് പലരും കരുതുന്നത്. കേരളത്തിന്റെ പൊതുകാലത്തില്‍ നിന്ന് വയനാട് പത്തുവര്‍ഷം പുറകിലായതിനാലാവും രണ്ടായിരത്തിന്റെ തുടക്കത്തിലായിരുന്നു ഞാന്‍ ഖത്രിയിലേക്കു കടന്നത്. സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യന്‍ ബോധത്തിന്റെ രാഷ്ട്രീയം ഖത്രിയുടെ നോവലുകളുടെ ആന്തരികാടിത്തറയാണ്. 'വെളുത്ത ചെകുത്താന്‍' എന്നത് ബ്രിട്ടീഷ് ഭരണത്തിന്റെ തന്നെ രൂപകമാണ്. പക്ഷേ, രാഷ്ട്രീയമായിരുന്നില്ല  നോവലിലെ നിഗൂഢത നിറഞ്ഞ വശ്യതയായിരുന്നു വായനക്കാരെ ഖത്രിയിലേക്കടുപ്പിച്ചത്. ഹിമാലയന്‍ താഴ്‌വരയിലെവിടെയോയുള്ള കുന്നിന്‍ മുകളില്‍ നിന്ന് അശ്വാരൂഢനായ ഒരു സൈനികന്‍ ബൈനോ ക്കുലറിലൂടെ പരിസരം വീക്ഷിക്കേ, മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കിലെ കരിപ്പുക ശ്വസിച്ചു കയറ്റി വയനാടന്‍ മഴയുടെ തിമിര്‍ത്തുപെയ്യുന്ന പശ്ചാത്തലത്തെക്കാളുയരത്തില്‍ എന്റെ ഹൃദയം പടപടാ ഇടിച്ചു. ശ്വാസഗതിയും സമ്മര്‍ദ്ദവുമുയര്‍ന്ന് വായന നിര്‍ത്തി പരിസരത്തെ വട്ടം പിടിച്ചത് ആ വശ്യതയില്‍ മുഴുകി മാത്രമായിരുന്നു.

അപസര്‍പ്പക നോവലാണോ സയന്‍സ് ഫിക്ഷനാണോ ത്രില്ലറാണോ ഖത്രിയെഴുതിയത്? ജനുസ്സുകളുടെ ക്രമത്തെ ഭേദിക്കുന്ന ഒരു സങ്കരലോഹക്കൂട്ടായിരുന്നു അത്. നളരചരിതഭാഷയെക്കുറിച്ചുള്ള എ.ആറിന്റെ പ്രസിദ്ധരൂപകം കടമെടുത്താല്‍ 'പിച്ചളഫിക്ഷന്‍'. ആരാണ് ചെമന്ന കൈപ്പത്തി എന്ന രഹസ്യം അഴിച്ചെടുക്കാന്‍ ഗോപാല്‍ ശങ്കര്‍ പണിപ്പെടവേ അതിനോടൊപ്പം ഞാനും കൂടി. ലാബറട്ടറിയില്‍ നിര്‍മ്മിച്ച പ്രത്യേകതരം രാസസംയുക്തം ശരീരത്തില്‍ തേച്ചയാള്‍ തൊലി ചുക്കുചുളുങ്ങിയ വൃദ്ധനാകവേ അത്ഭുതം കൊണ്ട് എന്റെ രസനകള്‍ നിറഞ്ഞു. അസ്വസ്ഥതപ്പെടുത്തുന്ന നിഗൂഢതകള്‍ക്കു പുറകിലെ പദപ്രശ്‌നപരിഹാരത്തിന് ഗോപാലിനൊപ്പം ഞാനുമലഞ്ഞു. ഹോംസ് പോലും അത്ര അത്ഭുതം സൃഷ്ടിച്ചിരുന്നില്ല എന്റെ കാര്യത്തില്‍. അക്കാലത്തെ ക്രിസ്റ്റഫര്‍ നോളനും ഡേവിഡ് ഫിഞ്ചറും ഖത്രിയായിരുന്നു. വീരവും അത്ഭുതവും നിറഞ്ഞ ഫിക്ഷന്റെ വഴികള്‍ ഖത്രി ഒരുക്കൂട്ടി വെച്ചപ്പോള്‍ നേപ്പാളിലേക്കും ഇന്ത്യയിലേക്കും ഞാന്‍ മാറി മാറി സഞ്ചരിച്ചു. ഖത്രിയുടെ നോവലുകളുടെ ശീര്‍ഷകങ്ങള്‍ തന്നെ നമ്മെയതിലേക്കു വലിച്ചടുപ്പിക്കും. ചെമന്ന കൈപ്പത്തിക്കും വെളുത്ത ചെകുത്താനും പുറമേ, മൃത്യുകിരണം, രക്തം കുടിക്കുന്ന പേന എന്നിങ്ങനെയവ നീളുന്നു. ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്റെ ഒന്നാം തരംഗത്തിലും ചരിത്ര നോവലിന്റെ രണ്ടാം തരംഗത്തിലുമാണ് ഖത്രിയെ സ്ഥാനപ്പെടുത്താറ്. ഹിന്ദി നോവലുകളെ ഫിക്ഷന്‍ റിയലിസത്തോടടുപ്പിച്ച ക്ലാസിക് സൃഷ്ടി ചന്ദ്രകാന്തയുടെ കര്‍ത്താവ് ദേവകീനന്ദന്‍ ഖത്രിയാണ് ഡി.പി.ഖത്രിയുടെ പിതാവ്. ദൂരദര്‍ശന്‍ ചന്ദ്രകാന്ത തൊണ്ണൂറുകളില്‍ സീരിയലായി പ്രക്ഷേപണം ചെയ്തിരുന്നു. സീരിയലിന്റെ ജനപ്രിയത ഹിന്ദി ഭാഷാവാദത്തെ പോഷിപ്പിച്ച ഒന്നായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടാറുണ്ട്. അത്ഭുതകരമായ  സംഭവങ്ങളിലൂടെയും നിഗൂഢത നിറഞ്ഞ മാന്ത്രികവനങ്ങളിലൂടെയും വായനക്കാരനെ കൊണ്ടുപോയ ചന്ദ്രകാന്ത തന്നെയാണ് ഡി.പി.ഖത്രിയുടെയും ആഖ്യാനാടിത്തറ. 

അപ്രതീക്ഷിതമായ വളവുകളും തിരിവുകളും നിറഞ്ഞ ഡി.പി.ഖത്രിയുടെ കഥകള്‍ എല്ലായിടത്തും ഒരു പ്രഹേളിക ഒളിപ്പിച്ചുവെച്ചു. ആഖ്യാനം ചടുലഗതിയില്‍ പുരോഗമിക്കുന്നത് ആശ്ചര്യവും സസ്പെന്‍സും നിറയുന്ന സാഹചര്യങ്ങളെ നെയ്തുകൊണ്ടാണ്. അതിനാല്‍ തന്നെ ഖത്രിവായന ഒരു രഹസ്യപ്പൂട്ട് ശ്രദ്ധയോടെ അഴിച്ചെടുക്കലാണ്. അപസര്‍പ്പക നോവലുകളുടെ പൊതുവായ രചനാഘടകമാണിതെങ്കിലും ഖത്രി അവിടെ നിന്ന് മാറുന്നത് ഈ പൂട്ടില്‍ ചരിത്രവും സയന്‍സ് ഫിക്ഷനും ചേര്‍ക്കുന്നതോടെയാണ്. മിഥ്യയോ വാസ്തവമോ എന്നറിയാത്ത ഒരു പകപ്പ് ഖത്രി സൃഷ്ടിക്കുന്നു. അതോടൊപ്പം സുപ്രധാനമായ അംശം ഖത്രി സൃഷ്ടിക്കുന്ന വായനയുടെ ജനാധിപത്യമാണ്. ഇന്ത്യന്‍ നോവലിലേക്ക് വായനക്കാരുടെ ഇടപെടല്‍ കൊണ്ടുവന്നതില്‍ ഖത്രിക്കുള്ള പങ്ക് പഠിക്കപ്പെടേണ്ടതാണ്. നിശ്ചലനായ ഒരു സ്വീകര്‍ത്താവായി നമുക്ക് ഖത്രിയെ വായിക്കാന്‍ പറ്റില്ല. വക്താവിനോടൊപ്പം വായനക്കാരന്‍ കൂടിചേരുന്ന ഒരു 'ഗെയിമാ'ണത്. ആഖ്യാതാവ് സര്‍വ്വതിനെയും നിയന്ത്രിച്ചുനില്‍ക്കുന്ന ഘടന, തന്നെയാണുള്ളതെങ്കിലും വായനക്കാരന് പങ്കുപറ്റാനുള്ള വഴി ആ കഥകളിലുണ്ട്. അതിലേറ്റവും പ്രധാനം സ്പൂണ്‍ഫീഡിംഗിന്റെ അഭാവമാണ്. നോവലുകളുടെ ചരിത്രപരതയും രാഷ്ട്രീയവും നേരിട്ടുപറയാന്‍ അദ്ദേഹം മിനക്കെടാറില്ല. ആ നിലയില്‍ അന്വേഷണമാരംഭിച്ചാല്‍ ധാരാളം സാധ്യതകള്‍ ഖത്രിലോകം നിലനിര്‍ത്തുന്നുണ്ട്. എങ്കിലും ഗൗരവമായ ആലോചനകളില്‍ പിതാവിന്റെ നിഴലിലായി ഡി.പി.ഖത്രി ഒതുക്കപ്പെടുന്നു. മീനാക്ഷി മുഖര്‍ജിയുടെ വിഖ്യാതമായ നോവല്‍ പഠനത്തില്‍ പോലും ചന്ദ്രകാന്തയെക്കുറിച്ചുള്ള വിശദീകരണത്തിനിടെ കടന്നു വരുന്ന ഒരു പരാമര്‍ശം മാത്രമാണ് ഡി.പി.ഖത്രി. ഫിക്ഷന്റെ അനന്തസാധ്യതകളെ വരച്ചെടുത്ത ഖത്രി കൂടുതല്‍ പഠിക്കപ്പെടേണ്ടതുണ്ട്.

ഖത്രി നോവലുകളുടെ മലയാളവായനക്കാര്‍ ഉന്നയിച്ചു കണ്ട പ്രധാനപരിഭവം പല നോവലുകളുടെയും അവസാനപേജ് നഷ്ടപ്പെട്ടുപോയതിനെക്കുറിച്ചായിരുന്നു. നൂറ് കണക്കിന് വായനക്കാരിലൂടെ കൈമാറിയെത്തിയ അവ പരിണാമഗുപ്തിയെ ഒളിപ്പിച്ചുപിടിച്ചു. ഭാഗ്യവശാല്‍ ഞാന്‍ വായിച്ചവ പൂര്‍ണ്ണമായിരുന്നു, വൃത്തിയില്‍ ബൈന്‍ഡ് ചെയ്ത് പുസ്തകം സൂക്ഷിക്കാന്‍ ആ ഗ്രാമീണ വായനശാലയിലെ ലൈബ്രേറിയന്‍ പണിപ്പെട്ടില്ലായിരുന്നെങ്കില്‍ എന്റെ ഖത്രിരാത്രികള്‍ ശ്വാസം കിട്ടാതെയവസാനിച്ചേനേ. മൂന്നും നാലും ഭാഗങ്ങളുള്ള മൃത്യുകിരണവും മറ്റും ആരോഹണക്രമത്തില്‍ അദ്ദേഹം എനിക്കെടുത്തു തരികയും ചെയ്തു. ആ രാത്രികള്‍ പൂര്‍ണ്ണമായവസാനിച്ചതില്‍ ലൈബ്രറേറിയനോടു കടപ്പെട്ടിരിക്കുന്നു. പാതിരാവരെ നീണ്ട ഖത്രിവായനകളില്‍ ചില ഭാഗങ്ങള്‍ നോട്ട്ബുക്കില്‍ പകര്‍ത്തി വെക്കുന്ന ശീലം കൂടിയുണ്ടായിരുന്നു. അടുത്ത ഭാഗം വായിക്കുമ്പോഴുള്ള ചൂണ്ടുപലക. ഇങ്ങിനി തിരിച്ചുവരാത്ത വണ്ണം ആ നോട്ട് പുസ്തകങ്ങള്‍ എന്നോ നശിച്ചു തീര്‍ന്നു. കൈയിലുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ച ഒരമൂല്യസ്വത്ത്.

മോഹന്‍ ഡി.കങ്ങഴ എന്ന തര്‍ജ്ജമകാരനെക്കുറിച്ചു കൂടി പറഞ്ഞാലേ ഇതവാസാനിക്കൂ. ഖത്രിസാഹിത്യവുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധത്തെ ക്കുറിച്ച് പി.കെ.രാജശേഖരന്‍ എഴുതിയിട്ടുണ്ട്.  നിഗൂഢതയാര്‍ന്ന ആ അന്തരീക്ഷം മൊഴിമാറ്റത്തില്‍ നഷ്ടപ്പെട്ടിട്ടേയില്ല എന്നുറപ്പ്. ഹിന്ദി അധ്യാപകനായിരുന്നു മോഹന്‍ ഡി. കങ്ങഴ. ജനപ്രിയ നോവലുകളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന താത്പര്യമാണ് ഖത്രിയെ മലയാളിയറിയാന്‍ കാരണമായത്. ഖത്രിപരിഭാഷകള്‍ക്കു പുറമേ ചില അപസര്‍പ്പകനോവലുകള്‍ കൂടി അദ്ദേഹത്തിന്റെതായുണ്ട്. നമ്മുടെ വിവര്‍ത്തനചരിത്രത്തില്‍ കങ്ങഴ പ്രത്യക്ഷപ്പെടാത്തത് തികഞ്ഞ അനീതി മാത്രമാണ്. ഖത്രി കഥകളെ അനുസ്മരിപ്പിക്കുമാറ് നിഗൂഢതകള്‍ ബാക്കി വെച്ച് എഴുപതുകളവസാനം ഉറക്കഗുളിക കഴിച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു. ഖത്രിയെക്കുറിച്ചുള്ള പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന സുപ്രധാന രചനാംശം അദ്ദേഹമുപയോഗിക്കുന്ന കുറുകിയ വാചകങ്ങളാണ്. ആഖ്യാനരീതിയും അനാവശ്യ വര്‍ണ്ണനകളുടെ അഭാവവും ചേര്‍ന്നതു കൊണ്ടാണ് അവ ജനപ്രിയമായത്. ഈ കുറുകിയ വാചകങ്ങളെ പിരിമുറുക്കം നഷ്ടപ്പെടാതെ ഭാഷാന്തരണം ചെയ്യുക എന്ന ശ്രമകരമായ പണിയാണ് മോഹന്‍ ഡി.കങ്ങഴ പൂര്‍ത്തിയാക്കിയത്. കൗമാര കാലദിനരാത്രങ്ങളെ ഇത്ര അസ്വസ്ഥപ്പെടുത്തിയതിന് മോഹന്‍ ഡി.കങ്ങഴയ്ക്ക് നന്ദി, പ്രണാമം!

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Durga Prasad khatri, DP khatri,  novels, Readers Day