ഹുമാനപ്പെട്ട,
കാട്ടമ്പള്ളി സന്മാര്‍ഗദായിനി ഗ്രന്ഥശാല സെക്രട്ടറിക്ക്,
  
സന്ദര്‍ഭവശാല്‍ എനിക്കിവിടെ ചില വെളിപ്പെടുത്തലുകള്‍ നടത്തേണ്ടതായി വന്നിട്ടുണ്ട്. വയെല്ലാം ബാല്യ ചാപല്യങ്ങളായി മാത്രം പരിഗണിക്കേണമെന്നും ന്റെമേല്‍ മെമ്പര്‍ഷിപ്പ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ക്കൊന്നും മുതിരരുതേയെന്നും വിനീതവിധേയനായി അപേക്ഷിച്ചുകൊള്ളുന്നു.

(ഒപ്പ് )
ഡി. പി. അഭിജിത്ത് 

കൊച്ചാം ക്ലാസുകളില്‍ പഠിക്കുന്നകാലം തികഞ്ഞ ഗാന്ധിഭക്തനായിരുന്നു ഞാന്‍.
ഞാന്‍ എന്നു പറഞ്ഞുകൂടാ,  ഞങ്ങള്‍.
ഞാനും എന്റെ ഉറ്റ ചങ്ങാതിയും അയല്‍വാസിയുമായ വിജിത്തും.

ബാലസാഹിത്യത്തില്‍ നിന്ന് ഞങ്ങള്‍ നേരെ കടന്നത് ഗാന്ധിയന്‍ സാഹിത്യത്തിലേക്കാണ്.
വായനശാലയില്‍നിന്നും  ഏറ്റവും കൂടുതല്‍ തവണ ഭവനസന്ദര്‍ശനം നടത്തിയിട്ടുള്ളതും ഗാന്ധിജിയാണ്.

ഓരോ ആഴ്ചയിലും ഗാന്ധിജിയെ രജിസ്റ്ററിലേക്ക് പതിപ്പിക്കുമ്പോള്‍ കറുത്ത ചതുര കണ്ണടയിലൂടെ ഞങ്ങളുടെ മുഖത്തേക്ക് നോക്കി ലൈബ്രേറിയന്‍ രാമാനുജന്‍ മാമന്‍ സ്‌നേഹത്തോടെ പറയും.
'വെരിഗുഡ്.'

പക്ഷെ,
സന്‍മാര്‍ഗദായിനി യുവജനസമാജം ഗ്രന്ഥശാലയിലെ രണ്ട് സന്മാര്‍ഗികളായ യുവ കില്ലാടികളുടെ  ഗാന്ധി പ്രേമത്തിനു പിന്നില്‍ അസാന്മാര്‍ഗികമായ ഒരു കഥയുണ്ട്. 

കാട്ടാമ്പള്ളി യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് ഗുസ്തിക്കാലം.
ലൗകിക സുഖങ്ങളുടെ കീഴെ മുട്ടത്തോട് പൊളിച്ചു മേലോട്ട് നോക്കുന്ന സമയം.

ഇംഗ്ലീഷ് മലയാളം പോക്കറ്റ് ഡിക്ഷ്ണറിയില്‍ 'sex' എന്ന വാക്കിന്റെ അര്‍ത്ഥം കൂട്ടിവായിക്കുമ്പോള്‍ കിട്ടുന്ന സുഖത്തിനെ നിര്‍വൃതി എന്ന് പേരിട്ടു വിളിക്കാന്‍ പാകത്തിനുള്ള ബാല്യം.
ഒളിച്ചും പാത്തും ഓരോ വട്ടവും കൊതിയോടെ അതിലേക്കെത്തി വീഴുമ്പോള്‍ കിട്ടുന്ന സുഖത്തിനപ്പുറം 'മറ്റൊന്നുമില്ലയീഊഴിയില്‍' എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിച്ചു; അക്കൊല്ലം വേനലവധിവരെ.

വായനശാലയില്‍ ഞങ്ങള്‍ ഞായറാഴ്ച പോകുന്നത് ഫുട്‌ബോള്‍ കളിക്കാനാണ്. നാലു മണിക്കു മുന്നേ വായനശാലയിലെത്തും.
അഞ്ച് മണിക്കെ ലൈബ്രേറിയന്‍ വന്ന് തുറക്കുള്ളു.
അതുവരെ  കാറ്റുവറ്റിയ ഫുട്‌ബോളെടുത്ത് കാമ്പോണ്ടിലിട്ട് തട്ടി കളിക്കും .
വെട്ടം മങ്ങിത്തുടങ്ങുമ്പോള്‍  വിയര്‍ത്തൊലിച്ച് അകത്തുകയറി ബാലസാഹിത്യത്തില്‍നിന്നും കളറുള്ളതുനോക്കി ഒന്നോ രണ്ടോ എടുത്തു വീട്ടിലേക്കോടും.

ആയിടയ്ക്കാണ് അകത്ത് മിനുസമുള്ള കളര്‍ പേജുകളില്‍ തുണിയില്ലാത്ത സ്ത്രീകളുള്ള ഒരു പുസ്തകം തീര്‍ത്തും യാദൃശ്ചികമായി നമ്മുടെ മുമ്പിലോട്ട് തെറിച്ചു വീണത്. 
അത് കാണിച്ചു തന്നതാകട്ടെ നമ്മടെ സ്വന്തം ഗാന്ധിജിയും.

വായനശാലേടെ ആര്‍ക്കും വേണ്ടാത്തൊരു മൂലയ്ക്കിരിക്കുന്ന ഗാന്ധിയന്‍ സാഹിത്യം ചൂണ്ടിക്കാട്ടി ലൈബ്രറിയന്‍ പറഞ്ഞു.

'നിങ്ങളെപ്പോലുള്ള നല്ല കുട്ടികള്‍ വായിക്കേണ്ട ഒരു പുസ്തകം ഞാന്‍ കാണിച്ചു തരാം. ഗാന്ധിജീടെ ആത്മകഥ ദോണ്ടെ അവടൊണ്ട്. രണ്ടാ മൂന്നാ കോപ്പി. '

മാമന്റെ കൈ നീണ്ട റാക്കിനുമുന്നില്‍ ഞങ്ങള് നടുമടക്കി നിന്നു.

ഗാന്ധിയെ നോക്കിക്കൊണ്ടിരുന്ന കണ്ണ്  തിളങ്ങുന്ന മൊട്ടത്തലയില്‍ തെന്നി ലക്ഷ്യം തെറ്റി. മറ്റൊന്നിലുടക്കി.

ഗാന്ധിയന്‍ സാഹിത്യത്തിന്റെ തൊട്ടുതാഴെ ഒരറ്റത്ത് ചെറിയ അക്ഷരത്തില്‍ കുനുകുനാ എഴുതിപ്പിടിപ്പിച്ചിരുന്നത്  കൂട്ടിവായിച്ച് ഞങ്ങള് ഞെട്ടി.
'ലൈംഗിക വിദ്യാഭ്യാസം'.
അതെന്താണപ്പാ അങ്ങനെ ഒരു അഭ്യാസം!

വെറച്ച് വെറച്ച് കാഴ്ചയില്‍ പുതിയതെന്ന് തോന്നിച്ച ഒരു ബുക്ക് കൂട്ടത്തീന്ന് വലിച്ചൂരി. വിചാരിച്ചതിനെക്കാള്‍ നീളോം വീതീം ഭാരോം അന്നേരം പുസ്തകത്തിക്കൂടീട്ട് അത് പ്ലച്ചീന്നു താഴെവീണു.

പാലിന്റെ നെറത്തിലൊരു പെണ്ണ് രണ്ടു പാളീലുമായിട്ട് നെലത്ത് കമന്ന് വീണു കിടന്നു.

തൊട്ടപ്പുറത്ത് കനപ്പെട്ട പുസ്തകങ്ങള്‍ ചൂണ്ടുവിരളിന് കുത്തിനോക്കി വരുന്ന പഠിപ്പിചേച്ചി, അറ്റത്തുള്ള സെക്രട്ടറീന്റ കസേരയിലിരുന്നാ നാലുവാക്കും കാണാമ്പറ്റുന്ന ലൈബ്രേറിയന്‍ മാമന്‍.

ആരെങ്കിലും കണ്ടാ...!

ഏതു പുസ്തകവും ചട്ടേം വണ്ണോം നോക്കി ഏതിരിട്ടീന്നും പൊക്കിയെടുക്കുന്ന മാമന് പുഷ്പം പോലെ പിടി കിട്ടും താഴെ വീണ പുസ്തമേതാന്ന് .
അറിഞ്ഞാ അച്ഛന്‍ന്റൂട പറയേം ചെയ്യും. 
എന്നാ ഇന്ന് എന്റെ ചന്തി മൊളവു വള്ളീലടി കൊണ്ട് ചുവക്കും.

കരോള് പോകുമ്പോ
എണ്ണപ്പാട്ടേല്‍ കമ്പിട്ടടിക്കുന്ന
പോലെ നെഞ്ചിടി തുടങ്ങി. ഉപ്പൂറ്റി തൊട്ട് തലമുടി വരെ വിയര്‍ത്തൊഴുകി. 

അവന്‍ പെട്ടെന്നു കുനിഞ്ഞ് മടക്കാതെ പുസ്തമെടുത്തു.
പെണ്ണിന്റെ മേലിലെ ' സന്മാര്‍ഗദായിനി ഗ്രന്ഥശാല ' എന്ന സീലിലോട്ട് ഒന്നൂടെ നോക്കി, മനസില്ലാ മനസോടെ അകത്തിട്ട് ചില്ലു നീക്കി.

അന്ന് ഗാന്ധിജിയെയും കൊണ്ട്  തിരിച്ചു പോകുമ്പോ വീടെത്തുംവരെ പുസ്തകത്തിലുള്ളത് 'എന്റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങളെന്ന് തെളിഞ്ഞു വായിച്ചു'.

പിന്നെല്ലാ ബാലവേദിക്കും ഞങ്ങള്‍ ഗാന്ധിയെ മാത്രം വരച്ചു.
ബാലസാഹിത്യം തട്ടിയെറിഞ്ഞ്  തീര്‍ത്തും ഗാന്ധിമാര്‍ഗം വരിച്ചു. സ്വാഭാവികമായും ഞങ്ങടെ വായനാശാലാ സന്ദര്‍ശനം കൂടി. ശനിയും ഞായറും അവധി ദിവസങ്ങളും കൂടുതല്‍ ആവേശത്തോടെ പുതിയൊരു ലോകത്തിലേക്ക് മാര്‍ച്ചു ചെയ്തു.

ഒരോ ആഴ്ചയും, കണ്ടു കൊതിതീരാതെ പെണ്ണുങ്ങള്‍ കണ്ണാടിക്കൂട്ടിലൊളിച്ചു.
 
വായന കൂടുന്നതു കണ്ട് ഞങ്ങളുടെ വീട്ടുകാര്‍ ആശ്വസിച്ചു. നാട്ടുകാര്‍ വാ പൊളിച്ചു. ഗ്രന്ഥശാലക്കാര്‍ അഭിമാനിച്ചു. എല്ലാമറിയാവുന്ന പുസ്തകത്തിലെ ചേച്ചിമാര്‍ മാത്രം കണ്ണിറുക്കി ചിരിച്ചു.

അധികനാള്‍ നീണ്ടില്ല.
നെഞ്ചിടിപ്പും പ്രാര്‍ത്ഥനകളും ചേര്‍ത്ത് എത്ര നോക്കീട്ടും. ചേച്ചിമാരെ കണ്ടുകിട്ടിയില്ല.
ഞങ്ങളിലും ആക്രാന്തത്തോടെ വന്ന മാറ്റാര്‍ക്കോ ഒപ്പം അവരിറങ്ങി പോയിക്കഴിഞ്ഞിരുന്നു.
ഒച്ചയും കണ്ണീരുമില്ലാതെ ഞങ്ങള്‍ നെഞ്ചുതല്ലി കരഞ്ഞു. 

ഭ്രാന്ത് പിടിച്ചപോലെ പുസ്തകങ്ങള്‍ക്കിടയിലൂടെ നടക്കുന്നതിനിടയില്‍ രണ്ട് പേരുകള്‍ കൗതുകം പോലെ കണ്ണിലുടക്കി.
ഭ്രാന്ത് - പമ്മന്‍.

കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടതുപോലെകണ്ട, പുസ്തകത്തിന്റെ പുറംചട്ടയില്‍ അന്നേരത്തെ മാനസികാവസ്ഥയെ തൃപ്തിപ്പെടുത്താന്‍ പാകത്തില്‍ ഒരു സ്ത്രീരൂപം ഞങ്ങള്‍ മാത്രം കണ്ടു.

കനമുള്ള പുസ്തകങ്ങളെ പാടെ വെറുത്തിരുന്ന എനിക്ക്, അകത്ത്, ചില പേജുകളില്‍ ചുവന്ന പേനയ്ക്ക് വരവീണിരുന്ന ആ പുസ്തത്തില്‍ എന്തൊക്കെയോ വശപ്പെശകടിച്ചു. തെറ്റീല്ല. നേരത്തെ വായിച്ച ഏതോ മഹാനുഭാവരുടെ സഹായത്തില്‍ ഭാവനയുടെ ബ്രഹമലോകം എളുപ്പത്തില്‍ പൊങ്ങി.

 സംഗതി നോവലാന്നെങ്കിലും വീട്ടിലെടുത്തോണ്ടു പോയി വായിക്കാന്‍ മടിച്ചു.

അതുകൊണ്ട് പുസ്തറാണ്ടുകള്‍ക്കിടയിയില്‍ പമ്മിപ്പമ്മി നിന്ന് പലപ്പോഴായി ഞങ്ങള്‍ പമ്മനെ വായിച്ചു.
വള്ളി പുള്ളി താഴെവിടാതെ എല്ലാം വീട്ടിലെത്തിച്ചു.
ഉറങ്ങും മുന്നേ  കണ്ണടച്ച്  ആ അക്ഷരങ്ങളെ ധ്യാനിച്ചു.
പമ്മനു സ്തുതി പാടി.

പക്ഷെ,
പമ്മന് വായനശാലയില്‍ നീണാള്‍ വാഴാന്‍ കഴിഞ്ഞില്ല.

വെയില് പോയി.
മഴ വന്നു.
സ്‌കൂള്‍ തുറന്നു.
ഞങ്ങള്‍ എട്ടിലായി.

ഞായറാഴ്ചകള്‍ തമ്മിലുള്ള നീളം കൂടിയെങ്കിലും ഞങ്ങള്‍ വായനശാലയില്‍ പോയി.
ചുവന്ന വരയിട്ട പേജുകള്‍  അതില്‍ നാള്‍ക്കുനാള്‍ കുറഞ്ഞു വന്നു.
തീരെ ഇല്ലാതായി.
 
'ഭ്രാന്ത്' കാണാതെ ഞങ്ങള്‍ക്ക് വീണ്ടും ഭ്രാന്തു പിടിച്ചു. 
ഒടുവില്‍ മടിച്ച് മടിച്ചത് ഞങ്ങളും ചെയ്തു...

പുസ്തകറാക്കുകള്‍ക്കിടയില്‍ പമ്മന് വേണ്ടി ഞങ്ങള്‍ കടുത്ത തിരച്ചില്‍ ആരംഭിച്ചു. നിതാന്ത പരിശ്രമത്തിനൊടുവില്‍ പുറംചട്ടകള്‍ ന്യൂസ് പേപ്പര്‍ കൊണ്ട് പൊതി ഇട്ട് ഒരു പുസ്തകം പൊങ്ങിവന്നു.
'ചട്ടക്കാരി' - പമ്മന്‍.

ഒളിച്ചുവച്ചു വായിച്ചുനോക്കാനുള്ള സമയമോ സാഹചര്യമോ മാനസികാവസ്ഥയും ഒന്നും അന്നേരം ഞങ്ങള്‍ക്ക് ഉണ്ടായില്ല. ഭ്രാന്ത് മൂത്ത ആരുടെയെങ്കിലും  കരാളഹസ്തങ്ങളില്‍ ഞെരുങ്ങി കൂടുന്നതിനു മുന്‍പേ അവളെ ഒളിച്ചു കടത്തുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

നിക്കറിനിടയില്‍ ഞെരുക്കിയിറക്കുമ്പോള്‍ അത് 'ചട്ടക്കാരി'ക്ക് അര്‍ഹിച്ച ഇരിപ്പിടമാണെന്ന് തീര്‍ച്ചപ്പെടുത്തി. കയ്യില്‍ കിട്ടിയ ഏതോ ഒരു പുസ്തകവും എടുത്തു വിമ്മിഷ്ടപ്പെട്ട് വായനശാലയില്‍ നിന്നുമിറങ്ങി പാതി ദൂരം  പിന്നിട്ടപ്പോഴാണ് ശ്വാസം നേരെ കിട്ടിയത്.

ഭയങ്കരമായ ഒരു അപരാധം ചെയ്തിരിക്കുന്നു.

പുസ്തകം മോഷ്ടിച്ചെടുത്തതുമാത്രമല്ല പ്രശ്‌നം. വീട്ടിലെത്തുമ്പോള്‍ ഇത് എവിടെ ഒളിപ്പിക്കും?.
എങ്ങനെ കൊണ്ടുനടക്കും?.
മറ്റാരും കാണാതെ എങ്ങനെ വായിക്കും?.
 വാ കീറിയ ദൈവം എല്ലാത്തിനും വഴികാണും.
കണ്ടു.

അന്ന് വീടെത്തും മുന്‍പ്  മറ്റൊരു മഹാപാതകം കൂടി ചെയ്യേണ്ടതായിവന്നു.
'ചട്ടക്കാരി'യെ  ഞങ്ങള്‍ നെടുകെ ഛേദിച്ചു.

പുസ്തകം പപ്പാതിയാക്കി.
തല തൊട്ടു വയറുവരെ എനിക്കും ബാക്കി അവനും.
ഒളിപ്പിക്കാനുള്ള വഴിയും ഞങ്ങള്‍ കണ്ടുപിടിച്ചിരുന്നു. 
തക്കം പാത്തിരുന്ന് കിട്ടിയ പകുതി ഉടലില്‍ ഞാന്‍ വീണ്ടും അംഗഭംഗം വരുത്തി.
പത്തു വിഷയം കണക്കാക്കി തുണ്ടുതുണ്ടായി വീതംവച്ചു.
ഓരോ പുസ്തകങ്ങളുടെയും പുറം പൊതികള്‍ക്കുള്ളില്‍ അവ സുഖനിദ്ര പ്രാപിച്ചു.

നിറയെ നക്ഷത്രങ്ങള്‍ ഉള്ള രാത്രികളായിരുന്നു പിന്നീടങ്ങോട്ട്

ചുവന്ന അടിവരകള്‍ ഇല്ലായിരുന്ന പുസ്തകത്തില്‍ ഞങ്ങള്‍ക്ക് വേണ്ടിയിരുന്നതിനായി കനത്ത ഗവേഷണത്തില്‍ ഏര്‍പ്പെടേണ്ടിവന്നു.
ബാഗും ബഞ്ചും ക്ലാസും വിട്ടെങ്ങോട്ടും വേരില്ലാതായി.
മറ്റെല്ലാത്തിലും താല്‍പര്യം കുറഞ്ഞു.
പി. റ്റി. പീരിയഡില്‍ മാത്രം പനിപിടിച്ചു.
അടുത്ത കൂട്ടുകാരൊക്കെ കയ്യൊഴിഞ്ഞു.

സ്വകാര്യമായ ആനന്ദത്തില്‍ ഞങ്ങള്‍ ലയിച്ചു കഴിഞ്ഞിരുന്നു.
കൂട്ടത്തിലിരുന്ന് ഓര്‍ത്തു ചിരിച്ചു. മൂളിപ്പാട്ടു പാടി.
ഇടവേളകളില്‍  കഥകള്‍ വച്ചുമാറി.
മൂത്രപ്പുരയില്‍ ചട്ടക്കാരിയുടെ മുഖം കരിക്കട്ടയ്ക്കു വരച്ചു.
ആഹ... സന്തോഷത്തിന്റെ നാളുകള്‍...

ദിവസങ്ങള്‍ മണിക്കൂറുകളിലേക്ക് ചുരുങ്ങി. 
മാസങ്ങള്‍ വേഗത്തിലോടി.

അങ്ങനെ മനസിനുള്ളിലിരുന്ന് ചടപ്പടിച്ചപ്പോള്‍ 'ചട്ടക്കാരി' ചട്ടങ്ങള്‍ ലംഘിക്കാന്‍ തുടങ്ങി.
ആ ദുര്‍നടപ്പിന് ഞങ്ങള്‍ കൂട്ടുനിന്നു.

പതിയെ കൂട്ടുകാരുടെ ഇടയിലേക്ക് കാതുതേടി ഇറങ്ങി.
ഞങ്ങള്‍പോലുമറിയാതെ ചട്ടക്കാരി അവളുടെ സ്വതന്ത്ര ലോകം ഉണ്ടാക്കി കഴിഞ്ഞിരുന്നു.

നിരന്തരമായ ഉപയോഗം കൊണ്ട് ചട്ടക്കാരിയെ ഞങ്ങള്‍ മടുത്തു എന്നു പറയുന്നതാകും കൂടുതല്‍ ശരി.
ഏതായാലും കയ്യിലുണ്ടായിരുന്ന പേജുകളെല്ലാം പലരിലൂടെ കൈമാറിപ്പോയി.

സ്‌കൂളിലെ ആണ്‍കുട്ടികളെല്ലാം  പമ്മനാല്‍ സാക്ഷരയി. ഒട്ടുമുക്കാലിന്റെ ഇടയിലും ഓടി നടന്നിട്ടും അനിവാര്യമായ ഒരു പിടിക്കപ്പെടലിന് 'ചട്ടക്കാരി' നിന്നു കൊടുത്തില്ല. ആര്‍ക്കൊക്കെയോ ഒപ്പം കാണാപ്പുറങ്ങള്‍ തേടി യാത്ര തുടര്‍ന്നു കാണും. ഞങ്ങള്‍ അന്വേഷിച്ചില്ല. എവിടെ പോയാലും സ്വീകരിക്കപ്പെടും. ഏത് കഠിന ഹൃദയവും അവളാല്‍ ദ്രവീകരിക്കപ്പെടും.

അനക്കം തട്ടാത്ത കണ്ണാടികൂട്ടില്‍നിന്നും ഒളിച്ചും പാത്തുമുള്ള എത്തിനോട്ടങ്ങള്‍ക്കിടയില്‍ നിന്ന് അഭിമാനമുള്ള മനുഷ്യരിലേക്ക് അവരുടെ കാഴ്ചകളിലേക്ക് പുതിയ പുതിയ ഇടങ്ങളിലേക്ക് അനന്തവിഹായസ്സിലേക്ക് സ്വതന്ത്രയാക്കിയതിന്റെ നന്ദി ആ ഹൃദയത്തില്‍ എന്നുമുണ്ടാകും എന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.

നാളിത്രയും കഴിഞ്ഞിട്ടും എന്റെ പമ്മന്‍ ഓര്‍മ്മകള്‍ക്ക് ചട്ടക്കാരിയുടെ കുളിരുണ്ട്.
തനിച്ചാകുന്ന നേരങ്ങളില്‍ അവളുടെ ഭ്രാന്തമായ സീല്‍ക്കാരങ്ങള്‍ ഞാനിപ്പോഴും കേള്‍ക്കാറുണ്ട്.
ദേ...
നിങ്ങള്‍ക്കത് കേള്‍ക്കാമോ..?

Content Highlights: DP Abhijith, Pamman, Readers Day