കോവിഡ് മഹാമാരി ലോകത്തെ മുഴുവനായി ദുരിതത്തിലാഴ്ത്തി നാശം വിതക്കാന്‍ തുടങ്ങിയിട്ട് രണ്ടു കൊല്ലമായിരിക്കുന്നു. ഈ കെടുതികള്‍ക്കിടയില്‍ നാമാഘോഷിക്കുന്ന രണ്ടാമത്തെ വായനാദിനമാണ് കഴിഞ്ഞുപോയത്. നാടെങ്ങും ദുഖവും, വ്യാകുലതകളും, നിലനില്‍പ്പിനെ ചൊല്ലിയുള്ള ആശങ്കകളും നിറഞ്ഞിരിക്കുന്നു. ഈ അവസരത്തില്‍ മനസ്സിനെ അല്പം ശാന്തമാക്കി വിനോദിപ്പിക്കാന്‍ കെല്പുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ ആരുമൊന്ന് കൊതിക്കും. കഥയിലൂടെയും, കഥാപാത്രങ്ങളിലൂടെയും, അവരുടെ ചെയ്തികളിലൂടെയും, ഇവയുടെയൊക്കെ വിവരണങ്ങളിലൂടെയും ഉദ്വേഗം ജനിപ്പിച്ചു വായനക്കാരെ ഉത്തേജിപ്പിക്കാന്‍ സാധിക്കുന്ന അത്തരം ധാരാളം കൃതികളുണ്ട്.

ഉത്തേജനാത്മകമായ ഇത്തരം പുസ്തകങ്ങള്‍ നിലവാരം കുറഞ്ഞ വിനോദമാണ് നല്‍കുന്നതെന്നും, തൃഷ്ണകളെ ഉദ്ധീപിപ്പിക്കുന്ന ഉള്ളടക്കത്തിലൂടെ വായനക്കാരുടെ ധൈഷണികതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നുമാണ് പ്രമാദമായ ഒരു വാദം. പൈങ്കിളിയെന്നും, ജനപ്രിയ സാഹിത്യമെന്നും (കലയെന്നും), പള്‍പ്പ് എന്നും (Pulp)  വിളിക്കുന്ന  ഇത്തരം പാഠങ്ങള്‍ നമ്മെ വെറുമൊരു ഉപഭോക്താവ് മാത്രമാക്കി മാറ്റുന്നുവെന്നാണ് ഈ വാദത്തിന്റെ പക്ഷം. അത്യാധുനിക സാങ്കേതികവിദ്യ വഴി അറിവുല്‍പാദനവും വിതരണവും ജനകീയമായ മുതലാളിത്ത സാഹചര്യത്തില്‍ കല അല്ലെങ്കില്‍ സാഹിത്യമെന്നത് ഒരു ഉല്പന്നവുമാണത്രെ. 

സംസ്‌കാരവ്യസായം (Culture  Industry) പൊതുജനയുക്തിയെ നിയന്ത്രിച്ച് ബൗദ്ധിക നിലവാരം കുറഞ്ഞതും ഏകതാനവുമായ സംസ്‌കാരോത്പന്നങ്ങള്‍ (കല, സാഹിത്യം) വിൽക്കുന്നയിടമായി ലോകം മാറിയെന്ന് പറഞ്ഞത് തിയോഡോര്‍ അഡോണോയാണ് (Theodor Adorno). ഈ സമയത്ത് ശ്രേഷ്ഠമായ  ലാവണ്യ, മൂല്യബോധങ്ങള്‍ വഴി മനുഷ്യചിന്തയുടെ നിലവാരമുയര്‍ത്തുമെന്ന് പറയപ്പെടുന്ന ഉന്നതമായ കല (High Art) തിരസ്‌കരിക്കപ്പെടും. വിനോദമൂല്യം കൂടുതലും ബൗദ്ധികതയെ അലസമാക്കുകയും ചെയ്യുന്ന നിന്ദ്യ കല (Low Art) വലിയ രീതിയില്‍ വില്‍ക്കപ്പെടുകയും ചെയ്യും.

ക്രൈം. ഹൊറര്‍, ഗ്യാങ്സ്റ്റര്‍, ആക്ഷന്‍ വിഭാഗങ്ങളില്‍ പെടുന്ന സൃഷ്ടികള്‍ കാലങ്ങളായി നിന്ദ്യ വിഭാഗത്തിലുള്‍പ്പെട്ടിരുന്നതാണ്. ഉന്നത നിലവാരമുള്ള മഹാകാവ്യങ്ങള്‍, നോവലുകള്‍, നാടകങ്ങള്‍, സിനിമകളെല്ലാം മനുഷ്യമനസ്സിന്റെയും ജീവിതത്തിന്റെയും സങ്കീര്ണതകളെ കാവ്യാത്മകമായി ചിത്രീകരിക്കുന്നുണ്ട്. നിന്ദ്യ കലകള്‍ അങ്ങനെയൊരു വിശാലമായ ദാര്‍ശനിക പരിസരത്തേക്കുയരുന്നില്ല എന്നായിരുന്നു പ്രധാന വിമര്‍ശനം. പക്ഷെ ഇന്നത്തെ അക്കാദമിക ലോകം ഈ ദ്വന്ദവല്‍ക്കരണത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്. ജനപ്രിയ കലാ സാഹിത്യ രൂപങ്ങളിലും മികച്ച കൃതികളുണ്ടെന്നും അവയില്‍ പലതിനും ദാര്‍ശനികമായ അകക്കാമ്പുണ്ടെന്നും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ക്ലാസ്സിക്കുകളെന്ന് വിളിക്കുന്ന പല ശ്രേഷ്ഠ കൃതികളും ഉത്തേജനാത്മകമായ ആഖ്യാനങ്ങള്‍ കൈപ്പറ്റിയിട്ടുള്ളതായും പഠനങ്ങള്‍ വന്നിരിക്കുന്നു.

ലോകസാഹിത്യത്തില്‍ ക്രൈം, ത്രില്ലര്‍ ജനുസ്സില്‍ പുസ്തകങ്ങളെഴുതിയ ധാരാളം പേരുണ്ട്. എഡ്ഗാര്‍ അലന്‍ പോ (Edgar Allan Poe), അഗത ക്രിസ്റ്റി (Agatha Christie), തുടങ്ങി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഡിറ്റക്റ്റീവ്  ഷെര്‍ലക് ഹോംസിനെ സൃഷ്ടിച്ച ആര്‍തര്‍ കോനന്‍ ഡോയല്‍ (Arthur Conan Doyle) പോലെയുള്ള ധാരാളം വിഖ്യാതമായ പേരുകള്‍ ഓര്‍ത്തെടുക്കാനാവും. കുറ്റകൃത്യവുമായി ബന്ധപ്പെട്ട പല മേഖലകളിലും- ക്രൈം ഡ്രാമ (കുറ്റകൃത്യവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍, Crime Drama , ഇന്‍വെസ്റ്റിഗേഷന്‍ (അന്വേഷണം, Investigation, ഹുഡണിറ്റ്  (കുറ്റകൃത്യം ആര് ചെയ്തുവെന്ന് തെളിയിക്കാനുള്ള ശ്രമം, Whodunit), പൊലീസ് പ്രൊസീജ്യറല്‍  (പൊലീസ് നടപടി ക്രമങ്ങള്‍, Police Procedural), മിസ്റ്ററി (ദുരൂഹത അന്വേഷിച്ചു പോകല്‍, Mystery), അധോലോകം (Gangster) അതിനോടനുബന്ധിച്ച രാഷ്ട്രീയ സാഹചര്യങ്ങളെ ആസ്പദമാക്കിയും (Political Thriller) ധാരാളം സൃഷ്ടികള്‍ ലോകത്ത് വന്നിട്ടുണ്ട്, പ്രശംസ നേടിയ ധാരാളം എഴുത്തുകാരുമുണ്ട്. 

അതില്‍ പ്രധാനികളായ ചില ക്രൈം എഴുത്തുകാരെ ലിസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് ഈ ലേഖനം. സജീവമായ പൊതുമണ്ഡലമുള്ളതിനാല്‍ വായനാശീലം താരതമ്യേനെ  ശക്തമായ ഒരു സമൂഹമാണ് കേരളത്തിന്റേത്. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ച തോതിലുമുള്ളത് കൊണ്ട് ഈ മേഖലയിലെ പല പ്രമുഖരെയും നമുക്കറിയാം. അതിനാല്‍ ഇങ്ങനൊരു ലിസ്റ്റിംഗ്  വളരെ ദുഷ്‌കരമാണ്. പല പേരുകളും വിട്ടു പോയിട്ടുണ്ടെങ്കില്‍ വായനക്കാര്‍ ക്ഷമിക്കുമല്ലോ. വായനാ ലോകത്തെ ഉദ്വേഗം കൊള്ളിപ്പിച്ച, ഉദ്വേഗത്തിലൂടെ ചിന്തിക്കാന്‍ പ്രേരിപ്പിച്ച ലോകപ്രശസ്തരായ ചില എഴുത്തുകാരെ അറിയാം...

ഉദ്വേഗലോകത്തെ സാമ്രാട്ടുകള്‍ 

ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ക്രൈം എഴുത്തുകാരുടെ പല കൃതികളും ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. പലതും മറ്റു കലാരൂപങ്ങളിലേക്ക്, പ്രത്യേകിച്ച് സിനിമയിലേക്ക്, അനുവര്‍ത്തനം (Adaptation)  ചെയ്യപ്പെട്ടിട്ടുമുണ്ട്. ഈ എഴുത്തുകാരില്‍ പലരും സിനിമക്കായി തിരക്കഥ എഴുതിയിട്ടുമുള്ളവരുമുണ്ട്. അതുകൊണ്ടുതന്നെ സിനിമകളുമായുള്ള അഭേദ്യമായ ബന്ധം ഇവരെ ഓര്‍ത്തെടുക്കുമ്പോള്‍ ഈ ലിസ്‌റിലുടനീളം കാണാവുന്നതാണ്. ഇനി ലിസ്റ്റിലേക്ക്:

പട്രീഷ്യ ഹൈസ്മിത്ത് (Patricia Highsmith) 

Patricia Highsmithക്രൈം, സൈക്കോളജിക്കല്‍ ത്രില്ലറുകളുടെ രാജ്ഞിയായി അറിയപ്പെടുന്ന അമേരിക്കന്‍ എഴുത്തുകാരിയാണ് 1950 കളില്‍ സജീവമായിരുന്ന ഹൈസ്മിത്ത്. തൊലിപ്പുറത്തെ രോമാഞ്ചതുല്യമായ  ഉദ്ധീപനത്തിനുപരി ആഴവും കനവുമുള്ള മാനസികാപഗ്രഥനമാണ് ഇവരുടെ കൃതികള്‍. സ്വത്വാന്വേഷണങ്ങള്‍, അസ്തിത്വ ദുഃഖം ഇവയില്‍ നിന്നുണ്ടാകുന്ന ദുരൂഹവും സൂക്ഷ്മവുമായ വ്യാകുലതകളൊക്കെ കയ്യൊതുക്കത്തോടെ കൈകാര്യം ചെയ്യുന്ന ഇവരുടെ പുസ്തകങ്ങള്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വികസിത മുതലാളിത്ത രാജ്യമായ അമേരിക്കയില്‍  രൂഢമൂലമായ ഉപഭോക്തൃ സംസ്‌കാരം, ജനതയുടെ മാനസിക സഞ്ചാരങ്ങളെ എങ്ങനെയൊക്കെ ശിഥിലീകരിക്കുന്നുവെന്നാണ് ഹൈസ്മിത്ത് പ്രധാനമായും അന്വേഷിക്കുന്നത്.

വര്‍ഗ വ്യത്യാസം മൂലം ബൂര്‍ഷ്വാ വിഭാഗത്തോട് ഉണ്ടായി വരുന്ന അസൂയ, സ്വര്‍ഗാനുരാഗികളോട് പൊതുസമൂഹത്തിനുള്ള വെറുപ്പ് ഒക്കെയാണ് ഇവരുടെ പ്രധാന വിഹാരമേഖലകള്‍. ഹൈസ്മിത്തിന്റെ  പല കൃതികളും ഒരുപാട് കലാനുവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. 'ദി സ്ട്രെയ്ഞ്ചേഴ്സ് ഓണ്‍ എ ട്രെയിന്‍' (The Strangers on a Train, 1950) എന്ന നോവല്‍, വിഖ്യാത സസ്‌പെന്‍സ് സംവിധായകന്‍  ആല്‍ഫ്രഡ് ഹിച്ച്കോക്ക് (Alfred Hitchcock) 1951 ല്‍ അതെ പേരില്‍ സിനിമയാക്കിയിരുന്നു. ലോകസിനിമയിലെ തന്നെ ക്ളാസ്സിക് ആയാണ് ഈ സിനിമ അറിയപ്പെടുന്നത്.

ഹൈസ്മിത്തിന്റെ പ്രശസ്ത സൃഷ്ടി 1955 ഇല്‍ പുറത്തുവന്ന 'ദി ടാലന്റഡ് മിസ്റ്റര്‍ റിപ്ലി' (The Talented Mr.Ripley) യാണെന്ന് പറയപ്പെടുന്നു. അതീവ ബുദ്ധിശാലിയും കുലീനവൃത്തിയുമുള്ള തോമസ് റിപ്ലി (Thomas Ripley, aka Tom Ripley) ഒരു കൊലപാതകിയാണ്. ഉയര്‍ന്ന നിലവാരവും സമ്പന്നവുമായ ഒരു ജീവിതം അയാള്‍ കൊതിക്കുന്നുണ്ട്. അതിനായി സൂക്ഷ്മമായ ആസൂത്രണത്തോടെ റിപ്ലി തന്റെ ഇരകളെ (മിക്കവാറും ബൂര്‍ഷ്വാ കഥാപാത്രങ്ങള്‍) കൊല്ലുന്നു, അവരുടെ സ്വത്ത് കൈക്കലാക്കുന്നു. കൊല ചെയ്യാത്ത സമയങ്ങളില്‍ അയാള്‍ വളരെ നല്ലവനും മാന്യനുമാണ്. കുലീനമായ ചിട്ടവവട്ടങ്ങളിലൂടെ, ഉന്നതമായ മാനുഷികതയിലൂടെ റിപ്ലി ആളുകളെ (വായനക്കാരനെയും) തന്നിലേക്കാകര്‍ഷിക്കുന്നു.

'റിപ്ലിയാഡ്' എന്ന പേരില്‍ പരമ്പരവല്‍ക്കരിച്ചു  ഹൈസ്മിത്ത് നാല് പുസ്തകങ്ങള്‍ കൂടി പുറത്തിറക്കി. സൂക്ഷ്മമായ മനസികാപഗ്രഥനത്തിലൂടെയും ഒഴുക്കുള്ള ഭാഷയിലൂടെയും ആഖ്യാനത്തിലൂടെയും ഇവയെല്ലാം വലിയ പ്രശംസ നേടിയിരുന്നു. ആദ്യ നോവല്‍ പിന്നീട് അതെ പേരില്‍ സിനിമയാക്കുകയും ചെയ്തു (1999). ഇവരുടെ 1952 ല്‍ പുറത്തുവന്ന സാള്‍ട് (Salt) സ്ത്രീകള്‍ക്കിടയിലെ സ്വര്‍ഗാനുരാഗം വിഷയമാക്കിയ പുസ്തകമായിരുന്നു. ക്ലെയര്‍ മോര്‍ഗന്‍ (Claire Morgan) എന്ന തൂലികാനാമത്തില്‍   ഇറക്കിയ പുസ്തകം പിന്നീട് കരോള്‍ (Carol) എന്ന പേരില്‍ ഹൈസ്മിത്ത് പുനപ്രസിദ്ധീകരിച്ചു. ഇതാണ് 2015 ലിറങ്ങിയ വിഖ്യാതമായ അമേരിക്കന്‍ സിനിമക്കടിസ്ഥാനമായ നോവല്‍.

റൂത്ത് റെന്‍ഡല്‍ (Ruth Rendell)

കുറ്റാന്വേഷണ  കൃതികളുടെ വായനക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പേരുകളിലൊന്നാണ് ഇംഗ്ലീഷുകാരിയായ റൂത്ത് റെന്‍ഡല്‍. 'ഇന്‍സ്പെക്ടര്‍ റെജിനാള്‍ഡ് വെക്‌സ്‌ഫോര്‍ഡ്' (Reginald Wexford) കേന്ദ്രകഥാപാത്രമായി വരുന്ന വലിയൊരു പരമ്പര കുറ്റാന്വേഷണ കൃതികള്‍ തന്നെ ഇവരെഴുതിയിട്ടുണ്ട്. കുറ്റാന്വേഷണമെന്നതിനോടൊപ്പം സാംസ്‌കാരിക പശ്ചാത്തലത്തില്‍ മനുഷ്യമനസ്സിന്റെ വ്യാപാരങ്ങളെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ് റെന്‍ഡല്‍ നടത്തുന്ന ആഴത്തിലുള്ള  അന്വേഷണങ്ങള്‍.

ഇവരുടെ സൃഷ്ടികളെ മൂന്ന് മേഖലകളായി തരംതിരിക്കാവുന്നതാണ്. വെക്‌സ്‌ഫോര്‍ഡ് പരമ്പരയിലെ കുറ്റാന്വേഷണങ്ങള്‍, ഇതിനുപുറമെ ഉള്ള സൈക്കോളജിക്കല്‍ ക്രൈം നോവലുകള്‍, ബാര്‍ബറ വൈന്‍ (Barbara Vine) എന്ന തൂലികാനാമത്തില്‍ എഴുതിയ ക്രൈം നോവലുകള്‍ എന്നിങ്ങനെ പോകുന്നു ആ വര്‍ഗീകരണം. അസന്തുലിതമായ പ്രണയമോഹങ്ങള്‍, മുതലാളിത്ത വര്‍ഗ വ്യത്യാസങ്ങള്‍, വിനിമയങ്ങളുടെ തെറ്റായ വ്യഖ്യാനങ്ങള്‍ അങ്ങനെ കുറ്റവാളിയുടെ വൈയക്തികതയെ കൂടി കണക്കിലെടുക്കുന്ന സൂക്ഷ്മമായ സാമൂഹ്യശാസ്ത്ര പഠനങ്ങളാണ് റെന്‍ഡലിന്റെ സൃഷ്ടികള്‍.

യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രൈം റൈറ്റേഴ്സ് അസോസിയേഷന്‍ (Crime Writers' Asosciation) മികച്ച ക്രൈം നോവലുകള്‍ക്ക് നല്‍കുന്ന ഗോള്‍ഡന്‍ ഡാഗര്‍ (Golden Dagger, സ്വര്‍ണ കഠാരി) അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ നേടിയ ഈ എഴുത്തുകാരിയുടെ പുസ്തകങ്ങള്‍  സാഹിത്യ സദസ്സുകളില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചാരുതയാര്‍ന്ന ഭാഷയും ഒരു മനഃശാസ്ത്ര വിദഗ്ധന്റെ കൃത്യതയോടു കൂടിയ വിശകലനങ്ങളും  റെന്‍ഡലിനെ ആഗോളതലത്തില്‍ .പ്രശസ്തയാക്കി. അനന്യമായ ഉള്‍ക്കാഴ്ചയോടെ   റെന്‍ഡലെഴുതിയ 'ദി കില്ലിംഗ് ഡോള്‍' (The Killing Doll, 1987), ബാര്‍ബറ വൈനെന്ന പേരിലെഴുതിയ 'എ ഫാറ്റല്‍ ഇന്‍വെര്‍ഷന്‍' (A Fatal Inversion, 1987), 'കിംഗ് സോളമന്‍'സ് കാര്‍പെറ്റ്' (King Solomon's Carpet, 1991) കൃതികള്‍ വളരെ പ്രസിദ്ധമാണ്. ഇവരുടെ കൃതികളുടെ ധാരാളം കലാനുവര്‍ത്തനങ്ങള്‍  ഇതിന്റെ  ഭാഗമായി നടന്നിട്ടുണ്ട്.     

സിനിമാലോകത്ത് ഏറ്റവും പ്രസിദ്ധമായ അനുവര്‍ത്തനം 'എ ജഡ്ജ്‌മെന്റ് ഇന്‍ സ്റ്റോണ്‍' (A Judgement in Stone, 1977) എന്ന നോവലിനെ ആസ്പദമാക്കി ഫ്രഞ്ച്  സംവിധായകന്‍ ക്ലോദ് ഷാബ്രോള്‍ (Claude Chabrol) ചെയ്ത 'ലാ സെറിമോണി' (La Cérémonie, 1995) എന്ന ചിത്രമാണ്. ക്രൈം ലോകത്തെ ഏറ്റവും ഗംഭീര സൃഷ്ടികളിലൊന്നായി ഈ നോവലിനെയും സിനിമയെയെയും  പരിഗണിക്കുന്നു. 'ലൈവ് ഫ്‌ലെഷ്' (Live Flesh, 1986) എന്ന നോവലിനെ അടിസ്ഥാനമാക്കി സ്പാനിഷ് സംവിധായകന്‍ പെഡ്രോ അല്‍മൊദോവര്‍ (Pedro Almodóvar) ചെയ്ത അതെ പേരിലുള്ള സിനിമയും പ്രശസ്തമാണ്.  

സുജാത (Sujatha) 

sujathaഎസ്. രംഗരാജനെന്ന, സുജാത രംഗരാജനെന്ന, തമിഴ് സാഹിത്യലോകത്തെ സുജാതയാണ് മറ്റൊരു ത്രില്ലര്‍ കുലപതി. ക്രൈം. ഹൊറര്‍, ഗ്യാങ്സ്റ്റര്‍, സയന്‍സ് ഫിക്ഷന്‍ തുടങ്ങിയ പള്‍പ്പ് സാഹിത്യത്തിന് വലിയ പ്രചാരമുള്ള സമൂഹമാണ് തമിഴകം. കുമുദം, ആനന്ദ വികടന്‍, കല്‍ക്കി പോലുള്ള പ്രധാന ആനുകാലികങ്ങളില്‍ ഇത്തരം കൃതികള്‍ക്ക് പ്രത്യേക സെക്ഷന്‍ വരെയുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. അത്രമേല്‍ ജനപ്രിയവും ഗൗരവത്തോടെയും പരിഗണിക്കപ്പെടുന്ന ഈ  മേഖലയിലെ മുടിചൂടാമന്നനായി തമിഴ് സമൂഹം ആദരിക്കുന്നയാളാണ് സുജാത. 

തൊഴില്‍ കൊണ്ട് എഞ്ചിനീയര്‍ ആയിരുന്ന സുജാത ക്രൈം. സയന്‍സ് ഫിക്ഷന്‍, ആക്ഷേപഹാസ്യം, സിനിമാ തിരക്കഥ തുടങ്ങി കൈവെക്കാത്ത കലാ മേഖലകളില്ല. ഇതില്‍ തന്നെ സഹൃദയര്‍ ഓര്‍ക്കുന്ന മുഖ്യ സംഭവനകളെല്ലാം ക്രൈം വിഭാഗത്തിലാണ് വന്നിട്ടുള്ളത്. ജെയിംസ് ഹാര്‍ഡ്‌ലി ചെയ്സ് (James Hadley Chase) എന്ന അമേരിക്കന്‍ ക്രൈം എഴുത്തുകാരന്റെ സൃഷ്ടികളില്‍ നിന്ന് പ്രചോദിതനായി സുജാത  സൃഷ്ടിച്ച അഡ്വക്കറ്റ് ഗണേഷ്-വസന്ത് കൂട്ടുകെട്ട് തമിഴ് സാഹിത്യലോകത്തെ ഏറ്റവും പ്രചാരമുള്ള കഥാപാത്രങ്ങളാണ്.

ഗൗരവക്കാരനായ ഗണേഷും സരസ പ്രകൃതിയായ വസന്തും  പ്രധാന കഥാപാത്രങ്ങളായി വരുന്ന 20  ഓളം നോവലുകളും  7 ഓളം ചെറുകഥകളും സുജാത എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ  മൂര്‍ച്ചയുള്ള ഭാഷയും, ചടുലമായ ആഖ്യാനവും, കൂര്‍മതയുള്ള സന്ദര്‍ഭ, കഥാപാത്ര സൃഷ്ടികളും, എല്ലാറ്റിനും മുകളിലായി തമിഴ് പ്രാദേശികതയെ ഉള്‍ക്കൊള്ളുന്ന സാംസ്‌കാരിക ലോകത്തിന്റെ ആവിഷ്‌കരണവും ഈ കൃതികളെ വളരെ ജനകീയമാക്കി. പരിഭാഷയില്‍ ചോര്‍ന്നുപോകാത്ത വിധം ആഖ്യാന സൂക്ഷ്മതയും ഭംഗിയും കാത്തുസൂക്ഷിക്കുന്ന സുജാതയുടെ ശൈലി അതി ഗംഭീരമാണ്.

'നൈലോണ്‍ കയര്‍' (Nylon Kayiru, Nylon Rope), 'അനിത; ഒരു ട്രോഫി വൈഫ്' (Anita: A Trophy Wife), 'കൊലയുതിര്‍ കാലം' (Kolaiyudhir Kaalam, The Autumn of Murders), 'പേസും ബൊമ്മയ്ഗള്‍' (Pesum Bommaigal, Talking Toys), 'ഇതാണ് പെരുംകൊലൈ' (Ithan Perum Kolai, This is Alos Called Murder), 'ഗായത്രി' (Gaayathri) തുടങ്ങി ഗണേഷ്-വസന്ത് കൂട്ടുകെട്ട് വരുന്ന നോവലുകളെല്ലാം അനന്യമാണ്. 'കരൈയെല്ലാം ശെമ്പകപ്പൂ'  (Karaiyellam Shenbagapoo, The shore is full of Champak Flowers, 1981) എന്ന നോവല്‍ സാധാരണ ക്രൈം നോവലുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ നടക്കുന്ന കൊലപാതക അന്വേഷണമാണ്. ഇതേ പേരില്‍ ഇറങ്ങിയ സിനിമയും ഈ നോവലും കലാ ലോകത്തെ ക്ലാസ്സിക്കുകളായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ഇതുകൂടാതെ ഗായത്രി (1977), പ്രിയ (1978) എന്നീ സിനിമകളും സുജാതയുടെ ഗണേഷ്- വസന്ത് കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെല്ലാം പുറമെ സുജാത മണി രത്‌നം, ശങ്കര്‍ തുടങ്ങിയവരുടെ മിക്കവാറുമെല്ലാ സിനിമകള്‍ക്കും തിരക്കഥയെഴുതിയിട്ടുണ്ട്.

ബോയ്ലിയു- നഴ്‌സെജക് (Pierre Boileau and Thomas Narcejac)

ലോക ക്രൈം സാഹിത്യ രംഗത്തെ പ്രധാന പേരുകളിലൊന്നാണ്  ഫ്രഞ്ചുകാരായ ബോയ്ലിയു- നഴ്‌സെജക് സംഘം. ഒരു സാധാരണ ക്രൈം എഴുത്തുകാരനായ ബോയ്ലിയുവും അക്കാദമിക്കായ പിയറെ ഒയ്റോഡ് (Pierre Ayraud) അഥവാ നഴ്‌സെജാകും എഴുതിയ പല കൃതികളും ഈ രംഗത്തെ അതുല്യമായ സൃഷ്ടികളായാണ് പരിഗണിക്കപ്പെടുന്നത്. നോവലുകളെ വെല്ലുന്ന പ്രശസ്തിയിലെത്തിയ  സിനിമകളും ഇവയെ അധികരിച്ചു വന്നിട്ടുണ്ട്.

കുറ്റകൃത്യത്തിന്റെ ഇരയുടെ ഭാഗത്തു നിന്നുള്ള പരിശാധനകളാണ് ഇവരുടെ സൃഷ്ടി പരിസരം (The Victim Novel). സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ത്രാണിയില്ലാത്ത ലോലഹൃദയരായിരിക്കും ഇവരുടെ കേന്ദ്രകഥാപാത്രങ്ങള്‍.  പൈശാചികമായ പല കുറ്റകൃത്യങ്ങളുടെയും ഇരകളാക്കപെടുകയാണ് തങ്ങളെന്ന ബോധ്യമില്ലാതെ അവരാ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍, മതിഭ്രമത്തിനോടടുത്ത പലയവസ്ഥകളിലൂടെ കടന്നു പോകും. ഇരുണ്ടതും, അതിനിഷ്ടുരവുമായ അത്തരം സന്ദര്‍ഭങ്ങളുടെ ക്രിയാത്മകമായ ആവിഷ്‌കരണമാണ്  ബോയ്ലിയു- നഴ്‌സെജക് സംഘത്തിന്റെ പ്രത്യേകത. 

സമര്‍ത്ഥമായ ആഖ്യാനം, മാനസിക സഞ്ചാരങ്ങളുടെ കൃത്യതയാര്‍ന്ന വിവരണം, ഇതിനെയെല്ലാം ഫ്രഞ്ച് സാംസ്‌കാരിക തനിമയോടെ ഉള്‍ച്ചേര്‍ക്കുന്ന രീതിയൊക്കെ പ്രശംസനീയമാണ്. പൈശാചികം എന്നയര്‍ത്ഥം വരുന്ന 'Diabolic' എന്ന വാക്കാണ് ഇവരുടെ കൃതികള്‍ക്ക് പൊതുവെ കൊടുക്കുന്ന വിശേഷണം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം തകര്‍ന്നു പോയ ഫ്രഞ്ച് സമൂഹത്തിന്റെ ഇരുണ്ട യാഥാര്‍ഥ്യങ്ങളെ സൂചിപ്പിക്കാനാണ്  ഈയൊരു അന്തരീക്ഷ നിര്‍മാണം ഉപയോഗിക്കുന്നത്.

Les Diaboliques, 1955

'ഷീ ഹു വാസ് നോ മോര്‍' (She Who Was No More, 1952) എന്ന നോവലിനെ അടിസ്ഥാനമാക്കി ഫ്രഞ്ച് സംവിധായകന്‍ ഹെന്റി ജോര്‍ജസ് ക്ലൂസോ (Henri-Georges Clouzot) സംവിധാനം ചെയ്ത 'ലെസ് ഡയബോളിക്‌സ്' (Les Diaboliques, 1955 ) ത്രില്ലര്‍ സിനിമാ ലോകത്തെ എക്കാലത്തെയും മികച്ച ചിത്രമാണ്. അനിതരസാധാരണമായ അന്തരീക്ഷ നിര്‍മാണം കൊണ്ട് പ്രശസ്തിയാര്‍ജ്ജിച്ച സിനിമ അത്യന്തം പൈശാചികമായ (Diabolic എന്ന പ്രയോഗവും സിനിമയുടെ പേരും ഒന്ന് തന്നെയാണ്) ആഖ്യാനമാണ് കൈക്കൊള്ളുന്നത്. ഹിച്ച്കോക്കിന്റെ എക്കാലത്തെയും മികച്ച  സിനിമകളിലൊന്നായ 'വെര്‍ട്ടിഗോ' (Vertigo, 1958) ഈ കൂട്ടുകെട്ടിന്റെ 'ദി ലിവിങ് ആന്‍ഡ് ദി ഡെഡ്' (The Living and the Dead, 1954) എന്ന നോവലിന്റെ അനുവര്‍ത്തനമാണ്. 

ഹെന്നിംഗ് മാങ്കെല്‍ (Henning Mankell)

Henning Mankellസ്‌കാൻഡിനേവിയന്‍ രാജ്യങ്ങളില്‍ നിന്നുണ്ടായ ക്രൈം സാഹിത്യ ശാഖയാണ് കുറേക്കൂടി ഇരുണ്ട പശ്ചാത്തലത്തിലെ നോര്‍ഡിക് നുവാ (Nordic Noir). ഇതിലെ തലതൊട്ടപ്പനെന്ന വിശേഷണത്തിനര്‍ഹനാണ് സ്വീഡിഷായ ഹെന്നിംഗ് മാങ്കെല്‍. ഇന്‍സ്പെക്ടര്‍ 'കെര്‍ട്ട് വാലാന്‍ഡര്‍' (Kurt Wallander) കേന്ദ്രകഥാപാത്രമായി വരുന്ന ധാരാളം കൊലപാതകാന്വേഷണ കൃതികളാണ് മാങ്കെലിന്റെ പ്രധാന സംഭാവന. വെറും ഉദ്വേഗാത്മകമായ വിവരണങ്ങള്‍ക്കപ്പുറം അസാമാന്യമായ ഉള്‍ക്കാഴ്ചയുള്ള സാമൂഹ്യ വിമര്‍ശനം  അദ്ദേഹത്തിന്റെ കൃതികളിലുണ്ട്.

ഇടതുപക്ഷ രാഷ്ട്രീയ ചിന്തകള്‍ വെച്ച് പുലര്‍ത്തുകയും അതിന്റെയടിസ്ഥാനത്തില്‍ പൊതുരാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നയാളാണ് മാങ്കെല്‍. അതുകൊണ്ട് തന്നെ വ്യക്തമായ വര്‍ഗബോധത്തിലടിസ്ഥാനമായ വിശകലനങ്ങള്‍ സൃഷ്ടികളില്‍ കൊണ്ടുവരാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. സങ്കീര്‍ണമായ സാമൂഹിക, രാഷ്ട്രീയ  സാഹചര്യങ്ങളില്‍ കഥാപാത്രങ്ങളെ കോര്‍ത്തിണക്കി അസന്ദിഗ്ധത സൃഷ്ടിക്കാന്‍ മാങ്കെലിനു സാധിക്കുന്നു. ഇവിടെ ഉദ്വേഗമെന്നത് വെറുമൊരു ഉദ്ധീപനത്തിനായുള്ള സങ്കേതമല്ല, മറിച്ചു രാഷ്ട്രീയ സങ്കീര്ണതയാണ്.

'സൈഡ്ട്രാക്ക്ഡ്' (Sidetracked,  1995), 'ഫയര്‍വാള്‍' (Firewall, 1998), 'വണ്‍ സ്റ്റെപ് ബിഹൈന്‍ഡ്' (One Step Behind, 1997) എന്നിവയാണ്  മാങ്കെലിന്റെ പ്രധാന കൃതികളായി പറയുന്നത്. ഇതില്‍ സൈഡ്ട്രാക്ക്ഡ് അതെ പേരില്‍ 2009 ല്‍ സിനിമയായിരുന്നു. നെറ്റ്ഫ്‌ലിക്‌സിലെ ഹിറ്റ് സീരീസുകളിലൊന്നായ 'വാലാന്‍ഡര്‍' (Wallander ) മുകളില്‍ പറഞ്ഞ കൃതികളെ അടിസ്ഥാനമാക്കി ബിബിസി നിര്‍മിച്ചതാണ്.

ജോര്‍ജസ് സിമനെന്‍ (Georges Simenon)

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ, വിപുലമായ രീതിയില്‍ സര്‍ഗാത്മക സൃഷ്ടിയിലേര്‍പ്പെട്ട എഴുത്തുകാരനാണ് ബെല്‍ജിയംകാരനായ സിമനെന്‍. ആഴമേറിയ മനഃശാസ്ത്ര ഉള്‍ക്കാഴ്ചയുള്ള അദ്ദേഹത്തിന്റെ കൃതികള്‍ വ്യാപകമായ രീതിയില്‍ വായിക്കപ്പെട്ടിരുന്നു, ഒരുപാട് ഭാഷകളിലേക്ക് പരിഭാഷ ചെയ്തിരുന്നു. ഏണസ്റ്റ് ഹെമിംഗ്വേ തന്റെ പുസ്തക ശേഖരത്തില്‍ അമൂല്യവസ്തുവിനെ പോലെ കരുതി സൂക്ഷിച്ചിരുന്നത് സിമനെന്റെ പുസ്തകങ്ങളായിരുന്നുവത്രേ. ഹെമിംഗ്​വെ അതില്‍ വല്ലാതെ അഭിമാനിച്ചിരുന്നതായും പറയപ്പെടുന്നു.

'ജൂള്‍സ് മൈഗ്രെ' (Jules Maigret) എന്ന ഫ്രഞ്ച് പൊലീസ് കമ്മീഷണറിനെ കേന്ദ്രീകരിച്ചു സിമനെന്‍ എഴുതിയ ക്രൈം സാഹിത്യം എണ്ണിയാലൊടുങ്ങില്ല. ഒരു കാലത്ത് ഷെര്‍ലക് ഹോംസിനോളം ലോകം കൊണ്ടാടിയ മറ്റൊരു കുറ്റാന്വേഷക കഥാപാത്രമായിരുന്നു മൈഗ്രെ. എഴുപത്തിയഞ്ചോളം നോവലുകളും 28 ഓളം ചെറുകഥകളും ഈയൊരൊറ്റ കഥാപാത്രത്തിന് ചുറ്റും സിമനെന്‍ കെട്ടിപ്പടുത്തുവെന്നത് ആ ജനപ്രീതിയുടെ വലിപ്പം കാട്ടിത്തരുന്നു.

'ദി സ്‌ട്രെയ്ഞ്ച് കേസ് ഓഫ് പീറ്റര്‍ ദി ലെറ്റ്' (The Strange Case of Peter the Lett, 1931) ആണ് ഈ പരമ്പരയില്‍ വന്ന ആദ്യ നോവല്‍. മൈഗ്രെയുടെ കഥാപാത്രത്തെയും, അന്വേഷണ രീതിയെയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ഈ നോവല്‍. ഉയരവും ഒത്തവണ്ണവുമുള്ള മൈഗ്രെ വായിലൊരു പൈപ്പുമായി ചോദ്യം ചെയ്യലിനിരിക്കുന്നു. അപ്പുറത്തുള്ള വ്യക്തിയാരാണോ അയാളാണ് സംസാരിക്കുന്നത്. മൈഗ്രെ നിശബ്ദനായി അവര്‍ക്ക് പറയാനുള്ളതെല്ലാം ക്ഷമയോടെ കേള്‍ക്കുന്നു. ഇടക്ക് വീണു കിട്ടുന്ന ചെറിയ സൂചനകളില്‍ പിടിച്ചു മൈഗ്രെ അടുത്ത ഘട്ടങ്ങളിലേക്ക് നീങ്ങുന്നു, തെല്ലും ധൃതിയില്ലാതെ...

'മൈഗ്രെ ഇന്‍ എക്‌സൈല്‍' (Maigret in Exile,1940), 'മൈഗ്രെ ആന്‍ഡ് ദി മജെസ്റ്റിക്' (Maigret and the Majestic,1942), കൂടാതെ മൈഗ്രെക്ക് തെളിയിക്കാന്‍ കഴിയാതെ വന്ന കേസുകള്‍ 'മൈഗ്രെ'സ് ഫെയിലിയര്‍സ്' (Maigret's Failures,1956) എന്നിങ്ങനെ ഒരുപാട് നല്ല മൈഗ്രെ അന്വേഷണങ്ങള്‍ സിമനെന്‍ നമുക്കായി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ സ്വതന്ത്രമായ പല സൈക്കോളജിക്കല്‍ നോവലുകളും സിമനെന്‍ എഴുതിയിരുന്നു (Roman Dur). 'ദി സ്ട്രെയ്ഞ്ചേഴ്സ് ഇന്‍ ദി ഹൗസ്' (The Strangers in the House,1940), 'പെഡിഗ്രി' (Pedigree, 1948), 'മെമ്മറീസ് ഇന്‍ ടൈംസ്' (Memories in Times, 1981) ഇവയില്‍ നല്ല ചില സൃഷ്ടികളാണ്.

'ദി വിഡോ കൗഡറക്' (The Widow Couderc, 1941) അതെ പേരില്‍ 1971 ല്‍ സിനിമയായി. 'ബ്ലൂ റൂം' (Blue Room, 2014) സിമനെന്റെ അതെ പേരിലുള്ള മറ്റൊരു നോവലിന്റെ അനുവര്‍ത്തനമാണ്.

നിക്കോളാസ് പിലെഗ്ഗി (Nicholas Pileggi)

സാഹിത്യകാരനല്ലാത്ത എന്നാല്‍ ക്രൈം സാഹിത്യത്തില്‍ തന്റേതായ സംഭാവനകള്‍ നല്‍കിയ അമേരിക്കന്‍ എഴുത്തുകാരനാണ് പിലെഗ്ഗി. ഒരു പത്രപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം അസോസിയേറ്റഡ് പ്രസ് (Asosciated Press, AP), ന്യൂയോര്‍ക്ക്  മാഗസിന്‍ (New York Magazine) എന്നിവയ്ക്ക് വേണ്ടി ക്രൈം റിപ്പോര്‍ട്ടറായി ജോലി ചെയ്തിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ അധോലോകങ്ങളിലൊന്നായ അമേരിക്കന്‍ മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മുന്നില്‍ കൊണ്ടുവന്ന പത്രപ്രവര്‍ത്തകനായിരുന്നു നിക്കോളാസ് പിലെഗ്ഗി. തന്റെ ദീര്‍ഘകാലത്തെ റിപ്പോര്‍ട്ടിംഗ് അടിസ്ഥാനമാക്കി, അമേരിക്ക നിയന്ത്രിച്ചിരുന്ന ഈ കുടിയേറ്റ ഇറ്റാലിയന്‍ കുടുംബങ്ങളെ പറ്റി അദ്ദേഹമെഴുതിയ രണ്ടു പുസ്തകങ്ങള്‍ ക്രൈം സാഹിത്യ രംഗത്തെ അമൂല്യ സംഭാവനകളായിട്ടാണ് കണക്കാക്കുന്നത്. 

good fellasWiseguy: Life in a Mafia Family, 1985 എന്ന പുസ്തകം മാഫിയ ലോകത്തുനിന്ന് പുറത്തുചാടി പിന്നീട് പൊലീസ് ചാരനായി മാറിയ ഹെൻ​റി ഹില്ലിന്റെ കഥ പറയുന്നു. ഒരുപാട് കാലത്തെ  റിപ്പോര്‍ട്ടിങ് ജീവിതത്തില്‍ നിന്ന് ലഭിച്ച അനുഭവങ്ങളും, തെളിവുകളും വെച്ചെഴുതിയ നോണ്‍ ഫിക്ഷന്‍ പുസ്തകം മൂര്‍ച്ചയേറിയ സാമൂഹിക വിമര്‍ശനവും അര്‍ത്ഥശാസ്ത്ര വസ്തുതകളും കൊണ്ട് സമ്പന്നമാണ്. ചടുലമായ ആഖ്യാനവും അല്പാല്പമായുള്ള ആക്ഷേപഹാസ്യവും വായനയെ ഹരമുള്ളതാക്കുന്നുണ്ട്. മാര്‍ട്ടിന്‍ സ്‌കോഴ്സെസെ (Martin Scorsese) എന്ന വിഖ്യാത അമേരിക്കന്‍ സംവിധായകന്‍ 1990 ല്‍ ഇത് 'ഗുഡ്ഫെല്ലാസ്' (Goodfellas) എന്ന പേരില്‍ സിനിമയാക്കി. സിനിമയും മറ്റൊരു ക്ലാസിക് ആയി വിലയിരുത്തപ്പെടുന്നു.

സ്‌കോഴ്സെസെയുടെ 'കസിനോ' (Casino,1995) എന്ന സിനിമയും പിലെഗ്ഗിയുടെ  പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 'കസിനോ: ലവ് ആന്‍ഡ് ഹോണര്‍ ഇന്‍ ലാസ് വെഗാസ്'  (Casino: Love and Honor in Las Vegas,1995) എന്ന പുസ്തകം അമേരിക്കന്‍ മാഫിയ നിയന്ത്രിക്കുന്ന ലാസ് വെഗാസിലെ ചൂതാട്ട വ്യവസായത്തെ തുറന്നുകാണിക്കുന്നതാണ്. ധാരാളം കുറ്റവാളികളും പിടിച്ചുപറികളും അഴിമതിയും കുതികാല്‍വെട്ടും നിറഞ്ഞുനില്‍ക്കുന്നതാണ് ലോകത്തെ ഏറ്റവും വലിയ വിനോദവ്യവസായ മേഖലയെന്നത് നമ്മെ കാണിച്ചുതരികയാണ് ഈ പുസ്തകം. ഈ രണ്ട് സിനിമകളുടെയും തിരക്കഥ രചിച്ചിരിക്കുന്നതും പിലെഗ്ഗിയായിരുന്നു.

റിഡ്ലി സ്‌കോട്ട് (Ridley Scott) സംവിധാനം ചെയ്ത 'അമേരിക്കന്‍ ഗ്യാങ്സ്റ്റര്‍' (American Gangster, 2007), സ്‌കോഴ്സെസെയുടെ തന്നെ 'ദി ഐറിഷ്മാന്‍' (The Irishman, 2019) സിനിമകളിലും പിലെഗ്ഗി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ജോ നെസ്ബോ (Jo Nesbo)

അത്യാധുനിക സാങ്കേതികവിദ്യയുടെയും ക്രയവിക്രയങ്ങളുടെയും കാലത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന, പുതിയ കാലത്തിന്റെ ത്രില്ലര്‍ എഴുത്തുകാരനാണ് നോര്‍വേയില്‍ നിന്നുള്ള നെസ്ബോ. ക്രൈം എന്നതിനുപരി വിപുലമായ ആഖ്യാന രീതിയിലുള്ള ആക്ഷന്‍ ത്രില്ലറുകളാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. ചടുലമായ ആഖ്യാനം, അന്താരാഷ്ട്ര തലത്തിലുള്ള നീക്കങ്ങള്‍, സാങ്കേതികമായി നൂതനമായ സങ്കേതങ്ങളുടെ ഉപയോഗം, മുള്‍മുനയില്‍ നിര്‍ത്തുന്ന ഉദ്വേഗ മുഹൂര്‍ത്തങ്ങള്‍ തുടങ്ങി വായനക്കാരെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളെ സമര്‍ത്ഥമായി സമ്മേളിപ്പിക്കാന്‍ നെസ്ബോക്കറിയാം.

എന്നാല്‍ ഇതിനിടയിലൂടെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ കഥയിലുള്‍ച്ചേര്‍ക്കാന്‍ ഇദ്ദേഹത്തിന് അസാമാന്യമായ കഴിവുണ്ട്. സ്‌കാന്ഡിനേവിയന്‍ രാജ്യങ്ങളിലെ ഭരണകൂടങ്ങളില്‍ രൂഢമൂലമാവുന്ന അഴിമതി, നിയോലിബറലിസത്തിന്റെ കെടുതികള്‍, നോര്‍വീജിയന്‍ സമൂഹത്തില്‍ പിടിമുറുക്കുന്ന തീവ്രവലതുപക്ഷം അങ്ങനെ പല ഗഹനമായ വിഷയങ്ങള്‍ നെസ്ബോയുടെ കഥകളില്‍ വന്നുപോകുന്നു.

അദ്ദേഹത്തെ പ്രസിദ്ധനാക്കിയ നോവല്‍ പരമ്പര 'ഹാരി ഹോള്‍' (Harry Hole) എന്ന മുന്‍ പൊലീസുകാരന്‍ നടത്തുന്ന കുറ്റാന്വേഷണങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ്. ഹാരി സമര്‍ത്ഥനായ അന്വേഷകനാണ്, പക്ഷെ വ്യക്തിജീവിതത്തില്‍ പരാജയപ്പെട്ടു പോയ ഒരു തീവ്ര മദ്യപാനിയാണ്.  ഈ ആസക്തി കാരണം ജോലി നഷ്ടപ്പെടുന്ന അയാള്‍ പൊലീസ് നടത്തുന്ന പല അന്വേഷണങ്ങളെയും പുറത്തുനിന്ന് സഹായിക്കുന്നു. പന്ത്രണ്ട് നോവലുകളാണ് ഈ കഥാപാത്രത്തെ അടിസ്ഥാനമാക്കി നെസ്ബോ എഴുതിയിരിക്കുന്നത്.

ഈ പരമ്പരയിലെ 'ദി സ്നോമാന്‍' (The Snow Man, 2007) അതെ പേരില്‍ തോമസ് ആല്‍ഫ്രഡ്സണ്‍ (Thomas Alfredosn) 2017 ല്‍ സിനിമയാക്കിയിരുന്നു. ഇതുപോലെ 'ഹെഡ്ഹണ്ടര്‍സ്' (Headhunters, 2008)  അതെ പേരില്‍ സിനിമയായി (2011). 'ഹെഡ്ഹണ്ടര്‍സ്' 21 ആം നൂറ്റാണ്ടില്‍ ഇതുവരെയിറങ്ങിയ മികച്ച ആക്ഷന്‍ സിനിമകളിലൊന്നായാണ് പറയപ്പെടുന്നത്.    
------------------------------
ഇനി സൂചിപ്പിക്കുന്ന രണ്ട് എഴുത്തുകാര്‍ ഈയിടെ പുസ്തകങ്ങളിറക്കിയ രണ്ടു മലയാളികളാണ്. പള്‍പ്പ് സാഹിത്യത്തിന് നിലവാരമില്ലെന്ന (ബാറ്റണ്‍ ബോസ്, കോട്ടയം പുഷ്പനാഥ് കൃതികളെ ചൂണ്ടിക്കാട്ടി) മലയാളികളുടെ പൊതുധാരണ വലിയ രീതിയില്‍ മാറിയിരിക്കുന്നു. ത്രില്ലര്‍ സാഹിത്യവും സിനിമകളും വലിയ രീതിയില്‍ ചര്‍ച്ച ചെയുന്ന ആസ്വാദക സമൂഹം വളര്‍ന്നു വരുന്നു. ഉത്തേജനത്തിനപ്പുറം ചിന്തിപ്പിക്കുന്ന നിലവാരത്തിലുള്ള സൃഷ്ടികളായി നമുക്കുയര്‍ത്തി കാണിക്കാവുന്ന രണ്ട് പേരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

അനൂപ് ശശികുമാര്‍  

'എട്ടാമത്തെ വെളിപാട്' (2018)  എന്ന ആദ്യപുസ്തകത്തിലൂടെ മലയാളത്തില്‍ പുതിയൊരു സാഹിത്യ ശാഖക്കുള്ള സാദ്ധ്യതകള്‍ കാണിച്ചുതന്നയാളാണ് അനൂപ്. മലയാളത്തിലെ ആദ്യ 'അര്‍ബന്‍ ഫാന്റസി ത്രില്ലര്‍' (Urban Fantasy Thriller) ആയാണ് ഈ പുസ്തകം വിലയിരുത്തപ്പെടുന്നത്. കുറുനരികളും, കാപ്പിരി മുത്തപ്പനും, പോര്‍ച്ചുഗീസ് മറുതകളും നിറഞ്ഞാടുന്ന ചടുലമായ പുസ്തകമാണ് 'എട്ടാമത്തെ വെളിപാട്'. കൊച്ചി നഗരത്തിന്റെ ചരിത്രവും, ഭൂമിശാസ്ത്രവും, തുറമുഖമെന്ന നിലയിലെ വ്യാപാരബന്ധങ്ങളുമെല്ലാം സമര്‍ത്ഥമായി സമ്മേളിപ്പിച്ചിരിക്കുന്ന കൃതിക്ക് ഒരു തുടര്‍ച്ച വരുന്നു എന്നറിയുന്നു.

ഡോക്ടര്‍ ബി ഉമാദത്തന്‍ 

കേരളാ പൊലീസിന്റെ  ഫോറന്‍സിക് സര്‍ജനായിരുന്ന ഡോ. ബി ഉമാദത്തന്‍ എഴുതിയ രണ്ടു പുസ്തകങ്ങള്‍ മലയാളത്തിലെ ക്രൈം സാഹിത്യത്തിന് മുതല്‍ക്കൂട്ടാണ്. കേരളത്തിലെ സുപ്രധാനമായ പല കേസന്വേഷണങ്ങളിലും നേരിട്ടിടപെട്ട വ്യക്തിയെന്ന നിലക്കുള്ള വിവരണങ്ങള്‍ ആഴത്തിലുള്ള ഉള്‍ക്കാഴ്ച തരുന്നുണ്ട്. അന്വേഷണത്തിലെ ഔദ്യോഗികമായ പ്രക്രിയകളെയും ശാസ്ത്ര സഹായത്തോടെയുള്ള തെളിവെടുപ്പുകളെയും മറ്റും സൂക്ഷ്മമായി വിവരിക്കുന്നതാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളായ 'കപാല'വും 'ഒരു പൊലീസ് സര്‍ജന്റെ കുറ്റാന്വേഷണ യാത്രകള്‍' എന്ന ഓര്‍മ്മക്കുറിപ്പുകളും. ഇതിനു പുറമെ കൃത്യതയുള്ള പാത്രീകരണവും ഒരുപാട് തലത്തിലുള്ള ഭരണകൂട, സാമൂഹിക ഇടപെടലുകളും കാണിച്ചുതരുന്നുണ്ട് ഡോ.ഉമാദത്തന്‍. മാധ്യമങ്ങളിലൂടെ നമ്മളറിഞ്ഞ പല കേസുകളും ഇത്ര സൂക്ഷ്മതയോടെ അവതരിപ്പിക്കുന്നത് വളര്‍ന്നു വരുന്ന ക്രൈം എഴുത്തുകാര്‍ക്ക് സഹായകമാവും.

--------------------------------

നിലവാരമില്ലാത്ത വിനോദോപാധികള്‍ മാത്രമായി ക്രൈം, ഹൊറര്‍, ഗ്യാങ്സ്റ്റര്‍ കൃതികളെ കണ്ടിരുന്ന ഒരു കാലത്തു നിന്നും നമ്മളൊരുപാട് വളര്‍ന്നിരിക്കുന്നു. ഉദ്വേഗം കൊള്ളിക്കുന്നതോടൊപ്പം ദാര്‍ശനിക മാനങ്ങളുള്‍ക്കൊണ്ട് ചിന്താനിലവാരത്തെ ഉയര്‍ത്താനും കെല്പുള്ളതാണ് ഈ വിഭാഗത്തിലെ സാഹിത്യ, കലാ സൃഷ്ടികളെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലും അത്തരത്തിലുള്ള ചര്‍ച്ചകള്‍ ധാരാളമായി ഉയര്‍ന്നു വരുന്നുണ്ട്. അതിനോടനുബന്ധിച്ചു നല്ല സാഹിത്യ, കലാ ശ്രമങ്ങളും ഈ മേഖലയില്‍ നടക്കുന്നു. 

ഈ ചര്‍ച്ചയുടെ ആഗോളവും പ്രാദേശികവുമായ ചരിത്രത്തിലെ പ്രധാനികളും എന്നാല്‍ വേണ്ടത്ര ശ്രദ്ധ കിട്ടാത്തവരുമായ എഴുത്തുകാരെ ലിസ്റ്റ് ചെയ്യാനാണ് ഈ ലേഖനം ശ്രമിച്ചത്. ഇതുവഴി ഈ മേഖലയില്‍ എന്തെങ്കിലുമൊക്കെ സംഭാവന ചെയ്യാന്‍ ഈ ശ്രമത്തിനു സാധിക്കുമെന്ന് കരുതട്ടെ...

Content Highlight: crime thriller, mystery, novels, Movies